ടെലിവിഷന്‍ പരമ്പരകളിലും പരിപാടികളിലും നിറസാന്നിധ്യമാണ് നടി മൃദുല വിജയ്. അടുത്തിടെയായിരുന്നു മൃദുലയുടെയും നടന്‍ യുവ കൃഷ്ണയുടെയും വിവാഹം. അതിനാല്‍, ഇത്തവണത്തെ ഓണം മൃദുലയ്ക്ക് വളരെയധികം വിശേഷപ്പെട്ടതാണ്. മൃദുലയുടെ ഓണവിശേഷങ്ങളിലേക്ക് 

സ്‌കൂളിലെ ഓണാഘോഷം ഏറെ പ്രിയപ്പെട്ടത്

വീട്ടിലെ ഓണാഘോഷത്തേക്കാള്‍ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നത് സ്‌കൂളിലെ ഓണാഘോഷമാണ്. ഓണപരീക്ഷ കഴിഞ്ഞ് അവസാനദിവസം ആകുന്നതിനായി കാത്തിരിക്കും അന്ന്. കൂട്ടുകാര്‍ക്കൊപ്പം കൂടി ക്ലാസ് മുറിയില്‍ പൂക്കളമിടും. മാവേലിയായി വേഷം കെട്ടി എല്ലാ ക്ലാസിലും കയറി ഇറങ്ങും. അന്ന് സ്‌കൂളില്‍ കളര്‍ ഡ്രസ് ഇടാന്‍ പറ്റുമെന്നതാണ് ഏറ്റവും സന്തോഷമുള്ള കാര്യം. ജീവിതത്തില്‍ നന്നായി ആസ്വദിച്ചിരുന്ന നിമിഷങ്ങളായിരുന്നു അവയൊക്കെ. സ്‌കൂളില്‍ കുട്ടികള്‍ ഓരോരുത്തരും ഓരോ ഓണവിഭവങ്ങള്‍ കൊണ്ടുവരും. ഒരാളുടെ വക അവിയലാണെങ്കില്‍, മറ്റൊരാളുടെ വക കിച്ചടി. അങ്ങനെയങ്ങനെ. അതെല്ലാവരുമായി പങ്കുവെയ്ക്കും. അങ്ങനെ ഓണസദ്യ സ്‌കൂളില്‍ തന്നെ ഒരുക്കി ഞങ്ങള്‍ ആഘോഷിക്കും.

തിരുവനന്തപുരം കനകക്കുന്ന്, മ്യൂസിയം ഭാഗങ്ങളില്‍ ഓണത്തോടനുബന്ധിച്ച് ഒട്ടേറെ പ്രദര്‍ശനങ്ങളും കലാപരിപാടികളൊക്കെയുണ്ടാകും. കുട്ടികള്‍ക്കു കളിക്കാനായി വ്യത്യസ്ത റൈഡുകളൊക്കെയുണ്ടാകും. അതുകൊണ്ട് ഓണമാകാന്‍ ഞാനും അനുജത്തിയും കാത്തിരിക്കും. അച്ഛനും അമ്മയ്ക്കുമൊപ്പം ഞങ്ങള്‍ അവിടെയൊക്കെ പോയി കളിച്ച് ഉല്ലസിച്ചിരുന്ന നാളുകളാണ് കുട്ടിക്കാലത്തെ ഓണം ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. വീട്ടില്‍ പൂക്കള്‍ അധികം കിട്ടാത്തതിനാല്‍ പൂക്കളമിടല്‍ വളരെ കുറവായിരുന്നു. എന്നാല്‍, ഓണസദ്യ കേമമായി തന്നെ ഉണ്ടാക്കാറുണ്ടായിരുന്നു.

Mridula Vijay

പൂക്കാലം വരവായ് ടീമിനൊപ്പമുള്ള രണ്ടാമത്തെ ഓണം

ആദ്യമായി അഭിനയിച്ച സീരിയലായ കല്യാണസൗഗന്ധികത്തിന്റെ സെറ്റിലാഘോഷിച്ച ഓണമാണ് ഓര്‍മയില്‍ കൂടുതലും തങ്ങി നല്‍കുന്നത്. അന്നത്തെ ഓണാഘോഷത്തിന്റെ ചിത്രങ്ങളൊക്കെ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക്  ആ ചിത്രങ്ങളൊക്കെ എടുത്ത് നോക്കും. അന്ന്, സെറ്റിൽ  അത്തപ്പൂവിടുകയും സദ്യയൊരുക്കുകയും ചെയ്തിരുന്നു. 
 
ഇപ്പോള്‍ പൂക്കാലം വരവായ് എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. ഈ ടീമിന്റെ കൂടെ ഇത് രണ്ടാം തവണയാണ് ഓണം ആഘോഷിക്കുന്നത്. പുലിക്കളിയും ഊഞ്ഞാലാടലും വള്ളംകളിയും ഓണസദ്യയുമൊക്കെയായി ഇത്തവണത്തെ ഓണാഘോഷം ഞങ്ങള്‍ അടിപൊളിയാക്കി.

കോവിഡിനിടയിലെ ഓണാഘോഷം

പഴയരീതിയിലുള്ള ഓണാഘോഷം ഒരിടത്തുമില്ല. നേരത്തെ നമ്മള്‍ നേരിട്ട് പങ്കാളിയാകുന്നില്ലെങ്കില്‍ക്കൂടി വീട്ടിലിരുന്നിട്ടാണെങ്കിലും വിശേഷങ്ങളൊക്കെ പങ്കുവെക്കാന്‍ കഴിയുമായിരുന്നു. കോവിഡ് കാരണം ഏറ്റവും അധികം മിസ് ചെയ്യുന്നത് കനകക്കുന്നിലെയും തിരുവനന്തപുരം മ്യൂസിയത്തിലെയും പ്രദര്‍ശനങ്ങളും കലാപരിപാടികളുമൊക്കെയാണ്. മുമ്പ് ഓണമായാല്‍ കുറെ കാഴ്ചകളൊക്കെ കാണാനുണ്ടായിരുന്നു. അതെല്ലാം കോവിഡ് കാരണം നഷ്ടമായി. ഇപ്പോള്‍ വീട്ടില്‍ തന്നെ ഇരിക്കേണ്ടി വരുന്നു. വീട്ടില്‍ ഇരിക്കുന്നതും ഒരു രസം തന്നെയാണെങ്കിലും പരിപാടികളൊന്നുമില്ലാതെ ഓണം നന്നായി ആസ്വദിക്കാന്‍ കഴിയില്ല. ഓണം മാത്രമല്ല, ഒരു നല്ല വിശേഷങ്ങളും നന്നായി ആസ്വദിക്കാനും പങ്കെടുക്കാനും കഴിയുന്നില്ല.

Mridula Vijay

വിവാഹശേഷമുള്ള ആദ്യ ഓണം

വിവാഹശേഷമുള്ള ആദ്യ ഓണമാണ്. കഴിഞ്ഞ തവണത്തെ ഓണം കോവിഡ് കാരണം വീട്ടിലായിരുന്നു. അച്ഛന്റെയും അമ്മയുടെയും ഒപ്പം വളരെ നല്ല രീതിയില്‍ ഞങ്ങള്‍ ഓണമാഘോഷിച്ചു. അവരോടൊപ്പം കുറേ സമയം ഒരുമിച്ച് ചെലവഴിക്കാന്‍ കഴിഞ്ഞു. 

ഈ വര്‍ഷത്തെ ഓണത്തിന് ഒരു പ്രത്യേകതയുണ്ട്. വിവാഹത്തിനുശേഷമുള്ള ആദ്യ ഓണമാണ്. അതിനു പുറമെ ഇത്തവണത്തെ ഓണം ഭര്‍ത്താവിന്റെ വീട്ടുകാരുടെ കൂടയും എന്റെ അച്ഛനും അമ്മയ്ക്കുമൊപ്പവും ആഘോഷിക്കാന്‍ കഴിയുമെന്നതാണ്. അത് എന്റെ ഒരു ഭാഗ്യമായി കരുതുന്നു. എന്റെ അച്ഛനും അമ്മയും അനുജത്തിയും എല്ലാവരും കൂടെ ഭര്‍ത്താവ് യുവയുടെ നാടായ പാലക്കാട്ടേക്ക് പോകും. അവിടെയായിരിക്കും ഇത്തവണത്തെ ഞങ്ങളുടെ ഓണാഘോഷം. 

Content Highlights: Actress mridula vijay speaks about onam memories