നടുവില്‍ : ഇടനാടന്‍ ചെങ്കല്‍പ്പരപ്പില്‍ കാക്കപ്പൂവസന്തമെത്തി. ഓണത്തിന്റെ വരവറിയിക്കുന്ന വിളംബരം കൂടിയാണ് കാക്കപ്പൂക്കളുടെ സാന്നിധ്യം. പരിയാരം പഞ്ചായത്തിലെ കാരക്കുണ്ട്, ഏഴുംവയല്‍, പൊന്നുരുക്കിപ്പാറ, നാടുകാണി, കണ്ണാടിപ്പാറ, എളമ്പേരം, കൈതോലം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പൂക്കളുടെ നീലിമ പടര്‍ന്നുതുടങ്ങി. ഇനി സെപ്റ്റംബര്‍ തീരും വരെ കാക്കപ്പൂവിന്റെ വശ്യതയിലായിരിക്കും ചെങ്കല്‍ക്കുന്നുകള്‍. കോവിഡിന്റെ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ മിക്ക സ്ഥലങ്ങളിലും പൂക്കള്‍ കൂട്ടമായി കാണാനുണ്ട്.

മനുഷ്യരും വാഹനങ്ങളും എത്താത്തതാണ് കാരണം. കാക്കപ്പൂക്കള്‍ വിരിഞ്ഞ് നിരന്നുകഴിയുന്നതോടെ വെളുത്തനിറത്തില്‍ ചൂതും വിരിഞ്ഞുതുടങ്ങും. അള്ളാന്‍ കിഴങ്ങും കൃഷ്ണപ്പൂവും ഇരപിടിയന്‍ ഡ്രൊസീറയുമെല്ലാം നിരക്കുന്ന പാറപ്പരപ്പുകളില്‍ ഇനി സന്ദര്‍ശകര്‍ക്ക് കൗതുകക്കാഴ്ചകള്‍ കാണാം. മയിലുകളും തിത്തിരിപ്പക്ഷികളും ചൂളന്‍ എരണ്ടയും പോലുള്ള പക്ഷികളും പൂക്കാലത്തിന് കൂട്ടായി എത്താറുണ്ട്.