കൊല്ലവര്‍ഷപ്പിറവി  അറിയിച്ച കന്നിയും മേഘഗര്‍ജ്ജനങ്ങളുടെ തുലാമാസവും മഞ്ഞു പുലരികളുടെ വൃശ്ചികവും തിരുവാതിരയുടെ നനുത്ത ധനുവും മരം കോച്ചും മകരവും 
പുതുമഴ പെയ്ത കുംഭവും കത്തിയെരിഞ്ഞ മീനവും കര്‍ണ്ണികാരങ്ങള്‍ പൂത്ത മേടവും പുഴകള്‍ നിറച്ച ഇടവവും പ്രണയം നിറഞ്ഞ മിഥുനവും ഉഗ്രതയുടെ കര്‍ക്കിടകവും കടന്ന് 
ഇതാ  ചിങ്ങി ചിനുങ്ങി നമ്രമുഖിയായി സര്‍വ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യാന്‍  അവള്‍ വന്നു നില്‍ക്കുന്നു...... ചിങ്ങം.... 

പൂപ്പൊലിപ്പാട്ടിനായി കാതോര്‍ക്കുന്ന ഓരോ മനസ്സും നേര്‍ത്ത മഞ്ഞണിഞ്ഞ ഓണവെയിലില്‍ പൂത്തുമ്പിയായി പാറുന്ന പൊന്നോണക്കാലം. ഓണം ഒരു വികാരമാണ്.
സന്തോഷത്തിന്റെ സമൃദ്ധിയുടെ നിറവിന്റെ വികാരം... അതേ.. ചിങ്ങം പിറന്നു.. ഇനി അത്തം ചിത്തിര ചോതി.... മഞ്ഞ പൂമ്പാറ്റകള്‍ പാറുന്ന മന്ദാരപ്പൂക്കള്‍. ആമ്പല്‍പ്പൂക്കളെ വട്ടം ചുറ്റുന്ന, ചിറകില്‍ കറുപ്പും വെള്ളയും വരകളുള്ള തുമ്പികള്‍...

തുമ്പയും അരിപ്പൂവും വേലേരിയും മുക്കുറ്റിയും മുള്ളിന്‍പൂവും തേടിയ  കൗമാരം  ഇന്നും ഗൃഹാതുരതയോടെ മനസ്സില്‍  പൂക്കളം തീര്‍ക്കുന്നു... ഒരുപാട് സന്തോഷം നിറഞ്ഞ പഴയ ഓണക്കാലത്തിലെ ഇത്തിരി ഓര്‍മ ഞാന്‍ ഇവിടെ ചേര്‍ക്കട്ടെ... 

വിളവെടുപ്പിന്റെ വിഷുക്കാലത്തേക്കാള്‍ എനിക്കിഷ്ടം കര്‍ക്കിടകം എന്ന പഞ്ഞകാലം കടന്നെത്തുന്ന ചിങ്ങത്തെളിവിന്റെ ശ്രാവണത്തെയാണ്. ആ ഇളവെയിലും ചിനുങ്ങി ചിനുങ്ങി ഉള്ള മഴയും പൂമ്പാറ്റകളും തുമ്പികളും പാറുന്ന വഴികളും... ഹോ... മനസ്സങ്ങു ഉല്ലസിക്കാന്‍ തുടങ്ങും... ഓണമെന്ന ഉത്സവത്തെ വരവേല്‍ക്കാന്‍. അല്ലെങ്കിലും ഉത്സവം എന്നും ആദ്യം  കൊടിയേറുന്നത് മനസ്സുകളില്‍ അല്ലെ...
കട്ടിലിനടിയില്‍ ഓണത്തെ കാത്തിരിക്കുന്ന മത്തനും പാക്കില്‍ കെട്ടിത്തൂക്കിയ വെള്ളരിയും സുന്ദരമായ ഓണക്കാഴ്ച ആയിരുന്നു. നഷ്ടസ്മൃതിയുണര്‍ത്തുന്ന ഓര്‍മ.
അത്തത്തിനു മുന്‍പ് തന്നെ ഓണത്തിനുള്ള അതായത്  പൂവിടാനുള്ള തയ്യാറെടുപ്പ് തുടങ്ങും. കല്ലൊക്കെ ഒഴിവാക്കി ചുവന്ന മണ്ണെടുത്തു ഒരു കുഞ്ഞു തൃക്കാക്കരയപ്പനെ ഉണ്ടാക്കിവെയ്ക്കും.  
അതില്‍ ഒരു ഈര്‍ക്കില്‍ കുത്തി, വെയിലത്തു വെച്ച് ഉണക്കി പൂക്കളത്തില്‍ വെയ്ക്കാന്‍ പാകത്തിന് ആക്കും... 

അത്തത്തിന്റന്ന് പുലര്‍ച്ചെ പൂക്കൊട്ടയുമായി ഇറങ്ങും... അതില്‍ ഒരുപാട് തുമ്പപ്പൂക്കള്‍ നിറയ്ക്കും. വീശി വീശി പിന്നെയും പിന്നെയും... ഒരുപാട് തുമ്പപ്പൂ...
തുളസി വെച്ച് അതിന് മുകളില്‍ തൃക്കാക്കരയപ്പനെ വെച്ച് ചുറ്റിനും തുമ്പപ്പൂ ഇടും. ഒരു ചെമ്പരത്തിപ്പൂ ഈര്‍ക്കിലിനു മോളില്‍ കുത്തും.അത്തക്കളം ഒരുങ്ങി. പിറ്റേന്ന് തുമ്പയും അരിപ്പൂവും. ചുവന്ന അരിപ്പൂക്കള്‍. മൂന്നാം ദിവസം വയലറ്റിന്റെ മനം മയക്കുന്ന വേലേരിപ്പൂക്കള്‍ തുമ്പയ്ക്കും അരിപ്പൂവിനും ഒപ്പം. ഓരോദിവസം പിന്നിടുമ്പോഴും പൂക്കളുടെ എണ്ണവും കൂടും. അതിരാണിപ്പൂ, മുള്ളിന്‍പൂ, മുക്കുറ്റി, കൃഷ്ണമുടി, മന്ദാരം.... പൂക്കളം വട്ടം കൂടും. ഒരു ചെമ്പരത്തിപ്പൂ കുടയായി നടുവില്‍...

തിരുവോണത്തിന് പുത്തനുടുപ്പിന്റെ പുത്തന്‍ മണത്തിനൊപ്പം  തുമ്പപ്പൂ മാത്രം... കൂടെ അരിമാവ് കലക്കി അതില്‍ കൈ മുക്കി നിലത്തും വാതിലിലും കാല്‍പാദം പോലെ അടയാളമിടും. ഉച്ചയ്ക്ക് പായസം കൂട്ടി ചെറിയൊരു സദ്യയും...സാമ്പാറും അവിയലും ബീറ്റ്‌റൂട്ട് ചമ്മന്തിയും പച്ചടിയും പപ്പടവും ഓലനും ഉപ്പേരിയും....

പിറ്റേന്ന് മൊടോണം... അന്ന് തുമ്പക്കഴുത്ത് മുറിച്ച്  ഇടും. പൂവിടല്‍ ആഘോഷം അങ്ങനെ തീരും. ഉണ്ടാക്കി വെച്ച തൃക്കാക്കരയപ്പനെ കിണറിനു വക്കില്‍ വെച്ച് കിണറിലേക്ക് തള്ളിയിടുന്ന ഒരു ഓര്‍മയും ഉണ്ട്. അതിനും മുന്‍പൊക്കെ അമ്പെയ്തായിരുന്നു വീഴ്ത്താറ് എന്ന് കേട്ടിരുന്നു. എന്റെ ഓര്‍മയിലെ സുഗന്ധം നിറഞ്ഞ ഓണപ്പൂക്കാലം...


ഇന്നും ഓണം അതിഗംഭീരമായി ആഘോഷിക്കപ്പെടുന്നു. കേരളത്തിന് പുറത്തു നിന്നെത്തുന്ന ചെണ്ടുമല്ലിയും ജമന്തിയും അരളിയും റോസും ഗൃഹാങ്കണങ്ങളിലും കലാലയങ്ങളിലെ ഓണാഘോഷങ്ങളിലും നയനാഭിരാമമായി വൈവിദ്ധ്യങ്ങള്‍ തീര്‍ക്കുന്നു. വിപണികളില്‍ ഓഫറുകളുടെ പെരുമഴ.

ടെലിവിഷനില്‍ വര്‍ണാഭമായ കാഴ്ചകള്‍. പുതു പുത്തന്‍ സിനിമകളുടെ ഓണത്തല്ല്. കാറ്ററിംഗ് സര്‍വീസുകാര്‍ വീട്ടുവാതില്‍ക്കല്‍ വിളമ്പുന്ന രുചിയാര്‍ന്ന ഓണസദ്യ. ഓണാഘോഷം കെങ്കേമമാകാന്‍ വര്‍ണ്ണക്കുപ്പികളില്‍ നുരയുന്ന മദ്യ മേളം. മൊബൈല്‍ ഫോണുകളില്‍ നിറയുന്ന ഐശ്വര്യ സമൃദ്ധിയാര്‍ന്ന ഓണസന്ദേശങ്ങള്‍.

കുടുംബത്തിന്റെ ദൃഢത ഊട്ടിയുറപ്പിക്കാന്‍ വീഡിയോ കോളുകളില്‍ മുറുകുന്ന രക്തബന്ധങ്ങള്‍. കാലം ഒഴുകുകയാണ്. കൂടെ ഒഴുകിയെ പറ്റൂ. പ്രകൃതി പോലും മാറിയിരിക്കുന്നു.പൂക്കളോടൊപ്പം പൂമ്പാറ്റകളും തുമ്പികളും എവിടെ പോയൊളിച്ചൂ...എങ്കിലും ഓണം എന്ന വികാരത്തോട് മലയാളികള്‍ ഇന്നും ചേര്‍ന്നുനില്‍ക്കുന്നു.തുമ്പപ്പൂ പോലെ നൈര്‍മ്മല്യമാര്‍ന്ന ഓണമെന്ന വികാരം.
അത് സന്തോഷം തന്നെ..! സന്തോഷവും സമൃദ്ധിയും നിറഞ്ഞ പോന്നോണം മനസ്സിലും മുറ്റങ്ങളിലും പൂക്കളം തീര്‍ക്കട്ടെ.... നന്മയുടെ പൂന്തേനുണ്ണന്‍ ആയിരം പൂമ്പാറ്റകള്‍ പാറിപ്പറക്കട്ടെ....
ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.....