കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലത്താണ്. 82 ലെ ഓണക്കാലം. സെഷണൽ പരീക്ഷ കഴിഞ്ഞ് വീട്ടിൽ പോവാൻ, ശനിയും ഞായറുമൊക്കെ ചേർത്ത് ഒരു അഞ്ചു ദിവസം ലീവ് ഒപ്പിച്ചെടുത്തിരുന്നു. അങ്ങിനെ തിടുക്കപ്പെട്ടിരിക്കുമ്പോഴാണ്, പരീക്ഷ കഴിഞ്ഞ ആശ്വാസത്തിൽ കുട്ടുകാരോടൊത്ത് റൂമിൽ ആഹ്ളാദിച്ചിരിക്കുമ്പോൾ , ഒരു ഫോൺ ഉണ്ടെന്ന് ഹോസ്റ്റൽ ഫോൺ ബോയ് വന്നു പറയുന്നത്. ലാന്റ് ഫോൺ മാത്രമുണ്ടായിരുന്ന കാലമാണ്. നോക്കുമ്പോൾ നാട്ടിലെ അടുത്ത സുഹൃത്താണ്. നിന്റെ ആ ജോയിയേയും കൂട്ടി ഒന്ന് ഇങ്ങോട്ട് വരാൻ പറ്റ്വോ , അവൻ കുറച്ച് ടെൻഷനിലാണെന്നു തോന്നി, നീ അന്നു പറഞ്ഞ നാടകം ഒന്ന് സംഘടിപ്പിച്ചാലോ ? നമ്മുടെ പഴയ സ്കൂളിൽ ഒരു നാടകം അവരുടെ ആനി വേഴ്സറിക്ക് ചെയ്തു കൊടുക്കാമെന്ന് ഞാനേറ്റു പോയതാണ്. പക്ഷേ ഡാ , തിങ്കളാഴ്ച ഒരു ഇന്റർവ്യൂ വന്നു, മദ്രാസിൽ. ശനിയാഴ്ച പോണം:.. കഥയിങ്ങനെ: പത്താം ക്ലാസിൽ പഠിക്കുന്ന അവന്റെ വൺവേ പ്രണയിനിയെ ഇംപ്രസ് ചെയ്യാൻ കഷ്ടപ്പെട്ട് നേടിയെടുത്തതാണ് സംവിധായക പട്ടം. അവിടത്തെ മാഷ്മാരുടെ ഗുഡ് ബുക്കിൽ നില്ക്കേണ്ടത് അവന്റെ ആവശ്യമായതിനാൽ എങ്ങിനെയെങ്കിലും നാടകം നടത്തിക്കൊടുത്തേ പറ്റൂ. അതിനാണ് എന്റെ സുഹൃത്തും നാടക നടനും നാടകകൃത്തുമായ ജോയിയെ അവൻ ഓർത്തെടുക്കുന്നത്. ജോയിയുടെ കോഴിപ്പോര് എന്ന നാടകം വായിച്ച് അത് സ്റ്റേജ് ചെയ്യുന്നതിനെക്കുറിച്ച് ഞാൻ അവനോട് , രണ്ടാഴ്ച മുമ്പ് കോഴിക്കോട് ടൗൺഹാളിൽ ഒരു സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കാൻ വന്നപ്പോൾ, പറഞ്ഞിരുന്നു. അതോർമ വെച്ചിട്ടാണ് അവന്റെ ഗറില്ലാ ആക്രമണം. നോക്കട്ടെ, ഞാൻ പറഞ്ഞു. അങ്ങനെ പറയരുത് കുട്ടാ, അവൻ ലൈൻ മാറ്റി, ഞാൻ ചൊവ്വാഴ്ച വൈകുന്നേരം എത്തും. ബുധനാഴ്ച നാടകം കഴിഞ്ഞാൽ നമുക്ക് വയനാട്ടിൽ ഏട്ടന്റെ വീട്ടിലേക്ക് പോവാം. നമ്മൾ കുറേ കാലമായി വിചാരിക്കുന്നതല്ലേ ... കുറുവ ദ്വീപിനടുത്ത് താമസിക്കുന്ന അവന്റെ ഏട്ടന്റെ വീട് അതി മനോഹരമായ ഒരു മലയടിവാരത്തിലായിരുന്നു. ഒരു പ്രാവശ്യം അവിടെ പോയതിനു ശേഷം പറഞ്ഞ് മോഹിപ്പിക്കുകയല്ലാതെ ഞങ്ങളെയാരേയും അവൻ അങ്ങോട്ടു കൊണ്ടുപോയിരുന്നില്ല. നമുക്ക് സുന്ദരനേയും റസാക്കിനേയും വിളിക്കാം. മധുവിനേയും . ഒരു ഉഗ്രൻ പരിപാടി. എടാ കുട്ടാ, എന്നെ ഒന്ന് സഹായിക്ക് ... 

ഒന്നു സംശയിച്ച് നിന്നെങ്കിലും, അവന്റെ പ്രണയ ദു:ഖങ്ങൾ ഞങ്ങളുടേതു കൂടിയായിരുന്നല്ലോ,  ഉടൻ തന്നെ ഞാൻ ജോയിയെ വിളിച്ചു. വിവരം പറഞ്ഞപ്പോൾ, അത്ഭുതം, കക്ഷി റഡി. കോഴിപ്പോരിന്റെ ആദ്യ സ്റ്റേജ് ആയതു കൊണ്ടാവാം. പക്ഷേ തിങ്കളാഴ്ച എനിക്ക് മടങ്ങണം , ജോയി പറഞ്ഞു,. രണ്ടു ദിവസം മതിയോ? ഞാൻ സംശയിച്ചു... പോടാ ചെക്കാ, രണ്ടു മണിക്കൂർ വേണ്ട, അവന്റെ ആത്മ വിശാസം തുളുമ്പി...

അങ്ങനെ ശനിയാഴ്ച രാവിലെ പുറപ്പെട്ട് പത്തുമണിയോടെ വടകരയിലെ എന്റെ തറവാട്ടു വീട്ടിലെത്തി. അമ്മക്ക് വലിയ സന്തോഷം. നാട്ടിൽ മടപ്പള്ളി കോളേജിൽ പഠിക്കുന്ന കാലത്ത് എന്റെ സുഹൃത്തുക്കൾക്ക് വെച്ചു വിളമ്പാൻ അമ്മക്ക് വലിയ താൽപര്യമായിരുന്നു. കുറച്ചു കാലമായി അതില്ല. അതുകൊണ്ടു തന്നെ ഓണക്കാല അതിഥിസൽക്കാരം അമ്മ യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ ഏറ്റെടുത്തു. കല്ലുമ്മക്കായും കൂന്തളും ചെമ്മീനും പാത്രങ്ങളിൽ നിരന്നു. അമ്മയുടെ സ്പെഷൽ പാലട പ്രഥമൻ ജോയി മൂന്നു ഗ്ലാസ് കുടിച്ചു. പിന്നെ അവന്റെ അന്നത്തെ അല്പം നീണ്ട മുടി മാടിയൊതുക്കി കമന്റിട്ടു, അമ്മയുടെ കൈയൊന്നു കാണിക്ക്, ഒന്നു തൊഴാനാ... അമ്മ ചിരിച്ചു പോയി....

സ്കൂളിൽ എല്ലാം റെഡിയായിരുന്നു. ആറു കുട്ടികളാണ് നാടകത്തിൽ. റിഹേഴ്സൽ തുടങ്ങിയതു മുതൽ ജോയി മാറ്റൊരാളായി. വിട്ടുവീഴ്ചയില്ലാത്ത സംവിധായകൻ. തെറ്റുകൾ ആവർത്തിക്കുമ്പോൾ അവന് ദേഷ്യം വരും. അവന്റെ കനത്ത ശബ്ദത്തിലെ ഉച്ചത്തിലുള്ള ചിരിയാണ് അതിന്റെ അടയാളം. കുറച്ചു കഴിഞ്ഞപ്പോഴാണ് ചിരിയുടെ ഗുട്ടൻസ് പിള്ളേർക്ക് പിടികിട്ടിയത്. പക്ഷേ കുട്ടികളെയെല്ലാം രണ്ടു മണിക്കൂറിനുള്ളിൽ, നാടകം കഷ്ടിച്ച് 20 മിനുട്ട് മാത്രമേ ഉള്ളൂ ,അടി പൊടി നടന്മാരാക്കി മാറ്റി ജോയി. അന്നു രാത്രി ഞങ്ങൾ, മധുവും ഞാനും ജോയിയും ബാലകൃഷ്ണനും , നടന്ന് ലോകനാർ കാവിൽ പോയി. ഓണക്കാല നിലാവത്ത്  പാട്ടൊക്കെ പാടി ഒരു അടിപൊളി നിശീഥ യാത്ര. ജോയി ഒരു ഹിന്ദി പാട്ട് പാടിയിരുന്നു. പാട്ടേതാണന്ന് മറന്നു പോയി.. രാത്രി ഒരു മണിക്കാണ് വീട്ടിലെത്തിയത്. വോൾട്ടേജ് കുറവായതു കൊണ്ട് അരണ്ട വെളിച്ചത്തിൽ കപ്പ, മീൻ മുളകിട്ടത്, എളമ്പക്ക തോരൻ , ചെമ്മീൻ ചമ്മന്തി.... ടാജിൽ നാട്യ കലാ ഗ്രൂപ്പിന്റെ കൂടെ പോയപ്പോഴും ഇതേ ആംബിയൻ സായിരുന്നു മക്കളേ ... ജോയി തലമുടി മാടിയൊതുക്കിക്കൊണ്ടു പറഞ്ഞു, മങ്ങിയ വെളിച്ചം, പേരറിയാത്ത മീങ്കറി, ഉലർത്തിയ ബീഫ് ... .. ഹ ഹ ഹ .... എഴുന്നേറ്റ് അമ്മയെ തൊഴുതിട്ടാണവൻ ഉറങ്ങാൻ വന്നത്.

ഞായറാഴ്ച രാവിലെ ഒൻപതു മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ തുടർച്ചയായി റിഹേഴ്സൽ ആയിരുന്നു. അവസാനത്തെ 'ടെയ്ക്ക്' ക്ലീൻ ആന്റ് പെർഫെക്ററ്. പിള്ളേർ അവന്റെ പ്രതീക്ഷക്കപ്പുറത്തേക്ക് പെർഫോം ചെയ്തിരിക്കണം.കൂട്ടത്തിൽ ചോട്ടയെ വിളിച്ച് പോക്കറ്റിൽ നിന്ന് കാശ് എടുത്തു കൊടുത്ത് അവൻ പറഞ്ഞു, നീ പോയി ആറ് ലഡു വാങ്ങി വാ..ഞങ്ങൾ വയസ്സൻമാർക്ക് വേണ്ട ... ഹ ഹ ഹ ..

അന്നു രാത്രി വീട്ടിനടുത്തുള്ള വലിയൊരു പാറയിലേക്കായിരുന്നു ഞങ്ങളുടെ യാത്ര . മലർന്ന് കിടന്ന് ജോയി ചൊല്ലിയ കിരാതവൃത്തം ആ നിലാവുള്ള ഓണക്കാലരാത്രിയിൽ ഒരു സൈക്കഡലിക് സ്വപ്നം പോലെ തോന്നി ...

പിറ്റേ ദിവസം രാവിലെ അവനെ യാത്രയാക്കാൻ ബസ് സ്റ്റാൻഡ് വരെ ഞാനും ബാലകൃഷ്നും പോയി. ഇനി ചിലപ്പോൾ നമ്മൾ കാണുന്നത് ഞാൻ  സിനിമാ നടൻ ആയ ശേഷമായിരിക്കും ട്ടോ മക്കളേ .. , ജോയ് പറഞ്ഞു, അന്നവൻ അമ്മ അറിയാനിലെ നായകനായിട്ടില്ല, ഒഡേസ ചർച്ചകളാണ് രാവും പകലും, ജോൺ ഉടൻ വർക്ക് തുടങ്ങും ന്നാ പറഞ്ഞത് . കൈ വീശി യാത പറഞ്ഞ് അവൻ ബസ്സിൽ കയറി ...

വർഷങ്ങൾക്കു ശേഷം 'ഷട്ടർ' കണ്ട ഉടൻ ഞാനവനെ വിളിച്ചു. അഭിനന്ദനങ്ങൾ പറഞ്ഞ് തീരുന്നതിനു മുമ്പു തന്നെ ജോയ് മാത്യു പഴയ പാറക്കൂട്ടത്തിലെ മിഡ്നൈറ്റ് കവിതാലാപനം ഓർത്തെടുത്തു. അമ്മയെ കുറിച്ച് അന്വേഷിച്ചു. ശോഭീന്ദ്രൻ മാഷ്ടെ കൂടെ നടത്തിയ ഒരു പഴയ കാല ബൈക്ക് യാത്രയെക്കുറിച്ച് എഴുതുന്നതിനെക്കുറിച്ചും , മധു മാഷെക്കുറിച്ചും ,ബോധി ബുക്സ്റ്റാളിനെക്കുറിച്ചുമൊക്കെ പറഞ്ഞ് അങ്ങിനെ ...

നാടകാന്തം:പറഞ്ഞ പോലെ തന്നെ രാമകൃഷ്ണൻ ഇന്റർവ്യൂ കഴിഞ്ഞ് ചൊവ്വാഴ്ച സന്ധ്യക്ക് നാട്ടിലെത്തി. പിന്നെ അവന്റെ ഗിമ്മിക്കുകളായി. ഡാ രാമാ, നീ വെറുതേ ജോയ് പറഞ്ഞതിനപ്പുറത്തേക്ക് പോണ്ട ,. ഞാനവനെ വിരട്ടി, ജോയ് പറഞ്ഞത് ഫോളോ ചെയ്താൽ മതി ട്ടോ. പക്ഷേ, കോഴിപ്പോര് സ്റ്റേജിൽ കലക്കി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.  രാമകൃഷ്ണന്റെ പത്താംതരക്കാരിയോട് ആവോളം കിന്നാരം പറയാൻ അവനായി. എന്നോട് പറയാൻ  ഒരു നന്ദി വാക്കുപോലും അവന്റെ നാവിൽ നിന്ന് ഒരിക്കലും പുറപ്പെട്ടില്ലെന്നു മാത്രം....

വിധു ഈയിടെ ഒരുപഴയ ഫോട്ടോ ആൽബം എടുത്തു തുറന്നപ്പോൾ പഴയൊരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം താഴെ വീണു. അല്പം മുടി നീട്ടിയ  മെലിഞ്ഞു നീണ്ട ഒരു ചെറുപ്പക്കാരനോടൊപ്പം ഞാനും മധുവും ബാലകൃഷ്ണനും. വർഷങ്ങളുടെ പഴക്കം ഫോട്ടോയെ കാര്യമായി ബാധിച്ചിരുന്നില്ല. ലോകനാർകാവിലെ വലിയ ചിറയുടെ കടവിൽ എന്തോ തമാശ പറഞ്ഞ് ചിരിക്കുകയാണ്.ആ ഫോട്ടോയെക്കുറിച്ചും ആ ഓണക്കാല ദിനങളെക്കുറിച്ചും , പാതിരാ യാത്രകളെക്കുറിച്ചും വല്ലാത്തൊരു നോസ്റ്റാൽജിയയോടെ ഞാൻ വിധുവിനോട് പറഞ്ഞു. നെറ്റിൽ തപ്പി വിധുവിനോടൊപ്പം ജോയ് മാത്യുവിന്റെ ഷട്ടർ ഒരു പ്രാവശ്യം കൂടി കണ്ടു....

joy mathew
ഡോ.മുരളീധരനും ഭാര്യയും, ജോയ് മാത്യുവിന്റെ പഴയകാല ചിത്രം

 

Content Highlights: Onam 2020, Dr M Muraleedharan writes about his onam memories