സ്‌കൂള്‍ പഠനകാലത്തെ ഓണാഘോഷങ്ങള്‍ വിവരിച്ചാല്‍ തീരാത്ത ഗംഭീര ഓര്‍മകളാണ്. അതിലേറ്റവും നല്ലൊരു ഓര്‍മ്മ ഞാന്‍ പ്ലസ്ടുവിന് പഠിക്കുമ്പോഴാണ്. ഓണപ്പരീക്ഷ കഴിഞ്ഞുവരുന്ന ഓണാഘോഷങ്ങള്‍ക്ക് സന്തോഷത്തോടെയാണ് സ്‌കൂളില്‍ പോകുന്നത്. ഓണപരീക്ഷ തീരുന്ന ദിവസം എല്ലാവരും പോകുന്നതിന് മുന്‍പ് ക്ലാസ്സിലൊരു മീറ്റിംഗ് നടത്താറുണ്ട്. ആ മീറ്റിംഗിന്റെ അജണ്ട പൂക്കള മത്സരത്തിന് വേണ്ടിയുള്ള പൈസ പിരിവും പൂവിടാന്‍ കൊണ്ടുവരേണ്ട നാടന്‍ പൂവിനങ്ങളെയും മറ്റു ഓണാഘോഷ പരിപാടികള്‍ക്കുള്ള മത്സരാത്ഥികളെ തീരുമാനിക്കുന്നതിനുമാണ്. രാവിലെ പത്തുമണിക്ക് തുടങ്ങുന്ന പൂക്കള മത്സരത്തിന് പൂവരിയാന്‍ കുറച്ചുപേര്‍ ഒന്‍പതുമണിക്ക് മുന്‍പ് വരണമെന്നും തീരുമാനിച്ച്  മീറ്റിംഗ് പിരിയും.

തുമ്പപ്പൂ കൊണ്ടുവരാന്‍ എന്നോടും പറഞ്ഞിട്ടുണ്ടായിരുന്നു, അതിനുവേണ്ടി രാവിലെ നേരത്തെ എഴുന്നേറ്റ് വീട്ടിനടുത്തുള്ള പറമ്പിലും മൈതാനത്തും ഹാജര്‍ രേഖപ്പെടുത്തും. യൂണിഫോം നിര്‍ബന്ധമുള്ള സ്‌കൂളില്‍ കളറിട്ടു പോകാന്‍ അവസരമുള്ള ആ ദിവസം, കിട്ടിയ പൂവും കൊണ്ട് ഏറ്റവും പുതിയ ഡ്രസ്സ് ഇസ്തിരിയൊക്കെയിട്ട് സ്‌കൂളിലേക്ക് ഇറങ്ങും. പുതിയ ഡ്രെസ്സില്‍ പൂവിന്റെ കറയാക്കാതെ വരണമെന്നു അമ്മയുടെ വക നിര്‍ദേശമുണ്ടാകും അതിനൊന്നു ചിരിച്ച് കാണിച്ച് തലകുലുക്കി സമ്മതം പറഞ്ഞാണ് പോകാറ്.

ക്ലാസ്സിലെ ബെഞ്ചും ഡെസ്‌കുമെല്ലാം പൂവരിയാന്‍ വേണ്ടി മാറ്റിയിട്ടിരിക്കും. ബെഞ്ചില്‍ അനാഥമായി കിടന്ന ഒരു പകുതി ബ്ലേഡ് കഷ്ണം എടുത്ത് പൂവരിയാന്‍ ഞാനും കൂടി.  മൊബൈലുകൊണ്ടുള്ള ഫോട്ടോയും സെല്‍ഫിയും കുറവായതിനാല്‍ എല്ലാവരും കൂടെ ഇരുന്നു ഓരോരുത്തരെ കളിയാക്കിയും തമാശ പറഞ്ഞും കൊണ്ടാണ് പൂവരിയുന്നത്. ആ സമയത്താണ് ക്ലാസ്സ് ലീഡര്‍ രാഖി എന്റെ അടുത്ത് ഒരു പേപ്പറും കൊണ്ട് വരുന്നത്. വളരെ നിസ്സഹായമായി അവളെന്നോട് പറഞ്ഞു 'നിന്റെ പേരുകൂടി ഞാന്‍ ഇതില്‍ എഴുതട്ടെ?' കാര്യം എനിക്ക് പിടികിട്ടിയില്ലായെന്ന് എന്റെ നില്‍പ്പ് കണ്ടപ്പോള്‍ തന്നെ മനസ്സിലാക്കികൊണ്ടവള്‍ വിവരിച്ചു തന്നു.

തലേദിവസം ഓണപരിപാടിയ്ക്ക് വേണ്ടി നടന്ന മീറ്റിംഗില്‍ സജീവമായി പങ്കെടുത്ത രണ്ടുപേര്‍ ഇപ്പോള്‍ പങ്കെടുക്കാന്‍ പറ്റില്ലെന്ന് അവളോട് പറഞ്ഞു. വേറെ ആരെയെങ്കിലും പകരം കിട്ടിയാല്‍ പരിപാടിയില്‍ പങ്കെടുക്കാമെന്നും കഴിഞ്ഞ വര്‍ഷം നമ്മളുടെ ക്ലാസ്സിനു കിട്ടിയ ഒന്നാം സമ്മാനം നഷ്ടപ്പെടാതിരിക്കാന്‍ നമുക്ക് മത്സരിക്കണമെന്നുമുള്ള അവളുടെ പ്രചോദനമായ വാക്കുകള്‍ക്ക് ശേഷം വേറെയൊന്നും ചിന്തിക്കാന്‍ നില്‍ക്കാതെ ഞാന്‍ പേരെഴുതി കൊടുത്തു.

ഉച്ചയ്ക്ക് തന്നെ ഓണാഘോഷ പരിപാടികള്‍ തീരുമെന്ന് അറിയാമെങ്കിലും ഞാന്‍ പേരെഴുതി കൊടുത്ത പരിപാടിയുടെ സമയം അറിയാത്തതിനാലുള്ളൊരു ആകാംക്ഷ ഉള്ളില്‍ ഉണ്ടായിരുന്നു. അത് ഏതാണ്ട് കെട്ടടങ്ങും മുന്‍പ് ഗ്രൗണ്ടിലേക്ക് വരണമെന്ന് പറഞ്ഞുകൊണ്ട് രാഖി ക്ലാസ്സിലേക്ക് വന്നു. ക്ലാസ്സിന്റെ പേര് രക്ഷിക്കാന്‍ വന്ന ഒരാളുടെ ഗൗരവത്തോടെ തലയുയര്‍ത്തി നിന്ന എന്നെ അവള്‍ പേരെടുത്തു വിളിച്ചു മുന്നിലേക്ക് നിര്‍ത്തി. അപ്പോഴാണ് ഞാന്‍ അറിഞ്ഞത് വടംവലി മത്സരത്തിനാണ് എന്റെ പേരെഴുതി വാങ്ങിച്ചതെന്ന്. മറ്റു ഡിവിഷനിലുള്ള മത്സരാര്‍ത്ഥികളുടെ മത്സരം കണ്ടുനിന്നപ്പോള്‍ തന്നെ എന്റെ തല വെയിലുകൊണ്ട് പൊരിഞ്ഞു പാകമായി, എന്റെ ഗൗരവമെല്ലാം പോയിരുന്നു.

അത്രയും വലിയ വടം എന്നെ കൊണ്ട് എടുക്കാന്‍ ആകുമോയെന്ന് ചിന്തിച്ചു തുടങ്ങിയപ്പോള്‍ ഞാനും രാഖിയും അടക്കമുള്ള മത്സരാത്ഥികളോട് വടത്തിനു അടുത്തേക്ക് നില്‍ക്കാന്‍ വേണ്ടിയുള്ള അനൗണ്‍സ്മെന്റ് വന്നു. വാക്ക് കൊടുത്തു പോയതിന്റെ പേരില്‍ ഞാന്‍ ആ വലിയ വടത്തിന്റെ ഒരറ്റം പിടിച്ചുകൊണ്ട് സര്‍വ്വശക്തിയും എടുത്ത് ഒരക്ഷരം മിണ്ടാതെ നിന്നു. ഇതിനു മുന്‍പ് വടംവലി മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ച കൂട്ടുകാര്‍ ഞങ്ങള്‍ക്ക് വിജയിക്കാനുള്ള ടിപ്‌സും പറഞ്ഞു കൂടെ തന്നെയുണ്ട്. വിസില്‍ മുഴങ്ങി ശക്തന്മാര്‍ ഞങ്ങളെന്ന് തെളിയിച്ചുകൊണ്ട് ജയിച്ചു, ആഹാ ഇത്ര എളുപ്പമാണോയെന്ന് എന്റെ മനസ് എന്നോട് ചോദിച്ചു തീര്‍ന്നില്ല, ജയിച്ചവര്‍ തമ്മിലുള്ള മത്സരത്തിനുള്ള മറ്റൊരു അനൗണ്‍സ്മെന്റ് വന്നു. വിജയശ്രീ ലാളിതരായി നിന്ന ഞങ്ങള്‍ അപ്പുറം പോയി വടത്തിനു സൈഡിലായി നിന്നു. ആരോ എവിടെയോ കാണിച്ച ഐഡിയ പെട്ടെന്ന് ഓര്‍മ്മ വന്നപോലെ ഞാന്‍ നിലത്തുനിന്നും കുറച്ച് മണ്ണെടുത്ത് രണ്ടുകൈയ്യിലുമാക്കി വടം എടുത്ത് കൈയില്‍ പിടിച്ചുകൊണ്ട് വിസിലിന് വേണ്ടി കാതോര്‍ത്തു. ഒരു കാല്‍ മുട്ട് മണ്ണില്‍ കുത്തി വടം പിടിച്ചു വലിച്ചുകൊണ്ട് ഞാന്‍ അടക്കമുള്ള എല്ലാവരും ബലാബലത്തില്‍ നില്‍ക്കുകയാണ്. ഏതോ ഒരു നിമിഷത്തില്‍ എന്റെ ടീമിന്റെ ശക്തി പോരാതെ വന്നു അപ്പുറത്തുള്ളവര്‍ ഞങ്ങളെ അടക്കം വലിച്ചുകൊണ്ട് പോയി. ആ ഗ്രൗണ്ടില്‍ നിന്നും പോകുമ്പോള്‍ തോറ്റുപോയ വിഷമം മാത്രമായിരുന്നില്ല വടംവലിയുടെ സ്പിരിറ്റ് കഴിഞ്ഞപ്പോള്‍ എന്റെ പാന്റ്‌സിന്റെ മുട്ട് കീറിയിരിക്കുന്നു.

 ഈ വര്‍ഷത്തെ ഓണക്കോടിയാണ് കീറിപോയതെന്ന് ഞാന്‍ ഒരു നിമിഷം ഓര്‍ത്തുപോയി. 'ഒന്നാം സമ്മാനം കിട്ടിയില്ലെങ്കിലും സാരമില്ലടോ ഈ വര്‍ഷം മത്സരിക്കാതെ നമ്മള്‍ മാറി നിന്നില്ലല്ലോ' ലീഡര്‍ എന്റെ തോളില്‍ തട്ടികൊണ്ട് പറഞ്ഞു. ആ വാക്കുകള്‍ വീണ്ടും പ്രചോദനമായി മാറി, ചെറുതായിട്ട് സന്തോഷം വന്നു. 

അതിനുശേഷം സ്‌കൂളില്‍ നിന്ന് ഓണസദ്യയും കഴിച്ച് വീട്ടിലേക്ക് പോയി. ആ വൈകുന്നേരം മുതല്‍ കൈയും കാലും എനിക്ക് അനക്കാന്‍ പറ്റുന്നില്ല അസഹ്യമായ ശരീരവേദന, വടംവലിക്ക് മുന്നില്‍ നിന്നിരുന്ന ലീഡറെ വിളിച്ച് അന്വേഷിച്ചപ്പോള്‍ അവളും ഇതേ അവസ്ഥയില്‍ തന്നെ. അതൊക്കെ രണ്ടു ദിവസം കൊണ്ട് മാറുമെന്നും ചൂട് വെള്ളം പിടിക്കാനും പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞാല്‍ തിരുവോണമാണെന്നും അതിനിടാനുള്ള കോടിയാണല്ലോ കീറിയതെന്നുമുള്ള വിഷമം, ആ ശരീരവേദനകളെ എന്റെ മനസ്സിന്റെ കൂടിയായി മാറി. അന്ന് അതൊരു സങ്കടമായിരുന്നെങ്കിലും ഇന്നെനിക്ക് ആ വടംവലി സന്തോഷം തരുന്നൊരു ഓര്‍മ്മയാണ്.