ണം പോലെത്തന്നെ മലയാളിക്ക് ഗൃഹാതുരത സമ്മാനിക്കുന്നവയാണ് നാട്ടുപൂക്കള്‍.തൊടിയിലും വയലിറമ്പിലും മൊട്ടിട്ട് വിടര്‍ന്ന്,വാടിക്കൊഴിയുന്ന നാട്ടുപൂക്കളുടെ നിറച്ചാര്‍ത്തുകള്‍ക്കൊപ്പം എന്നുമുണ്ട്, നാട്ടുനന്‍മയുടെ ഗന്ധം. കൊച്ചുവെളുപ്പാന്‍കാലത്ത് കുട്ടിപ്പട്ടാളത്തോടൊപ്പം പൂവിറുക്കാനായി അതിരാണിപ്പാടങ്ങള്‍ തേടിപ്പോയ കാലം മുതിര്‍ന്ന തലമുറയിലെ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. തലേന്ന് ശേഖരിച്ച് വാഴയിലയില്‍ സൂക്ഷിച്ച ചെമ്പരത്തിമൊട്ടുകള്‍ അതിരാവിലെ വിടര്‍ന്നുവരുന്നതുനോക്കി ആനന്ദംപൂണ്ട ബാല്യവും കാണും പലര്‍ക്കും. മരച്ചീനിത്തണ്ട് തോട്ടിയാക്കി അയല്‍പക്കത്തെ പറമ്പില്‍നിന്ന് ചെമ്പരത്തിമൊട്ട് 'അടിച്ചുമാറ്റിയതും' ഓര്‍മയില്‍ കാണും. തുമ്പ, ചെമ്പരത്തി, കാക്കപ്പൂവ്, മുക്കുറ്റി, കോളാമ്പിപ്പൂവ്, അതിരാണി, അരിപ്പൂവ്, കൃഷ്ണകിരീടം, ശംഖുപുഷ്പം, തൊട്ടാവാടി, തെച്ചി തുടങ്ങി പൂക്കളുടെ നാട്ടുപട്ടിക നീളുന്നു.

ഇവയെല്ലാം ഒട്ടേറെ ഔഷധഗുണങ്ങളുള്ളവയുമാണ്.സമൂലവും അല്ലാതെയും നാട്ടുവൈദ്യത്തിലും ആയുര്‍വേദത്തിലും പഥ്യമായവ.പ്രാദേശികമായി ഇവയ്‌ക്കെല്ലാം ഒട്ടേറെ നാമഭേദങ്ങളുമുണ്ട്. (തെച്ചി ചെക്കിയായും ശവംനാറിപ്പൂവ് വസിപ്പൂവായും വാടാമല്ലി മല്ലികയായും മാറുന്നതുപോലെ) നാട്ടുപൂക്കളുടെ നാശം, മാറിയ ജീവിതശൈലി, പാരമ്പര്യരീതികളിലുണ്ടായ മാറ്റം തുടങ്ങിയ കാരണങ്ങളാലാണ് മറുനാടന്‍ പൂക്കള്‍ ധാരാളമായി നമ്മുടെ നാട്ടിലെത്തിത്തുടങ്ങിയത്. നിലവില്‍ മംഗളുരു, മൈസൂരു, ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളിലെ പൂ കര്‍ഷകരുടെ ഏറ്റവും മികച്ച വിപണിയാണ് കേരളവും പ്രത്യേകിച്ച് വടക്കേ മലബാറും. വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തല്‍,കുന്നിടിക്കല്‍, ചെങ്കല്‍-കരിങ്കല്‍ ഖനനം, അധിനിവേശസസ്യങ്ങളുടെ വ്യാപനം തുടങ്ങി നാട്ടുപൂക്കളുടെ വേരറുത്ത പരിസ്ഥിതിപ്രശ്‌നങ്ങളേറെയാണ്. നമുക്കറിയാവുന്നതും എന്നാല്‍ ഏറെയൊന്നും അടുത്തറിയാത്തതുമായ ചില നാടന്‍പൂവുകളെ പരിചയപ്പെടാം.

തുമ്പ 

Thumba
തുമ്പ 

പൂക്കളത്തിലെ താരം. ഇത്തിരിക്കുഞ്ഞനായ തുമ്പ നല്‍കുന്ന ശുഭ്രതയും ഭംഗിയും മറ്റൊരു വെള്ളപ്പൂവിനും നല്‍കാനാവില്ല. ദ്രോണപുഷ്പി,കുതുംബിക എന്നും പേരുണ്ട്. കരിംതുമ്പ (leucas cephalotes),പെരുംതുമ്പ (leucas stiricta) എന്നിങ്ങനെ കേരളത്തില്‍ രണ്ടുതരം തുമ്പകളാണ് കണ്ടുവരുന്നത്. വയല്‍വരമ്പുകളിലും മൊട്ടക്കുന്നുകളിലും അപൂര്‍വമായി പറമ്പുകളിലും പണ്ട് സുലഭമായിരുന്നു. തുമ്പയില അരച്ച് പുരട്ടുന്നത് ത്വക്ക് രോഗമകറ്റാനും തലവേദനയ്ക്ക് ശമനമുണ്ടാക്കാനും നന്നെന്ന് ആയുര്‍വേദം.

ചെമ്പരത്തി

പൂക്കളത്തിലെ പ്രധാനികളില്‍ ഒരാള്‍. വര്‍ണവൈവിധ്യമാണ് പ്രത്യേകത. വിവിധ രൂപങ്ങളിലും വലിപ്പത്തിലുമുള്ള ചെമ്പരത്തി (hibiscus)കളുണ്ടെങ്കിലും അഞ്ചിതളുള്ള ചുവന്ന പൂവിനാണ് പ്രാമുഖ്യം. ചെമ്പരത്തിയിലയും പൂവും ചേര്‍ത്തുള്ള താളി കേശസംരക്ഷണത്തിന് ഉത്തമമെന്ന് ആയുര്‍വേദം.ചെമ്പരത്തിയിതള്‍ ചേര്‍ത്ത ചായയും പ്രചാരത്തിലുണ്ട്. മലേഷ്യയുടെ ദേശീയപുഷ്പം.

chembartahy
 ചെമ്പരത്തി |  ഫോട്ടോ: മനീഷ് ചേമഞ്ചേരി 
 

കാക്കപ്പൂവ്

kakkapoo
കാക്കപൂ | ഫോട്ടോ: അസീസ് മാഹി 

മാടായിപ്പാറ എന്നു കേട്ടാല്‍ ആദ്യം മനസ്സിലേക്കോടിയെത്തുക കാക്കപ്പൂവാണ്. പൂക്കളങ്ങളില്‍ നീലരാശി പരത്തുന്ന കുഞ്ഞുപൂവ്. ജലാംശമുള്ള പാറയിലും വയലുകളിലും ധാരാളമായി വളരും.നെല്‍വയലില്‍ കാണുന്നതിനാല്‍ നെല്ലിപ്പൂവ് എന്നും പേരുണ്ട്. ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശം.

മുക്കുറ്റി

mukkutty
മുക്കുറ്റി | ഫോട്ടോ: മനീഷ് ചേമഞ്ചേരി 

ഒരു കൊച്ചുകളം തീര്‍ക്കാന്‍പോലും ഏറെ വേണ്ടിവരും മുക്കുറ്റിപ്പൂവ്. നാട്ടുപൂക്കളിലെ ഇത്തിരിക്കുഞ്ഞനായ മുക്കുറ്റി ആയുര്‍വേദവിധിപ്രകാരമുള്ള ദശപുഷ്പങ്ങളിലൊന്നാണ്. അണുനാശകസ്വഭാവമുള്ള മുക്കുറ്റി കടന്നല്‍, പഴുതാര എന്നിവയുടെ വിഷമകറ്റാനും ഉത്തമം. കാഴ്ചയില്‍ തെങ്ങിന്റെ 'മിനിയേച്ചര്‍' എന്നു വിശേഷിപ്പിക്കാം മുക്കുറ്റിച്ചെടിയെ

കോളാമ്പിപ്പൂവ്

kolambi poovu
കോളാമ്പിപ്പൂവ് | ഫോട്ടോ: മനീഷ് ചേമഞ്ചേരി 

പൂക്കളത്തില്‍ മഞ്ഞയുടെ വസന്തം തീര്‍ക്കുന്ന കേളാമ്പിപ്പൂക്കള്‍ക്ക് ആ പേര് ലഭിച്ചത് സ്വന്തം രൂപത്തില്‍നിന്നുതന്നെ.അപ്പോസൈനേസി എന്ന വലിയ സസ്യകുടുംബത്തിലെ അംഗം. പല നിറങ്ങളില്‍ കാണപ്പെടുന്നുവെങ്കിലും നറുമണമുള്ള മഞ്ഞതന്നെ കൂട്ടത്തില്‍ കേമന്‍.

അതിരാണി

Athirani
അതിരാണി 

സുന്ദരിപ്പൂവ്. ഒരു വ്യാഴവട്ടം മുമ്പുവരെ നമ്മുടെ കയ്പാടങ്ങളിലും ചതുപ്പുകളിലും പുല്‍മൈതാനങ്ങളുടെ അതിരുകളിലും സുലഭമായിരുന്നു അതിരാണി. വയലറ്റും പിങ്കും നീലയും ചേര്‍ന്ന സമ്മിശ്രവര്‍ണം പൂക്കളങ്ങള്‍ക്ക് നല്‍കുന്നത് വേറിട്ട ഭംഗി. കലംപൊട്ടിയെന്നും പേരുണ്ട്. പരിസ്ഥിതിനാശത്തിന്റെ പ്രധാന ഇരകളിലൊന്ന്.

അരിപ്പൂവ് 

Aripoov
അരിപ്പൂവ് | ഫോട്ടോ: അജിത്ത് പനച്ചിക്കല്‍ 

പൂക്കളങ്ങള്‍ക്ക് ഒരു 'മിക്‌സ്ചര്‍ ലുക്ക്' നല്‍കും. കൊങ്ങിണിപ്പൂവെന്നും വേലിപ്പരുത്തിയെന്നും പേരുണ്ട്. മത്ത് പിടിപ്പിക്കുന്ന രൂക്ഷഗന്ധമാണ് പൂക്കള്‍ക്ക്. ഒരു അധിനിവേശസസ്യമായി കണക്കാക്കുന്ന ഇതിന്റെ ചെടി മികച്ച പച്ചിലവളമാണ്. അരിപ്പൂക്കാടുകളില്‍ പാമ്പുണ്ടാകുമെന്ന് പറഞ്ഞ് മുതിര്‍ന്നവര്‍ കുട്ടികള്‍ അങ്ങോട്ടേക്ക് പോകുന്നത് വിലക്കാറുണ്ട്.

കൃഷ്ണകിരീടം

krishnakireedam
കൃഷ്ണകിരീടം 

ഹനുമാന്‍കിരീടം, പഗോഡ എന്നീ പേരുകളുമുണ്ട്. പൂക്കളങ്ങള്‍ നിറയ്ക്കുന്നതിനുപുറമെ തൃക്കാക്കരയപ്പനെ അലങ്കരിക്കാനും ഉപയോഗിക്കുന്നു. മറ്റ് ഓണപ്പൂക്കള്‍ ശേഖരിക്കാന്‍ ഇതിന്റെ വലിപ്പംകൂടിയ ഇലകള്‍ ഉത്തമം. നിരവധി കുഞ്ഞുപൂക്കള്‍ ചേര്‍ന്ന പൂങ്കുലയായി കാണപ്പെടുന്നു.

ശംഖുപുഷ്പം

അപരാജിതയെന്നും പേര്. മറ്റു പുഷ്പങ്ങളില്‍നിന്ന് ഭിന്നമായ രൂപമാണ് വ്യത്യസ്തമാക്കുന്നത്. വള്ളിച്ചെടിയാണ് ശംഖുപുഷ്പത്തിന്റേത്. നീല, വെള്ള വര്‍ണങ്ങളില്‍ കാണുന്നു. 'ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍...' എന്ന നിത്യഹരിതഗാനത്തിലൂടെ മലയാളിമനസ്സില്‍ ചിരപ്രതിഷ്ഠ.

തൊട്ടാവാടി

thottavadi
 തൊട്ടാവാടി | ഫോട്ടോ: മനീഷ് ചേമഞ്ചേരി 


പൂക്കളങ്ങളില്‍ ഇളംവയലറ്റിന്റെ അപൂര്‍വത സമ്മാനിക്കുന്നു. പെ?െട്ട?ന്ന് വാടിപ്പോകുമെന്നതാണ് പോരായ്മ.നാടന്‍പൂവ് എന്നതിലുപരിയായി മികച്ചൊരു ഔഷധം. അധിനിവേശസസ്യമെന്ന് വിശേഷണം.

തെച്ചി

Thechi
തെച്ചി | ഫോട്ടോ: മനീഷ് ചേമഞ്ചേരി 


ചെത്തി, തെറ്റി, ചെക്കി എന്നീ പേരുകളുമുണ്ട്. കരവീരകം എന്നും വിളിക്കുന്നു. പൂക്കളങ്ങളിലെ സ്ഥിരസാന്നിധ്യം. ഉദ്യാനസസ്യങ്ങളില്‍ പ്രധാനി. കാട്ടുതെച്ചി വന്‍ വിലയുള്ള ഔഷധമാണ്. പൂജാപുഷ്പം എന്ന നിലയില്‍ ശ്രേഷ്ഠപദവി. കുറ്റിച്ചെടിയായും ചെറുമരമായും വളരുന്നു. നീണ്ട തണ്ടുകള്‍ ഇറുത്തുമാറ്റി കളങ്ങളില്‍ നിരത്തിയാല്‍ പൂക്കളങ്ങള്‍ക്കുണ്ടാകുന്നത് നക്ഷത്രശോഭ.

ഇവിടെ തീരുന്നതല്ല, നാട്ടുപൂക്കളുടെ നിര. സ്ത്രീകളുടെ കമ്മലിനോട് സാമ്യമുള്ള കമ്മല്‍പ്പൂവ്, പശപശപ്പുള്ള അളിപ്പൂവ്,പേരില്‍തന്നെ രൂപവുമുള്ള പൂച്ചവാല്‍, തീനാളം കണക്കെയുള്ള മേന്തോന്നി, കനകാംബരം, കാശിത്തുമ്പ, വട്ടപ്പലം....പൂവല്ലെങ്കിലും പൂക്കളങ്ങളില്‍ സ്ഥാനം പിടിച്ചിരുന്ന ഒരു ഇലച്ചെടികൂടിയുണ്ട്, കൂട്ടത്തില്‍. പണ്ട് മതിലുകളിലും തിണ്ടുകളിലും മറ്റും സുലഭമായിരുന്ന, പച്ചനിറത്തില്‍ തീര്‍ത്ത ലേസ് പോലുള്ള ശീവോതി. വടക്കെ മലബാറില്‍ ചിലയിടങ്ങളില്‍ അത്തം നാളില്‍ പൂക്കള്‍ക്കുപകരം ശീവോതി ഉപയോഗിച്ചാണ് 'പൂക്കള'മൊരുക്കുന്നത്.

പൂക്കളം വാണ് പകരക്കാര്‍

നാട്ടുപൂക്കളുടെ ക്ഷാമം കാരണം പൂക്കളങ്ങളില്‍ ചെപ്പടിവിദ്യകള്‍ പ്രയോഗിക്കുന്ന പതിവ് പണ്ടുമുതലേയുണ്ട്. പാല്‍ പിഴിഞ്ഞെടുത്തതിനുശേഷം ബാക്കിയാവുന്ന തേങ്ങാപ്പീരയാണ് ഇതില്‍ പ്രധാനി. 'റോബിന്‍ നീല'മുള്‍പ്പെടെ വിവിധ വര്‍ണങ്ങള്‍ മുക്കിയ തേങ്ങാപ്പീര കളംനിറയ്ക്കാന്‍ പണ്ട്  ഉപയോഗിച്ചിരുന്നു.    മരച്ചീനി തണ്ടിനുള്ളിലെ തെര്‍മോകോളിന് സമാനമായ പള്‍പ്പ് വട്ടത്തില്‍ നേര്‍മയായി മുറിച്ച് പല വര്‍ണങ്ങളില്‍ മുക്കിയും വര്‍ണവൈവിധ്യം തീര്‍ത്തു. നെല്‍പ്പാടങ്ങളില്‍ സമൃദ്ധമായി വളര്‍ന്നിരുന്ന 'വരി' എന്ന സസ്യം പച്ചനിറത്തിലുള്ള പൂക്കളുടെ അഭാവം 'ഭംഗിയായി' പരിഹരിച്ചുപോന്നു. തെങ്ങിന്റെയും കവുങ്ങിന്റെയും പൂക്കള്‍ പൂക്കളാണെന്ന ന്യായേനയും ഉപയോഗപ്പെടുത്തി. പ്ലാസ്റ്റിക് പൂക്കളും ധാരാളമായി രംഗത്തെത്തി.പല വര്‍ണങ്ങളിലുള്ള ഇലച്ചെടികളായിരുന്നു മറ്റൊരു പകരക്കാരന്‍.

ചുരമിറങ്ങി മറുനാടന്‍ പൂക്കള്‍ 

ജമന്തിയും ചെണ്ടുമല്ലി(ചെട്ടിപ്പൂവ്)യുമാണ് ഓണപ്പൂക്കളമൊരുക്കാന്‍ ആദ്യം ചുരമിറങ്ങിവന്ന മറുനാടന്‍ സുന്ദരികള്‍. കുറ്റം പറയരുതല്ലോ, ഇരുവരും ഭംഗിയും നറുമണവും സമാസമം ചേര്‍ന്നവര്‍. പിന്തുടര്‍ന്ന് പല വര്‍ണങ്ങളിലുള്ള ജമന്തിപ്പൂക്കള്‍ വണ്ടികയറിവന്നെങ്കിലും മഞ്ഞജമന്തിയോളം പോന്നില്ല, അവയൊന്നും.ഡാലിയ, സീനിയ, അരളി, വാടാമല്ലി, ട്യൂബ് റോസ്,താമര, വിവിധയിനം റോസാപ്പൂക്കള്‍ തുടങ്ങി പൂക്കളോരോന്നായി നമ്മുടെ വിപണിയില്‍നിരന്നു. ഓണക്കാലത്ത് വടക്കേ മലബാറിലേക്ക് പൂക്കളെത്തുന്ന പ്രധാന കേന്ദ്രമാണ് കര്‍ണാടക ചാമരാജ് നഗറിലെ ഗുണ്ടല്‍പേട്ട്. വന്‍കിട പെയിന്റ് നിര്‍മാണക്കമ്പനികള്‍ക്കുവേണ്ടിയാണ് ഇവിടെ പുഷ്പകൃഷി നടത്തുന്നതെങ്കിലും ഓണവിപണി ലക്ഷ്യമിട്ട് തദ്ദേശിയരും പൂകൃഷിചെയ്തുവരുന്നുണ്ട്

പ്രതീക്ഷയുടെ മൊട്ടുകള്‍

'പാടവരമ്പുകളിലെയും ഇടവഴികളിലെയും നാട്ടുപൂക്കളെല്ലാം തൊഴിലുറപ്പിന്റെ രക്തസാക്ഷികളായി'...പരിസ്ഥിതിസംഘടനയായ 'സീക്കി'ന്റെ സെക്രട്ടറി വി.പി.ബാലകൃഷ്ണന്‍ പറയുന്നു. പാടം, തോട്, കുളം, ചെങ്കല്‍കുന്ന്, കുന്നിന്‍ചെരിവ്... ഇവിടങ്ങളായിരുന്നു നാട്ടുപൂക്കളുടെ ഈറ്റില്ലം. ഇവ ഇല്ലാതായതോടെ പൂക്കളും ഇല്ലാതായി. തൊഴിലുറപ്പ് പദ്ധതിപ്രകാരം വെട്ടിത്തെളിച്ച് 'വൃത്തിയാക്കിയ' തൊടികളെ പൂര്‍വസ്ഥിതിയിലാക്കിയാല്‍ മാത്രമേ നാട്ടുപൂക്കളെ തിരികെക്കൊണ്ടുവരാനാകൂ'-അദ്ദേഹം പറഞ്ഞു.

മാടായിപ്പാറയില്‍  ഒരു പ്രതിഷേധസമരം നടന്നിരുന്നു. മാടായിപ്പാറ ജനകീയജൈവവൈവിധ്യ സംരക്ഷണകൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ഇത്. ഇവിടെ നീലപ്പരവതാനി വിരിച്ചുകിടക്കുന്ന കാക്കപ്പൂക്കള്‍ക്കുനേരെയുള്ള ഇടപെടലിനെതിരെയായിരുന്നു പ്രതിഷേധം.  കാക്കപ്പൂക്കള്‍ക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റി രസിച്ച സമൂഹവിരുദ്ധര്‍ക്കുനേരെയുള്ള ശക്തമായൊരു മുന്നറിയിപ്പ്. ഇത്തരം ചെറുവിരലനക്കങ്ങളെങ്കിലും നമ്മുടെ നാട്ടുനന്‍മയെ അല്‍പകാലമെങ്കിലും സംരക്ഷിച്ചുനിര്‍ത്തുമെന്ന് പ്രത്യാശിക്കാം.

Content Highlight: kerala nadan flowers