കോട്ടയത്ത്  എന്ത് ഓണമാടാ? കോഴിക്കോട് ജോലി ചെയ്യുമ്പോഴാണ്. ഓണക്കാലമാകുമ്പോള്‍ അവധിക്കായി കൂട്ട കശപിശയാണ്. ഓണത്തിന് മുമ്പ് പോകണ്ടവര്‍. ഓണം കഴിഞ്ഞ് അവധിവേണ്ടവര്‍. ഡ്യൂട്ടിയിടുന്ന ചീഫ് അവധി ആവശ്യക്കാരെക്കൊണ്ടു  പൊറുതി മുട്ടും. ഇതിനിടയിലാണ് കൂട്ടുകാര്‍ എന്നെ നിശബ്ദനാക്കാനായി  കോട്ടയംകാരന്റെ ഓണം എടുത്തിടുന്നത്. അവിടെയും പിടിച്ചു നില്‍ക്കാനായില്ലെങ്കില്‍ അടുത്ത തുറുപ്പു ചീട്ട് അവരിറക്കും. ക്രിസ്ത്യാനിക്കെന്ത് ഓണമാടാ. ഓണമൊക്കെ കഴിഞ്ഞു ഞങ്ങള്‍ വന്നിട്ടു നീ പോയാല്‍ മതി. അവര്‍ അന്ത്യസാശനം മുഴക്കും.

അപ്പോഴൊക്കെ മൂലയില്‍ വീട്ടിലെ അമ്മച്ചിയുടെയും (എന്റെ അമ്മയുടെ അമ്മ ) അവിടുത്തെ പിള്ളാരോണത്തിന്റെയും  ഓണാഘോഷത്തിന്റെയും ഒക്കെ കഥ പറഞ്ഞ് കൂട്ടുകാരുടെ കണ്ണു തള്ളിച്ചിട്ടുണ്ട്. ഞങ്ങളുടെ കുട്ടിക്കാലത്തെ നിറമുള്ള ഓര്‍മകള്‍. എന്നും തിളക്കമോടെ നില്‍ക്കുന്ന സുന്ദര നിമിഷങ്ങള്‍.

അഞ്ചാം വയസ്സിലാണ് സെക്കന്‍ദരാബാദിയില്‍ നിന്നും ചങ്ങനാശ്ശേരി കുറുമ്പനാടത്തെ അമ്മയുടെ വീടായ മൂലയില്‍ വീട്ടിലെത്തുന്നത്. അച്ചാച്ചന്‍ ( എന്റെ അച്ഛന്‍ ) അന്ന്  സെക്കന്‍ദരാബാദില്‍ എയര്‍ ഫോഴ്‌സിലാണ് .ഞങ്ങള്‍ കുടുംബ സമേതം അവിടെ താമസം. ചേട്ടന്‍ അഞ്ച് വയസ്സു തികഞ്ഞപ്പോള്‍ ഒന്നാം ക്ലാസില്‍ ചേരാനായി എനിക്ക് രണ്ടു വര്‍ഷം മുമ്പു തന്നെ കുറുമ്പനാടത്ത് എത്തിയിരുന്നു. കോയമ്പത്തൂരിലും സെക്കന്‍ദരാബാദിലുമായി നഴ്‌സറി പഠനം കഴിഞ്ഞ് അഞ്ചാം വയസ്സില്‍ ഞാനും ചേട്ടന്റെ വഴിയേ അമ്മ വീട്ടിലെത്തി.

പുതിയ ഒരു ലോകം.  ആദ്യമൊക്കെ വിഷമം തോന്നി. അമ്മച്ചിയുടെ തണലില്‍ , അപ്പാപ്പന്റെ( അമ്മയുടെ അച്ഛന്‍ ) കൈപിടിച്ച് അങ്കിളുമാരുടെയും ആന്റിമാരുടെയും സ്‌നേഹവായ്പുകള്‍ അനുഭവിച്ചുള്ള ജീവിതത്തിനിടയില്‍ അച്ചാച്ചനും അമ്മയും അകലെയായിരുന്നതിന്റെ വിഷമമൊന്നും അറിഞ്ഞില്ല.

സ്‌കൂള്‍ തുറക്കുന്നതിന്് ഒരു മാസം മുമ്പാണ് നാട്ടിലെത്തുന്നത്. ആദ്യം തന്നെ അമ്മച്ചി ചെയ്തത് എന്നെ അക്ഷരം പഠിപ്പിക്കാന്‍ ഒരു ആശാനെ ഏര്‍പ്പെടുത്തുകയായിരുന്നു. രാവിലെ  ആശാനെത്തിയാല്‍ ഉച്ചവരെ ക്ലാസ്. തിണ്ണയിലെ മണലില്‍ എഴുതിയും മായിച്ചും ആശാനുമായി ശുണ്ഠികൂടിയും ഒരു മാസം വേഗം കടന്നു പോയി.  മലയാള അക്ഷരങ്ങള്‍ മുഴുവന്‍ പഠിക്കുന്നതിനു മുമ്പേ സ്‌കൂള്‍ തുറന്നു. 

pilleronam

കുറുമ്പനാടം പുളിയാങ്കുന്ന് ഹോളി ഫാമിലി എല്‍. പി.സ്‌കൂളില്‍ എന്നെ ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ കൊണ്ടു പോകുന്നത് ഇളയ അമ്മാവന്‍ ജോയിക്കുട്ടിയങ്കിളാണ്. അങ്കിള്‍ അന്ന് ഡിഗ്രി പാസായി നില്‍ക്കുകയാണ( മഞ്ചേശ്വരം ഗവണ്‍മെന്റ് കോളേജില്‍ അധ്യാപകനായിരുന്ന അങ്കിള്‍ വിരമിച്ചതിനു ശേഷം വിശ്രമ ജീവിതത്തിലാണ്) . കെ.സി.വര്‍ഗീസ് സാറാണ് അന്ന് പുളിയാങ്കുന്ന് സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍. എന്താണ് ഇവന്റെ പേര്. സാറിന്റെ ചോദ്യം. 

ജോയിക്കുട്ടിയങ്കിള്‍ ഒട്ടും കുറച്ചില്ല. പി.ജെ.ജോസെന്നു മതി. പാറയ്ക്കലെന്ന വീട്ടുപേരിന്റെയും അച്ചാച്ചന്റെ  പേരായ ജോണിന്റെയും ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് കനപ്പെട്ട പേരുതന്നെ പുള്ളിയങ്ങിട്ടു. ആദ്യമൊക്കെ ഹാജര്‍  വിളിക്കുമ്പോള്‍ സങ്കടം വരും. സഖറിയാ മാത്യു. തോമസ് സെബാസ്റ്റിയന്‍, ലിജിമോള്‍ ജോര്‍ജ്, സുനു മേരി തോമസ് തുടങ്ങിയ സുന്ദരന്‍ പേരുകള്‍ക്കിടയില്‍ ഒരു പി.ജെ.ജോസ്. വേറെ വല്ല പേരുമെനിക്കിടാന്‍ മേലാരുന്നോ? പള്ളിയില്‍ വേദപാഠ ക്ലാസിനു ചെല്ലുമ്പോള്‍ പേരു പിന്നെയും മാറും. അവിടെ ഞാന്‍ ജോസഫ് ജോണാണ്.

എന്റെ പേരിനെച്ചൊല്ലി അമ്മയുടെയും അച്ചാച്ചന്റെയും വീട്ടുകാര്‍ തമ്മില്‍ രസകരമായ ഒരു തര്‍ക്കവുമുണ്ടായിരുന്നു. മാടപ്പള്ളിയിലെ അച്ചാച്ചന്റെ വീട്ടില്‍ എല്ലാവരും സിനിമാ കമ്പക്കാരാണ്. ജീവിതം ആഘോഷമാക്കിയവരായിരുന്നു അച്ചാച്ചനും  അനുജന്‍മാരും.  സത്യന്റെയും നസീറിന്റെയും സിനിമകള്‍ ഇറങ്ങുമ്പോള്‍ തന്നെ  കണ്ടും  പോത്തിനെ വാങ്ങിച്ച് പങ്കിട്ട് കശാപ്പു ചെയ്തുകഴിച്ചും ആവശ്യത്തിന്  കള്ളുകുടിച്ചും അന്ന് കോട്ടയത്തു നിന്നിറങ്ങുന്ന പൗരദ്ധ്വനിയും സഖി വാരികയുമൊക്കെ വായിച്ചും ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ അവര്‍ അഭിരമിച്ചു.

ഇതിന്റെ നേരെ എതിര്‍ ദിശയിലായിരുന്നു അമ്മയുടെ വീട്ടിലെ കാര്യങ്ങള്‍ . പള്ളിയും പ്രാര്‍ത്ഥനയുമൊക്കെ ജീവിതത്തിലെ ഏറ്റവും പ്രധാനകാര്യമാണവിടെ. സന്ധ്യാ പ്രാര്‍ത്ഥന ഒന്നര മണിക്കൂര്‍ വരെ നീളും. അതും മുട്ടുകുത്തി നിന്ന്. ജപമാല കഴിഞ്ഞ്  സകല പുണ്യവാളന്‍മാരുടെയും പ്രാര്‍ത്ഥന. ഉറക്കം തൂങ്ങി വിശുദ്ധ പീലിപ്പോസെ എന്നത് വിശുദ്ധ പീലാത്തോസേ എന്നും പിശാചിന്റെ സകല തന്ത്രങ്ങളില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ എന്നത് പിശാചിന്റെ സകല യന്ത്രങ്ങളില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമെ എന്നു ചൊല്ലിയതും അപ്പാപ്പന്‍ ചന്തിക്കു തന്നെ കിഴുക്കിയതുമൊക്കെ ഇപ്പോഴും രസമുള്ള ഓര്‍മകള്‍.

വായിക്കാനാണെങ്കില്‍  പുണ്യാളന്‍മാരാുടെ  ജീവചരിത്രങ്ങള്‍. ശനിയാഴ്ച രാവിലെ പള്ളിയില്‍ പോയില്ലെങ്കില്‍ അപ്പാപ്പന്റെ വടി വന്നുണര്‍ത്തിയിരിക്കും. ഞായറാഴ്ച  പള്ളിയും വേദപാഠ ക്ലാസുമായി ഉച്ചവരെ. വെള്ളിയാഴ്ച വൈകിട്ട് അടച്ചു വയ്ക്കുന്ന പാഠപുസ്തകങ്ങള്‍ ഞായറാഴ്ച വൈകിട്ടേ തുറക്കാന്‍  അനുവാദമുള്ളൂ.

ഞാന്‍ ജനിച്ചയുടനെ അച്ചാച്ചന്റെ വീട്ടുകാര്‍ എനിക്ക് പേരിട്ടു- സത്യന്‍ .ഞെട്ടണ്ട. അനശ്വര നടന്‍ സത്യനോടുള്ള ഇഷ്ടം കൊണ്ട് ഇട്ട പേരാണ്. ഇതറിഞ്ഞപ്പോഴേ അമ്മയുടെ വീട്ടില്‍ കലാപമായി.  ക്രിസ്ത്ര്യന്‍ കുടുംബങ്ങളിലെ  നാട്ടുനടപ്പ് അനുസരിച്ച് ആദ്യത്തെ കുട്ടി  ആണാണെങ്കില്‍ അപ്പന്റെ അപ്പന്റെയും പെണ്ണാണെങ്കില്‍ അപ്പന്റെ അമ്മയുടെയും പേരാണ് ഇടുക. രണ്ടാമത്തെ കുട്ടി ആണാണെങ്കില്‍ അമ്മയുടെ അപ്പന്റെ പേരിടാം. അങ്ങനെയാണ് ഞാന്‍ ജോസഫും ജോസുമായത്( അമ്മയുടെ അച്ഛന്റെ പേര് ജോസഫ് എന്നാണ്). ഇവന് ജോസെന്നു പേരിട്ടാല്‍ മതിയെന്ന് അമ്മവീട്ടുകാര്‍. പാരമ്പര്യം  അവര്‍ക്ക് തുണയായി .ഒടുവില്‍ സത്യന്‍ തോറ്റു. ജോസ് ജയിച്ചു.

മൂലയില്‍ വീട്ടില്‍ കാര്യങ്ങള്‍ സ്മൂത്തായി തന്നെ പോയിക്കൊണ്ടിരുന്നു. വീട്ടില്‍ നിന്നും ഒരു കിലോമീറ്ററില്‍ താഴെയേ ഉള്ളൂ സ്‌കൂളിലേക്ക് ദൂരം. ചേട്ടനും ബേബിച്ചനങ്കിളിന്റെ (മൂത്ത അമ്മാവന്‍ ) മകള്‍ ഷൈനിയും വലിയ പറമ്പിലെ  അച്ചന്റെ (അടുത്ത അയല്‍പക്കക്കാര്‍) മക്കള്‍ റോയിയും ബിജുവുമൊക്കെയായി കണ്ടത്തിന്റെ  വരമ്പും കയറി തോട്ടിലെ തവളയ്ക്ക് കല്ലെറിഞ്ഞും ചാണകത്തില്‍ ചവിട്ടിയതിന് തൊട്ടു കളിച്ചുമെല്ലാം സ്‌കൂളില്‍ പോക്ക് ആഘോഷം തന്നെയായി.
 
ഇതിനിടയിലാണ് സ്‌കൂള്‍ വിട്ടു വന്ന  ഒരു വൈകുന്നേരം അമ്മച്ചി വലിയ ഒരു അത്ഭുതം സമ്മാനിച്ചത്. വീടിനു മുന്നിലുള്ള  മാവില്‍ ഞാന്നു കിടക്കുന്ന ഊഞ്ഞാലില്‍  ഇരുന്ന് തങ്കമ്മയാന്റിയും (അമ്മയുടെ ഇളയ അനുജത്തി ) കൂട്ടുകാരികളും ആടുന്നു. കൂട്ടുകാരി തള്ളി വിടുന്നു. ആന്റി ആടിപ്പോകുന്നു. അമ്പരപ്പും സന്തോഷവും കൊണ്ട് ഞാന്‍ വാ പൊളിച്ചു പോയി.

എന്താ അമ്മച്ചീ ഊഞ്ഞാല്‍ കെട്ടിയത്. 'എടാ നാളെ പിള്ളാരോണമാണ്. പിള്ളാരോണമെന്നു പറഞ്ഞാല്‍ കുട്ടികളുടെ   ഓണം.  നിങ്ങള്‍ക്ക് വേണ്ടി കെട്ടിയതാണ് ഊഞ്ഞാല്‍ . നാളെ സ്‌കൂല്‍ പോകേണ്ട . നല്ല സദ്യയൊക്കെ ഉണ്ടാക്കിത്തരാം.' ചേട്ടനെ തള്ളിമാറ്റി ഊഞ്ഞാലിലേക്ക് കയറുന്നതിനിടെ അമ്മച്ചിയുടെ വാക്കുകള്‍ കേട്ടു.

പിറ്റേന്ന് അമ്മച്ചി വാക്കു പാലിച്ചു. തങ്കമ്മയാന്റിയും ഏലിയാമ്മയാന്റിയും (അമ്മയുടെ അനുജത്തിമാര്‍) ഞങ്ങള്‍ കുട്ടികളെയെല്ലാം കുളിപ്പിച്ച്  സുന്ദരക്കുട്ടപ്പന്‍മാരാക്കി. അടുക്കളയില്‍ നിന്നും പപ്പടം കാച്ചുന്നതിന്റെയും അവിയലിന് താളിക്കുന്നതിന്റെയുമൊക്കെ മണം മൂക്കിലൂടെ അടിച്ചു കയറുന്നു. നല്ല ഞാലിപ്പൂവന്‍ വാഴയുടെ തൂശനിലയില്‍ പിള്ളേരോണ സദ്യ അമ്മച്ചി വിളമ്പി. പപ്പടവും പരിപ്പും സാമ്പാറും തോരനുമൊക്കെയായി നല്ല സദ്യ. ഞങ്ങള്‍ വയറു നിറയെ കഴിച്ചു. അതു കഴിഞ്ഞ് വീണ്ടും ഊഞ്ഞാലാട്ടത്തിലേക്ക്. ഇന്നും ഓര്‍മയില്‍ നില്‍ക്കുന്ന ആദ്യത്തെ ഓണ സദ്യ.

ുശഹഹലൃീിമാപിന്നീട് ഓണത്തിനും അമ്മച്ചി ഇതുപോലെ സദ്യയൊരുക്കി. അന്ന് പായസം കൂടിയുണ്ടായിരുന്നു.  അമ്മവീട്ടില്‍ വര്‍ഷത്തില്‍ മൂന്നു ദിവസമേ ഇതുപോലെ പൂര്‍ണമായും വെജിറ്റേറിയന്‍ ഭക്ഷണം ഒരുക്കുമായിരുന്നുള്ളൂ. പിള്ളാരോണത്തിനും ഓണത്തിനും പിന്നെ ദു:ഖവെളളിയാഴ്ചയും. അമ്മയുടെ വീട്ടില്‍ നിന്നു പഠിച്ച നാലു വര്‍ഷവും പിള്ളാരോണം ഗംഭീരമായി തന്നെ ആഘോഷിച്ചു. ഓണത്തിന് ചിക്കന്‍ കൂട്ടുന്ന കോഴിക്കോടുകാരും മട്ടണ്‍ കഴിക്കുന്ന കണ്ണൂരുകാരും കോട്ടയംകാരന്‍ നസ്രാണിയുടെ പിള്ളാരോണക്കഥകള്‍ കേട്ട് വണ്ടറടിച്ചു നില്‍ക്കുമ്പോള്‍ നനവുള്ള ഒരു ഓര്‍മയായി അമ്മച്ചി കൂടെയുണ്ടാകും.

തനി കുട്ടനാട്ടുകാരിയായ അമ്മച്ചി പാചകകലയിലെ ചെറിയ ഒരു നാട്ടുരാജ്ഞിയായിരുന്നു. അമ്മച്ചിയുടെ കൈകൊണ്ടുണ്ടാക്കിയ വെള്ളേപ്പവും പാലപ്പവും കൊഴുക്കട്ടയും വട്ടയപ്പവും കുമ്പിളപ്പവും പുട്ടും  ഇലയടയുമൊക്കെ ഞങ്ങള്‍ക്ക് രുചിയുടെ താജ്മഹലുകളാണ് സമ്മാനിച്ചത്. മീനും ഇറച്ചിയുമൊക്കെ അമ്മച്ചിയുടെ കൈക്രിയകളില്‍ കൂടി കടന്നുപോകുമ്പോള്‍ രുചികരമായ സ്റ്റൂവും പെരളനും മുളകരച്ച കറിയുമൊക്കെയായി മാറും. സ്‌നേഹത്തോടെ അതു തരുമ്പോള്‍ സ്വാദ് ഇരട്ടിക്കുകയും ചെയ്യും. ഇതൊക്കെ ഉണ്ടാക്കുക മാത്രമല്ല ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കുമൊക്കെ സ്‌നേഹത്തോടെ കൊടുക്കുകയും ചെയ്യും. അമ്മച്ചിയുടെ കൈപ്പുണ്യത്തിന്റെ രുചി അറിയാത്തവര്‍ കുറുമ്പനാടം കരയില്‍ കാണില്ല.

നാലാം ക്ലാസുകൊണ്ട് അമ്മ വീട്ടിലെ താമസം അവസാനിച്ചെങ്കിലും ജോലി കിട്ടി പോകുന്നതുവരെ അമ്മച്ചിക്കൊപ്പം  നിഴലായി കഴിയാന്‍ സാധിച്ചുവെന്നതാണ് എനിക്ക് കിട്ടിയ പുണ്യം. അമ്മച്ചിയുടെ മരണ ദിവസത്തെ എന്റെ അനുഭവം കൂടി പറയാതെ ഈ കുറിപ്പ് പൂര്‍ണമാകില്ല. 1999 ജൂണിലാണ്. അമ്മച്ചി മരണത്തോടടുത്തു കിടക്കുമ്പോള്‍ , അച്ചാച്ചന്റെ  (എന്റെ അച്ഛന്‍ ) കാലിലെ ഓപ്പറേഷന് ഞങ്ങള്‍ കൊച്ചി അമൃത ആശുപത്രിയിലാണ്. ചില ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഓപ്പറേഷന്‍ മാറ്റി വച്ചതിനാല്‍ ഒരു വ്യാഴാഴ്ച ഞങ്ങള്‍ തിരികെ  വീട്ടിലെത്തി. 
പിറ്റേന്ന് രാവിലെ എട്ടു മണിയായിട്ടുണ്ട്. ഞാന്‍ സിറ്റൗട്ടില്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ദേഹം മുഴുവന്‍  ഒരു വിറയല്‍. അര മണിക്കൂര്‍ കഴിഞ്ഞു കാണും. 

വീട്ടിലെ ലാന്‍ഡ് ഫോണ്‍ ശബ്ദിച്ചു. അങ്കിളാണ്. അമ്മച്ചി പോയി. അരമണിക്കൂറായി. എന്റ ശരീരത്തിലൂടെ വിറയല്‍ കടന്നു പോയ സമയം.
മനുഷ്യരെ വലുപ്പച്ചെറുപ്പമില്ലാതെ ഇത്രയും സ്‌നേഹിച്ച ഒരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല. ആളുകള്‍ അമ്മച്ചിയെ എത്രമാത്രം സ്‌നേഹിച്ചിരുന്നെന്നതിന്റെ തെളിവായിരുന്നുവല്ലോ ജൂണിലെ ആ ഞായറാഴ്ച വൈകുന്നരം കുറുമ്പനാടം അസംപ്ഷന്‍ പള്ളിയില്‍ അമ്മച്ചിയെ യാത്രയാക്കാന്‍ കൂടിയ ജനക്കൂട്ടം. ഓഗസ്റ്റ് ഏഴിന് വീണ്ടുമൊരു പിള്ളേരോണം വരുമ്പോള്‍ അമ്മച്ചിയുടെ ജ്വലിക്കുന്ന ഓര്‍മകളും ആദ്യത്തെ പിള്ളേരോണവും മായാതെ മനസ്സിലുണ്ട്.

Content Highlight: Pilleronam Onam memories  2021