കൊച്ചി:  ഓണാഘോഷത്തിന് മാറ്റ് കൂട്ടാന്‍ വിര്‍ച്വല്‍ ക്യാമ്പയിനുമായി ഇന്ത്യയിലെ മുന്‍ നിര ഹൃസ്വ വീഡിയോ ആപ്ലിക്കേഷന്‍ ആയ മോജ്. പ്രശസ്ത ചലച്ചിത്ര താരം അനു സിത്താരയാണ് പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന് തുടക്കം കുറിച്ചത്. മോജില്‍ നിരവധി ഫോളോവേഴ്സ് ഉള്ള സെലിന്‍ ആമി അശോകന്‍, മീത് മിരി, അമൃത തുടങ്ങിയ ക്രിയേറ്റര്‍മാരും മോജ് ഓണാഘോഷ പ്രചാരണത്തിന്റെ ഭാഗമാകും. പ്രേക്ഷകരെ കാത്തിരിക്കുന്നത് ഐ ഫോണ്‍ 12 ഉള്‍പ്പടെ ആകര്‍ഷകമായ സമ്മാനങ്ങളാണ്.

കോവിഡില്‍ ആഘോഷങ്ങള്‍ വീടിനുള്ളിലേക്ക് ചുരുങ്ങുമ്പോള്‍ നഷ്ടമാകുന്ന കൂടിച്ചേരലുകളും ഓണക്കളികളും വിര്‍ച്വല്‍ ആയി വീണ്ടെടുക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. ചില നാടന്‍ ഓണക്കളികളും കലാരൂപങ്ങളും മോജ് ആപ്ലിക്കേഷനിലൂടെ പുനരാവിഷ്‌കരിക്കുന്നു. മലയാളിമങ്ക, കേരള ശ്രീമാന്‍. തീറ്റ മത്സരം, വാ പൂക്കളം ഇടാം എന്നിങ്ങനെ അഞ്ച് ചാലഞ്ചുകളും പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ മാവേലി, സുന്ദരി, കഥകളി എന്നിവയുടെ രൂപ സാദൃശ്യം ഉള്ള ലെന്‍സുകള്‍ ഉപയോഗിച്ച് രസകരമായ ഹൃസ്വ ദൃശ്യങ്ങള്‍ ഒരുക്കുകയും ചെയ്യാം.

മഹാമാരികാലത്ത് കൂട്ടായ്മകളും ഓണത്തിന്റെ പൈതൃകം വിളിച്ചോതുന്ന ആഘോഷങ്ങളും അന്യമാകുന്ന സാഹചര്യത്തില്‍, ഒരു കുടക്കീഴില്‍ എന്ന പോലെ മലയാളികളെ ഒന്നിപ്പിക്കാന്‍ മോജ് വേദി ഒരുക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് നടി അനു സിത്താര പറഞ്ഞു. 

ഓണത്തിന്റെ ആവേശം ഒട്ടും ചോരാതെ പ്രേക്ഷകരില്‍ എത്തിക്കാന്‍ ആണ് ശ്രമിക്കുന്നത് എന്നും വരും ദിവസങ്ങളില്‍ രസകരമായ കുടുതല്‍ ഫീച്ചറുകള്‍ മോജില്‍ ഉണ്ടാവുമെന്നും സീനിയര്‍ ഡയറക്ടര്‍ ശശാങ്ക് ശേഖര്‍ വ്യക്തമാക്കി. ചാലഞ്ചിന്റെ ഭാഗമായി വീഡിയോ നിര്‍മിക്കുന്നവരില്‍ നിന്ന് നല്ല സൃഷ്ടികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുമെന്നും മോജ് അധികൃതര്‍ അറിയിച്ചു.