ലോകത്തിന്റെ ഏത് കോണിലായാലും അവധിയെടുത്ത് വീട്ടില്‍ പോവാനുള്ള ഒരു ഉപാധിയാണ് ഇന്ന് പലര്‍ക്കും ഓണം. ഓണത്തിന് വീട്ടില്‍ ചെല്ലാന്‍ സാധിക്കുന്നില്ല എന്നത് ഒരു കുറവായി ഇന്നും മലയാളികള്‍ കരുതുന്നു. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞതു മുതല്‍ ഹോസ്റ്റല്‍ വാസം (നീണ്ട 10 വര്‍ഷം) തുടങ്ങിയ എന്റെ പ്രൊഫഷണല്‍ ജീവിത ഓണം ഓര്‍മകള്‍ ഏറെ രസകരമാണ്. 

ഒരു നോര്‍ത്ത് ഈസ്റ്റ് ഓണം
എം.ഡിയ്ക്ക് ചേര്‍ന്നത് ജൂണില്‍ ആയിരുന്നു.അതുകൊണ്ടും, ഓഗസ്റ്റില്‍ ഓണത്തിന് അവധിയെടുക്കുക എന്നത് ഒരു ഹെര്‍ക്കൂലിയന്‍ ടാസ്‌ക്ക് ആണെന്ന് അറിഞ്ഞതുകൊണ്ടും ലീവ് എന്നും ഓണം എന്നും പറഞ്ഞ് പ്രൊഫസറുടെ അടുത്ത് പോകാന്‍ നിന്നില്ല. മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ മാലിനി ചേച്ചി, രാഹുല്‍ ചേട്ടന്‍, റേഡിയോളജിയിലെ അശ്വിന്‍ ചേട്ടന്‍ പിന്നെ എം.ബി.ബി.എസ്. ചെയ്യുന്ന അനീഷ്, പ്രവീണ എന്നിങ്ങനെ എണ്ണിയാല്‍ വിരല്‍ പോലും ബാക്കിവരുന്ന തരത്തിലായിരുന്നു ഗുവാഹത്തി മെഡിക്കല്‍ കോളേജിലെ മൊത്തം മലയാളികളുടെ എണ്ണം. 

തിരുവോണത്തിന്റെ തലേനാള്‍ രാത്രി മെയില്‍ വാര്‍ഡ് മുഴുവന്‍ രണ്ടുപേര്‍ ചേര്‍ന്ന് മാനേജ് ചെയ്യുന്നതിന്റെ ക്ഷീണത്തില്‍ ഇരിക്കുമ്പോഴാണ് കോ. പി.ജിയായ ശില്പിയോട് നാളെ ഓണമാണെന്ന് ഞാന്‍ സങ്കടത്തോടെ പറഞ്ഞത്. ഓണത്തെക്കുറിച്ച് അവരും കേട്ടിട്ടുണ്ട്. ''ഓണത്തെപ്പറ്റി എനിക്കൊന്ന് പറഞ്ഞുതരാമോ'' എന്ന് അവള്‍ ചോദിച്ചപ്പോഴാണ് ഞാനും ഓര്‍ത്തത്-''ശെടാ! ഓണത്തെക്കുറിച്ച് എന്താ പറയ്യാ! 

മാവേലിയെക്കുറിച്ചും ഓണസദ്യയെക്കുറിച്ചും പൂക്കളം, ഓണക്കോടി, ഓണക്കിളികള്‍ എന്നിവയെക്കുറിച്ചും വാതോരാതെ അഞ്ച് മിനിറ്റ് പ്രസംഗം നടത്തി. 
''നാളെ നീ ധൈര്യമുണ്ടെങ്കില്‍ നിന്റെ ട്രെഡീഷണല്‍ ഡ്രസ്സ് ഇട്ടോണ്ട് വരണം''- അവള്‍ പോകുന്നതിന് മുന്‍പ് പറഞ്ഞു. 

ആഹാ! മലയാളിയോടാണോടാ വെല്ലുവിളി!

രാത്രി തന്നെ റേഡിയോളജിയിലെ അശ്വിന്‍ ചേട്ടന്റെ മുണ്ടും വാങ്ങിക്കൊണ്ട് ഹോസ്റ്റലില്‍ പോയി. കൂടെ പിറ്റേന്ന് ഉച്ചയ്ക്ക് അവരുടെ വീട്ടില്‍ സദ്യയ്ക്കുള്ള ക്ഷണവും കിട്ടി. 

തിരുവോണ ദിവസം പതിവിലും നേരത്തെ കുളിച്ച്, മുണ്ടും ഉടുത്തോണ്ടാണ് വാര്‍ഡിലോട്ട് ചെന്നത്. രോഗികളൊക്കെ എന്തോ സ്‌പെയ്‌സ് സ്യൂട്ട് കണ്ട പോലെ നോക്കി നിന്നു. കൂടെയുള്ള ഡോക്ടര്‍മാര്‍ എന്നെ കണ്ടതും പൊട്ടിച്ചിരിയായി. ഇതില്‍ എന്താണിത്ര ചിരിക്കാന്‍!. മുണ്ട് ഉടുത്തതൊക്കെ ശരിയല്ലേ? ഞാന്‍ ഒന്നു കൂടി ഉറപ്പു വരുത്തി. ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ മുണ്ട് ഉടുത്ത് റൗണ്ട്‌സ് എടുത്ത ആദ്യത്തെ ഡോക്ടര്‍ ആണ് ഞാനെന്ന് ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നു. മലയാളിയല്ലേ, അഭിമാനത്തിന് ഒരു പഞ്ഞവും വരാന്‍ പാടില്ല. പ്രൊഫസര്‍ വന്നതും ചിരിച്ചുകൊണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് എനിക്കന്ന് അവധി തന്നു. ഓണം അല്ലേ, ആഘോഷിച്ചോളൂ എന്ന്. 

സദ്യ ഒക്കെ മാലിനി ചേച്ചി തയ്യാറാക്കി. ഇല വേണം. ഗുവാഹത്തിയിലും വാഴയില കിട്ടുമെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി. ഞങ്ങള്‍ സദ്യ കഴിച്ചു, പായസം കുടിച്ചു. എല്ലാവരും കൂടെ ഒന്നിച്ചിരുന്ന് സംസാരിച്ചു. പിന്നെ പിരിഞ്ഞു. 
ഒരു മുണ്ട് തന്ന ഭാഗ്യം കണ്ടില്ലേ!

കോഴിക്കോടന്‍ ഓണം
ഡോ. മോഹന്‍സ് ഡയബറ്റിസ് സ്‌പെഷ്യാലിറ്റിസ് സെന്ററില്‍ പ്രാക്ടീസ് ചെയ്യുന്ന കാലം (ഇപ്പോഴും അവിടെ തന്നെയാണ്). ഒരാഴ്ച മുന്‍പേ മീറ്റിങ് നടന്നു. ഓണാഘോഷത്തിന്റെ തീയതി നിശ്ചയിക്കപ്പെട്ടു (ശരിക്കുമുള്ള ഓണത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പേ). കേരളത്തിലാവുമ്പോള്‍ അങ്ങനെയാണല്ലോ. തിരുവോണത്തിന് വീട്ടിലെ സദ്യ തന്നെ വേണം. പൂക്കളം തീര്‍ക്കല്‍ ലേഡീസ് സ്റ്റാഫ് ഏറ്റെടുത്തു. സദ്യ എന്തുചെയ്യും?

അവസാനം ഓരോരുത്തരും ഓരോ വിഭവം ഉണ്ടാക്കി കൊണ്ടുവരാം എന്ന് തീരുമാനമെടുത്ത് ഓരോരുത്തര്‍ക്കും ഓരോ വിഭവവും അലോട്ട് ചെയ്ത് മീറ്റിങ് പിരിഞ്ഞു. ആഘോഷദിവസം ഞായറാഴ്ചയാക്കിയത് രോഗികള്‍ വരില്ല എന്ന കണക്കുകൂട്ടലിലായിരുന്നു. കാരണം, ഞായറാഴ്ചകളില്‍ ഞങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. കൂട്ടത്തില്‍ ഏറ്റവും സിംപിള്‍ ആയിട്ടുള്ള പപ്പടം ഏറ്റെടുക്കാം എന്നായിരുന്നു ഞാന്‍ മനസ്സില്‍ കരുതിയത്. പറഞ്ഞുവന്നപ്പോള്‍ എനിക്ക് പായസത്തിന്റെ ചുമതല കിട്ടി. പിന്നീടുള്ള ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ രൂപപ്പെട്ട ഐഡിയ എല്ലാവരും അംഗീകരിച്ചു. പുറത്തു നിന്നും സദ്യ ഓര്‍ഡര്‍ ചെയ്യാം എന്ന്. ഭക്ഷണം ഉണ്ടാക്കുന്ന കാര്യത്തില്‍ മെഡിക്കല്‍ ഫീല്‍ഡില്‍ ഉള്ളവര്‍ പൊതുവേ മടിയന്‍മാരാണെന്നാണ് നാട്ടുഭാഷ്യം. അത് ഞങ്ങള്‍ അരക്കിട്ടുറപ്പിച്ചു.

അങ്ങനെ ഓണാഘോഷത്തിന് ഞങ്ങള്‍ തീരുമാനിച്ച ദിനമെത്തി. രാവിലെ ഞാന്‍ ക്ലിനിക്കില്‍ എത്തുമ്പോഴേക്കും മനോഹരമായ പൂക്കളം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു. പുരുഷന്‍മാര്‍ എല്ലാവരും മുണ്ടും ഷര്‍ട്ടും സ്ത്രീകള്‍ സാരിയും ഒക്കെ ഉടുത്തു വന്നിട്ടുണ്ട്. ആഹാ! അന്തസ്സ്...

പ്രതീക്ഷകള്‍ക്ക് വിപരീതമായി അന്നും പേഷ്യന്റ്‌സ് ഉണ്ടായിരുന്നു. അവരെയും ആഘോഷത്തില്‍ പങ്കെടുപ്പിച്ചാലോ എന്ന് ആലോചിച്ചു. പിന്നെ വേണ്ട എന്ന് തീരുമാനിച്ചു. ഒ.പി. അന്ന് നേരത്തെ തീര്‍ത്തു. ആഘോഷങ്ങള്‍ക്ക് സമയമായി. എങ്ങനെ ആഘോഷിക്കും? ചര്‍ച്ചകളില്‍ എല്ലാം സദ്യയെക്കുറിച്ച് മാത്രമായിരുന്നു. അല്ലെങ്കിലും മലയാളിക്ക് ഭക്ഷണം കഴിഞ്ഞേ ഉള്ളൂ മറ്റെന്തും.

കുറച്ച് ഓണപ്പാട്ടുകള്‍ ഫോണില്‍ പ്ലേ ചെയ്തു(ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയിലെ ''തിരുവാവാണി രാവ് ഒക്കെ ഇപ്പോള്‍ ഓണപ്പാട്ട് ആണെന്നാണ് എന്റെ ഒരു ഇത്). ഗ്രൂപ്പ്, സിംഗിള്‍ ഫോട്ടോസിനായി ഞങ്ങള്‍ മാറിമാറി പോസ് ചെയ്തു. നിലത്ത് പായ വിരിക്കുന്നതിന് പകരം ഷീറ്റ് വിരിച്ച് വാഴയിലയിട്ട് പാര്‍സല്‍ സദ്യ ഉണ്ടു...വയറ് നിറഞ്ഞു...മനസ്സും...

നടി അംബിക ചേച്ചിയുടെ കൂടെ ഒരു ഓണാഘോഷം
മദ്രാസ് മെഡിക്കല്‍ കോളേജിലെ മലയാളികളുടെ ഓണാഘോഷം അക്കാലം വരെ വളരെ ചുരുങ്ങിയ രീതിയിലായിരുന്നു. എന്നാല്‍ അംഗസംഖ്യ വര്‍ധിച്ചതിന്റെ അഹങ്കാരത്തില്‍ ആ വര്‍ഷം ആദ്യമായി ഗംഭീരമാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എന്തായാലും ആ വര്‍ഷം മണ്ടത്തരങ്ങളുടെ ഒരു ഘോഷയാത്രയായി ഞങ്ങളുടെ ഓണാഘോഷം. ആദ്യത്തെ മണ്ടത്തരം അംബിക ചേച്ചിയെ പോലൊരു വലിയ സിനിമാ താരത്തെ ഞങ്ങളുടെ ചെറിയ ഓണാഘോഷത്തിന് ക്ഷണിക്കാന്‍ മുതിര്‍ന്നു എന്നതാണ് (ഗംഭീര ഓണാഘോഷം എന്ന് ഞാന്‍ സൂചിപ്പിച്ചത് അതിന്റെ മുന്‍വര്‍ഷങ്ങളെ താരതമ്യപ്പെടുത്തിയാണ്). 

പതിവുപോലെ ഒരുക്കങ്ങള്‍- തിരുവാതിര പ്രാക്ടീസ്, ഓണപ്പാട്ടിന്റെ പ്രാക്ടീസ് എന്നിവ അതിന്റെ വഴിക്ക് നടന്നുകൊണ്ടിരുന്നു. ഗ്രൗണ്ടില്‍ വെച്ച് നടത്താനുള്ള പെര്‍മിഷനും കിട്ടി (ഇതായിരുന്നു അടുത്ത വലിയ അബദ്ധം).

അങ്ങനെ ഓണാഘോഷ ദിവസം വന്നെത്തി. രാവിലെ തന്നെ പൂക്കളം തീര്‍ത്തു. അതുകഴിഞ്ഞ് ഡ്യൂട്ടിക്കും ക്ലാസിനും പോയി. വൈകുന്നേരമാണ് ശരിക്കും ഓണാഘോഷം. അംബിക ചേച്ചി വരുന്നെന്ന വാര്‍ത്ത ആവേശമുണര്‍ത്തി. വീട്ടിലും അറിയിച്ചു. പിന്നെ കൂടെ പഠിക്കുന്ന തമിഴ്‌നാട്ടിലെ സുഹൃത്തുക്കളെ ക്ഷണിക്കുകയും ചെയ്തു. 

അങ്ങനെ ആ ശുഭമുഹൂര്‍ത്തം വന്നെത്തി. അതിനിടയ്ക്ക് ഞങ്ങള്‍ കലംതല്ലിപ്പൊട്ടിക്കല്‍ (ഞങ്ങളുടെ വേര്‍ഷന്‍), വടംവലി തുടങ്ങിയ കലാപരിപാടികള്‍ തീര്‍ത്തുവെച്ചിരുന്നു. സമ്മാനദാനം ചെയ്യുന്നത് അംബിക ചേച്ചി ആയതുകൊണ്ട് എല്ലാവരും ആവേശപൂര്‍വം പങ്കുചേര്‍ന്നു. പറഞ്ഞ സമയത്ത് തന്നെ അംബിക ചേച്ചി വന്നു. ഒരു തട്ടിക്കൂട്ട് സ്റ്റേജ് ആയിരുന്നു. അംബിക ചേച്ചിയെ ഗ്രൗണ്ടിലെ ഒരു കസേരയില്‍ ഇരുത്തി. അപ്പോഴാണ് ചെന്നൈക്കാരുടെ സ്ഥിരം ശത്രുവിന്റെ വരവ്. ഗ്രൗണ്ടിന്റെ തൊട്ടപ്പുറത്തു കൂടിയാണ് ദുര്‍ഗന്ധം വമിക്കുന്ന കൂവം നദി. കൂടെ നമ്മുടെ കൊതുകു പടയും. എത്തിയപ്പോഴേക്കും അംബിക ചേച്ചി അടക്കം എല്ലാവര്‍ക്കും കൊതുകുകടി കിട്ടിത്തുടങ്ങി. ഉദ്ഘാടന ചടങ്ങ് പെട്ടെന്ന് തന്നെ തുടങ്ങി. ''Onam is the national festival of Kerala''...

കോമ്പിയറിങ് ചെയ്യുന്ന ചേട്ടന്‍ മണിമണിയായി ഇംഗ്ലീഷില്‍ മൊഴിഞ്ഞു തുടങ്ങി. വന്ന എല്ലാവര്‍ക്കും മനസ്സിലാവണമല്ലോ. ചടങ്ങില്‍ അധ്യക്ഷം വഹിക്കുന്ന ചേട്ടന്റെ പ്രസംഗം കത്തിക്കാളി. അംബിക ചേച്ചിയെക്കുറിച്ച് രണ്ടുവാക്ക് പറയാനും അദ്ദേഹം മറന്നില്ല. ''Ambika chechy is our pride. She is in malayalam movie industry for the last 30 decades''. 

വന്നവര്‍ക്ക് ചിപ്‌സ്, പായസം മുതലായവ വിതരണം ചെയ്യുന്നതിന്റെ ഇടയ്ക്ക് ഈ വാക്കുകള്‍ എന്റെ കാതുകളില്‍ മുഴങ്ങി. ''പടച്ചോനേ! 3 decades ആയിരിക്കും ഉദ്ദേശിച്ചത്. ആവേശത്തില്‍ മാറിപ്പോയതായിരിക്കും. അംബിക ചേച്ചി ശ്രദ്ധിക്കാതിരുന്നാല്‍ മതിയായിരുന്നു.''

പക്ഷേ, കൊതുകിനെ ആട്ടുന്നതിനിടയിലും ചേച്ചി അത് ശ്രദ്ധിച്ചു എന്നത് ഉദ്ഘാടന പ്രസംഗത്തില്‍ ഞങ്ങള്‍ക്ക് വ്യക്തമായി. 30 decades ജീവിച്ചിരിക്കാന്‍ മാത്രം എനിക്ക് വയസ്സായില്ലെന്ന് ചേച്ചി പറഞ്ഞപ്പോള്‍ ജാള്യത ഉള്ളില്‍ വെച്ച് ഞങ്ങളെല്ലാം പൊട്ടിച്ചിരിച്ചു. സമ്മാനദാനത്തിന് ക്ഷണിച്ച്, എല്ലാവര്‍ക്കും ഡയറി മില്‍ക്ക് സമ്മാനം കൊടുത്തത് കണ്ട് അതിനെ പരിഹസിക്കാനും ചേച്ചി മറന്നില്ല. ആകപ്പാടെ തൊലിയുരിഞ്ഞുപോയ അവസ്ഥ.
അംബിക ചേച്ചി പോയിക്കഴിഞ്ഞ് ഡാന്‍സും പാട്ടും ഒക്കെയായി ഞങ്ങള്‍ മതിമറന്ന് ആഘോഷിച്ചെങ്കിലും അന്ന് രണ്ട് കാര്യങ്ങള്‍ ഞങ്ങള്‍ ഉറപ്പിച്ചു. 
1. ഇനി ഈ ഗ്രൗണ്ടില്‍ കൊതുകുകളുടെ കൂടെ ഓണാഘോഷം നടത്തില്ല. 
2. സെലിബ്രിറ്റികളെ വിളിച്ചുവരുത്തി അപമാനിക്കില്ല.  

(കോഴിക്കോട് ഡോ. മോഹന്‍സ് ഡയബറ്റെസ് സ്‌പെഷ്യാലിറ്റി സെന്ററിലെ  ചീഫ് കണ്‍സള്‍ട്ടന്റ് ആണ് ലേഖകന്‍)

Content Highlights: Onam 2020 Dr Aswin Mukundan shares his Onam memory