ണത്തിന് കുടുംബത്തോടൊപ്പം ഗുരുവായൂരമ്പലത്തിൽ ദർശനം നടത്തണമെന്നത് വിവാഹം കഴിഞ്ഞ കാലം മുതലുള്ള ആഗ്രഹമായിരുന്നു. പല പല കാരണങ്ങളാൽ നടക്കാതെ പോയി. 2016 ലെ ഓണത്തോടനുബന്ധിച്ചുള്ള നാളുകളിലൊന്നിലായിരുന്നു ഭാര്യയുടെ കസിൻ സഹോദരിയുടെ വിവാഹം നടത്താൻ നിശ്ചയിച്ചത്. വേദി ഗുരുവായൂരമ്പലവും. സെപ്തംബർ 4ാം തീയതിയായിരുന്നു എന്നാണ് ഓർമ്മ. വൈകീട്ട് ആശുപത്രിയിലെ തിരക്കുകൾ കഴിഞ്ഞശേഷം കുടുംബ സമേതം രാത്രിയോടെ ഗുരുവായൂരിലെത്തി. 

വിവാഹത്തിന്റെ ഒരുക്കങ്ങളിൽ കുടുംബത്തോടൊപ്പം പങ്കാളിയായി. രാത്രി പന്ത്രണ്ടരയായപ്പോൾ കുടുംബത്തോടൊപ്പം നടക്കാനിറങ്ങി. കിഴക്കേ നടയ്ക്ക് മുൻപിലെത്തി. നട അടഞ്ഞ് കിടക്കുകയാണ്. പുറത്ത് നിന്നും കൈകൾ കൂപ്പി പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത്. ഹോസ്പിറ്റലിൽ നിന്നാണ്. ശ്വാസകോശത്തിൽ എന്തോ വസ്തു കുടുങ്ങി ഗുരുതരാവസ്ഥയിൽ ഒരു കുട്ടി ആശുപത്രിയിലെത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് എത്തിച്ചേരണം.

ഒഴിവുകഴിവുകൾ പറയാൻ സാധിക്കുമായിരുന്നില്ല. ദൂരെയുള്ള ഡോക്ടർമാർ പലരും നാട്ടിൽ പോയിരിക്കുകയാണ്. ബ്രോങ്കോസ്‌കോപ്പി ചെയ്യേണ്ടി വരാൻ സാധ്യതയുള്ളതിനാൽ അതിൽ പരിചയസമ്പന്നരായവർ തന്നെ നിർബന്ധമാണ്. അല്ലെങ്കിൽ കൊച്ചിയിലേക്കോ മംഗലാപുരത്തേക്കോ കൊണ്ടുപോകേണ്ടി വരും. അത്രയും സമയം കുട്ടി അതിജീവിക്കുമോ എന്ന് പറയാനുമാകില്ല. രണ്ട് വട്ടം ആലോചിക്കാനുള്ള സമയം പോലുമില്ല. 

'ബാക്കി സജ്ജീകരണങ്ങളെല്ലാം ഒരുക്കിക്കോളൂ, ഞാനെത്താം'. ഭാര്യയെ മറ്റുള്ള കുടുംബാംഗങ്ങളുടെ കൂടി റൂമിലേക്ക് പറഞ്ഞയച്ചു. അതേ വേഷത്തിൽ കാറിൽ കയറി കോഴിക്കോട്ടേക്ക് തിരിച്ചു. ഗുരുവായൂർ മുതൽ കോഴിക്കോട് വരെ 100 കിലോമീറ്ററിലധികം ദൂരമുണ്ട്. ചെറിയ മഴയുമുണ്ട്, വഴിയും മോശമാണ്. എന്നിരുന്നാലും എത്രയും പെട്ടെന്ന് എത്തിച്ചേരണം. സ്പീഡോമീറ്ററിൽ സൂചിയുടെ വേഗം വർധിച്ചതൊന്നും ശ്രദ്ധയിൽ പെട്ടിരുന്നില്ല. പുലർച്ചെ ഒരു മണിക്കാണ് ഗുരുവായൂരിൽ നിന്ന് ഇറങ്ങിയത്. രണ്ട് മണികഴിഞ്ഞപ്പോൾ കോഴിക്കോടെത്തി. സ്‌കാൻ റിപ്പോർട്ട് പരിശോധിച്ചു. പേനയുടെ മൂടി വിഴുങ്ങിപ്പോയതാണ്. പേനയുടെ മൂടി വായിൽ വെച്ച് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഉറങ്ങിപ്പോയതോ മറ്റോ ആവണം. അന്നനാളത്തിലേക്ക് പോകുന്നതിന് പകരം കൃത്യമായി  ശ്വാസകോശത്തിൽ തന്നെ എത്തിച്ചേർന്നിട്ടുണ്ട്. അതീവ ഗൗരവതരമായ അവസ്ഥ

ബ്രോങ്കോസ്‌കോപ്പി ചെയ്താൽ മാത്രമേ കുട്ടിയുടെ ജീവൻ രക്ഷിക്കുവാൻ സാധിക്കുകയുള്ളൂ. ഫോണിൽ നിർദ്ദേശം നൽകിയിരുന്നതിനാൽ ഞാനെത്തും മുൻപ് തന്നെ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഒട്ടും താമസിയാതെ കുട്ടിയെ ബ്രോങ്കോസ്‌കോപ്പിക്ക് വിധേയനാക്കി. അരമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ മറ്റ് ബുദ്ധിമുട്ടുകളൊന്നും സംഭവിക്കാതെ മൂടി പുറത്തെടുത്തു. കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു. മൂന്ന് മണിയോടെ തിരികെ ഗുരുവായൂരിലേക്ക് വീണ്ടും യാത്ര. ഇത്തവണ ഗുരുവായൂരെത്തുമ്പോൾ സമയം പുലർച്ചെ അഞ്ചര. രണ്ടര മണിക്കൂർ എടുക്കേണ്ട യാത്രയാണ് ഒരു മണിക്കൂർ പത്ത് മിനിട്ടുകൊണ്ട് പൂർത്തിയാക്കിയത് എന്ന് അപ്പോഴാണ് ഓർക്കുന്നത്. ജീവിതത്തിലിന്നുവരെയോ അതിന് ശേഷമോ ആ വേഗതയിൽ ഞാൻ വാഹനമോടിച്ചിട്ടില്ല.

പ്രതീക്ഷിച്ചത് പോലെ തന്നെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള സന്ദേശവും കുറേ ഫോട്ടോകളുമെത്തി. അമിത വേഗതയിൽ വാഹനമോടിച്ചതിന് നാല് സ്ഥലങ്ങളിൽ സ്പീഡ് ക്യാമറ എന്റെ വാഹനത്തിന്റെ ചിത്രം ഒപ്പിയെടുത്തിരിക്കുന്നു. എന്തായിരുന്നാലും ആ ഓണം എനിക്ക് മറക്കാനാകാത്തതാണ്. ഭാര്യാ സഹോദരിയുടെ വിവാഹം, ഗുരുവായൂരമ്പല ദർശനം ഒപ്പം ഒരു ജീവൻ രക്ഷിക്കാൻ സാധിച്ച ചാരിതാർത്ഥ്യവും.

(കോഴിക്കോട് ആസ്റ്റർ മിംസിലെ റെസ്പിരേറ്ററി മെഡിസിൻ വിഭാഗം കൺസൾട്ടന്റാണ് ലേഖകൻ)