റികള്‍ മാറി മാറി വിളമ്പിക്കൊണ്ടിരുന്നു. ഞാനും അപ്പൂപ്പനും നിലത്തു ചമ്പ്രം പടിഞ്ഞിരുന്നു. ചൂടോടു കൂടിയ കുത്തരിച്ചോറില്‍ വിളമ്പിയ സാമ്പാറിന്റെ മണം അവിടെയാകെ പരന്നിരുന്നു. ഉപ്പേരിയും ശര്‍ക്കരവരട്ടിയും കഴിച്ചുകൊണ്ട് അക്ഷമരായി ഇരിക്കുകയാണ് ഞങ്ങള്‍. സമയം ഇഴഞ്ഞു നീങ്ങുന്നത് പോലെയായിരുന്നു. അമ്മ പുറത്ത് വന്ന് വരമ്പിലേക്കു നോക്കിനില്‍ക്കുകയാണ്. 'അവന്‍ ഇന്നു ഇനി വരുകയിണ്ടാവില്ല സൗദാമിനി, നീ വന്നു കഴിക്കാ.. ' അപ്പുപ്പന്‍ പറഞ്ഞൊപ്പിച്ചു. അമ്മ ഇതു കേട്ടതായി ഭാവിക്കാതെ ഉറച്ചുതന്നെ നില്‍ക്കുകയാണ്. വയസ്സാന്‍ കാലത്തു വായിലെ പല്ലൊക്കെ കൊഴിഞ്ഞെങ്കിലും ഓണ സദ്യ ഉണ്ണുവാന്‍ ഉള്ള അതിയായ ആഗ്രഹം അപ്പൂപ്പന്റെ മുഖത്ത് തെളിഞ്ഞു കാണാം. കാത്തിരുന്ന് സമയം പോയത് അറിഞ്ഞിരുന്നില്ല. വിളമ്പിയ കറികളെല്ലാം തണുത്തു തുടങ്ങിയിരിക്കുന്നു. 'നിങ്ങള്‍ എന്നാല്‍ കഴിച്ചോളു ഇനി കാത്തിരിക്കണ്ട' എന്നു പറഞ്ഞു ഒടുവില്‍ അമ്മ അടുക്കളയിലേക്കു പോയി. അപ്പോഴത്തെ ആ ഇടറിയ ശബ്ദവും അമ്മയുടെ മുഖത്തെ ആ ദുഃഖവും ഞാന്‍ മാത്രമേ കണ്ടിരുന്നുള്ളൂ.

അവിയലും തോരനും കൂട്ടുകറിയും അങ്ങനെ പലതരം കറികളും കൂട്ടിത്തിരുമ്മി വലിയ ഉരുളയാക്കി അമ്മുമ്മ അനുജത്തി കുഞ്ഞിമാളുവിനി ഇലയില്‍ വച്ചുകൊടുത്തുകൊണ്ടിരുന്നു. അവള്‍ വലിയ കുട്ടിയായാല്‍ മാത്രമേ എന്നെയും അപ്പുപ്പനെയും പോലെ ഇരുന്ന് ഉണ്ണാന്‍ പറ്റുകയുള്ളു. എന്നിട്ടും എന്തായിരിക്കും ഒരിക്കലും അമ്മുമ്മയും അമ്മയും വലുതായിട്ടും ഞങ്ങളുടെ കൂടെ ഇരുന്നു കഴിക്കാത്തത് ?.എനിക്കറിയില്ല.

സദ്യ ഒക്കെ നല്ലപോലെ ഉണ്ട് തീര്‍ന്നപ്പോഴാണ് അമ്മ പായസവുമായി വന്നത്. അപ്പുപ്പന്‍ ഇലയില്‍ പായസം വാങ്ങി വടിച്ചു കഴിക്കുന്നത് കണ്ടു എനിക്കു ആദ്യം അറപ്പാണ് തോന്നിയത്. എങ്കിലും പിന്നീട് അതൊരു തമാശയായി തോന്നി. സദ്യ കഴിച്ചു പായസവും കുടിച്ചു കയ്യൊക്കെ കഴുകി ഉമ്മറപ്പടിയില്‍ വന്നിരുന്നു. പുറത്തു കുറുഞ്ഞി പൂച്ച അമ്മ കൊടുത്ത ചോറും കറിയും ഒക്കെ നക്കി നക്കി കഴിക്കുകയാണ്.

അപ്പുറത്തു വീട്ടില്‍ ദാമു കൂട്ടുകാരുമായി ഊഞ്ഞാലാടുകയാണ് കുടവയറും കുലുക്കിയുള്ള അവന്റെ ആട്ടം കാണാന്‍ വീട്ടുകാരും ചുറ്റും കൂടിനില്‍ക്കുന്നുണ്ട്.  ദാമുവിനെ പണ്ട് മുതലേ ഇഷ്ടമല്ലാത്തതുകൊണ്ട് ഞാന്‍ ഇറങ്ങി പടിക്കലേക്കു ചെന്നു ദൂരെ വരമ്പിലേക്കു നോക്കിയിരുന്നു. കൊയ്ത്തു കഴിഞ്ഞ പാടം മുടിയൊക്കെ പോയ അപ്പൂപ്പന്റെ കഷണ്ടി തല പോലെ ഇരിക്കുകയാണ്. നട്ടുച്ച വെയിലത്ത് അത് വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു. അതില്‍ ഒറ്റ നടുവില്‍ വെട്ടിയൊതുക്കിയ വരമ്പിലൂടെ ആരോ ഒരാള്‍ നടന്നു വരികയാണ്. പോസ്‌റ്മാന്‍ ദിനകരന്‍ ചേട്ടനായിരുന്നു അത്. കൈയില്‍ സാമാന്യം വലിയൊരു പെട്ടിയുമായി ആണ് അയാള്‍ നടന്നിരുന്നത്. പെട്ടിയുടെ ഭാരക്കൂടുതല്‍ കാരണം ഒരുവിധം വിഷമിച്ചായിരുന്നു ആ നടത്തം.

പെട്ടിയുമായി വന്നു അതു പടിപ്പുരയില്‍ കേറ്റിവച്ചിട്ടു എന്നെ നോക്കി അയാള്‍ ഒരു കത്ത് നീട്ടി.'ഉണ്ണി നീ പെട്ടെന്നു പോയി അമ്മയ്ക്കു കൊണ്ടു കൊടുക്കുക ഈ കത്ത്' എന്നു പറഞ്ഞു എന്റെ കൈയ്കളിലേക്കു സാമാന്യം വലിയ ഒരു കത്ത് തന്നു. 'ഇതൊന്നും കാണാനും കേള്‍ക്കാനും എനിക്ക് വയ്യ കുട്ടി' എന്നുപറഞ്ഞു അയാള്‍ തിരിച്ചു നടന്നു. പെട്ടിയും കത്തുമായി ഞാന്‍ അവിടെ തനിച്ചായി. പുറത്തു ആരുടേയോ ശബ്ദം കേട്ടിട്ടാണ് അമ്മ പടിപ്പുരയിലേക്കു വന്നത്. ഓടിച്ചെന്നു കത്ത് അമ്മയ്ക്ക് നീട്ടി ഞാന്‍ അയാള്‍ അവിടെ വെച്ച പെട്ടിയുടെ അടുത്തേക്ക് ഓടി.

നല്ല ഭംഗിയുള്ള എന്തൊ വസ്തു വച്ചു ഉണ്ടാക്കിയിരുന്നതായിരുന്നു ആ പെട്ടി. അച്ഛന്‍ കൊടുത്തയച്ചതാണെങ്കില്‍ അതില്‍ വേണ്ട സാമ്മാനങ്ങളും കാണുമെന്നുറപ്പാണ്. ഇതിനിടയില്‍ പുറകില്‍ നിന്ന് ഒരു ശബ്ദം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അമ്മ താഴെ വീണുകിടക്കുകയാണ്. ഓടിച്ചെന്നു അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോഴാണ് അമ്മ ബോധമറ്റു കിടക്കുകയാണെന്ന് മനസിലായത്.

അമ്മുമ്മയും അപ്പൂപ്പനും ഇതിനോടകം ഓടി വന്നിരുന്നു . അമ്മയുടെ കൈയില്‍ നിന്നും പൊട്ടിച്ച ആ കത്ത് എനിക്ക് എങ്ങനെയോ കിട്ടി. അച്ഛന്‍ ജോലിചെയ്തിരുന്ന പട്ടാള ഡിവിഷനില്‍ നിന്നുള്ള കത്തായിരുന്നു അത്. കത്തെടുത്ത ഞാന്‍ ഒന്നു വായിക്കുവാന്‍ ശ്രമിച്ചു. വാക്കുകള്‍ കൂട്ടിവായിക്കാന്‍ പഠിച്ചു തുടങ്ങിയിട്ടുള്ളുവെങ്കിലും കത്തിലെ ചില വാക്കുകള്‍ എനിക്ക് കത്തിലെ ഉള്ളടക്കം എന്താണെന്ന് പറഞ്ഞു തന്നു. ഒരോരോ വാക്കുകളും വായിച്ചു തീരുമ്പോളും വായിച്ചതൊക്കെ തെറ്റാവണേ എന്നു മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.

അച്ഛന്‍ മരിച്ചിരിക്കുന്നു. അച്ഛന്റെ പട്ടാളത്തിലെ സമ്പാദ്യവും പേറി ആ പെട്ടി മാത്രം അവിടെ അവശേഷിച്ചു. വീശിയടിച്ച കാറ്റ് നിശബ്ദമായി മൂളുക തന്നെ ചെയ്യ്തു. ഒരുപാടു ചോദ്യങ്ങളും ഉത്തരങ്ങളും മനസ്സില്‍ കിടന്നു പതഞ്ഞു പൊങ്ങിക്കൊണ്ടിരുന്നു. അകത്തു അമ്മയുടെ കരച്ചില്‍ കേട്ടു, തളര്‍ന്നു കരയാന്‍ വയ്യാതെ ആയിരിക്കുന്നു. മാവേലിയും ഓണവും ഒക്കെ ഇനിയും വന്നുപോയാലും അച്ഛന്‍ മാത്രം ഇനി വരില്ല എന്ന സത്യം മാത്രം മനസ്സില്‍ അവശേഷിച്ചു. അച്ഛനായി ഒഴിച്ചിട്ട ഓണസദ്യ നോക്കി ബലികാക്കകള്‍ നിശബ്ദരായി ഇരുന്നു. അവര്‍ക്കും എന്തിന് ഈ മൗനം.

Content Highlight: Onam Memories 2021