തിരുവോണ നാള്‍. അച്ഛനും അമ്മയും മക്കളും ബന്ധുക്കളുമെല്ലാം ഒന്നുചേര്‍ന്ന് ആ സുദിനം ആഘോഷിക്കേണ്ട സമയത്ത് അമ്മയുടെ മനോരോഗത്തിന് ചികിത്സ തേടി എത്തിയ 15 കാരനായ ഒരു മകന്റെയും എഴുപതുകാരനായ ഒരു മുത്തച്ഛന്റെയും മുഖമാണ് ആരോഗ്യപ്രവര്‍ത്തനത്തിനിടയിലെ ഓണത്തെക്കുറിച്ചുള്ള എന്റെ ഓര്‍മകളില്‍ മായാതെ നില്‍ക്കുന്നത്. 

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം. ഞാന്‍ എന്ന് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ സൈക്യാട്രിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ജോലിയില്‍ പ്രവേശിച്ച ആദ്യവര്‍ഷം തന്നെ ഓണക്കാലത്ത് ഡ്യൂട്ടി എടുക്കേണ്ട സാഹചര്യമുണ്ടായി. പൊതുവേ ഓണക്കാലത്ത് വിവാഹിതരും മുതിര്‍ന്നവരുമായ ഡോക്ടര്‍മാര്‍ അവധി എടുക്കുമ്പോള്‍ അവിവാഹിതരായ ഡോക്ടര്‍മാരാണ് ഓണദിനങ്ങളിലെ ഡ്യൂട്ടി എടുക്കാറുള്ളത്. 

സൈക്യാട്രിസ്റ്റ് ആണെങ്കിലും ഡ്യൂട്ടി ഡോക്ടര്‍ എന്ന നിലയില്‍ എല്ലാത്തരത്തിലുള്ള രോഗാവസ്ഥകളെയും പരിഗണിച്ച് ചികിത്സിക്കേണ്ട സാഹചര്യമാണ് ആ സമയത്ത് ഉണ്ടായിരുന്നത്. 

അന്ന് തിരുവോണ ദിവസമായിരുന്നു. ഏതാണ്ട് ഉച്ചതിരിഞ്ഞ സമയം. ഡ്യൂട്ടി ചെയ്യുമ്പോഴാണ് മൂന്നുപേരടങ്ങുന്ന കുടുംബം കാഷ്വാലിറ്റിയിലേക്ക് വന്നത്. എഴുപത് വയസ്സ് പ്രായം തോന്നുന്ന ഒരു വൃദ്ധന്‍, ഏകദേശം 40 വസ്സ് തോന്നുന്ന സ്ത്രീ, 15 വയസ്സുള്ള ആണ്‍കുട്ടി. വൃദ്ധന്റെ മകളും പേരക്കുട്ടിയുമാണ് അവര്‍. 

രാവിലെ മുതല്‍ പല ആശുപത്രികളിലും പോയി അവിടെ നിന്നും പലയിടത്തേക്കും റെഫര്‍ ചെയ്തു വിട്ടാണ് അവസാനം ഇവിടെയെത്തിയത്. സ്ത്രീയ്ക്കാണ് പ്രശ്നം. പെരുമാറ്റസംബന്ധമായ പ്രശ്നമാണ്. അവരുടെ ജീവിതമറിഞ്ഞപ്പോള്‍ കഷ്ടം തോന്നി. ഈ സ്ത്രീ ഗര്‍ഭിണിയായിരിക്കെ അവരുടെ ഭര്‍ത്താവ് നാടുവിട്ടു പോയതാണ്. അവര്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. അവനാണ് ഇവര്‍ക്കൊപ്പം ആശുപത്രിയില്‍ വന്നിട്ടുള്ള പതിനഞ്ചുകാരന്‍. ഇത്രയും വര്‍ഷങ്ങളായിട്ടും ഈ സ്ത്രീയുടെ ഭര്‍ത്താവിനെക്കുറിച്ച് ഒരു വിവരവും ഇല്ല. മകന്‍ ഇപ്പോള്‍ പത്താംക്ലാസിലാണ് പഠിക്കുന്നത്. വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണത്തിലാണ് അവര്‍ ജീവിക്കുന്നത്. 

അടുത്ത ഏതാനും വര്‍ഷങ്ങളായി സ്ത്രീയുടെ സ്വഭാവത്തില്‍ സാരമായ മാറ്റങ്ങളുണ്ടായി. ഉറക്കം കുറയുന്നു, അയല്‍വീട്ടുകാര്‍ അവരെക്കുറിച്ച് കുറ്റം പറയുന്നുവെന്നും, അവര്‍ തന്റെ പറമ്പില്‍ തകിട് കുഴിച്ചിട്ട് ക്ഷുദ്രപ്രവര്‍ത്തികള്‍ ചെയ്യുന്നു എന്നുമൊക്കെ പറഞ്ഞ് അവരുമായി നിരന്തരം വഴക്കുണ്ടാക്കുകയാണ് ഈ സ്ത്രീ. ചിലപ്പോള്‍ കയ്യാങ്കളി വരെ ആയിട്ടുണ്ട്രേത. എന്നാല്‍ ഇത് മാനസിക പ്രശ്നമാണെന്ന് ആരും ആദ്യം തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ ഒരു വര്‍ഷമാായി ഇത്തരം പ്രശ്നങ്ങള്‍ അതി തീവ്രമായി. ഉറക്കം തീരെ ഇല്ലാതായി. ഒറ്റയ്ക്കിരുന്ന് സംസാരിക്കുന്നു. ഒറ്റയ്ക്കിരുന്ന് ആരെയോ ചീത്ത വിളിക്കുന്നു. ആംഗ്യങ്ങള്‍ കാണിക്കുന്നു എന്നിങ്ങനെയൊക്കെയായി. 

പെട്ടെന്ന് ഒരു ദിവസം ഈ സ്ത്രീ സ്വന്തം മകനെ വടിയെടുത്ത് പൊതിരെ തല്ലി. ഒരു പ്രകോപനവുമില്ലാതെ. ഇതോടെ വീട്ടുകാരും നാട്ടുകാരുമെല്ലാം ഇടപെട്ടു. എന്തിനാണ് സ്വന്തം മകനെ ഒരു കാരണവുമില്ലാതെ തല്ലിയതെന്ന് ചോദിച്ചു. അതിന് അവര്‍ പറഞ്ഞ മറുപടി എല്ലാവരെയും ഞെട്ടിച്ചു. ഇവന്‍ തന്റെ മകന്‍ അല്ലെന്നും തന്റെ മകന്‍ കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ മരിച്ചുപോയെന്നും അതിന് അടുത്ത ദിവസം മകന്റെ മുഖസാദൃശ്യമുള്ള അപരനായ ഇവന്‍ വീട്ടില്‍ കയറിവന്നെന്നും തന്നെ ബലാത്സംഗം ചെയ്യാനാണ് ഇവന്‍ ഇവിടെ വന്നിരിക്കുന്നതെന്നും ബലാത്സംഗ വീരനാണ് ഇവന്‍ എന്നുമെല്ലാമാണ് അവര്‍ പറഞ്ഞത്. 

കുടുംബാംഗങ്ങളും നാട്ടുകാരുമെല്ലാം ഞെട്ടിപ്പോയി. ഭൂതപ്രേത പിശാചുക്കള്‍ ശരീരത്തില്‍ കയറിയതായിരിക്കും എന്ന് പറഞ്ഞ് നാട്ടിന്‍പുറത്തുകാരായ അവര്‍ ഉടന്‍തന്നെ മന്ത്രവാദ ചികിത്സയ്ക്കും പൂജാകര്‍മങ്ങള്‍ ചെയ്യാനുമായി അവരെ കൊണ്ടുപോയി. എല്ലാ മതത്തിലെ കര്‍മ്മങ്ങളും ചെയ്തിട്ടും ഒരു ഫലവും ഇല്ലാതായി. അവസാനം മാനസിക അസ്വസ്ഥത മൂര്‍ച്ഛിച്ച് ഈ സ്ത്രീ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുന്ന അവസ്ഥയിലെത്തി. അപ്പോഴാണ് വീട്ടുകാര്‍ ഇവരെയും കൊണ്ട് തിരുവോണനാളില്‍ തന്നെ ആശുപത്രിയിലെത്തിയത്. 

ആശുപത്രിയിലെത്തിച്ച ഇവരോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ സഹകരിച്ചില്ല. വീണ്ടും സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പൊട്ടിത്തെറിച്ചു. നിങ്ങള്‍ എന്തിന് ഇടപെടുന്നു, എന്നോട് ഇതൊക്കെ ചോദിക്കാന്‍ നിങ്ങള്‍ ആരാണ് എന്നതായിരുന്നു അവരുടെ മറുചോദ്യം. 

ഇതോടെ അവരുടെ മകനെ ചൂണ്ടിക്കാണിച്ച് ഇതാരാണ് എന്ന് ചോദിച്ചതോടെ ഇവന്‍ എന്നെ ബലാത്സംഗം ചെയ്യാന്‍ വന്നവനാണ് എന്ന പതിവ് പല്ലവി തന്നെ തുടര്‍ന്നു. മകനാണ് എന്ന കാര്യം അവര്‍ അംഗീകരിച്ചില്ല. ഇവന്‍ എന്നെ ബലാത്സംഗം ചെയ്യാന്‍ വന്നവനാണ് എന്ന് പറഞ്ഞ് മേശപ്പുറത്തുണ്ടായിരുന്ന പുസ്തകമെടുത്ത് അവനെ അടിക്കാന്‍ ചെന്നു. അവന്‍ വളരെ പെട്ടെന്ന് തന്നെ അടികൊള്ളാതെ രക്ഷപ്പെട്ടു. ഇതെല്ലാം കണ്ട് അവരുടെ അച്ഛനായ ആ വൃദ്ധന്‍ പൊട്ടിക്കരഞ്ഞു. മകളുടെ ശരീരത്തില്‍ പിശാച് ബാധിച്ചുവെന്ന് പറഞ്ഞായിരുന്നു കരച്ചില്‍. 

എന്നാല്‍ ഈ സ്ത്രീയ്ക്ക് ഉണ്ടായിരുന്നത് സ്‌കീസോഫ്രീനിയ എന്നു പറയുന്ന ചിത്തഭ്രമ വിഭാഗത്തില്‍ പെടുന്ന രോഗമാണ്. ചിലതരം സ്‌കീസോഫ്രീനിയകളുടെ ഭാഗമായി തെറ്റിദ്ധാരണപരമായ മിഥ്യാവിശ്വാസങ്ങള്‍ അഥവാ ഡെല്യൂഷണല്‍ മിസ് ഐഡെന്റിഫിക്കേഷന്‍ എന്ന ഒരു അവസ്ഥയാണ് അവരെ ബാധിച്ചിരിക്കുന്നതെന്ന് മനസ്സിലായി. മകനെക്കുറിച്ചുള്ള തെറ്റിദ്ധാരണപരമായ മിഥ്യാധാരണകളാണ് അവരുടെ മനസ്സില്‍. അത് തെറ്റാണെന്ന് നമ്മള്‍ തെളിയിച്ചുകൊടുത്താലും അവര്‍ അത് വിശ്വസിക്കില്ല. മിഥ്യാവിശ്വാസത്തിലായിരിക്കും അവര്‍. അതാണ് ഈ രോഗത്തിന്റെ പ്രത്യേകത. 

പലതരത്തിലുള്ള മിഥ്യാവിശ്വാസങ്ങളുണ്ട്. ഒന്നിനെ മറ്റൊന്നായി തെറ്റിദ്ധരിച്ചുകൊണ്ടുള്ള മിഥ്യാവിശ്വാസങ്ങളുണ്ടാകാം. അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് കാപ്ഗ്രാസ് ഡെല്യൂഷന്‍ എന്ന അവസ്ഥ. 

നമ്മോട് അടുപ്പമുള്ള ഒരു വ്യക്തിയോ, ഒരു സുഹൃത്തോ, ഒരു സഹപ്രവര്‍ത്തകനോ യഥാര്‍ഥത്തില്‍ ആ വ്യക്തി അല്ല എന്നും അത് ആ വ്യക്തിയോട് രൂപസാദൃശ്യമുള്ളയാള്‍ ആണെന്നും ആ വ്യക്തിയുടെ ഉദ്ദേശം നമ്മെ ദ്രോഹിക്കുകയാണ് എന്നുമുള്ള ഒരു മിഥ്യാവിശ്വാസമാണിത്. ഇത് വളരെ അപൂര്‍മായിട്ടുള്ള ഒരു അവസ്ഥയാണ്. 
ഇത് യഥാര്‍ഥത്തില്‍ മസ്തിഷ്‌കത്തിലെ ഡോപ്പമിന്‍ എന്ന രാസവസ്തു അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണ്. പക്ഷേ ഇത് രോഗത്തിന്റെ ഭാഗമാണെന്ന് ആര്‍ക്കും മനസ്സിലാകില്ല. ബാധകയറിയതാണെന്നും മറ്റും ചിന്തിച്ച് അതിന് പിന്നാലെ പോകും. 

എന്നാല്‍ ഇവിടെ വേണ്ടത് കൃത്യമായ ചികിത്സയാണ്. ഡോപ്പമിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍ ഇവര്‍ക്ക് നല്‍കേണ്ടി വരും. നമ്മള്‍ പറയുന്നതൊന്നും രോഗി അംഗീകരിക്കില്ല. അതിനാല്‍ അവരുടെ ധാരണകള്‍ തെറ്റാണെന്ന തരത്തില്‍ നമ്മള്‍ സംസാരിക്കുന്നത് നമ്മളോട് കൂടി വെറുപ്പും ദേഷ്യവും സംശയവും ഉണ്ടാക്കുന്ന അവസ്ഥയിലെത്തിക്കുകയാണ് ചെയ്യുക. അതുകൊണ്ട് ഇത്തരക്കാരോട് സൂക്ഷിച്ച് സംസാരിക്കണം. തര്‍ക്കിക്കാന്‍ നില്‍ക്കരുത്. ഇത്തരക്കാര്‍ക്ക്് കൗണ്‍സലിങ് ഫലിക്കില്ല. കാരണം, തനിക്കൊരു പ്രശ്നമുണ്ട്, അത് മാറ്റണം എന്ന ഉള്‍ക്കാഴ്ചയുള്ളവര്‍ക്കേ കൗണ്‍സലിങ് ഫലം ചെയ്യുകയുള്ളൂ. 

തീവ്രമായ ഒരു രോഗാവസ്ഥയായിരുന്നതിനാല്‍ ആ തിരുവോണ ദിവസം തന്നെ അവരെ അവിടെ അഡ്മിറ്റ് ചെയ്തു. നാല് ആഴ്ചയോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. കാരണം ഈ പ്രശ്നം അവര്‍ക്ക് തുടങ്ങിയിട്ട് വര്‍ഷങ്ങളായിരുന്നു. അതുവരെ ചികിത്സിച്ചിട്ടുമില്ല. അത്രയും പഴക്കമുള്ള രോഗമാണ്. അത് സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ അവരുടെ തലച്ചോറില്‍ മാറ്റങ്ങള്‍ വരും. അങ്ങനെ വന്നാല്‍ അത് മാറാന്‍ സമയമെടുക്കും. 

അവര്‍ അക്രമാസക്തയായതുകൊണ്ട് ഇഞ്ചക്ഷന്‍ രൂപത്തിലുള്ള മരുന്നുകള്‍ കൊടുക്കേണ്ടി വന്നു. ദിവസങ്ങള്‍ക്കുള്ളില്‍ പെരുമാറ്റം നോര്‍മലായിത്തുടങ്ങി. അതോടെ ഗുളികകള്‍ കഴിക്കാന്‍ തുടങ്ങി. മൂന്നാഴ്ച കൊണ്ട് പ്രധാന ലക്ഷണങ്ങളൊക്കെ കുറഞ്ഞു. അവരുടെ മകനെ ചൂണ്ടിക്കാണിച്ച് ഇതാരാണ് എന്നു ചോദിക്കുമ്പോള്‍ പണ്ടത്തെ പോലെ ബലാത്സംഗക്കാരന്‍ എന്ന് പറയുന്നത് നിന്നു. പകരം മൗനമായി. ഒന്നും പറയാത്ത അവസ്ഥ. നാലാഴ്ച കഴിഞ്ഞ് ഇതേ ചോദ്യം വീണ്ടും ചോദിച്ചപ്പോള്‍ അവര്‍ പെട്ടെന്ന് പൊട്ടിക്കരഞ്ഞ് എന്റെ മകന്‍ എന്നു പറഞ്ഞ് അവനെ കെട്ടിപ്പുണര്‍ന്നു. അങ്ങനെ അവര്‍ക്ക് ഭേദമായി. 

അവരുടെ രോഗത്തെക്കുറിച്ച് അവര്‍ക്ക് പിന്നീട് പറഞ്ഞുമനസ്സിലാക്കിക്കൊടുത്തു. അവര്‍ക്ക് അത് ഏറെ വിഷമമുണ്ടാക്കി. 

അമ്മയില്‍ നിന്നും മകന് ഉണ്ടായ അനുഭവം അവനില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാതെ നോക്കുക എന്നൊരു ഉത്തരവാദിത്വം കൂടി നമുക്കുണ്ടായിരുന്നു. അവനോടും നന്നായി സംസാരിച്ച് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. അവന്‍ മിടുക്കനായിരുന്നു. അമ്മയുടെ ചികിത്സയോട് പൂര്‍ണമായി സഹകരിച്ചു. ചികിത്സയ്ക്കിടയില്‍ അമ്മ വഴക്ക് പറയുമ്പോഴും ബലാത്സംഗക്കാരന്‍ എന്നു കുറ്റപ്പെടുത്തുമ്പോഴും അവന്‍ അമ്മയെ കുറ്റപ്പെടുത്താതെ അവരെ വേണ്ടവിധം പരിചരിച്ചു. 

തിരുവോണ ദിവസം കുടുംബവുമൊത്ത് സന്തോഷത്തോടെ ചെലവഴിക്കേണ്ട ഒരു ദിവസമാണ് അമ്മയുടെ മാനസികരോഗത്തിന് ചികിത്സ തേടി ആ മകന് ആശുപത്രിയില്‍ ചെലവഴിക്കേണ്ടി വന്നത്. ആ കുടുംബത്തിന് ആശ്വാസം നല്‍കാന്‍ സാധിച്ചുവെന്നതാണ് അന്നേ  ദിവസം ഡ്യൂട്ടി ചെയ്ത, അവരെ ചികിത്സിച്ച ഡോക്ടറെന്ന നിലയില്‍ എനിക്ക് ഉണ്ടായ സന്തോഷം. ഒരിക്കലും മറക്കാത്ത ഒരു തിരുവോണ ദിന ഡ്യൂട്ടിയായിരുന്നു അത്. 

(തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)

Content Highlights: Onam 2020 Dr Arun B Nair shares his Onam experience at hospital duty