പ്പറേഷന്‍ ജാവയിലെ കഥാപാത്രത്തിലൂടെ 'തഗ് അമ്മ'യെന്ന വിളിപ്പേര് ലഭിച്ച നടിയാണ് സ്മിനു സിജോ. ട്രോളുകളിലും തഗ് വീഡിയോകളിലും നിറഞ്ഞുനില്‍ക്കുന്ന ഈ ചങ്ങനാശ്ശേരിക്കാരി കുറഞ്ഞ നാളുകള്‍ കൊണ്ടാണ് പ്രേക്ഷകരുടെ മനംകവര്‍ന്നത്. സ്‌കൂള്‍ ബസ് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് സ്മിനു, ഞാന്‍ പ്രകാശന്‍, കെട്ട്യോളാണെന്റെ മാലാഖ, പ്രീസ്റ്റ്, ഓപ്പറേഷന്‍ ജാവ തുടങ്ങിയ ഇരുപതോളം ചിത്രങ്ങളില്‍ ഇതുവരെ വേഷമിട്ടു. ഓണ സിനിമകള്‍ റിലീസ് ചെയ്ത് തിയേറ്ററുകളെല്ലാം നിറഞ്ഞുനില്‍ക്കുന്ന ഒരു ഓണക്കാലമായിരുന്നു സ്മിനുവും ആഗ്രഹിച്ചിരുന്നത്. അതില്ലാത്തതിന്റെ ചെറിയൊരു നിരാശയുണ്ടെങ്കിലും ഓണവിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് മുന്‍ ഹാന്‍ഡ് ബോള്‍ താരം കൂടിയായ സ്മിനു.  

ഓണം, അത് കുട്ടിക്കാലത്ത്...

എല്ലാവരും പറയുന്നതുപോലെ കുട്ടിക്കാലത്തെ ഓണം ഓര്‍മകള്‍ തന്നെയാണ് ഇന്നും മനസില്‍ തങ്ങിനില്‍ക്കുന്നത്. എല്ലാവരും ഒരുമിച്ചുകൂടി പൂവ് പറിക്കുന്നതും പൂക്കളമിടുന്നതും സദ്യ കഴിക്കുന്നതുമെല്ലാം ഇന്നും മനസിലുണ്ട്. പശുവും പുലിയും കളിയും ഊഞ്ഞാലാട്ടവുമെല്ലാം അത്രയേറെ ആസ്വദിച്ചിരുന്നു. അക്കാലത്ത് ഇന്നത്തെപ്പോലെ വീടുകളില്‍ ടി.വിയൊന്നും ഇല്ലല്ലോ. ഉണ്ടെങ്കില്‍തന്നെ അതില്‍ ദൂരദര്‍ശന്‍ മാത്രമായിരുന്നു. ദൂരദര്‍ശനിലെ അന്നത്തെ ഓണപ്പരിപ്പാടികളും നൊസ്റ്റാള്‍ജിയയാണ്. 

റിലീസിനായി കാത്തിരിക്കുന്നു...

പ്രേക്ഷകരെപ്പോലെ ഞാനും സിനിമകളെല്ലാം റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ്. ഞാന്‍ അഭിനയിച്ച ഭ്രമം ഉള്‍പ്പെടെയുള്ള സിനിമകള്‍ റിലീസ് ചെയ്യാനുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ കുറച്ചുനല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരേയേറെ സന്തോഷമുണ്ട്. 

sminu
സ്മിനു സിജോ ഭര്‍ത്താവ് സിജോ, മകന്‍ സെബിന്‍, മകള്‍ സാന്ദ്ര എന്നിവര്‍ക്കൊപ്പം

തഗ് അമ്മയായി സ്വീകരിച്ചതില്‍ സന്തോഷം...

ഓപ്പറേഷന്‍ ജാവയിലെ കഥാപാത്രത്തെ തഗ് അമ്മയായി പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷം. നായകകഥാപാത്രത്തിന്റെ അമ്മയായാണ് ഓപ്പറേഷന്‍ ജാവയില്‍ അഭിനയിച്ചത്. ഒരു ചെറിയ കഥാപാത്രമായി ഒതുങ്ങിപ്പോകുമെന്നാണ് കരുതിയത്. ആ കഥാപാത്രത്തിന് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചുനല്‍കിയ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയോട് അത്രയേറെ കടപ്പാടുണ്ട്. തഗ് അമ്മയായി പ്രേക്ഷകര്‍ ഇരുകൈനീട്ടി സ്വീകരിച്ചതിലും സന്തോഷം.

ഹൃദയംനിറഞ്ഞ ഓണാശംസകള്‍...

പ്രേക്ഷകരുടെ സ്‌നേഹവും പിന്തുണയുമാണ് എന്റെ ശക്തി. ഇനി അഭിനയിക്കുന്ന സിനിമകളിലും പ്രേക്ഷകരുടെ പൂര്‍ണപിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍... 

Content Highlight: Actress sminu sijo onam memories