കുറെനാളുകളായി മലയാളി പൂക്കളമിട്ടിരുന്നത് തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ വിരിയുന്ന പൂക്കള്‍ കൊണ്ടാണ്. തോവാളയിലെയും ഗുണ്ടല്‍പേട്ടിലെയും സുന്ദരപാണ്ഡ്യപുരത്തെയും കര്‍ഷകര്‍ നാളുകളായി കേരളത്തിലെ ഓണ പിപണി ലക്ഷ്യമാക്കി പൂകൃഷി ചെയ്യുന്നത്. പാടത്തും പറമ്പിലും കയറി ഇറങ്ങി തുമ്പയും മുക്കുറ്റിയും ഒന്നും പറിക്കാന്‍ സമയമില്ലാതെ വന്നതോടെയാണ് കേരളത്തിന്റെ മുറ്റങ്ങളില്‍  തമിഴവര്‍ പിപണി കണ്ടെത്തിത്തുടങ്ങിയത്.   

തോവാള

തിരുവനന്തപുരത്തുനിന്നു ബാലരാമപുരം, നെയ്യാറ്റിന്‍കര, പാറശ്ശാല കഴിഞ്ഞ് തമിഴകത്തേക്ക് കടന്ന് പത്മനാഭപുരം കൊട്ടാരത്തിന്റെ നാടായ തക്കല പിന്നിട്ട് നാഗര്‍കോവിലില്‍ എത്തും. അവിടെനിന്ന് തിരുനെല്‍വേലിക്കുള്ള വഴിയിലാണ് തോവാള. തിരുവനന്തപുരത്തുനിന്ന് 62 കിലോമീറ്റര്‍, നാഗര്‍കോവിലില്‍നിന്ന് 15 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ദൂരം. 

തോവാള റോഡരികില്‍ത്തന്നെയാണ് പൂ മാര്‍ക്കറ്റ്. വെളുപ്പിന് അഞ്ചുമണിയാവുമ്പോഴേക്കും ജനങ്ങള്‍ വന്നുതുടങ്ങും. മൈതാനത്ത് ടാര്‍പോളിന്‍ നിറച്ച് പൂക്കള്‍ നിരത്താന്‍ തുടങ്ങും. ഹൊസൂരില്‍നിന്ന് മഞ്ഞ ബന്തിപ്പൂക്കളും റോസും മധുരയില്‍നിന്ന് കൊളുന്തും ഡിണ്ടിഗലില്‍നിന്ന് അരളിയും... തുളസിപ്പൂവ്, ഓറഞ്ചുബന്തി, വെല്‍വെറ്റ് പൂക്കള്‍, മുല്ലപ്പൂക്കള്‍ എന്നിവ തോവാളയുടെ പരിസരപ്രദേശങ്ങളില്‍ നിന്നു തന്നെയാണെത്തുന്നത്.

മൈതാനമധ്യത്തില്‍ നിമിഷങ്ങള്‍ കൊണ്ട് പൂക്കുന്നുകള്‍ ഉയരുന്ന കാഴ്ച രസകരമാണ്. നിമിഷാര്‍ധം കൊണ്ട് കണ്‍മുന്നില്‍ വസന്തം വിടരുന്ന സുഖം. പൂവാസംകൊണ്ട് മനംനിറയുന്ന അനുഭവം. പൂവിരിയുന്ന പാടങ്ങള്‍ കാണണമെങ്കില്‍ പഴപൂരില്‍ പോവണം. മുല്ലത്തോട്ടങ്ങളാണ് അവിടെയെല്ലാം. അറബിക്കടലില്‍നിന്നുള്ള കാറ്റും ബംഗാള്‍ ഉള്‍ക്കടലില്‍നിന്നുള്ള കാറ്റും സംഗമിക്കുന്ന മണ്ണില്‍ മുല്ലപ്പൂവിന് മണം കൂടുതലാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ഗുണ്ടല്‍പേട്ട്

ചെണ്ടുമല്ലിയും ജമന്തിയും വിടര്‍ന്ന് പുഞ്ചിരിതൂകി നില്‍ക്കുന്ന ഗുണ്ടല്‍പേട്ട് ആരെയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്. സമീപത്തെ ഗോപാലസ്വാമിബേട്ടയില്‍ കയറിനോക്കിയാല്‍ ഈ മലയില്‍നിന്ന് പൂവട്ടക തട്ടിച്ചിന്നിയതുപോലെ  തോന്നും. ജൂണ്‍, ജൂലായ്, ആഗസ്ത് മാസങ്ങള്‍ ഗുണ്ടല്‍പേട്ടിന് പൂക്കാലമാണ്. 

കോഴിക്കോട്ടുനിന്ന് വയനാട് കയറി മുത്തങ്ങ പൊന്‍കുഴിവഴി മൈസൂര്‍റോഡിലേക്ക് കടന്നാല്‍പ്പിന്നെ 38 കിലോമീറ്ററേയുള്ളൂ ഗുണ്ടല്‍പേട്ടിന്. ബന്ദിപൂര്‍ കാടുകള്‍ പിന്നിട്ടാല്‍ ഗുണ്ടല്‍പേട്ട് താലൂക്കിലെ മദൂര്‍ ഗ്രാമമായി. വനമേഖല അവിടെ കഴിയുന്നു. പൂന്തോട്ടങ്ങളില്‍ നിന്ന് ഒപ്പിയെടുത്ത പൂക്കളുടെ ഇളം സുഗന്ധം പരത്തിയെത്തുന്ന കാറ്റ് ഗുണ്ടല്‍പേട്ടിന്റെ സാമീപ്യമറിയിക്കും. ആ പൂമണത്തിന്റെ ഉറവിടം തിരയുന്നതിനു മുമ്പുതന്നെ വിശാലമായ പൂപ്പാടങ്ങള്‍ ദേശീയപാതയ്ക്ക് ഇരുവശങ്ങളിലുമായി പ്രത്യക്ഷമായി തുടങ്ങും.

റോഡരികില്‍ത്തന്നെ പൂപ്പാടങ്ങള്‍ കാണാം. പക്ഷേ, വിശാലമായ പശ്ചാത്തലത്തില്‍ നിറങ്ങളണിഞ്ഞുനില്‍ക്കുന്ന പൂപ്പാടങ്ങള്‍ കാണാന്‍ അകത്തോട്ട് സഞ്ചരിക്കണം. ഗോപാലസ്വാമിബേട്ടയില്‍ പോയാല്‍ ഒരുവശം കൊടുംകാടും മറുവശം അനന്തതയിലേക്ക് പടരുന്നപോലെ വയലുകളും. അതില്‍ ഒട്ടുമിക്കതും പൂപ്പാടങ്ങളുമായിരിക്കും. നീലഗിരി മലകളെ തൊട്ടുരുമ്മി കിടക്കുന്ന കുന്നുകളിലേക്ക് നീണ്ടു പരന്നുകിടക്കുന്നതാണ് ഇവിടത്തെ പൂപ്പാടങ്ങള്‍. തട്ടുതട്ടായി കിടക്കുന്ന മലര്‍വാടികളെ വിദൂരത്തില്‍നിന്ന് വീക്ഷിച്ചാല്‍ ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള പട്ടുമത്തെകള്‍ നിരത്തി ഇട്ടതുപോലെയാണ്. 

ഓണക്കാലത്ത് കേരളത്തിലെ പൂക്കളങ്ങള്‍ക്ക്  വര്‍ണശോഭ പകരുന്നത് ഇവിടെ നിന്നുമത്തെുന്ന ഓറഞ്ച് ചെണ്ടുപൂക്കളാണ്. ഈ പൂക്കളുടെ വിലക്കുറവ് കേരള വിപണിക്ക് പ്രിയപ്പെട്ടതായി. പക്ഷേ, ഇവിടത്തെ തോട്ടങ്ങളില്‍ വിരിയുന്ന പൂക്കള്‍ കേരള പുഷ്പവിപണികളില്‍ എത്തുന്നത് ഓണത്തിലെ പത്തു ദിവസം മാത്രമാണ്. അത് കഴിഞ്ഞാല്‍ പുറംവിപണികളിലേക്ക് ഇവിടെനിന്ന് നേരിട്ട് വില്‍ക്കാറില്ല. വന്‍ സ്വകാര്യ കമ്പനികള്‍ക്കുവേണ്ടി വ്യാവസായികാടിസ്ഥാനത്തിലാണ് ഇവിടെ പൂക്കള്‍ കൃഷി ചെയ്യുന്നത്. 
 
സുന്ദരപാണ്ഡ്യപുരം 

മലയാളമണ്ണിലേക്ക് ഓണനിലാവെത്തും മുമ്പേ വസന്തം വിരിയുന്ന നാടാണ് സുന്ദരപാണ്ഡ്യപുരം. നമുക്ക് പൂവിടാന്‍ ജമന്തിയും ചെണ്ടുമല്ലിയും റോസും വിളയുന്ന പൂപ്പാടങ്ങള്‍ സുന്ദരപാണ്ഡ്യപുരത്തിന്റെ കാഴ്ചകളാണ്. പൂപ്പാടങ്ങളുടെ ആകര്‍ഷണീയത മാത്രമല്ല തമിഴ്നാടിന്റെ ഗ്രാമീണസൗന്ദര്യവും ഇവിടെ നിങ്ങള്‍ക്ക് പകര്‍ന്ന് തരും. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ തെങ്കാശിക്കടുകത്താണ് ഈ കര്‍ഷകഗ്രാമം. 

തിരുവനന്തപുരത്ത് നിന്ന് 120 കിലോമീറ്റര്‍ ദൂരത്താണ് തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലുള്‍പ്പെടുന്ന സുന്ദരപാണ്ഡ്യപുരം. തിരുവനന്തപുരത്ത് നിന്ന് തെങ്കാശി വഴി ഇവിടെ എത്തിച്ചേരാം. തെന്മല ആര്യങ്കാവ് ചെങ്കോട്ട വഴി സഹ്യപര്‍വതച്ചെരിവിലൂടെയുള്ള ഈ യാത്ര പോലും മനം കുളിര്‍പ്പിക്കുന്നതാണ്. പുനലൂര്‍ ചെങ്കോട്ട റെയില്‍പ്പാതയുടെ ഭാഗമായ പ്രശസ്തമായ കണ്ണറപ്പാലങ്ങളും ഈ പാതയോരത്താണ്.

തെന്മല ആര്യങ്കാവ് വഴി തെങ്കാശി പിന്നിട്ടാല്‍ പൂക്കള്‍ വാരിവിതറിയപോലെ ചെണ്ടുമല്ലിയും ജമന്തിയും കൃഷി ചെയ്യുന്ന പാടങ്ങള്‍ കണ്‍മുന്നില്‍ തെളിയും. ചിങ്ങം പിറക്കുന്നതോടെ പൂക്കളുടെ വിപണി സജീവമാകും. കേരളത്തിലെ ഓണവും കല്യാണസീസണും പൂക്കളുടെ വിലയും കര്‍ഷകന്റെ മനസും നിറയ്ക്കും. അതുവരെ കിലോയ്ക്ക് ഇരുപതോ മുപ്പതോ രൂപ വില ലഭിച്ചിരുന്ന പൂക്കള്‍ക്ക് വില ഇരട്ടിയിലധികമാകും. 

സുന്ദരപാണ്ഡ്യപുരം, ആയ്ക്കുടി, സാമ്പര്‍വടകരൈ എന്നിവടങ്ങളിലെല്ലാം ആയിരക്കണക്കിന് ഏക്കര്‍ പ്രദേശത്താണ് പൂക്കള്‍ കൃഷി ചെയ്യുന്നത്. ഇവിടങ്ങളില്‍ റോഡിന് ഇരുവശവും വര്‍ണപ്പൂക്കളുടെ മനോഹര കാഴ്ച മാത്രം. സുന്ദരപാണ്ഡ്യപുരത്ത് മാത്രം അയ്യായിരത്തിലധികം ഏക്കറില്‍ സൂര്യകാന്തി കൃഷി ചെയ്യുന്നുണ്ട്. പൂ കൃഷിക്ക് പൂറമേ ചോളം, റാഗി, ബാര്‍ലി, തക്കാളി, ബീന്‍സ്, വെറ്റില എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

Content Highlight: Onam Flower Farming