പാലക്കാട്: വീട്ടുമുറ്റങ്ങളിൽ പൂക്കളങ്ങൾ ചിരിക്കുമ്പോൾ ആ സന്തോഷം കുഞ്ഞുമുഖങ്ങളിലേക്കും പടരും. ഓണത്തിന്റെ വരവ് പ്രകൃതിയിലെന്നപോലെ മനസ്സിലുമുണ്ടാക്കും മാറ്റങ്ങൾ. കോവിഡ് കാലത്തും അതിന് മാറ്റമില്ല. കോവിഡിനെ പ്രതിരോധിക്കാനുള്ള കഠിന പരിശ്രമത്തിനിടെ ആരോഗ്യപ്രവർത്തകർക്ക് ഇത്തവണ ഓണം മനസ്സിൽ മാത്രമാവും. കുഞ്ഞുങ്ങളോടൊത്ത് ഓണപ്പൂക്കളമൊരുക്കൽ, ഓണക്കോടിയുടുത്ത് സദ്യവിളമ്പൽ, ബന്ധുക്കൾക്കൊപ്പം കൊച്ചുവർത്തമാനം... ഇതൊക്കെ മനസ്സിലേക്കാവാഹിക്കാനാവും ശ്രമം.

നഴ്സുമാർക്കും ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും സേവനമാണ് ഇത്തവണത്തെ ഓണം. മുൻകാലങ്ങളിലും ഓണത്തിന് നാലഞ്ചുദിവസം അവധിയൊന്നും കിട്ടാറില്ല. ഉത്രാടത്തിനോ തിരുവോണത്തിനോ എതെങ്കിലും ഒരുദിവസം കുടുംബത്തോടൊപ്പം കഴിയാനുള്ള അവസരം ലഭിക്കും. പക്ഷേ, ഇത്തവണ ഞങ്ങളിൽ നല്ലൊരുപങ്കിനും അതുമുണ്ടാവില്ല... ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക പറഞ്ഞു. ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളേജിലും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലുമൊക്കെ ഓണപ്പുലരിയിലും ഇവരുണ്ടാവും.

രോഗികളുടെ ആശ്വാസത്തോടെയുള്ള ചിരിയാവും ഇത്തവണ സന്തോഷത്തിന്റെ പൂക്കളങ്ങൾ തീർക്കുക. ജോലിയിലുള്ളവർ അതുകഴിഞ്ഞിറങ്ങിയാൽ നിശ്ചിതദിവസം വീട്ടുകാരിൽനിന്നകന്ന് ക്വാറന്റീനിലാണ്. പിന്നീടേ വീട്ടിലെത്താനാവൂ.

ഫലത്തിൽ കോവിഡ് വാർഡിൽ ജോലിയിലുള്ളവർക്കും ജോലി കഴിഞ്ഞവർക്കും ഓണം വീട്ടുകാരുടെ സാമീപ്യമില്ലാതാവും. മാസങ്ങളായി വീട്ടിൽ പോകാത്തവരുണ്ട്. ചെറിയ കുഞ്ഞുങ്ങൾ അച്ഛനമ്മമാർക്കൊപ്പമാണ്. കുട്ടികളെ കണ്ടിട്ട് ഒരുപാട് നാളായവരുണ്ട്. മൊബൈൽ ഫോണുകളിൽ അവരുടെ കളിചിരികൾ കണ്ട് ആശ്വാസത്തോടെ ചിരിക്കാൻ ശ്രമിക്കുന്നവർ. കുട്ടികൾക്കുമറിയാം അമ്മ, അല്ലെങ്കിൽ അച്ഛൻ എറ്റെടുത്ത ഉത്തരവാദിത്തത്തെക്കുറിച്ച്. വളരെപ്പെട്ടെന്നാണ് അവർ ചിന്തകളിൽ വലിയവരായത്. നാടൊട്ടുക്ക് ജാഗ്രതയോടെ പെരുമാറുമ്പോൾ കുട്ടികളും അത് പകർത്തുന്നു.

വീട്ടുകാരില്ലാതെ ഈ ഓണം

വീട്ടിൽ പോയിട്ട് ഒരു മാസത്തോളമായി. കോവിഡ് വാർഡിന്റെ മുഴുവൻ ചുമതലയുമുണ്ട്. തിരുവില്വാമല കുത്താമ്പുള്ളി സ്വദേശിയായ പാലക്കാട് ഗവ. മെഡിക്കൽകോളേിലെ കോവിഡ് നോഡൽ ഓഫീസർ ഡോ. ബി. ശ്രീറാം പറയുന്നു. സാധാരണ ഓണക്കാലത്ത് ഡ്യൂട്ടിയുണ്ടാകാറുണ്ടെങ്കിലും ഉത്രാടത്തിനോ തിരുവോണത്തിനോ ഏതെങ്കിലും ഒരുദിവസം വീട്ടുകാരൊടൊപ്പം ചേരാൻ അവസരം കിട്ടും. ഇത്തവണ അതിനും സാധിക്കില്ല. കോവിഡ് വാർഡിലെ ഡോക്ടർമാർക്കുവേണ്ട പരിശീലനം, അവരുടെ ഏകോപനം തുടങ്ങി തിരക്കേറിയപ്പോൾമുതൽ ദിവസങ്ങൾ ഇങ്ങിനെയാണ്. പാലക്കാട് നഗരത്തിലാണ് താമസം. എസ്.ബി.ഐ. ജീവനക്കാരിയായ ശർമിളയാണ് ഭാര്യ. ഒന്നാംക്ലാസുകാരനായ ഇഷാനാണ് മകൻ. രണ്ടാമത്തെ കുഞ്ഞിന്റെ വരവ് കാത്തിരിക്കുന്നതിന്റെ സന്തോഷംകൂടിയുണ്ട് ഡോ. ശ്രീറാമിനും ശർമിളയ്ക്കും. ഭാര്യയുടെ മാതാപിതാക്കളായ ഉഷയും സുബ്രഹ്മണ്യനും വീട്ടിലുണ്ടെന്ന ആശ്വാസവും ഡോ. ശ്രീറാം പങ്കുവെക്കുന്നു.

കോവിഡ് വാർഡിലെ ഓണം

ഗവ. മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിലാണ് നഴ്സ് അമൃത. ജോലി കിട്ടിയതിനുശേഷമുള്ള ആദ്യ ഓണം... പക്ഷേ, ഉത്രാടത്തിനും തിരുവോണത്തിനുമൊക്കെ അമൃത കോവിഡ് വാർഡിലായിരിക്കും. ഓണക്കോടിക്കുപകരം പി.പി.ഇ. കിറ്റണിഞ്ഞ്, രോഗികൾക്കിടയിൽ. വീട്ടുകാരില്ലാതെ ഒരു ഓണം ഓർമയിൽ ആദ്യമായാണ്. എന്നാലും, ഒറ്റയ്ക്ക് കഴിയുന്ന കോവിഡ് ബാധിതർക്ക് സാന്ത്വനമേകാനാവുന്നതിന്റെ സന്തോഷം അമൃത മറച്ചുവെക്കുന്നില്ല. കോവിഡ് കാലം തുടങ്ങിയതിനുശേഷമാണ് മെഡിക്കൽ കോളേജിലെ ജോലിയിൽ പ്രവേശിക്കുന്നത്. കഴിഞ്ഞവർഷം മലമ്പുഴ സി.മെറ്റ് കോളേജ് ഓഫ് നഴ്സിങ്ങിലെ വിദ്യാർഥിനിയായിരുന്നു.

കല്പാത്തിയിലാണ് വീടെങ്കിലും ഓണത്തിന് ഒരുദിവസംപോലും വീട്ടിൽപ്പോകാൻ സാധിച്ചിട്ടില്ല. കല്പാത്തി സ്വദേശി ശിവനാരായണന്റെയും വിജയലക്ഷ്മിയുടെയും മകളാണ് അമൃത. സഹോദരൻ ശബരീഷും മുത്തശ്ശൻ ശിവശങ്കരനുമാണ് വീട്ടിലെ മറ്റംഗങ്ങൾ.

Content Highlights: health workers onam Onam 2020