ണത്തിന് കുടുംബത്തോടൊപ്പം ഗുരുവായൂരമ്പലത്തില്‍ ദര്‍ശനം നടത്തണമെന്നത് വിവാഹം കഴിഞ്ഞ കാലം മുതലുള്ള ആഗ്രഹമായിരുന്നു. പല പല കാരണങ്ങളാല്‍ നടക്കാതെ പോയി. 2016 ലെ ഓണത്തോടനുബന്ധിച്ചുള്ള നാളുകളിലൊന്നിലായിരുന്നു ഭാര്യയുടെ കസിന്‍ സഹോദരിയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചത്. വേദി ഗുരുവായൂരമ്പലവും. സെപ്തംബര്‍ 4ാം തീയതിയായിരുന്നു എന്നാണ് ഓര്‍മ്മ. വൈകീട്ട് ആശുപത്രിയിലെ തിരക്കുകള്‍ കഴിഞ്ഞശേഷം കുടുംബ സമേതം രാത്രിയോടെ ഗുരുവായൂരിലെത്തി. 

വിവാഹത്തിന്റെ ഒരുക്കങ്ങളില്‍ കുടുംബത്തോടൊപ്പം പങ്കാളിയായി. രാത്രി പന്ത്രണ്ടരയായപ്പോള്‍ കുടുംബത്തോടൊപ്പം നടക്കാനിറങ്ങി. കിഴക്കേ നടയ്ക്ക് മുന്‍പിലെത്തി. നട അടഞ്ഞ് കിടക്കുകയാണ്. പുറത്ത് നിന്നും കൈകള്‍ കൂപ്പി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഫോണ്‍ റിംഗ് ചെയ്തത്. ഹോസ്പിറ്റലില്‍ നിന്നാണ്. ശ്വാസകോശത്തില്‍ എന്തോ വസ്തു കുടുങ്ങി ഗുരുതരാവസ്ഥയില്‍ ഒരു കുട്ടി ആശുപത്രിയിലെത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് എത്തിച്ചേരണം.

ഒഴിവുകഴിവുകള്‍ പറയാന്‍ സാധിക്കുമായിരുന്നില്ല. ദൂരെയുള്ള ഡോക്ടര്‍മാര്‍ പലരും നാട്ടില്‍ പോയിരിക്കുകയാണ്. ബ്രോങ്കോസ്‌കോപ്പി ചെയ്യേണ്ടി വരാന്‍ സാധ്യതയുള്ളതിനാല്‍ അതില്‍ പരിചയസമ്പന്നരായവര്‍ തന്നെ നിര്‍ബന്ധമാണ്. അല്ലെങ്കില്‍ കൊച്ചിയിലേക്കോ മംഗലാപുരത്തേക്കോ കൊണ്ടുപോകേണ്ടി വരും. അത്രയും സമയം കുട്ടി അതിജീവിക്കുമോ എന്ന് പറയാനുമാകില്ല. രണ്ട് വട്ടം ആലോചിക്കാനുള്ള സമയം പോലുമില്ല. 

'ബാക്കി സജ്ജീകരണങ്ങളെല്ലാം ഒരുക്കിക്കോളൂ, ഞാനെത്താം'. ഭാര്യയെ മറ്റുള്ള കുടുംബാംഗങ്ങളുടെ കൂടി റൂമിലേക്ക് പറഞ്ഞയച്ചു. അതേ വേഷത്തില്‍ കാറില്‍ കയറി കോഴിക്കോട്ടേക്ക് തിരിച്ചു. ഗുരുവായൂര്‍ മുതല്‍ കോഴിക്കോട് വരെ 100 കിലോമീറ്ററിലധികം ദൂരമുണ്ട്. ചെറിയ മഴയുമുണ്ട്, വഴിയും മോശമാണ്. എന്നിരുന്നാലും എത്രയും പെട്ടെന്ന് എത്തിച്ചേരണം. സ്പീഡോമീറ്ററില്‍ സൂചിയുടെ വേഗം വര്‍ധിച്ചതൊന്നും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പുലര്‍ച്ചെ ഒരു മണിക്കാണ് ഗുരുവായൂരില്‍ നിന്ന് ഇറങ്ങിയത്. രണ്ട് മണികഴിഞ്ഞപ്പോള്‍ കോഴിക്കോടെത്തി. സ്‌കാന്‍ റിപ്പോര്‍ട്ട് പരിശോധിച്ചു. പേനയുടെ മൂടി വിഴുങ്ങിപ്പോയതാണ്. പേനയുടെ മൂടി വായില്‍ വെച്ച് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉറങ്ങിപ്പോയതോ മറ്റോ ആവണം. അന്നനാളത്തിലേക്ക് പോകുന്നതിന് പകരം കൃത്യമായി  ശ്വാസകോശത്തില്‍ തന്നെ എത്തിച്ചേര്‍ന്നിട്ടുണ്ട്. അതീവ ഗൗരവതരമായ അവസ്ഥ

ബ്രോങ്കോസ്‌കോപ്പി ചെയ്താല്‍ മാത്രമേ കുട്ടിയുടെ ജീവന്‍ രക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂ. ഫോണില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതിനാല്‍ ഞാനെത്തും മുന്‍പ് തന്നെ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഒട്ടും താമസിയാതെ കുട്ടിയെ ബ്രോങ്കോസ്‌കോപ്പിക്ക് വിധേയനാക്കി. അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ മറ്റ് ബുദ്ധിമുട്ടുകളൊന്നും സംഭവിക്കാതെ മൂടി പുറത്തെടുത്തു. കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു. മൂന്ന് മണിയോടെ തിരികെ ഗുരുവായൂരിലേക്ക് വീണ്ടും യാത്ര. ഇത്തവണ ഗുരുവായൂരെത്തുമ്പോള്‍ സമയം പുലര്‍ച്ചെ അഞ്ചര. രണ്ടര മണിക്കൂര്‍ എടുക്കേണ്ട യാത്രയാണ് ഒരു മണിക്കൂര്‍ പത്ത് മിനിട്ടുകൊണ്ട് പൂര്‍ത്തിയാക്കിയത് എന്ന് അപ്പോഴാണ് ഓര്‍ക്കുന്നത്. ജീവിതത്തിലിന്നുവരെയോ അതിന് ശേഷമോ ആ വേഗതയില്‍ ഞാന്‍ വാഹനമോടിച്ചിട്ടില്ല.

പ്രതീക്ഷിച്ചത് പോലെ തന്നെ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള സന്ദേശവും കുറേ ഫോട്ടോകളുമെത്തി. അമിത വേഗതയില്‍ വാഹനമോടിച്ചതിന് നാല് സ്ഥലങ്ങളില്‍ സ്പീഡ് ക്യാമറ എന്റെ വാഹനത്തിന്റെ ചിത്രം ഒപ്പിയെടുത്തിരിക്കുന്നു. എന്തായിരുന്നാലും ആ ഓണം എനിക്ക് മറക്കാനാകാത്തതാണ്. ഭാര്യാ സഹോദരിയുടെ വിവാഹം, ഗുരുവായൂരമ്പല ദര്‍ശനം ഒപ്പം ഒരു ജീവന്‍ രക്ഷിക്കാന്‍ സാധിച്ച ചാരിതാര്‍ത്ഥ്യവും.

(കോഴിക്കോട് ആസ്റ്റര്‍ മിംസിലെ റെസ്പിരേറ്ററി മെഡിസിന്‍ വിഭാഗം കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)

Content Highlights: Doctor's Onam experiences Onam 2020