ണക്കാലത്ത് ആറന്മുളയില്‍ മാത്രമായി സൃഷ്ടിക്കപ്പെടുന്ന ഒരു ലോകമുണ്ട്. വള്ളംകളിയുടെ ആരവങ്ങള്‍ നിറഞ്ഞ, വള്ളസദ്യയിലെ രുചിക്കൂട്ടുകളുടെ മണമടിക്കുന്ന, വള്ളപ്പാട്ടിന്റെ ശീലുകള്‍ മുഴങ്ങിക്കേള്‍ക്കുന്ന ഒരു ആഘോഷ ലോകം. കൊറോണയുടെ കടന്നുവരവോടെ ആറന്മുളയിലെ ഓണം ആഘോഷങ്ങളില്‍ നിന്ന് ആചാരങ്ങള്‍ മാത്രമായി ചുരുങ്ങിയിട്ട് ഇത് രണ്ടാം വര്‍ഷം. ആറന്മുളയിലെ ഓണക്കാഴ്ചകളുടെ ചരിത്രവും ഓര്‍മകളും കോറിയിടുകയാണിവിടെ.

ഐതിഹ്യം

പേരു കേട്ട ആറന്മുള വള്ള സദ്യയുടെ ആരംഭത്തെക്കുറിച്ച് പഴമക്കാര്‍ പറയുന്ന ഒരു കഥയുണ്ട്. ആറന്‍മുള ഭഗവാന്റെ കടുത്ത ഭക്തനായിരുന്ന മങ്ങാട്ടില്ലത്തെ ഭട്ടതിരി എല്ലാ തിരുവോണ ദിവസവും ഒരു ബ്രാഹ്മണനു ഊട്ട് നടത്തുന്ന പതിവ് മുടക്കാറില്ലായിരുന്നു. ഒരു കൊല്ലത്തെ ഓണത്തിനു ഊണ് നല്‍കാന്‍ ആരേയും കാണാതെ വിഷമിച്ച ഭട്ടതിരിക്കു മുന്‍പില്‍ ഒരു ബ്രാഹ്മണ ബാലന്‍ പ്രത്യക്ഷപ്പെട്ടു. ഊണു കഴിഞ്ഞിറങ്ങാന്‍ നേരം ഇനിയുളള എല്ലാ ഓണത്തിനും ഉണ്ണാന്‍ വരണമെന്നു ഭട്ടതിരി പറഞ്ഞു.   കൊടുത്തയച്ചാല്‍ മതിയെന്ന് മറുപടി നല്‍കി ആ കുട്ടി പടിയിറങ്ങി. തന്റെ വിഷമം അറിഞ്ഞ തിരുവാറന്‍മുളയപ്പന്‍ ബാലന്റെ രൂപത്തില്‍ വന്നതാണെന്നു ഭട്ടതിരി സ്വപ്നത്തിലൂടെ അറിഞ്ഞു. തൊട്ടടുത്ത വര്‍ഷം മുതല്‍ കാട്ടൂര്‍ മഠത്തില്‍ നിന്ന് തിരുവാറന്‍മുളയപ്പന് തിരുവോണച്ചിലവ് സാധനങ്ങള്‍ കൊടുത്തയക്കുന്ന പതിവ് ആരംഭിച്ചെന്നാണ് ഐതിഹ്യം. അങ്ങനെ കൊണ്ടുവരുന്ന സാധനങ്ങള്‍ ഉപയോഗിച്ച് തിരുവാറന്‍മുളയപ്പന് ഭക്ഷണമുണ്ടാക്കാന്‍ തുടങ്ങിയ കാലം വള്ള സദ്യയുടെ ചരിത്രം അടയാളപ്പെടുത്തുന്നു.

വള്ളസദ്യ

onam 2021
വള്ള സദ്യ

പണ്ട് ആറന്‍മുള വള്ളസദ്യ തയ്യാറാക്കുന്നത് ചില വീടുകളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന ആചാരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്ഷേത്രമുറ്റത്തോ ക്ഷേത്രത്തോടു ചേര്‍ന്നുള്ള സ്ഥലത്തോ ആണ് സദ്യവട്ടങ്ങള്‍ ഒരുക്കുക. തുടക്ക കാലങ്ങളില്‍ കരക്കാരോ അയല്‍ക്കാരോ ചേര്‍ന്നാണ് സദ്യയ്ക്ക് വേണ്ട വിഭവങ്ങള്‍ തയ്യാറാക്കിയിരുന്നത്. ഈയിടെയായി സദ്യയ്ക്കു കോണ്‍ട്രാക്റ്റ് ഏല്‍പ്പിക്കുയാണ് പതിവ്.

രുചി വൈവിധ്യങ്ങള്‍ നിറഞ്ഞ അതിസമ്പന്ന സദ്യയാണ് ആറന്മുള വള്ളസദ്യ. പരിപ്പ്, നെയ്യ്, പപ്പടം, സാമ്പാര്‍, പുളിശ്ശേരി, കാളന്‍, തൈര്, മോര്, രസം, അവിയല്‍, തോരന്‍, പച്ചടി, കിച്ചടി, ഉപ്പേരികള്‍ തുടങ്ങി അറുപതിലധികം വിഭവങ്ങളാണ് സദ്യയിലുടനീളം വിളമ്പുക. 

Aranmula Parthasarathi temple.
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം |  ഫോട്ടോ: ജി.ശിവപ്രസാദ്

വള്ളപ്പാട്ട് 

സദ്യ കഴിക്കാനിരിക്കുന്നവരുടെ കൂട്ടത്തില്‍ ആറന്‍മുളയപ്പനായ പാര്‍ത്ഥസാരഥിയും സന്നിഹിതനാണെന്നാണ് വിശ്വാസം. ഉണ്ണുന്നതിനിടയില്‍ വള്ളപ്പാട്ടു പാടുന്ന രീതിയും പണ്ടു മുതലേ നിലവിലുണ്ട്. പാട്ടുരൂപേണ ചോദിക്കുന്നതെന്തും നല്‍കണമെന്നാണ് വെയ്പ്പ്. അത് കൃഷ്ണന്റെ കുസൃതിയാണെന്നുള്ള വ്യാഖ്യാനവുമുണ്ട്. പാട്ടു പാടി സദ്യയുണ്ണുന്നത്  ആറന്മുളക്കാര്‍ക്ക് സാംസ്‌കാരിക പാരമ്പര്യത്തിന്റെ അനുഷ്ഠാനമാണ്.  

തിരുവോണത്തോണി

തിരുവാറന്മുളയപ്പന് സദ്യയൊരുക്കുന്നതിനുള്ള സാധനങ്ങള്‍ എത്തിക്കുന്ന തോണിയാണ് തിരുവോണത്തോണിയെന്ന് അറിയപ്പെടുന്നത്. തോണിയുടെ മുന്‍ഭാഗം ഗരുഡന്റെ മുഖം പോലെയും പിന്‍ഭാഗം വള്ളത്തിന്റെ അമരത്തോട് സദൃശ്യവുമാണ്.

Thiruvonathoni
തിരുവോണത്തോണി

പണ്ട് ആറന്മുള പല കരകളുള്ള ഒരു നാട്ടുരാജ്യമായിരുന്നു. ഒരിക്കല്‍ കാട്ടൂര്‍ മഠത്തില്‍ നിന്ന തിരുവോണച്ചിലവ് സാധനങ്ങള്‍ കൊണ്ട് പുറപ്പെട്ട തിരുവോണത്തോണിയെ കൊള്ളക്കാര്‍ ആക്രമിച്ചു. ഇതറിഞ്ഞ നാട്ടുകാര്‍ കൊച്ചു വള്ളങ്ങളിലായി ചെന്ന് തോണിയെ സംരക്ഷിച്ചു. 

ഈ സംഭവത്തെത്തുടര്‍ന്ന് പ്രദേശത്തെ യോദ്ധാക്കള്‍ ഒത്തു ചേര്‍ന്ന് 58 കരകളിലും വള്ളം ഉണ്ടായിരിക്കണമെന്നും ഈ വള്ളങ്ങള്‍ തിരുവോണത്തോണിക്ക് ക്ഷേത്രത്തിലെത്തുന്നതു വരെ അകമ്പടി സേവിക്കണമെന്നും തീരുമാനിച്ചു. ആറന്മുള ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ദിവസമായ ഉത്രട്ടാതിയുടെ അന്ന് എല്ലാ വള്ളങ്ങളും ഒത്തുചേര്‍ന്ന് പമ്പയാറ്റില്‍ വള്ളംകളി നടത്താനും നിശ്ചയിച്ചു. പ്രശസ്തമായ ഉത്രട്ടാതി ജലമേളക്ക് തുടക്കമാവുന്നത് ഇങ്ങനെയാണ്.

Aranmula vallamkali,
ആറന്മുള വള്ളം കളി

പള്ളിയോടങ്ങള്‍

ആറന്മുളയില്‍ ഒരു ദിവസം 15 വള്ള സദ്യ വരെ നടക്കും. മുന്‍പ് ഓരോ വള്ളങ്ങളിലുമെത്തുന്ന ആളുകള്‍ക്ക് അതാതു കരകളില്‍ ആണ് സദ്യ നല്‍കിയിരുന്നത്. ഇപ്പോള്‍ കരക്കാരെല്ലാം ഒരുമിച്ച് ഒരു സ്ഥലത്തിരുന്നാണ് സദ്യയുണ്ണുന്നത്. വള്ള സദ്യ ഏറ്റു വാങ്ങുന്ന വള്ളങ്ങള്‍ കരനാഥന്മാരുടെ നേതൃത്വത്തില്‍ തുഴഞ്ഞു വന്ന് വള്ള സദ്യ സ്വീകരിക്കുന്നതാണ് പരമ്പാഗത രീതി. 

ആറന്‍മുളയിലെ ഈ പ്രത്യേക വള്ളങ്ങള്‍ പള്ളിയോടങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. പള്ളിയോടങ്ങളില്‍ തിരുവാറന്‍മുളയപ്പന്റെ സാന്നിദ്ധ്യമുണ്ടെന്നാണ് സങ്കല്‍പം.

പള്ളിയോട സേവാ സംഘമാണ് ആറന്മുള വള്ളംകളി സംഘടിപ്പിക്കുന്നത്. ഒരിക്കല്‍ രണ്ടു വള്ളങ്ങളിലെ തുഴക്കാര്‍ തമ്മില്‍ കശപിശയുണ്ടായി. പോലീസും സംഘാംഗങ്ങളും ഇടപെട്ടാണ് പ്രശ്നം സമാധാനപരമായി അവസാനിപ്പിച്ചത്. താന്‍ കുട്ടിയായിരുന്നപ്പോള്‍ ഉണ്ടായ ആ സംഭവത്തെ ഭീതിയോടു കൂടി മാത്രമേ ഓര്‍ക്കാന്‍ കഴിയൂ എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും ആറന്മുള സ്വദേശിയുമായ പദ്മകുമാര്‍ പങ്കു വെക്കുന്നു.
 
കര്‍ക്കിടക്ക മാസം പകുതിയോട് കൂടി ആരംഭിച്ച്  രണ്ടു മാസത്തോളം നീണ്ടു നില്‍ക്കുന്ന വിപുലമായ ഓണാഘോഷ പരിപാടികള്‍ക്കാണ് ആറന്മുളയുടെ മണ്ണ് സാക്ഷ്യം വഹിക്കുക. ഈ നാളുകളത്രയും ആറന്മുള ആറ്റില്‍ വള്ളം കളിയുണ്ടാവും, കരയില്‍ സദ്യയുണ്ടാവും.

ആറന്മുളയിലെ യുവ തലമുറയ്ക്കും പങ്കു വെയ്ക്കാനുള്ളത് രണ്ടു വര്‍ഷമായി ഓണാഘോഷങ്ങളില്ലാത്തത്തിന്റെ സങ്കടമാണ്. 'ഓണം ഞങ്ങള്‍ക്ക് ഒരു ഉത്സവമാണ്. ആറന്മുള മുഴുവന്‍ ആഘോഷത്തിമിര്‍പ്പിലായിരിക്കുന്ന സമയം. മുന്‍ കാലങ്ങളിലേതു പോലെ ഓണം കൊണ്ടാടാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍. ' ജയസൂര്യ പറയുന്നു. 

കുടുംബക്കാരെല്ലാവരും ഓണക്കാലമാവുമ്പോള്‍ വീട്ടില്‍ ഒരുമിച്ചു കൂടുമായിരുന്നു. പുരാതന കാലം തൊട്ടേ ആറന്‍മുളയില്‍ ഉത്രട്ടാതി ജലോത്സവത്തിനോടനുബന്ധിച്ചാണ് ഓണാഘോഷ പരിപാടികള്‍ നടത്തുക. പമ്പയാറിന്റെ തീരത്ത് ഫുട്‌ബോളുള്‍പ്പെടെയുള്ള കളികള്‍ ഓണക്കാലത്ത് സംഘടിപ്പിച്ചിരുന്നെന്ന് പദ്മകുമാര്‍ ഓര്‍ക്കുന്നു.

കോവിഡ് 19 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആറന്മുളയിലെ ഓണാഘോഷങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവോണത്തോണിയുടെ വരവും എതിരേല്‍പ്പും കഴിഞ്ഞ വര്‍ഷം മാനദണ്ഡങ്ങളനുസരിച്ച് നടത്തിയിരുന്നു.  ആഘോഷങ്ങള്‍ ആചാരങ്ങളായി ചുരുങ്ങിപ്പോകുമല്ലോ എന്നുള്ള ദുഃഖം ഞങ്ങള്‍ക്കുണ്ട്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷവും ആചാരപരമായിട്ടുള്ള അനുഷ്ഠാനങ്ങള്‍ നടത്താനാണ് തീരുമാനമെന്നും പദ്മകുമാര്‍ വ്യക്തമാക്കി.

Content Highlight: Celebrating Aranmula Onam amid Covid pandemic