കോട്ടയം: തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭഗവാന് നിവേദിക്കുന്ന 'തൃക്കറി' ദേശവഴിക്കാരുടെ ഓണസദ്യക്ക് വിളമ്പുന്ന വിശിഷ്ടവിഭവമാണ്‌.

പരമ്പരാഗതമായി ഭക്തർ ഉച്ചയ്ക്ക് ഓണസദ്യക്ക് വീടുകളിൽ ഇലയിടുമ്പോൾ ആദ്യം വിളമ്പുന്നത് തൃക്കറിയാണ്. ഇന്നും വിശ്വാസപൂർവം ഈ കീഴ്വഴക്കം പാലിക്കുന്നവർ ഏറെയുണ്ട്.

തിരുവോണനാളിൽ രാവിലെ പന്തീരടി പൂജയ്ക്കുശേഷം തൃക്കറിയും, പ്രഥമനും വരുത്തുപ്പേരിയും ചേർത്ത് ഭഗവാന് സദ്യ നിവേദിക്കും. അതിനുശേഷം ഭക്തർക്ക്‌ തൃക്കറി വിതരണം ചെയ്യും.

തൃക്കറി

താളും, തകരയും, മുതൽ എല്ലായിനം പച്ചക്കറികളും ചേർത്ത് ഉപ്പു ചേർക്കാതെ അൽപ്പം കുരുമുളകുപൊടി വിതറി നിവേദ്യപ്പുരയിൽ തയ്യാറാക്കുന്നതാണ് തൃക്കറി.

വറുത്തുപ്പേരി

കായും, ചേനയും, മാറാൻചേമ്പും, ചുണ്ടങ്ങയും അച്ചിങ്ങയും പച്ചമുളകും ചേർത്ത് നാടൻ വെളിച്ചെണ്ണയിൽ തയ്യാറാക്കുന്നതാണ് വറുത്തുപ്പേരി .

പ്രഥമൻ

ചെറുപയറും ശർക്കരയും നെയ്യിൽ വറുത്തെടുത്ത കൊട്ടത്തേങ്ങയും ചേർന്നതാണ് രുചിയേറിയ പ്രഥമൻ.

ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പൂജാസമയങ്ങളിലും, ചടങ്ങുകളിലും മറ്റും ഏറെ വ്യത്യസ്തതയുള്ള തിരുവാർപ്പ്‌ ക്ഷേത്രത്തിൽ തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിൽ ഉച്ചശ്രീബലിക്കും അത്താഴ ശ്രീബലിക്കും ആനപ്പുറത്ത് എഴുന്നള്ളിപ്പ് പതിവുണ്ട്. ഇത്തവണ കോവിഡ്‌ നിയന്ത്രണങ്ങൾ നിലവിലുള്ളതുകൊണ്ട് ആന എഴുന്നള്ളിപ്പിന്റെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല.

Content Highlights: thrikkari thiruvarppu temple special Onam 2020