ഇങ്ങ് പ്രവാസജീവിതത്തിന്റെ പ്രയാസങ്ങളില്‍ നിന്ന് ഓണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ത്തന്നെ ഒരു കുളിര്‍മ്മയാണ്. ഗ്രാമീണ സൗഭാഗ്യങ്ങളില്‍ വളരാന്‍ ഭാഗ്യം കിട്ടിയ എല്ലാവര്‍ക്കും അങ്ങനെത്തന്നെയായിരിക്കും. ഓണം എന്ന വാക്കു കേള്‍ക്കുമ്പോള്‍ തന്നെ ഗൃഹാതുരമായ ഓര്‍മ്മകളുടെ ഒരു കുത്തൊഴുക്ക് തന്നെ മനസ്സിലേയ്ക്കിറങ്ങിവരും. ഓണം ഒരു ആഘോഷമെന്നതിലുപരി ലോകമൊട്ടാകെയുള്ള മലയാളികളുടെ ഒരു വികാരമാണല്ലോ. ഓണക്കാലം കൂടിച്ചേരലുകളുടെയും ആത്മഹര്‍ഷങ്ങളുടെയും കാലം കൂടിയല്ലേ..?

കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ നിറയെ ഓണപ്പൂക്കളാണ്, ഓണക്കോടിയുടെ മണമാണ്, ഓണസദ്യയുടെ രുചിയാണ്. ഓണത്തിന്റെ ആദ്യദിവസം അത്തത്തിന് തുമ്പപ്പൂ കൊണ്ടുള്ള പൂക്കളമാണ്, രണ്ടാം ദിവസം രണ്ടു നിറത്തിലുള്ള പൂക്കള്‍ കൊണ്ട്, മൂന്നാം ദിവസം മൂന്നു നിറത്തിലുള്ള പൂക്കള്‍ കൊണ്ട്.. അങ്ങനെ ഒന്‍പതു ദിവസവും. പച്ചനിറത്തിനു വയല്‍ ഞൊരമ്പന്‍, ചുവപ്പുനിറത്തിനു ചീരപ്പച്ചയുടെ ഇല, വയലറ്റുനിറത്തിനു വാടാമല്ലി പൂക്കള്‍, വെള്ള നിറത്തിനു നന്ത്യാര്‍വട്ടവും പാരിജാതവും, റോസ് നിറത്തിനു ബാല്‍സവും അരളിയും ഒക്കെയായിരുന്നു അന്നത്തെ കുട്ടികളുടെ ഓണപ്പൂക്കൂടയില്‍. രാവിലെ ഇതെല്ലം എടുത്തുകൊണ്ടു വന്നു, മണ്ണില്‍ ഈര്‍ക്കിലും നൂലും കൊണ്ട് കളം വരച്ചു കൂട്ടുകാരും വീട്ടുകാരും ഒക്കെയായിട്ടുള്ള പൂക്കളമിടല്‍ എന്തൊരു രസമായിരുന്നു. പത്താം ദിവസം കളര്‍ പൊടികളും ഉപ്പും ഒക്കെ ചേര്‍ത്തുള്ള പത്തുനിറത്തിലുള്ള ഗംഭീരന്‍ ഓണക്കളമായിരിക്കും. കഥകളിയും വള്ളവും, മാവേലിത്തമ്പുരാന്‍ തുടങ്ങിയ ഡിസൈനുകളും ഒക്കെയുണ്ടാകും അന്നത്തെ പൂക്കളങ്ങളില്‍..

ഓണത്തിന് ഡ്രസ്സ് എടുക്കല്‍ ഒരാഴ്ച മുന്‍പേ കഴിയും. പിന്നെ തയ്ക്കാന്‍ കൊടുത്തത് മേടിക്കാനുള്ള ഓട്ടം, സമ്മാനമായി കിട്ടിയ ഓണക്കോടികള്‍ ഇട്ടു നോക്കാനുള്ള തിരക്ക്, അളവ് ശരിയാകാഞ്ഞത് മാറാനുള്ള ഓട്ടം.. അങ്ങനെ ഓണക്കോടി വിശേഷങ്ങള്‍ തന്നെ കുറേക്കാലം പറയാനുണ്ടാകുമായിരുന്നു. വീട്ടിലെ അടുക്കളക്കാര്യങ്ങള്‍ അമ്മ നോക്കുമെങ്കിലും ഓരോന്ന് മേടിക്കാന്‍ ഉത്രാടത്തിനു എങ്ങോട്ടെങ്കിലുമൊക്കെ നാലഞ്ചുപ്രാവശ്യം ഓടേണ്ടിവരുമായിരുന്നു. കടകളിലൊക്കെ തിരക്കോടു തിരക്ക് അന്നായിരിക്കും.. ഉത്രാടപ്പാച്ചില്‍ എന്നൊരു പറച്ചില്‍ തന്നെയുണ്ടല്ലോ.. അലമാരയില്‍ ഇരിക്കുന്ന ഓണക്കോടിയുടെ പുതുമണവും അടുക്കളയില്‍ തയ്യറാകുന്ന സദ്യവട്ടത്തിന്റെ ഓര്‍മ്മയും മനസ്സില്‍ വെച്ച് അങ്ങനെ തിരക്ക് പിടിച്ചോടുവാന്‍ തന്നെ ഒരു സുഖമായിരുന്നു. ഇന്ന് എല്ലാം പാക്കറ്റുകളില്‍ കിട്ടുന്ന കാലമായി, എങ്കിലും ചമ്രം പടിഞ്ഞിരുന്നു വിഭവസമൃദ്ധമായ തൂശനിലയില്‍  ഓണക്കോടിയുടുത്തു ഓണസദ്യയുണ്ണണമെങ്കില്‍ അല്പം ഓട്ടം പിടിച്ചേ പറ്റൂ.. 

പിന്നെ കുട്ടിക്കാലത്തിന്റെ ഓണസ്മൃതികളില്‍ പച്ചപിടിച്ചു നില്‍ക്കുന്നത് ഓണക്കളികളാണ്. ഓരോ ഗ്രാമത്തിന്റെയും ഹൃദയസ്പന്ദനം പോലെ ഒരു ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബും ഉണ്ടാകും. ഓണക്കാലമാകുമ്പോള്‍ തന്നെ സമ്മാനക്കൂപ്പണും ഓണപരിപാടികളുടെ  നോട്ടീസും ഒക്കെയായി പിള്ളേരുടെ ഒരു നിരയുമായി വീടുകള്‍ തോറും അവര്‍ കയറിയിറങ്ങുമ്പോള്‍ തന്നെ ഗ്രാമങ്ങളിലെ ഓണത്തിന് കൊടികയറും. ഓട്ടം, ചാട്ടം, വാഴയില്‍ കയറ്റം , ഉറിയടി തുടങ്ങിയ മത്സരങ്ങളും പിന്നെ പുലികളി, കൈകൊട്ടിക്കളി, കബഡികളി, തിരുവാതിരകളി, എന്നിങ്ങനെയുള്ള പരിപാടികളും ഉണ്ടാകും. കൂടാതെ വൈകുന്നേരം സാംസ്‌കാരിക സമ്മേളനം തുടര്‍ന്ന് നാടകമോ ഗാനമേളയോ അങ്ങനെയെന്തെങ്കിലുമൊക്കെ കൂടി ഉണ്ടാകും ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബുകാരുടെ ഓണത്തിന്. 

പിന്നെയുള്ള സ്മരണ ഓണസദ്യതന്നെയാണ്. ഉത്രാടത്തിനു തന്നെ  അച്ചാറുകള്‍ ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ടാകും, ഉപ്പേരികളും റെഡി ആയിക്കാണും. രാവിലെ കുളിച്ചു ഓണക്കോടിയുടുത്തു അമ്പലത്തില്‍ പോയി വന്നു പ്രാതലൊക്കെ കഴിയുമ്പോള്‍ ഓണക്കറികളുടെയും  പായസത്തിന്റെയും മണം കിട്ടിത്തുടങ്ങും. പിന്നെ ഉച്ചയോടെ വീട്ടുവളപ്പില്‍ നിന്ന് ഇലയൊക്കെ വെട്ടി എല്ലാവരും ഒരുമിച്ചിരുന്നു തൂശനിലയില്‍ നിറഞ്ഞ ഓണസദ്യ എന്ന രുചിവിസ്മയം നുണയുന്നതല്ലേ ഓണത്തിലെ ഏറ്റവും വലിയ നിമിഷം. ഒത്തുചേരലുകളുടെയും, കുശലം പറച്ചിലുകളുടെയും ഇടയില്‍ ഓണസദ്യ കഴിച്ചുകഴിയുമ്പോള്‍ തന്നെ ഓണം കൊടിയിറങ്ങുകയായി..  ബന്ധുക്കാര്‍ക്കുള്ള ഓണക്കോടിയൊക്കെയായി അന്നേദിവസം വൈകിട്ടോ പിറ്റേദിവസമോ പോയി അവിടത്തെ സല്‍ക്കാരവും കഴിഞ്ഞാല്‍ ശരിക്കും ഓണം കഴിഞ്ഞു! പിന്നെ ഒരു സംവത്സരം നീണ്ട കാത്തിരിപ്പാണ് ഒരു ഓണക്കാലം കൂടി വരുവാന്‍.. സുഖകരമായ ഒരു കാത്തിരിപ്പ്..! അങ്ങനെ കാത്തിരിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഓര്‍മ്മകളിലെ ആ പച്ചപ്പ് തന്നെയല്ലേ ഓണം..? ഓണപ്പൂക്കളും പൂത്തുമ്പിയും നിറഞ്ഞ ഓര്‍മ്മകളിലെ ഒരു പച്ചപ്പ്.. അതുതന്നെയല്ലേ ഓണം..?