ണം അന്നും ഇന്നും ആഘോഷങ്ങളാണ്. ആരവങ്ങളുടെയും ആര്‍പ്പുവിളികളുടെയും സമൃദ്ധിയുടേയും സന്തോഷത്തിന്റെയും ഐക്യത്തിന്റെയും, അതിലുപരി കേരളിയരുടെ ആവേശവും അവകാശവും കൂടിയാണ് ഓണം. 

മനോഹരമായ പഴയകാല കവിതകള്‍ പോലെ ഓണാഘോഷങ്ങളും എന്നും ആടിതിമര്‍ക്കുകയാണ്. ഇമ്പമാര്‍ന്ന ഓണപ്പാട്ടുകളിലൂടെ പുരാവൃത്തങ്ങള്‍  പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നു. ഭാഷയും വേഷവും ദേശവും കാലവും കടന്ന്, ദുരിതങ്ങളും ദുഖങ്ങളും മറന്ന് കേരളീയ ജനതയെ അരുമയോടെ ഒന്നാക്കി നിറുത്തുന്നു.

പ്രകൃതി ദുരന്തങ്ങളും മഹാമാരിയും പ്രതികൂലമായി നില്‍ക്കുമ്പോളും ഈ കാലവും കടന്നുപോകും എന്ന  ആത്മവിശ്വാസത്തോടെ നമ്മള്‍ എല്ലാം മറന്ന് ഓണമാഘോഷിക്കുകയാണ്. സാമ്പത്തിക പരിമിതികള്‍ പുറകോട്ട് വലിക്കുമ്പോഴും അതിനെ അതിജീവിച്ച് ഓണത്തെ ഒറ്റ മനസ്സോടെ വരവേല്‍ക്കുകയാണ്. തിരക്കേറും മുന്‍പേ നാട്ടിലെത്തി തറവാടു വീടുകളില്‍ ഓണവിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന മലയാളികള്‍ക്ക്, ഈ വര്‍ഷം കോവിഡിന്റെ യാത്ര നിബന്ധനകള്‍ തടസ്സം സൃഷ്ടിച്ചിരിക്കുന്നു.
 
മലയാളി സാന്നിധ്യമുള്ള ലോകത്തിന്റെ ഏത് കോണിലും ഓണത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളും ആദരിക്കപ്പെടുകയാണ്. കേരള തനിമയെ അന്താരാഷ്ട്രതലത്തില്‍ സാക്ഷ്യപ്പെടുന്നതിനായുള്ള അവസരമായി ഓണഘോഷത്തെ കരുതാം. കേരം തിങ്ങിയ കേരള നാടിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മലോകരെ അറിയ്ക്കുവാനും നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്. 

ഓണക്കാല ഓര്‍മ്മകള്‍ എന്നെ ഏറേ ഊഷ്മളമാക്കുന്നത് രണ്ടുവിധത്തിലാണ്. അത് ബാല്യകാലത്തിലേയ്ക്കും പ്രവാസത്തിലേയ്ക്കുമുള്ള തിരിഞ്ഞുനോട്ടം കൂടിയാണ്. വിദേശത്തായിരുന്നപ്പോള്‍ പല സംഘടനകളുടേയും ഓണഘോഷങ്ങളില്‍ പങ്കെടുക്കാനുളള അവസരം കിട്ടിയിട്ടുണ്ട്. ഓണം തുടങ്ങി ആഴ്ചകളോളം അവധിദിനങ്ങളില്‍ ഓരോ സംഘടനകളുടേയും മാറി മാറിയുള്ള ആഘോഷങ്ങളാണ്. രണ്ടായിരവും മൂവായിരവുമൊക്ക ആളുകള്‍ പങ്കെടുക്കുന്ന  വളരെ വിപുലമായ രീതിയിലായിരിക്കും സംഘടനകളുടെ ഓണാഘോഷം. 

ജാതിയുടെയോ മതത്തിന്റെയോ അതിര്‍വരുമ്പുകളില്ലാതെ ഈ കൂടിചേരലുകളില്‍  എല്ലാവരും പങ്കാളികളാകുന്നു. കൂട്ടുകാരിലൂടെ, കൂട്ടായ്മയിലൂടെ, കുടുംബ ബന്ധങ്ങളിലൂടെ എല്ലാവരും ഒത്തുചേരുകയാണ്. ഓണത്തിനോട് അനുബന്ധിച്ചുള്ള പുലികളിയും പൂക്കളമത്സരവും വള്ളംകളിയും കേരളത്തില്‍ മാത്രമൊതുങ്ങാതെ പ്രവാസ ജിവിതത്തിലും പ്രവാസികള്‍ എന്നും കൂടെ കൂട്ടിയിരിക്കുന്നു. പല സംഘടനകള്‍ക്കും ചെണ്ട മേളത്തിനായും പുലികളിയ്ക്കുമായി സ്വന്തമായി ടീമുകള്‍വരെയുണ്ട്. 

ഫ്‌ളാറ്റുകളിലെ ബാച്ലര്‍ ഓണവും വിഭവ സമൃദവും പ്രസിദ്ധവുമാണ്. ഒരൊണഘോഷം എനിക്കും  മറക്കാന്‍ കഴിയാത്തതാണ്. അന്നായിരുന്നു വ്യത്യസ്തവുമായൊരു സദ്യയ്ക്ക് സഹായിയായതും. നാലുപേരായിരുന്നു അന്ന് ഫ്‌ളാറ്റിലെ താമസക്കാര്‍, സഹായിയായി ഞാനുണ്ടാകുമെന്ന ഉറപ്പില്‍ പാലക്കാട്ടുക്കാരാനായ സുഹൃത്തായിരുന്നു ഓണത്തിന് റൂമില്‍ തന്നെ സദ്യയൊരുക്കാമെന്ന ആശയം മുന്നോട്ട് വെച്ചത്. പത്തൊമ്പത്ത് കറികളും രണ്ടുതരം പായസവുമായി ഇരുപത്തിയെട്ട് കൂട്ടുങ്ങളുമായിട്ടാണ് അന്ന് ഓണസദ്യ കഴിച്ചത്.

കുട്ടിക്കാലത്താണെങ്കില്‍, ഗ്രാമീണതയുടെയും നിഷ്‌കങ്കതയുടേയും ഓര്‍മ്മകള്‍ പേറി പഴയ തലമുറ ഓണത്തെ വരവേല്‍ക്കുമ്പോള്‍, അവര്‍ പകര്‍ന്നു നല്‍കിയ പിന്‍കാഴ്ചകളും അനുഭവങ്ങളുമായി ഓരോ പുതിയ തലമുറയും മുന്നോട്ട് നയിക്കപ്പെടുന്നു.

അത്തം മുതല്‍ തിരക്കേറുന്ന ഓണചന്തകള്‍, നടക്കാന്‍പോലും വഴിയില്ലാതെ അങ്ങാടി നിറയെ വാഴക്കുലകള്‍, കാഴ്ചകുലകള്‍ക്കായി തിരക്കുകൂട്ടുന്നവര്‍, ഓരോ പഴക്കുലകളും  വിലയുറപ്പിച്ച് കാവില്‍ തോളില്‍ കയറ്റുമ്പോള്‍ ആര്‍പ്പുവിളിയും ആവേശവുമായി കച്ചവടക്കാര്‍. അത് കാണാനായി കാഴ്ചക്കാരായി എത്തുന്നവര്‍ വേറെയും.

ഓണത്തിന്റെ മാധുര്യവും  ആകാംക്ഷയും കുട്ടികളുടെ നിഷ്‌കളങ്കമായ  മുഖത്തുനിന്ന് വായിച്ചെടുക്കാന്‍ കഴിയും. വീട്ടില്‍ പഴക്കുല നേരെത്തെയെത്തുമ്പോളുള്ള പ്രസരിപ്പും, പഴക്കുല എത്താന്‍ വെകിയാലുള്ള വേവലാതിയും മുഖത്ത് മിന്നിമറയും. പൂപറിക്കാനുള്ള ഓട്ടവും അത് കൊണ്ടുവന്ന് ഭംഗിയില്‍ പൂക്കളമൊരുക്കുന്നതും വല്ലാത്തൊരു ആവേശമായിരുന്നു. 

അക്കാലത്ത് പല വീടുകളിലും തിരുവോണദിവസം സദ്യയ്ക്ക്  പച്ചക്കറിയായിരുന്നില്ല. പിന്നീടെപ്പൊഴൊ അത് മാറുകയായിരുന്നു. ഓണത്തിനായി  മാത്രം അന്നൊക്കെ നാടന്‍ പുവന്‍ കോഴിയെ വില്‍ക്കാതെ മാറ്റിവെച്ചിരിക്കും. വീട്ടുകാര്‍ക്കായി അന്നാണ് കോഴിയെ കറിവെയ്ക്കുന്നത്. അല്ലെങ്കില്‍ കോഴിയെ കറിവെയ്ക്കുന്നത് വിരുന്നുകാര്‍ വരുമ്പോള്‍ മാത്രമായിരുന്നു.  അന്നത്തെ നാടന്‍ കോഴികറിയുടെ രൂചിയുണ്ടല്ലോ അതൊന്നു വേറെതന്നെയാണ്. അത് ആലോചിച്ചാല്‍  ഇപ്പോഴും നാവില്‍ വെള്ളമൂറും. 

ഓണവിശേഷങ്ങള്‍ ഇനിയുമേറെയാണ്. അത് മറ്റുള്ളവരുമായി പങ്ക് വെയ്ക്കുമ്പോള്‍ അതിലേറെ രസമാണ്. ഓരോരുത്തരുടെയും അനുഭവങ്ങളും വ്യത്യസ്തമായിരിക്കാം, എന്നാല്‍ എല്ലാവരുടേയും  ഓണഘോഷം  ഒന്നുതന്നെ!