തിളങ്ങുന്ന കണ്ണുകളും കുസൃതിച്ചിരിയുമായി മലയാളി മനസില്‍ ഇടം നേടിയ താരമാണ് നന്ദന വര്‍മ. അയാളും ഞാനും തമ്മില്‍, ഗപ്പി, വാങ്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നന്ദന ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ തിരക്കുകളിലാണ്. ചെന്നൈ എ.എം ജയിന്‍ കോളേജില്‍ ക്രിമിനോളജിയില്‍ ബിരുദം ചെയ്യുന്ന നന്ദനയുടെ ഇത്തവണത്തെ ഓണം തൃപ്പൂണിത്തുറയിലെ വീട്ടിലാണ്. എങ്കിലും കോളേജ് ലൈഫും ആഘോഷങ്ങളും മിസ് ചെയ്യുന്നതിന്റെ സങ്കടവും നന്ദന പങ്കുവയ്ക്കുന്നു.

അത്തച്ചമയവും ഓണസദ്യയും

തൃപ്പൂണിത്തുറയാണ് സ്വദേശം. ഓണത്തോടനുബന്ധിച്ച് ഇവിടെ നടക്കുന്ന അത്തച്ചമയം ഏറെ പ്രശസ്തമാണ്. കുട്ടിക്കാലത്തെ ഓണം ഓര്‍മകളില്‍ ഏറെ നിറമുള്ള ആഘോഷവും ഇത് തന്നെയാണ്. എല്ലാവരും കൂടി പോയാണ് അത് കണ്ടിരുന്നത്.  പിന്നെ തറവാട്ടില്‍ കസിന്‍സും മറ്റുമായി ഒത്തുകൂടുന്ന സമയമാണ് ഓണക്കാലം. അന്നായിരിക്കും എല്ലാവരെയും നാളുകള്‍ കൂടി കാണുന്നത്. അത്തം തൊട്ട് തിരുവോണം വരെ ഓരോ തരത്തില്‍ പൂക്കളമൊരുക്കുന്നത് അത്രയേറെ ഉത്സാഹത്തോടെയാണ്. സദ്യയാണ് ഓണം എന്ന് കേള്‍ക്കുമ്പോള്‍ ഏറ്റവും ആദ്യം മനസിലേക്ക് എത്തുക. ഓണക്കാലത്തോടുള്ള ഇഷ്ടങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതും ഈ സദ്യ പ്രിയം തന്നെ.

യൂണിഫോമില്‍ നിന്ന് മോചനം നല്‍കിയ സ്‌കൂളോണം

തൃപ്പൂണിത്തുറ ശ്രീ നാരായണ വിദ്യാപീഠത്തിലായിരുന്നു സ്‌കൂള്‍ കാലം. അവിടുത്തെ ഓണാഘോഷത്തിന്റെ അന്ന് എല്ലാവരും വലിയ ഉത്സാഹത്തിലായിരിക്കും. യൂണിഫോമില്‍ നിന്നുള്ള മോചനം കിട്ടുന്ന ദിവസം കൂടിയാണത്. എല്ലാവരും നല്ല കളര്‍ ഡ്രസ് ഒക്കെ ഇട്ട് ഗെറ്റപ്പിലാകും അന്നേ ദിവസം.  സെലിബ്രേഷനുകളിലൊക്കെ പങ്കെടുക്കാന്‍ വലിയ ഇഷ്ടമാണ്. മത്സരങ്ങളൊക്കെ ഉണ്ടാകാറുണ്ട്. പൂക്കള മത്സരവും മറ്റും ഉണ്ടാകാറുണ്ട്. അതൊക്കെ സന്തോഷം നല്‍കുന്ന ഓണക്കാല ഓര്‍മകളാണ്.

ചെന്നൈയില്‍ ബിരുദം ചെയ്യുകയാണ് ഇപ്പോള്‍ ഞാന്‍. രണ്ടാം വര്‍ഷമായി. പക്ഷേ ഇത് വരെ കോളേജില്‍ പോകാന്‍ സാധിച്ചിട്ടില്ല. ഓണ്‍ലൈന്‍ ക്ലാസാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ കോളേജ് ലൈഫിലെ ഓണാഘോഷങ്ങളൊക്കെ മിസ് ചെയ്യുന്നുണ്ട്. ഇനിയൊരു വര്‍ഷം കൂടിയേ ഉള്ളൂ. അതിന് മുമ്പെങ്കിലും കോളേജില്‍ പോവാന്‍ സാധിക്കണേ എന്നാണ് ഇപ്പോഴത്തെ പ്രാര്‍ഥന. ഇപ്പോള്‍ തൃപ്പുണ്ണിത്തുറയില്‍ തന്നെയാണുളളത്. ഇവിടെ തന്നെയാകും ഇത്തവണത്തെ ഓണാഘോഷം.

nandana varma
നന്ദന വര്‍മ

സെലിബ്രിറ്റി ഓണം

സിനിമയിലേക്ക് വന്ന ശേഷവമുള്ള ഓണാഘോഷങ്ങള്‍ക്ക് വലിയ മാറ്റമൊന്നുമില്ല. ഇത് വരെ അങ്ങനെ സിനിമാ സെറ്റുകളില്‍ ഓണം ആഘോഷിക്കാന്‍ ഒരു അവസരം വന്നിട്ടില്ല. എല്ലാം വീട്ടില്‍ തന്നെയായിരുന്നു. സിനിമയില്‍ വന്ന ശേഷം ഉണ്ടായ മാറ്റം സ്വകാര്യത പലപ്പോഴും ലഭിക്കാറില്ല എന്നതാണ്. പക്ഷേ ആളുകള്‍ വന്ന് പരിചയപ്പെടുന്നതും ഫോട്ടോ എടുക്കുന്നതുമൊക്കെ ഞാനേറെ ഇഷ്ടപ്പെടുന്നുണ്ട്. എങ്കിലും കൂട്ടുകാരുമൊത്ത് പുറത്ത് പോകുമ്പോള്‍ അവര്‍ക്കൊരു ബുദ്ധിമുട്ട് ഉണ്ടാകുമോ എന്ന പ്രശ്‌നമേ ഉള്ളൂ. പൃഥ്വിരാജ് നായകനായെത്തുന്ന ഭ്രമത്തിലാണ് ഇപ്പോള്‍ അഭിനയിച്ചത്. മംമ്ത ചേച്ചി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളുടെ വേഷമാണ്. അതാണ് ഈ ഓണക്കാലത്തെ പുതിയ വിശേഷം.