കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് രാവിലെ ഒരു ആറു മണി. സ്ഥലം കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗം. രാത്രി ഷിഫ്റ്റ് കഴിഞ്ഞു രാവിലെ വരുന്ന പകരക്കാരെയും കാത്തിരിക്കുകയാണ്. അപ്പോഴാണ് ട്രോമകെയര്‍ വളണ്ടിയര്‍ ഒരു സ്‌ട്രെച്ചര്‍ തളളി കൊണ്ടു വന്നത്. കൂടെ വന്നവരോരൊക്കെ പുത്തന്‍ വേഷത്തിലാണ്. ഇവരൊക്കെ ഹോസ്പിറ്റലിലേക്ക് തന്നെയാണോ വന്നിരിക്കുന്നതെന്ന് മനസ്സിലോര്‍ത്തുപോയി. എന്തായാലും ഓര്‍ത്തിരിക്കാന്‍ സമയമില്ല. വയ്യാതെ കൊണ്ടുവന്നത് ഒരു അമ്മയെ ആണ്. അവരെ നോക്കി വേണ്ടത് ചെയ്തു. ഹിസ്റ്ററി എടുക്കാന്‍ ചെന്നപ്പോള്‍ തുടങ്ങിയത് ഇങ്ങനെ. ഇന്ന് തിരുവോണം അല്ലേ ഡോക്ടറെ. രാവിലെ എണീറ്റ് കുളിച്ചു എല്ലാവരും അമ്പലത്തില്‍ പോവാന്‍ ഒരുങ്ങിയപ്പോഴാണ് അമ്മയ്ക്ക് തലകറക്കം.

ഓ ശരിയാണല്ലോ. ഇന്ന് തിരുവോണം ആണ്. കാഷ്വാലിറ്റി ഡ്യൂട്ടി എടുക്കുമ്പോള്‍ നാളും നേരവും ഒന്നും ഓര്‍ക്കാന്‍ സമയം കിട്ടാറില്ല. എന്നാലും ഓണമല്ലേ. ഏതെങ്കിലും ഹോട്ടലില്‍ സദ്യ കിട്ടുമോ എന്ന്  നോക്കണം. അങ്ങനെ മനസ്സില്‍ ഉറപ്പിച്ചു അടുത്ത രോഗിയെ നോക്കാനായി നടന്നു. തിരക്ക് കൂടുതലായിരുന്നു. മാസ്സ് കാഷ്വാലിറ്റി. എന്ന് വെച്ചാല്‍ എവിടെയോ ബസ് മറിഞ്ഞു ഒരുപാട് രോഗികള്‍ ഒരുമിച്ച് വന്നു. അപ്പോള്‍ ഷിഫ്റ്റ് ഒന്നുമില്ല. അവരെ എല്ലാം സെറ്റില്‍ ചെയ്യണം. എന്നിട്ടേ ഡ്യൂട്ടി കഴിഞ്ഞ് പോകാന്‍ പറ്റുള്ളൂ. അതെല്ലാം നോകുന്നതിനിടയ്ക്ക് സമയം ഒരുപാട് കഴിഞ്ഞിരിക്കുന്നു. ഒരു രണ്ട് മണി ആയപ്പോള്‍ വോളണ്ടിയര്‍മാര്‍ ആരോ ഒരു ഗ്ലാസ്സില്‍ പായസവുമായി വന്നു. ഓണം അല്ലേ. അങ്ങനെ മണിക്കൂറുകള്‍ക്കു മുന്‍പ് മറന്ന ഓണവും സദ്യയും വീണ്ടും മനസ്സിലേക്കെത്തി.

ഡ്യൂട്ടി ഹാന്‍ഡ് ഓവര്‍ ചെയ്ത് ഇറങ്ങിയപ്പോള്‍ സമയം നാലുമണി. നേരെ പോയത് റോഡിന്റെ അപ്പുറത്തുള്ള ഹോട്ടലില്‍. അധികം ആരുമില്ല. കയറി ഇരുന്നു. വെയിറ്റര്‍ വന്നപ്പോള്‍ ചോദിച്ചു 'ചേട്ടാ സദ്യ ഇല്ലേ. ഓണമല്ലേ''? ''ഡോക്ടറേ സമയം നാലുമണിയായി. സദ്യ ഒന്നുമില്ല. കഴിഞ്ഞു.' അങ്ങനെ അവിടെ ഉണ്ടായിരുന്നത് ബിരിയാണി ആയിരുന്നു. അതും കഴിച്ച് മനസ്സിലോര്‍ത്തു. ഇത്തവണത്തെ ഓണത്തിന് സദ്യ ഇല്ലെങ്കിലും എന്താ. കിട്ടിയത് കിടിലമല്ലേ...
ഓണബിരിയാണി!

അടുത്ത ഓണം തകര്‍ക്കണം എന്ന് മനസ്സില്‍ ഉറപ്പിച്ചു. വര്‍ഷം ഒന്ന് കഴിഞ്ഞു. വീണ്ടും ഓണം എത്തി. ഇത്തവണ ജോലി കിട്ടി ഗവണ്‍മെന്റ് ആശുപത്രിയില്‍ ആണ്. ഇവിടെ സംഗതി അടിപൊളിയാണ്. ഡോക്ടര്‍മാര്‍, സിസ്റ്റര്‍മാര്‍ എല്ലാവരും മിക്‌സ് ആയി ടീം ഒക്കെയുണ്ട്. അങ്ങനെ ഒരു ടീമിന്റെ ലീഡറും ആയി. കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടര്‍ ആണ് ഞാന്‍. കൂടെ ടീമില്‍ ഉള്ളത് 10-15 വയസ്സ് മൂത്തവരാണ്. പക്ഷേ പൂക്കളിടുമ്പോഴും പാട്ട് പാടുമ്പോഴുമോക്കെ പ്രായ ഭേദമന്യേ എല്ലാവരും ഒരേ മനസ്സോടെ, ഒരു സങ്കോചവും ഇല്ലാതെ മലയാളിയുടെ ഓണം എന്ന വികാരം മനസ്സില്‍ ശരിക്കും അറിഞ്ഞ് സന്തോഷിച്ച ഒരോണം ആയിരുന്നു അത്.

അതുകഴിഞ്ഞു ഒന്ന് രണ്ടു വര്‍ഷം വീട്ടില്‍ വീട്ടുകാര്‍ക്കൊപ്പമുള്ള ഓണം. 
പിന്നെ ആയിരുന്നു ഒരു ഒന്നൊന്നര ഓണം. ഇവിടെ അല്ല. അങ്ങ് കര്‍ണാടകയില്‍. പോസ്റ്റ് ഗ്രാജ്വേറ് ചെയ്യുന്ന കാലം. ഓണം ഒരു മാസം മുന്‍പേ ഓര്‍ക്കും. കാരണം സദ്യ കിട്ടുന്ന മൂന്നു സ്ഥലങ്ങള്‍ മാത്രമേ ഉള്ളൂ. നേരത്തെ ബുക്ക് ചെയ്യണം. അങ്ങനെ ബുക്കിങ് ഒക്കെ കഴിഞ്ഞു. നമ്മള്‍ അല്ലേ ഓണം ആഘോഷിക്കുന്നത്. അപ്പോ കൂടെയുള്ള കന്നടിഗ സുഹൃത്തുക്കള്‍ക്കും ഓണ സദ്യ കൊടുക്കണം. അങ്ങനെ ഒരു ഏഴു പേര്‍ക്ക് ബുക്ക് ചെയ്തു. ഓണമായി. രാവിലെ ആശുപത്രിയില്‍ പോയി. ജോലിയൊക്കെ പെട്ടെന്ന് തീര്‍ത്തു. ഒരു 11 മണി ആയപ്പോള്‍ ബുക്ക് ചെയ്ത മെസ്സില്‍ എത്തി. അന്നാണ് എന്റെ കോളജില്‍ ഇത്രയ്ക്ക് മലയാളികള്‍ ഉണ്ടെന്ന് അറിഞ്ഞത്. ഒരു 100 പേര്‍ ഉണ്ടാവും ഞങ്ങളുടെ മുന്‍പില്‍ ക്യൂ നില്‍ക്കാന്‍. അങ്ങനെ സമയം രണ്ടുമണിയായി. ഇലയിട്ട് വെച്ചിരിക്കുന്ന മേശയുടെ അടുത്തെത്തി. ഇതുവരെ ഇത്രയും രുചി സദ്യയ്ക്ക് ഉണ്ടായിട്ടില്ല. പണ്ട് കഴിച്ച ഓണബിരിയാണി ആണ് ഓര്‍മ വന്നത്. അന്ന് കേരളത്തില്‍ ബിരിയാണി. ഇന്നിവിടെ അന്യനാട്ടില്‍ ക്ഷമയുടെ നെല്ലിപടി കാണിച്ചു തന്ന ഓണസദ്യ..

അതങ്ങനെയാണ്. മലയാളിക്ക് ഓണവും ഓണസദ്യയും ഒരു വികാരമാണ്. നാട് ഏതായാലും ഓണവും ആഘോഷവും മാറില്ല.

എന്നാല്‍ ഇത്തവണ എല്ലാം മാറി. എന്നുമില്ലാത്ത പോലെ എല്ലാവരും അവരവരുടെ വീട്ടില്‍ മാത്രമായി ഒതുങ്ങി കൂടുന്ന, ആഘോഷങ്ങള്‍ നാമ മാത്രം ആകുന്ന ഒരു ഓണം.. കൊറോണ ഓണം..

ഇനിയും ഒരുപാട് വ്യത്യസ്തമായ ഓണങ്ങള്‍ ഉണ്ടാവും എന്ന് വിശ്വസിച്ചു കൊണ്ട് അടുത്ത ഓണത്തിനായി കാത്തിരിക്കുന്നു..

(പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളേജിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ആണ് ലേഖിക)

Content Highlights: Onam 2020 Dr Soumya Sathyan shares her Onam memories