ഫറോക്ക്: ''പൂവട്ടക തട്ടിച്ചിന്നി/ പൂമലയില്‍ പുതുമഴചിന്നി...'എന്ന സിനിമാപ്പാട്ട് പാടാന്‍ ഫറോക്ക് കോട്ടപ്പാടത്തെ ശാരദയ്ക്ക് അറിയില്ല. എങ്കിലും പൂവട്ടകയുമായി പൂതേടി പോകുന്ന കുട്ടിക്കാലത്തിന്റെ പാട്ട് ഇന്നുമുണ്ട് ഓര്‍മയില്‍ തെളിമയോടെ.

'വീത് വീത് കയററ്റ്/കാറ്റോലഞ്ച് മടക്കിട്ട്/നെറ്റിപ്പട്ടം മുട്ടിട്ട്/ചെമ്പ്ര മോളേ, ചെമ്പ്ര മോളേ/എന്റെ വട്ടിക്കൊരുവട്ടി/പൂതരുമോ, പൂ... തരുമോ''

വര്‍ഷങ്ങളായി പൂവട്ടകയും കൈതോലപ്പായയുമുണ്ടാക്കുന്നതില്‍ മിടുക്കിയാണ് ശാരദ എന്ന നാട്ടുകാരുടെ ശാരദേടത്തി. കൈതോല കൊണ്ടാണ് പൂവട്ടക നിര്‍മിക്കുന്നത്. അതിനായി കൈതോല വൃത്തിയാക്കുമ്പോള്‍ മുള്ളുകൊണ്ട് പലതവണ മുറിവേറ്റിട്ടുണ്ട്. അതിന്റെ വേദനയെക്കാള്‍ വലിയൊരു വേദനയുണ്ടിപ്പോള്‍ ശാരദേടത്തിക്ക്: ''പുതുതലമുറയ്ക്ക് പൂവട്ടകയും കൈതോലപ്പായയുമൊന്നും എന്തെന്നുപോലുമറിയില്ല!''

എങ്കിലും ഓണക്കാലമായാല്‍ പേരക്കുട്ടികള്‍ക്കുവേണ്ടി ഒന്നോ രണ്ടോ പൂവട്ടകയുണ്ടാക്കും ശാരദേടത്തി. മറ്റൊന്നിനുമല്ല, പഴയകാലത്തിന്റെ ഓര്‍മ പുതുക്കാന്‍. തന്റെ കുട്ടിക്കാലത്ത്, അത്തംതുടങ്ങുന്നതിനുമുന്‍പുതന്നെ ആളുകള്‍ വീട്ടിലെത്തി പൂവട്ടകയും പായയും എത്രവേണമെന്നറിയിക്കുമെന്ന് ശാരദേടത്തി ഓര്‍ക്കുന്നു. അതു മുന്നില്‍ക്കണ്ട് ആഴ്ചകള്‍ക്ക് മുന്‍പുതന്നെ കൈതോല വെട്ടി ഉണക്കിവെക്കും, പൂവട്ടക നെയ്യാന്‍.

ഇന്ന് കൈതോല സുലഭം. എന്നാല്‍, പറിക്കാന്‍ പൂക്കളില്ല. ആവശ്യക്കാര്‍ വരാത്തതുകൊണ്ട് പൂവട്ടകയുണ്ടാക്കുന്നുമില്ല. കൈതോലപ്പായയുടെയും പൂവട്ടകയുടെയും ഈറ്റില്ലമായ പരപ്പനങ്ങാടി കെട്ടുങ്ങല്‍ക്കാരിയാണ് ശാരദ. വിവാഹംകഴിച്ച് ഫറോക്ക് കോട്ടപ്പാടത്തേക്കു കൊണ്ടുവന്നതാണ്.

കുട്ടിക്കാലത്ത് അച്ഛന്‍ കൈതോല വെട്ടികൊണ്ടുവന്നാല്‍ പായയിലെ മുള്ളുകളയുന്ന ജോലി ശാരദയ്ക്കും അമ്മയ്ക്കുമായിരുന്നു. കൈതോലമുള്ളില്‍ തട്ടി ചോര ധാരാളം ഒഴുകിയിരുന്നു. ചിലപ്പോള്‍ കൈമടക്കാന്‍പോലും പറ്റാത്തസ്ഥിതി. എങ്കിലും മുള്ളുനീക്കി പായനെയ്യും. ഓണക്കാലമായാല്‍ അന്ന് വിപണിയില്‍ പൂവട്ടകയുടെയും കൈതോലപ്പായയുടെയും ഒഴുക്കായിരുന്നു.

കോവിഡ്കാലം മാറി സ്‌കൂളുകള്‍ പഴയപടിയായാല്‍ വിദ്യാര്‍ഥികള്‍ക്ക് പൂവട്ടകയും കൈതോലപ്പായയുമുണ്ടാക്കുന്ന വിദ്യ പകര്‍ന്നുനല്‍കണമെന്ന മോഹവും ശാരദേടത്തിക്കുണ്ട്.