ലയിലെ ഇടതുഞരമ്പുകളിലേതോ ഒന്നില്‍ മുളപൊട്ടിയ ഒരു വേദന.. പതിയെ വ്യാപിച്ച് തല മുഴുവന്‍ പടരുന്നു.. മുഖം ചുട്ടുപൊള്ളുന്നു.. കണ്ണ് മൂടുന്നു.. മുന്നിലെ കാക്കപ്പൂക്കള്‍ കാഴ്ചയെ വെല്ലുവിളിച്ച് മിന്നിമറയുന്നു.. ആ പതിമൂന്നുകാരി നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടത്തിലെ ചെളിവെള്ളത്തിലേക്ക് മയങ്ങി വീണു.. എത്ര നേരം കിടന്നുവെന്നറിയില്ല. കണ്ണു തുറന്നപ്പോള്‍ സൂര്യന്‍ തലയ്ക്ക് മേലെയെവിടെയോ കത്തി നില്‍പ്പുണ്ട്. അമ്മമ്മ വാങ്ങി തന്ന ആ വെള്ളക്കളര്‍ പെറ്റിക്കോട്ട് അപ്പാടെ ചെളിയില്‍ പുതഞ്ഞു. പത്ത് വട്ടത്തില്‍ പൂവിടാന്‍ ഞാന്‍ നുള്ളിപ്പെറുക്കിയ പൂക്കള്‍ മാത്രം വട്ടയില കുമ്പിളില്‍ നിറഞ്ഞുചിരിക്കുന്നുണ്ട്. ചിലത് വെള്ളത്തില്‍ ഒഴുകിക്കളിക്കുന്നു.

തലയ്ക്കുള്ളിലെ വേദന പോയിട്ടില്ല. കണ്ണിലെ മിന്നലാട്ടം മാറിയിട്ടില്ല. ക്ഷീണമുണ്ട്. എഴുന്നേറ്റ് പോവാതെ വയ്യ.. പാലത്തിന്റെ അപ്പുറം എന്നെ നോക്കിയിരിക്കുന്നുണ്ടാവും അമ്മമ്മ. ബാക്കി പൂവ് പറിക്കാന്‍ നിന്നില്ല. പറിച്ച് കുമ്പിളിലാക്കിയത് എടുത്തുമില്ല. വേച്ചുവേച്ച് നടന്നു. കണ്ടവും വരമ്പും തോടുമെല്ലാം വരച്ച് മായ്ച്ചത് പോലെ കാഴ്ചയില്‍ പടര്‍ന്നിരിക്കുന്നു. കുറച്ചുദൂരം നടന്നുവെന്ന് തോന്നുന്നു. അമ്മമ്മയുടെ വെള്ളമുണ്ടിന്റെ പരന്നകാഴ്ച മാത്രം മുന്നില്‍ കണ്ടു. നേരം വൈകിയതിനുള്ള കലമ്പലോടെ വരമ്പത്ത് കാത്തുനില്‍ക്കലാണ് അവര്‍. അമ്മമ്മയെ കാണുമ്പോള്‍ വയ്യായ്ക നിയന്ത്രണം വിട്ടതുപോലെ.. എന്തെങ്കിലും പറയുന്നതിന് മുന്‍പ് വീണ്ടും വന്നു അതേ വേദന.. അതേ സ്ഥാനത്ത്.. അമ്മമ്മ നോക്കി നില്‍ക്കെ തോട്ടിന്റെ കരയിലേക്ക് ഞാന്‍ പിന്നേയും കുഴഞ്ഞുവീണു..

അടുത്തവട്ടം കണ്ണുതുറന്നപ്പോള്‍ കണ്ടവുമില്ല തോടുമില്ല.. വീട്ടിലെ ചാണകം തേച്ച ഇറയത്തിന്റെ തണുപ്പിലാണ് ഞാന്‍. തിരുവോണമായിട്ട് കുട്ടിക്ക് എന്താണ് പറ്റിയതെന്നോര്‍ത്ത് അമ്മമ്മ അടുത്തിരുന്ന് കരയുന്നു. നെറ്റിയില്‍ കൈവെച്ച് കണ്ണടച്ച് അച്ഛച്ഛനും. ഓണമായിട്ട് അടുപ്പ് പോലും പുകഞ്ഞിട്ടില്ല. പത്ത് വട്ടത്തില്‍ പൂക്കളമില്ലാതെ മുറ്റം കാലി. രാവിലെയെപ്പോഴോ പൊട്ടിച്ചുവെച്ച ചെമ്പരത്തി വാടിയത് ഇറയത്തെ ബെഞ്ചിന്റെ ഒരു മൂലയ്ക്കുണ്ട്.. ഏതാണ് സമയം എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാനിങ്ങനെ... എഴുന്നേറ്റിരുന്നു. വേദനയില്ല. ക്ഷീണമില്ല. കണ്ണിന്റെ കാഴ്ചയ്ക്ക് തെളിച്ചക്കുറവില്ല.. പക്ഷെ അകത്തെന്തോ തിരയടിക്കുന്നത് പോലെ.. രണ്ട് മിനിട്ടിനുള്ളില്‍ വന്നു, നിര്‍ത്താതെയുള്ള ഛര്‍ദി. ഒന്നല്ല, രണ്ടല്ല, മൂന്നല്ല.. എത്രയോ വട്ടം. പൂക്കളം നിറയേണ്ട മുറ്റത്തിന്റെ ഒരു ഭാഗത്ത് കോളാമ്പി ചെടിക്ക് സമീപം കുഴഞ്ഞുനിന്നു ഞാന്‍ ഛര്‍ദ്ദിക്കുന്നു.

പൂക്കളമില്ല, സദ്യയില്ല, ചെണ്ടകൊട്ടി വന്ന മാവേലിയേയും പിള്ളേരേയും കണ്ടില്ല.. ഉച്ചയായി വൈകുന്നേരമായി, നേരമിരുട്ടിത്തുടങ്ങി. എനിക്കും എന്റെ വീട്ടിലും മാത്രം ഓണമില്ല. രാത്രിയാവും തോറും ക്ഷീണം കൂടുകയാണ്. ഒടുവില്‍ ആശുപത്രിയില്‍ പോവാന്‍ തീരുമാനമായി. അപ്പുറത്തെ വീട്ടിലെ ഓട്ടോയില്‍ കയറി ചെളിപുരണ്ട കുപ്പായത്തോടെ തന്നെ ടൗണിലെ മമ്മദ് ഡോക്ടറുടെ ക്ലിനിക്കിലേക്ക്.. കുഴഞ്ഞ നാവോടെ പറ്റിയതെല്ലാം പറഞ്ഞൊപ്പിച്ചു. കണ്ട കാര്യം അമ്മമ്മയും പറഞ്ഞു. കേട്ടപാടെ മമ്മദ് ഡോക്ടര്‍ പറഞ്ഞു. ഇത് അതന്നെ.. ചെന്നിക്കുത്ത്..!

കടുത്ത ചെന്നിക്കുത്തിന്റെ തുടക്കമാണ് ഈ കണ്ടതൊക്കെ.. രാവിലത്തെ വെയില്‍ നിര്‍ത്താതെ കൊണ്ടതുകൊണ്ടാവും വേദന വന്നത്. ഭക്ഷണം കഴിക്കാറില്ലേ, ഉറങ്ങാറില്ലേ വെള്ളം കുടിക്കാറില്ലേ.. അന്നത്തെ പെന്‍സില്‍കൊള്ളി പോലുള്ള പെണ്‍കുട്ടിയെ നോക്കി ഡോക്ടര്‍ എന്തൊക്കയോ ചോദിച്ചു. ഞാനെല്ലാം കേട്ടു. പക്ഷെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയത് അമ്മമ്മയാണ്. തല്‍ക്കാലത്തേക്ക് ഒരു ഇഞ്ചക്ഷന്‍ എടുക്കാം. ഒരു കുപ്പി ഗ്ലൂക്കോസും കയറ്റിക്കൊള്ളൂ.. എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് എത്തിയപ്പോള്‍ ഉറങ്ങേണ്ട നേരമായെന്ന് തോന്നുന്നു. ക്ഷീണം കൊണ്ടോ ഉറക്കം കൊണ്ടോ.. പിന്നെയൊന്നും ഓര്‍മയില്ല...

ഒന്നോ രണ്ടോ ഗ്ലാസ് കട്ടന്‍ചായ കൊണ്ടുമാത്രമായിരുന്നു അന്ന് അച്ഛച്ഛന്റേയും അമ്മമ്മയുടേയും ഓണം. ചേനയും മത്തനുമടക്കം തലേന്ന് മുറിച്ചുവെച്ച പച്ചക്കറിയെല്ലാം വെള്ളത്തില്‍ കുതിര്‍ന്നിരിക്കുന്നു. നേരം പുലര്‍ന്നു. തിരുവോണം കഴിഞ്ഞു. ക്ഷീണം വിട്ടെഴുന്നേറ്റു. കുളിച്ചു ഭക്ഷണം കഴിഞ്ഞപ്പോള്‍ പോയ പ്രസരിപ്പെല്ലാം തിരിച്ചുകിട്ടി. പത്ത് വട്ടമിട്ട പൂക്കളം നീക്കി ചേതിപ്പൂ കൊണ്ട് പൂക്കളമിടേണ്ട ദിവസമാണ്. പക്ഷെ മുറ്റത്തെനിക്ക് പൂക്കളമില്ലല്ലോ.. ഓണദിവസം കുളമായതിന്റെ സങ്കടം തികട്ടി വരുന്നു. ഇനി ഒരു ഓണം വരാന്‍ ഒരു കൊല്ലം കാക്കണം. സങ്കടം കരച്ചിലായി. ''സന്തോഷം ഉള്ളപ്പോഴല്ലേ ഓണം, മോള് പൂക്കളമിട്ടോ, പത്ത് വട്ടത്തില്‍ തന്നെ.. ഇന്ന് തന്നെ സദ്യയുമുണ്ടാക്കാം. പായസവും വെയ്ക്കാം.''  

അമ്മമ്മയുടെ സമാധാനിപ്പിക്കല്‍ പിന്നാലെയെത്തിയപ്പോള്‍ സങ്കടം സന്തോഷത്തിന് വഴി മാറി. ചെമ്പരത്തിയും കോളാമ്പിയും മൊസാണ്ടയും തുടങ്ങി മുറ്റത്തെ പൂക്കളെല്ലാം പറിച്ചു. പത്ത് വട്ടത്തില്‍ തന്നെ പൂക്കളും തീര്‍ത്തു. സദ്യ കഴിച്ചു. പായസം കുടിച്ചു. ഓണത്തിന് എന്നെ കാണാത്തത് എന്തേ എന്ന് അന്വേഷിച്ചുവന്ന ചങ്ങായിമാര്‍ക്കൊപ്പം തിരുവോണത്തിന് തലേന്ന് അച്ഛാച്ഛന്‍ കെട്ടിത്തന്ന ഊഞ്ഞാലുമാടി. എന്റോണം നശിപ്പിച്ച തലവേദനയെ പ്രാകിക്കൊണ്ട് അവിട്ടത്തിന് തിരുവോണം ആഘോഷിച്ചെന്ന് ചുരുക്കം...

അടുത്തകൊല്ലം ഓണം കൂടാന്‍ അമ്മമ്മ ഉണ്ടായില്ല. ക്യാന്‍സര്‍ മൂര്‍ച്ഛിച്ച് അവര്‍ മരിക്കുമ്പോള്‍ തിരുവോണമെത്താന്‍ കുറച്ച് ദിവസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.. ചെന്നിക്കുത്തെന്ന ആ വില്ലന്‍ കൂടെ കൂടിയിട്ട് ഈ ഓണത്തിന് കൊല്ലം പതിമൂന്നോ പതിനാലോ ആവുന്നു. നല്ല ഓര്‍മകള്‍ സമ്മാനിച്ച എത്രയോ ഓണക്കാലം പിന്നീട് ഉണ്ടായിട്ടുണ്ട്. പക്ഷെ തലയിലൊരു വേദന പൊട്ടാത്ത കണ്ണുമൂടാത്ത ഓര്‍മകളില്ലാതെ അമ്മമ്മയെക്കുറിച്ച് നെഞ്ചുവിങ്ങുന്ന ഓര്‍മകളില്ലാതെ ഒരോണവും പിന്നെ എനിക്ക് കടന്നുപോയിട്ടില്ല.. അതുകൊണ്ടുതന്നെ ചെന്നിക്കുത്ത് സമ്മാനിച്ച തിരുവോണമാണെങ്കിലും ആ ഓണക്കാലം എനിക്ക് എന്നുമെന്നും പ്രിയപ്പെട്ടതാണ്..