ണാഘോഷം എന്നു പറയുമ്പോള്‍ പായസവും പൂക്കളവും പുലികളിയും ഒക്കെയാണ് പ്രധാനമെങ്കിലും എന്റെ കുട്ടിക്കാലത്തെ ഓണം ഓര്‍മകള്‍ മിക്കവാറും പത്തു ദിവസത്തെ അവധി ദിവസങ്ങളാണ്. എന്നും സ്‌കൂളില്‍ പോയി മടുത്തിരിക്കുമ്പോള്‍ കിട്ടുന്ന ആ പത്തു ദിവസം.... ഓ.. ന്റെ സാറേ!

പക്ഷേ ഹൈസ്‌ക്കൂള്‍ എത്തിയപ്പോള്‍ തിരുവോണവും അതിനടുത്ത ഒന്നോ രണ്ടോ ദിവസവും ആയി ഈ സന്തോഷദിനങ്ങള്‍ ചുരുങ്ങി പോയി. കാരണം ബാക്കി എല്ലാ ദിവസങ്ങളിലും ട്യൂഷന്‍ ക്ലാസ് ഉണ്ടാവും. ട്യൂഷന്‍ എന്ന് വെച്ചാല്‍ പഴേ ട്യൂഷന്‍ അല്ല. എല്ലാ വിഷയങ്ങളും പഠിപ്പിക്കാന്‍ നിരനിരയായി ടീച്ചര്‍മാര്‍, ടൈം ടേബിള്‍, പ്രത്യേകം പുസ്തകങ്ങള്‍, ലഞ്ച് ബ്രേക്ക്, ബെല്‍... അങ്ങനെ ഒരു മിനി സ്‌കൂള്‍ സെറ്റ് അപ് ആണ്. എല്ലാം കൂടെ പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് ഒപ്പിക്കാനുള്ള ഭഗീരഥ പ്രയത്‌നം...

അങ്ങനെ ഒമ്പതിലോ പത്തിലോ പഠിക്കുമ്പോഴത്തെ ഒരു ഓണക്കാലം. ടിവിയില്‍ പുതിയ സിനിമ ഒക്കെ വരുമ്പോള്‍ അതൊന്നും കാണാന്‍ പറ്റാതെ, ദുഃഖം ഉള്ളിലൊതുക്കി ഞങ്ങള്‍ പാവം കുട്ടികള്‍ ട്യൂഷന്‍ ക്ലാസ്സില്‍ പോയി കൊണ്ടിരിക്കുന്ന സമയം. ആകെക്കൂടി ഉള്ള ഒരു ആശ്വാസം ട്യൂഷനു പോവുമ്പോള്‍ കളര്‍ ഡ്രസ്സ് ഇടാം എന്നുള്ളതാണ്. അതെങ്കില്‍ അത്. ഓണക്കോടി ഉദ്ഘാടിക്കാന്‍ ഉള്ള ചാന്‍സ് കൂടിയാണല്ലോ. അതൊക്കെ ആയിരുന്നു ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍...

അങ്ങനെ ഓണാവധിക്കാലത്തെ ഒരു ദിവസം ഞങ്ങള്‍ മൂന്നാല് പെണ്‍പിള്ളേര്‍ പ്ലാന്‍ ചെയ്ത് പട്ടുപാവാട ഒക്കെ ഇട്ട് ട്യൂഷന്‍ ക്ലാസ്സില്‍ വന്നു. ഇത്രേം കഷ്ടപ്പെട്ട് ഒരുങ്ങി വന്നിട്ടും ഒരാളും കാര്യമായി മൈന്‍ഡ് ചെയ്യുന്നില്ല. ഒരു കാര്യവും ഇല്ലെങ്കിലും ചുമ്മാ അപ്പുറത്തും ഇപ്പുറത്തും ഉള്ള ക്ലാസ്സുകളുടെ മുന്നില്‍ ഉലാത്തികൊണ്ടിരുന്നു. ഒരൊറ്റ മനുഷ്യനും തിരിഞ്ഞു നോക്കുന്നു പോലുമില്ല.

നമുക്ക് അതൊക്കെ ഭയങ്കര 'പ്രസ്റ്റീജ് ഷൂസ് ' ആണ്. ആഹാ.. ഇങ്ങോട്ട് ആരും നോക്കീല്ലെങ്കി അങ്ങോട്ട് പോയി നോക്കിപ്പിക്കും. നമ്മളോടാ കളി!

ഒരു 10-11 മണി വരെ ക്ലാസ്സില്‍ ഇരുന്നിട്ടും ഒരു കാര്യവും ഉണ്ടായില്ല. ഇന്റര്‍വെല്‍ ആയപ്പോള്‍ ഞങ്ങള്‍ പട്ടുപാവാട ഗാങ് വട്ടം കൂടിയിരുന്ന് ആലോചിച്ചു. കൂട്ടത്തിലെ ഉത്സാഹ കമ്മിറ്റി അംഗം നമ്പര്‍ വണ്‍ ശരണ്യ ഐഡിയ പറഞ്ഞു - 'നമുക്ക് അമ്പലത്തില്‍ പോയിട്ട് വരാം.'

'ആഹാ സൂപ്പര്‍ ഐഡിയ! 11 മണിക്ക് അമ്പലത്തില്‍ പോവുക... വൗ!' ഞങ്ങള്‍ അവളുടെ ഐഡിയ നിഷ്‌കരുണം പുച്ഛിച്ചു തള്ളി.

'പക്ഷേ വേറെ  ഇല്ല. ടീച്ചര്‍മാര്‍ എങ്ങോട്ട് പോയി എന്ന് ചോദിച്ചാല്‍ തല്ല് കൊള്ളാന്‍ സാധ്യത കുറഞ്ഞ ഒരു ഉത്തരം ഇതേ ഉള്ളൂ.' അവള്‍ വിടാന്‍ ഭാവമില്ല.

എന്നാ അമ്പലം എങ്കില്‍ അമ്പലം. അഥവാ ആരെങ്കിലും പിടിച്ചാലും ഭക്തി മൂത്ത് പുറത്ത് നിന്ന് തൊഴുത് വന്നതാ എന്ന് പറയാലോ. കൊള്ളാം, വക്രബുദ്ധി ഒക്കെ നന്നായി വികസിച്ച് വരുന്നുണ്ട്. ഞങ്ങള്‍ ധൃതംഗപുളകിതരായി.

ഉച്ചയോടടുത്ത നേരമായതു കൊണ്ട് അമ്പലത്തില്‍ എന്നല്ല, വഴിയില്‍ പോലും അധികം ആളുകള്‍ ഇല്ല.

'കഷ്ടം... ഇത്രേം സിംപിള്‍ ആയി ഡ്രസ്സ് ചെയ്യുന്ന പെണ്‍കുട്ടികളെ നോക്കാന്‍ പോലും ആളില്ലാതായോ...' ഞങ്ങള്‍ ഒരിത്തിരി നിരാശരായി.

'ഏതായാലും വന്നു. ന്നാ പിന്നെ, അമ്പലക്കുളത്തില്‍ പോയി ഒന്ന് മുഖം കഴുകി തിരിച്ചു പോവാം.' കൂട്ടത്തില്‍ ഉയരം കൊണ്ട് തല മൂത്ത അംഗം ദിവ്യ അടുത്ത ഐഡിയേം കൊണ്ട് വന്നു.

അമ്പലം ആണെങ്കില്‍ കുറേ വള്ളിപടര്‍പ്പും കാടും ഒക്കെയായി കാണുന്നവര്‍ 'കേരനിരകളാടും ഹരിത ചാരുതീരം...' എന്ന് പാടി പോവുന്ന അത്രേം പ്രകൃതി ഭംഗി നിറഞ്ഞ സ്ഥലം! അതിന്റെ നടുക്കൊരു പച്ചപ്പായല്‍ നിറഞ്ഞ കുളവും. ഒരനക്കം പോലുമില്ലാതെ നില്‍ക്കുന്ന വെള്ളം. നല്ല ശാന്ത സുന്ദര പച്ചക്കുളം...

എന്നാലും അതിന്റെ അണ്ടര്‍ ഗ്രൗണ്ടില്‍ വല്ല നീര്‍ക്കോലിയും ഉണ്ടെങ്കിലോ? മുതലക്കുഞ്ഞുങ്ങള്‍? അനകോണ്ട?? ഏയ്...

ഞങ്ങള്‍ പട്ടുപാവാടധാരികള്‍ പതുക്കെ കുളത്തിന്റെ പടവുകള്‍ ഇറങ്ങാന്‍ തുടങ്ങി. സത്യം പറഞ്ഞാല്‍ നീന്തല്‍ അറിയാത്തത് കൊണ്ട് എനിക്ക് സാമാന്യം നല്ല പേടിയുണ്ടായിരുന്നു. പക്ഷേ, കൂടെയുണ്ടായിരുന്ന ബാക്കി എല്ലാവര്‍ക്കും നീന്തല്‍ അറിയും എന്ന തോന്നലില്‍ ഞാന്‍ അതൊന്നും പുറത്ത് കാണിച്ചില്ല.

പുത്തന്‍ പട്ടുപാവാട ഒക്കെ മടക്കി കുത്തി വിറച്ചു വിറച്ചു രജനികാന്തിനെ വെല്ലുന്ന സ്ലോ മോഷനില്‍ ഞാന്‍ കുളത്തിന്റെ പടവുകള്‍ ഇറങ്ങി. 

കൂട്ടത്തില്‍ കുറച്ച് ബോധം കൂടുതല്‍ ആണെന്ന ആത്മവിശ്വാസത്തില്‍ നമ്മുടെ ദിവ്യ എല്ലാര്‍ക്കും തുരുതുരാ ഉപദേശം വാരി വിതറി കൊണ്ടിരുന്നു.

'ദേ, ആരും എടുത്ത്ചാടി വെള്ളത്തില്‍ ഇറങ്ങരുത്. പടവൊക്കെ പായല്‍ പിടിച്ച് കെടക്കുന്ന കണ്ടില്ലേ? പാവാട നനയാണ്ട് നോക്കിക്കോ. ഇല്ലെങ്കില്‍ തിരിച്ച് ചെല്ലുമ്പോ ടീച്ചര്‍ ചോദിക്കും. അപ്പോ അങ്ങനെ ഇങ്ങനെ ന്ന് പറഞ്ഞാ പിന്നെ എല്ലാരും കുടുങ്ങും. അതോണ്ട് എന്റെ പിന്നാലെ ഇറങ്ങിയാ മതി. എനിക്ക് പിന്നെ പണ്ടേ നീന്തല്‍ അറിയാവുന്നത് കൊണ്ട്......'

ബ്ലും!

ആ ശബ്ദം കേട്ടു ഞെട്ടി എനിക്ക് ഏതാണ്ടൊരു മിനി അറ്റാക്ക് വന്നു കാണും. ഏതോ സിനിമയില്‍ ശ്രീനിവാസന്‍ ഉറക്കത്തില്‍ അലറിയ പോലെ 'അയ്യോ ഞങ്ങള്‍ കൊക്കയില്‍ വീണേ' എന്ന് കാറാന്‍ തുടങ്ങുമ്പോഴാണ് ഞാനാ നഗ്‌ന സത്യം മനസ്സിലാക്കിയത്. കുളത്തില്‍ വീണത് ഞാനല്ല!

തിരിഞ്ഞു നോക്കിയപ്പോള്‍ നമ്മുടെ മാര്‍ഗദര്‍ശി ദിവ്യയെ കാണാനില്ല.  നേരെ വെള്ളത്തില്‍ നോക്കിയപ്പോള്‍, ദേ ആള്‍ നല്ല സ്‌റ്റൈലായി പച്ചക്കുളത്തിന്റെ നടുക്കൊരു പച്ചപ്പരിഷ്‌കാരി തവളയെ പോലെ കിടക്കുന്നു!

ഞങ്ങള്‍ എല്ലാവരും അന്ധാളിച്ചു നില്‍ക്കുന്നത് കണ്ട ഉടന്‍ അവളുടെ ചോദ്യം, 'നമ്മളിനി എന്ത് ചെയ്യും ഡീ??'

ആ അവസരത്തില്‍ ചെയ്യാന്‍ പാടുമായിരുന്നോ എന്നറിയില്ല,  ഞാന്‍ അറിയാതെ പൊട്ടിച്ചിരിച്ചു പോയി....

വീണത് ഞാനല്ലല്ലോ. അപ്പോ ചിരിച്ചാലെന്താ? ഞാന്‍ ആര്‍മാദിച്ച് ചിരിച്ചു. കുറച്ച് നീന്തല്‍ പഠിച്ചതിനു എന്തൊരു ജാഡയായിരുന്നു. എന്നിട്ടിപ്പോ കിടക്കണ കിടപ്പ് കണ്ടാ... 

എന്റെ കൊലച്ചിരി ബെല്ലും ബ്രേക്കും ഇല്ലാതെ തുടരുന്നതിനിടെ അവരൊക്കെ കൂടി ആ പാവത്തിനെ എങ്ങനെയോ വലിച്ച് കേറ്റി. അതിനിടയില്‍ പട്ടുപാവാട തട്ടി അവള്‍ വീണ്ടും പടവില്‍ ഒന്ന് വീണു. ഒടുവില്‍ എങ്ങനെയൊക്കെയോ ഒന്ന് കരക്കടുപ്പിച്ചു.

നല്ല കളര്‍ഫുള്‍ പോപ്പിന്‍സ് മിട്ടായി പോലെ തുള്ളിച്ചാടി വന്നതാ... തിരിച്ചു പോവുമ്പോഴേക്കും ഒന്ന് നക്കിനോക്കിയ പഞ്ഞി മിഠായി പോലെയായി.

എന്നിട്ടും കണ്ണില്‍ചോരയില്ലാതെ ഞാന്‍ പോകുന്ന വഴി മൊത്തം ചിരിച്ച് കൊണ്ട് നടന്നു. എന്തായാലും നടന്നത് നടന്നു. ഇനി ഇത് ട്യൂഷന്‍ ക്ലാസ്സില്‍ ആരും അറിയാതെ നോക്കണം. അല്ലെങ്കില്‍ മാനവും പോവും തല്ലും കിട്ടും. ഞങ്ങള്‍ ഒരു രഹസ്യ ധാരണയിലെത്തി.

പോവുന്ന വഴിക്ക് തന്നെ എല്ലാവരും കൂടി ദിവ്യയെ പിഴിഞ്ഞ് ഉണക്കാന്‍ ഒരു വിഫലശ്രമം നടത്തി. മുഴുവനായി വിജയിച്ചില്ലെങ്കിലും ഒറ്റ നോട്ടത്തില്‍ ആ നനഞ്ഞ കോഴി ലുക് പോയികിട്ടി.

ഇനി ഒന്നും പേടിക്കാനില്ല. എല്ലാരും ഒന്നും അറിയാത്തപോലെ ക്ലാസിലേക്ക് പോയി. ടീച്ചര്‍ വന്നു പഠിപ്പിക്കാന്‍ തുടങ്ങിയിരുന്നു. എന്നാലും ഞങ്ങളുടെ ഐശ്വര്യം കണ്ട് വഴക്കൊന്നും പറയാതെ ക്ലാസ്സില്‍ കയറ്റി.

കുറച്ച് കഴിഞ്ഞപ്പോള്‍ ആണ്‍കുട്ടികളുടെ ബെഞ്ചില്‍ നിന്ന് ഒരു അടക്കിച്ചിരി. ആരെടാ അത്? ടീച്ചര്‍ കലിപ്പിലായി.

'ഒന്നൂല്ല്യ ടീച്ചറെ, ഓണം ഒക്കെ ആയതു കൊണ്ടാവും ല്ലേ... ദിവ്യ ഇന്റര്‍വെല്ലിനു പോയി വീണ്ടും കുളിച്ചു വന്നുന്ന്  തോന്നുണു...അത് പറയാര്‍ന്നു... '

ഏതോ ചെറുക്കന്‍മാര്‍  ഞങ്ങളെ ഒറ്റി. ഒരുങ്ങിക്കെട്ടി വന്നപ്പോള്‍ ഒരുത്തനും നോക്കാന്‍ വയ്യ, ചെറുതായൊരു അബദ്ധം പറ്റിയപ്പോള്‍ അതിനു ഒടുക്കത്തെ പബ്ലിസിറ്റി!

അത്രയും നേരം കഷ്ടപ്പെട്ട് ചിരി അടക്കിനിന്ന ഞാന്‍ ശടേന്ന് ഭാവം മാറ്റി കരയാന്‍ റെഡിയായി. കനപ്പിച്ച മുഖവുമായി ടീച്ചര്‍ ചൂരലും ചുഴറ്റി അടുത്തേക്ക് വന്നു.

'സത്യം പറഞ്ഞാല്‍ കിട്ടുന്നേന്റെ എണ്ണവും കുറയും. എന്താ പറ്റിയത്?'

ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി നിന്നു. ടീച്ചറാണെങ്കില്‍ കണ്ണുരുട്ടി ഓരോരുത്തരെയായി നോക്കി പേടിപ്പിച്ചു. പക്ഷെ ദിവ്യയുടെ മുഖത്തെ ദയനീയ ഭാവം കണ്ട് ആളുടെ മനസ്സലിഞ്ഞു എന്ന് തോന്നുന്നു. കുറച്ച് നേരം തറപ്പിച്ചു നോക്കി. പിന്നെ ടീച്ചറും ചിരിക്കാന്‍ തുടങ്ങി! പിന്നാലെ ബാക്കി കുട്ടികളും ചിരിച്ചു. ഭാഗ്യത്തിന് അതവിടെ തീര്‍ന്നു.

എന്നാലും ആ അപമാനം! വേറെന്തും സഹിക്കും. രണ്ടു തല്ലു കിട്ടിയാലും കൊള്ളാം. പക്ഷെ ഇത് .... എന്റെ രക്തം തിളച്ചു.

ഇതിനു പകരം ചോദിച്ചിട്ടു തന്നെ ബാക്കി കാര്യം. എവിടെ ആ ഒറ്റുകാര്‍? ക്ളാസ് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അവരെ  വളഞ്ഞിട്ട് പിടിച്ചു. കാര്യം ഞങ്ങളൊക്കെ പീക്കിരികളാണെങ്കിലും അവര്‍  ഒന്ന് ഞെട്ടി.

ആവേശം കൂടി ഞാനെന്റെ കുട എടുത്തു കയ്യില്‍ പിടിച്ചു. ഇനി കായികമായി നേരിടേണ്ടി വന്നാലും വിട്ടുകൊടുക്കരുതല്ലോ.

'സത്യം പറയെടാ... ഞങ്ങള്‍ അവിടെ പോയത് ആരും അറിഞ്ഞിട്ടില്ല. പിന്നെ നീയെങ്ങനെ കണ്ടുപിടിച്ചു?' നല്ല ദീപ്തി ഐ എ എസ്സിന്റെ സ്‌റ്റൈലില്‍ ഞാന്‍ ചോദ്യം ചെയ്തു.

'നമ്മള് ചുമ്മാ നടക്കാന്‍ ഇറങ്ങീതല്ലേ.. അല്ലാണ്ടെ നിന്റെയൊന്നും പുറകെ വന്നതല്ല...' അവന്‍ പുച്ഛിച്ചു രക്ഷപെടാന്‍ ശ്രമിക്കുകയാണ്.

'എന്നാ  പിന്നെ നിനക്കു വല്ല ദിവ്യദൃഷ്ടി ഉണ്ടോ? വെറുതെ നൊണ പറയല്ലേ..' ഞാനും വിട്ടില്ല.

'ഓ നീ വല്യ ഡയലോഗൊന്നും അടിക്കണ്ട. നീ തന്നെല്ലേ കള്ളിയങ്കാട്ടു നീലി അട്ടഹസിക്കണ പോലെ കിളിച്ചോണ്ടിരുന്നേ.. അത് കേട്ടിട്ടാ ഞങ്ങള്‍ കുളത്തിന്റെ അപ്പുറത്തു വന്നു എത്തിനോക്ക്യേ... വല്ല പ്രേതാണോ ന്നറിയാനാ വന്നേ... അതിനു അവള് ചോദ്യം ചെയ്യാന്‍ വന്നിരിക്ക്യാ... ഒന്ന് പോ പെണ്ണേ...' അവന്മാര്‍ തിരിഞ്ഞു നടന്നു.

ചാടിക്കടിക്കാന്‍ വന്ന പുലിയുടെ വായില്‍ നിന്ന് വെപ്പുപല്ല് കൊഴിഞ്ഞു വീണ പോലെയായി എന്റെ അപ്പോഴത്തെ അവസ്ഥ. പതിയെ തിരിഞ്ഞു നോക്കിയപ്പോള്‍ അത്രയും നേരം കട്ടക്ക് കൂടെ നിന്ന എന്റെ പാട്ടുപാവാട ഗാങ് എന്നെ തറപ്പിച്ചു നോക്കി നില്‍ക്കുന്നു.

ശുഭം! എന്നാ പിന്നെ ഞാനങ്ങോട്ട്....

സ്‌കൂളില്‍ ആയിരുന്നപ്പോള്‍ എല്ലാ വര്‍ഷവും ഓണാഘോഷവും പൂക്കള മത്സരവും ഓണക്കളികളും ഒക്കെക്കൂടി പൊടിപാറിച്ച കുറെ ഓര്‍മകളുണ്ട്. എന്നാലും ഇടയ്ക്കിടെ ഈ 'നനഞ്ഞ' ഓര്‍മയും പൊങ്ങി വരും. ഇത്രയും കാലം കഴിഞ്ഞിട്ടും അവള്‍ ആ കുളത്തിന്റെ നടുക്ക് വീണു കിടന്നു ചോദിച്ച ചോദ്യം ഓര്‍ത്താല്‍ ഇപ്പോഴും ഞാന്‍ അറിയാതെ ചിരിച്ചു പോകും. ഞങ്ങളെ ഒറ്റിയ അതേ കൊലച്ചിരി!