ണമെത്തുമ്പോള്‍ പ്രകൃതിക്ക് അടിമുടി മാറ്റമുണ്ടാകും. മഴയ്ക്ക് കര്‍ക്കിടകത്തിലുണ്ടായിരുന്ന രൗദ്രഭാവം നീങ്ങും. വെയിലിനോടുകൂട്ടുകൂടി മഴ സൗമ്യയാകും. പണ്ടു കുട്ടിക്കാലത്തേ തിരിച്ചറിഞ്ഞതാണ് ആ മാറ്റങ്ങള്‍. അന്നൊക്കെ ചേര്‍ത്തലയ്ക്കടുത്തുള്ള കടക്കരപ്പള്ളി എന്ന എന്റെ ഗ്രാമത്തില്‍ ഒത്തിരി വിജനപ്രദേശങ്ങളുണ്ടായിരുന്നു. പാടവരമ്പില്‍ നിറയെ പേരറിയാത്ത ഒരുപാട് പൂക്കള്‍ വിരിയുമായിരുന്നു. അവയെ തേടിയെത്തുന്ന ചിത്രശലഭങ്ങള്‍ക്ക് പൂക്കളേക്കാള്‍ അഴകുണ്ടായിരുന്നു. പ്രായഭേദമില്ലാതെ എല്ലാവരും ഓണക്കളികളില്‍ ഏര്‍പ്പെട്ടു. ഓണക്കോടി ഒരു നീണ്ടകാലത്തെ സ്വപ്നസാഫല്യമായിരുന്നു. കീറിയ കുപ്പായങ്ങള്‍ നീക്കി തിരുവോണപ്പുലരിയില്‍ കുളികഴിഞ്ഞ് ആ പുതുവസ്ത്രങ്ങളണിയുമ്പോള്‍ അനുഭവിച്ച ആനന്ദം വാക്കുകള്‍ക്കതീതമാണ്. മനുഷ്യര്‍ തമ്മില്‍ വേര്‍തിരിവുകളുള്ള കാലമായിരുന്നു അത്. പക്ഷേ ആ വൈജാത്യങ്ങള്‍ക്കിടയിലും പൊതുവായ ഒരു ആനന്ദകരമായ ഉത്സവാന്തരീക്ഷം നാട്ടിലാകെ നിറഞ്ഞുനിന്നിരുന്നു.

അക്കാലത്തെ കലാനുഭവങ്ങളും യേശുദാസും

ആലുങ്കല്‍ കവലയ്ക്കു പടിഞ്ഞാറ് തൈക്കല്‍ എന്ന സ്ഥലത്ത് ഒരു സിനിമാകൊട്ടക ഉണ്ടായിരുന്നു. ശ്രീകൃഷ്ണ എന്ന പേരില്‍. റിലീസായി രണ്ടുവര്‍ഷം വരെ കഴിഞ്ഞ പടങ്ങള്‍ നാട്ടിലേയ്ക്കെത്തുന്നത്, ഓണക്കാലത്ത് കാണുവാന്‍ ആകുമെന്നത് സന്തോഷകരമായ പ്രതീക്ഷയായിരുന്നു. പാട്ടുകള്‍ കേള്‍ക്കുവാന്‍ വേണ്ടിമാത്രം ഞാന്‍ ആ സിനിമാകൊട്ടകയുടെ പരിസരങ്ങളില്‍ കറങ്ങിനടന്നിട്ടുണ്ട്. ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ടിരുന്ന നാടകങ്ങളും സിനിമയോളമോ അതിലധികമോ അത്ഭുതാനന്ദങ്ങള്‍ സമ്മാനിച്ചു. യേശുദാസിന്റെയും ജയചന്ദ്രന്റെയും എസ്. ജാനകിയുടെയുമൊക്കെ ഒരു ഫോട്ടോ കാണാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് റേഡിയോയില്‍ സിനിമാപാട്ടുകള്‍ കേട്ടുകൊണ്ടിരിയ്ക്കുമ്പോള്‍ കൊതിച്ചുപോയിട്ടുണ്ട്.

പലചരക്കുകടയില്‍ നിന്നും കിട്ടിയ ചുക്കിചുളിഞ്ഞ ഏതോ സിനിമാ മാസികയിലെ താളില്‍ നിന്നും അനുജന്‍ വെട്ടിയെടുത്ത് കണക്കുബുക്കിന്റെ അവസാനപേജില്‍ ഒട്ടിച്ചുവെച്ച ചിത്രത്തിലാണ് ഞാന്‍ ആദ്യമായി യേശുദാസിനെയും ജയചന്ദ്രനെയും ജാനകിയമ്മയേയും ആദ്യമായി കണ്ടത്. കൗതുകകരമെന്നു പറയട്ടെ എന്റെ ഭാവനയിലെ ജയചന്ദ്രന് താടിയും യേശുദാസിന് കഷണ്ടിയും ഉണ്ടായിരുന്നു. ജാനകിയമ്മയുടെ രൂപം ഞാന്‍  മനസ്സില്‍ വരച്ചുവെച്ചത് എന്റെ അച്ഛന്റെ അമ്മ, അതായത് അച്ചമ്മയുടെ രൂപം  പോലെയായിരുന്നു. എന്റെ ബാല്യകൗമാരങ്ങളിലൊന്നും എനിക്കവരെ നേരില്‍ കാണാനുള്ള ഭാഗ്യമുണ്ടായില്ല. അതിനിടയില്‍ യേശുദാസിനെ കാണാന്‍ ഒരു ശ്രമം നടത്തിയിരുന്നു. എനിക്കു പതിനേഴും അനുജന് 16ഉം വയസ്സുള്ളപ്പോള്‍. ചേര്‍ത്തലയില്‍ നിന്നും ആലപ്പുഴയിലേക്ക് ഞങ്ങള്‍ ഒരു വാടക സൈക്കിളില്‍ യേശുദാസിന്റെ കച്ചേരി കേള്‍ക്കാന്‍ യാത്രപോയി. അമ്മ കുട്ടിക്കാലത്തേ നഷ്ടമായ ഞങ്ങള്‍ക്ക് അച്ഛന്റെ അനുവാദം ആ യാത്രയ്ക്കു പതിവുപോലെ ലഭിച്ചു.

rajeev alungal
രാജീവ് ആലുങ്കല്‍ യേശുദാസിനൊപ്പം

ദൂരെ ഗാനഗന്ധര്‍വ്വന്‍ ഒരു വെള്ളപൊട്ടുപോലെ പാടിക്കൊണ്ടിരിക്കുന്നു. ആള്‍ തിരക്കുമൂലം ഞങ്ങള്‍ക്ക് ഗാനഗന്ധര്‍വ്വന്‍ പാടുന്ന വേദിയുടെ അടുത്ത് എത്താന്‍ കഴിഞ്ഞില്ല. സങ്കടത്തോടെയുള്ള ആ തിരിച്ചുപോക്കില്‍ ഞങ്ങള്‍ തമ്മില്‍ ഒന്നും സംസാരിച്ചതേയില്ല. എന്നേക്കാള്‍ കൂടുതല്‍ അനുജനായിരുന്നു ആഗ്രഹം. യേശുദാസിന്റെ ചിത്രങ്ങള്‍ ഒട്ടിച്ചുവെച്ച ബുക്കില്‍ ഒരു ഓട്ടോഗ്രാഫ് അവന്‍ പ്രതീക്ഷിച്ചിരുന്നു. വെള്ളിനൂലുപോലെ കണ്ണീര്‍പാടുകളുമായി അവന്‍ കരഞ്ഞുറങ്ങിയ രാത്രി മറക്കാനാകില്ല. പിന്നീട് ഒരു വര്‍ഷം കൂടിയേ അവന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. അതൊരു ആത്മഹത്യയായിരുന്നു. സംഗീത പഠനം പാതി ഉപേക്ഷിച്ച് ഒരു ചെറിയ കാര്യത്തിന് മനംനൊന്ത് അവന്‍ ജീവിതം ഉപേക്ഷിച്ചു. യേശുദാസിനെ ഒന്നു കാണാനാവാതെ ഇവിടംവിട്ടുപോയ ആ അനുജന്റെ ചേട്ടനാണ് യേശുദാസ്  പാടിയ ഒത്തിരി പാട്ടുകളെഴുതിയ രാജീവ് ആലുങ്കലായത്.

യേശുദാസ് തരംഗിണിയുടെ 'ഓം ഗണനാഥ' എന്ന ആല്‍ബത്തില്‍ എന്നെ പാട്ടെഴുതാന്‍ അനുവദിക്കുമ്പോള്‍ അനുജന്റെ വേര്‍പാടിന് ഒരു ദശകം തികഞ്ഞിരുന്നില്ല. ഒട്ടും താമസിയാതെ ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലൂടെ ഞാന്‍ സിനിമാഗാനരചയിതാവായി. ആദ്യ ചിത്രത്തില്‍ തന്നെ യേശുദാസ് 'മുന്തിരി വാവേ എന്തിനി പിണക്കം...' എന്ന ഗാനം പാടി. 'ഭാര്യ ഒന്ന് മക്കള്‍ മൂന്നിലെ' ഇനിയും കൊതിയോടെ കാത്തിരിക്കാം, 'കനകസിംഹാസന'ത്തിലെ 'പ്രിയതമേ ശകുന്തളേ' അങ്ങനെ ഇരുപത്തഞ്ചിലേറെ ഗാനങ്ങള്‍ ഗാനഗന്ധര്‍വ്വന്‍ പാടുമ്പോഴും തൊട്ടടുത്ത് അത്  കേട്ടിരിക്കാനുള്ള ഭാഗ്യമുണ്ടായി. അപ്പോഴൊക്കെ ആ ഗന്ധര്‍വ്വ ദര്‍ശനം സാധ്യമാകാത്ത അനുജനെ വല്ലാതെ വിങ്ങലോടെ ഞാന്‍ ഓര്‍ത്തു. ഒരിക്കല്‍ പോലും ഞാനീ കാര്യം ദാസ് സാറിനോട് പറഞ്ഞുമില്ല. കാലത്തിന്റെ അനുഗ്രഹം അത്രമേല്‍ ഭവ്യതയോടെ ഞാന്‍ ഹൃദയത്തില്‍ സൂക്ഷിച്ചുവയ്ക്കുന്നു.

rajeev alungal chithra

ഓണമെത്തും മുന്‍പുള്ള ആദ്യ മദിരാശി യാത്ര

ഒത്തിരി വട്ടം കാണാന്‍ കൊതിച്ച നഗരമാണ് മദ്രാസ് എന്ന ഇപ്പോഴത്തെ ചെന്നൈ. സിനിമയുടെ സ്വപ്നങ്ങളുമായി ഒത്തിരി പേര്‍ കറങ്ങി നടന്ന ആ മഹാനഗരത്തിലേക്ക് എന്നെ ആദ്യം വിളിച്ചത് ഗായിക കെ.എസ്. ചിത്രയാണ്. രണ്ടു പതിറ്റാണ്ടുമുന്‍പുള്ള ഒരു ഓണത്തിന് പാട്ടുകളൊരുക്കാന്‍. അവിടെ വെച്ചാണ് ഞാന്‍ സംഗീത സംവിധായകന്‍ രഘുകുമാറിനെ കാണുന്നത്. ഞങ്ങളൊന്നിച്ച് ആദ്യമൊരുക്കിയ പാട്ടാണ്

'പതിരുള്ള നാഴൂരി നെല്ലുമായെന്നമ്മ
പടികേറിയെത്തുന്ന സായന്തനം
കണ്ണീരു പെയ്യുന്ന കോലായിലെന്നുടെ
ശോകരാമായണ പാരായണം.
 ഓര്‍മ്മകള്‍ക്കിപ്പോഴും ബാല്യം
ഓണനിലാവുപോല്‍ ദീപ്തം'

ജീവിതവ്യഥകള്‍ സമ്മാനിച്ച ഓര്‍മ്മചിത്രങ്ങളെ അങ്ങിനെ ഞാന്‍ പാട്ടിലാക്കി. താളവട്ടമുള്‍പ്പെടെ ഒത്തിരി ചിത്രങ്ങള്‍ക്ക് പാട്ടൊരുക്കിയ രഘുകുമാര്‍ എന്നെ കെട്ടിപിടിച്ച് അഭിനന്ദിച്ചു. ആദ്യം ചിത്രയാണ് ആ ഗാനം പാടിയത്. പിന്നീട് ജയചന്ദ്രനും. ജയേട്ടന്റെ പാട്ടുകേട്ട ചിത്രചേച്ചി കരഞ്ഞു. ഈ ഭാവത്തില്‍ തന്നെ ഈ പാട്ട് ലോകം കേട്ടാല്‍ മതി എന്നു പറഞ്ഞു. അങ്ങിനെ നിര്‍മ്മാതാവുകൂടിയായ ചിത്രചേച്ചി ജയേട്ടനുവേണ്ടി സ്വയം പിന്‍മാറി. ചേച്ചിയുടെ ഭര്‍ത്താവ് വിജയന്‍ ചേട്ടന്‍ തന്ന പ്രതിഫലം കൊണ്ട് ഞാന്‍ മദ്രാസിലെ ടി. നഗറില്‍ ചെന്ന് ഓണക്കോടി വാങ്ങിച്ചു. അച്ഛന്  നല്ലൊരു മുണ്ടും ജുബ്ബയും. പിന്നെ എനിക്കും. പിന്നെ പാട്ടുകേള്‍ക്കാന്‍ ഒരു ടേപ്പ് റിക്കോര്‍ഡറും. നാട്ടിലേക്ക് ആ വരവ് ഒരിക്കലും മറക്കാനാകില്ല. ചിത്രവസന്തം എന്ന പേരില്‍ ഇറങ്ങിയ ഓണപാട്ടുകള്‍ ഏറെ ശ്രദ്ധേയമായി.

rajeev alungal
എആര്‍ റഹ്മാനൊപ്പം രാജീവ് ആലുങ്കല്‍

റഹ്മാന്റെ വിളി വന്ന ചിങ്ങമാസം, ആദ്യ വിമാനയാത്ര

ചേര്‍ത്തലയിലെ പബ്ലിക് ലൈബ്രറിയില്‍ വെച്ച് ഖസാക്കിന്റെ ഇതിഹാസത്തില്‍ തൊട്ടുനോക്കിയനേരത്ത് ഒരു കോള്‍ വന്നു. എ.ആര്‍. റഹ്മാന്റെ സ്റ്റുഡിയോയില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ല. ഏതോ കൂട്ടുകാര്‍ കളിയാക്കിയതാവുമെന്ന് വിചാരിച്ചു. പിന്നെ തിരക്കി കാര്യമറിഞ്ഞു. 2007 ല്‍ ആയിരുന്നു അത്. താജ്മഹല്‍ ലോക മഹാത്ഭുത പുനര്‍നിര്‍ണയ പട്ടികയില്‍ നിന്ന് നീക്കാന്‍ ആരുടെയോ തീരുമാനത്തിനു മറുപടിയായി ഭാരതസര്‍ക്കാരിന്റെ പിന്തുണയോടെ റഹ്മാന്‍ നടത്തിയ സംഗീത ഉദ്യമമായ 'വണ്‍ ലൗ' എന്ന ആല്‍ബത്തിലെ ഏക മലയാള ഗാനമാണ് ഞാന്‍ എഴുതേണ്ടത്. ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി എന്നീ ഭാഷകളിലെ പ്രമുഖരോടൊപ്പം മലയാളത്തില്‍ എന്റെ പേര് റഹ്മാനോട് നിര്‍ദേശിച്ചത് ചിത്ര ചേച്ചിയാണെന്ന് നേരില്‍ കണ്ടപ്പോള്‍ റഹ്മാന്‍ സാര്‍ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. അങ്ങിനെ റഹ്മാനെ കാണാന്‍ ഞാന്‍ ആദ്യമായി മദിരാശിയിലേക്ക് വിമാനയാത്ര നടത്തി.

ആദ്യ സിനിമയിലേക്ക് ക്ഷണം ഒരു ഓണക്കാലത്ത്

നാടകത്തിലും കാസറ്റുകളിലും വളരെ സജീവമായി നിലനില്‍ക്കുമ്പോഴും സിനിമാപാട്ടെഴുത്ത് അസാധ്യമെന്ന് തോന്നിയിരുന്നു. ഏകദേശം ആരാധിച്ചിരുന്ന എല്ലാ മഹാസംഗീത പ്രതിഭകളോടുമൊപ്പം ഈ രണ്ട് മേഖലകളില്‍ സഹകരിച്ചിരുന്നതുകൊണ്ട് സിനിമയില്‍ പാട്ടെഴുതാന്‍ കഴിഞ്ഞില്ലെങ്കിലും വിഷമിക്കാതിരിക്കാന്‍ ഞാന്‍ മനസ്സിനെ പഠിപ്പിച്ചുകൊണ്ടിരുന്നു. എങ്കിലും ഉള്ളിലെവിടെയോ ഒരു സിനിമാമോഹം മിന്നിമിന്നി നിന്നിരുന്നു. ജോണി സാഗരിക എന്ന നിര്‍മ്മാതാവാണ് മിന്നിമിന്നി നിന്ന ആ മോഹത്തെ തൊട്ടുണര്‍ത്തിയത്. അങ്ങിനെ താണ്ഡവം എന്ന സിനിമയില്‍ പാട്ടെഴുതാന്‍ രവീന്ദ്രന്‍ മാസ്റ്ററുമൊത്ത് ഇരുന്നു. പൂജയും നടന്നു. പക്ഷേ ആ ചിത്രത്തില്‍ നിന്നും രവീന്ദ്രന്‍ മാസ്റ്റര്‍ പിന്നീട് മാറി. അങ്ങനെ മറ്റൊരു കൂട്ടുകെട്ടില്‍ താണ്ഡവത്തിലെ ഗാനങ്ങള്‍ പിറന്നു. എന്നാല്‍ ജോണി സാഗരിക വാക്കുപാലിച്ചു. അടുത്തതായി നിര്‍മ്മിച്ച ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ യേശുദാസ്, ജയചന്ദ്രന്‍, ചിത്ര, സുജാത, എം.ജി. ശ്രീകുമാര്‍, ബിജു നാരായണന്‍ എന്നിങ്ങനെ താരപകിട്ടുള്ള ഗായകവൃന്ദം പാടിയ എല്ലാ ഗാനങ്ങളും എഴുതി ഞാന്‍ സിനിമാഗാനരചയിതാവായി. പിന്നീട് 130 ല്‍ ഏറെ സിനിമകള്‍ക്ക് പാട്ടെഴുതി നിലനില്‍ക്കാന്‍ ആ ക്ഷണം അനുഗ്രഹമായി.

ഓണമങ്ങനെ ഓര്‍മ്മകളുടെ വേലിയേറ്റമായി ഓരോപ്രകാരം അത് വികാരങ്ങളുടെ അനുഭവ നിറഭേദങ്ങള്‍ സമ്മാനിക്കുന്നു.