ശ്രീകൃഷ്ണപുരം: കുപ്പടംനൂലിൽ നെയ്തെടുത്ത ആദ്യത്തെ കേരളസാരിയുമായി ശ്രീകൃഷ്ണപുരത്തെ നെയ്ത്തുകാർ. കുപ്പടം സാരികളുണ്ടെങ്കിലും ഈ നൂലിൽ തീർത്ത കേരള കൈത്തറിസാരി ആദ്യമാണെന്ന് നെയ്ത്തുകാർ പറയുന്നു.

ശ്രീകൃഷ്ണപുരത്ത് ഉത്പാദിപ്പിച്ച ആദ്യ കേരളസാരി പാലക്കാട് കോട്ടമൈതാനത്തെ ഖാദിഗ്രാമ സൗഭാഗ്യയിൽ എത്തി. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സ്ഥാപിച്ച ശ്രീകൃഷ്ണപുരം ഖാദി സിൽക്കുസാരി നിർമാണ യൂണിറ്റാണ് കേരളത്തിൽ ആദ്യമായി ഖാദിനൂലിൽ കേരളസാരി പുറത്തിറക്കിയിരിക്കുന്നത്. ഏറ്റവും മികച്ച നൂറാംനമ്പർ നൂലിലാണ് സാരി നെയ്തെടുത്തതെന്ന് പ്രോജക്ട് ഓഫീസർ പി.എസ്. ശിവദാസ് പറഞ്ഞു.

കഴിഞ്ഞവർഷം ഓണത്തിന് കേരളസാരി തേടി ധാരാളം അന്വേഷകരെത്തിയതാണ് മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് പാലക്കാട് ഖാദി ബോർഡ് ടെക്‌നിക്കൽ അസിസ്റ്റന്റ് വി.ആർ. ശ്രീദേവി പറഞ്ഞു. കുപ്പടംനൂലിൽ കേരളസാരി നിർമിക്കാൻ വിഷമമാണ്. കഞ്ഞിപ്പശയില്ലാത്തതിനാൽ പഞ്ഞി ഒതുങ്ങിക്കിട്ടാനാണ് ബുദ്ധിമുട്ട്. കരിമ്പുഴയുടെ നെയ്ത്തുപെരുമയോടുചേർന്നാണ് ശ്രീകൃഷ്ണപുരത്തിന്റെ പട്ടുസാരികളും കേരളസാരികളും പുറത്തിറങ്ങിയത്. പട്ടുസാരികൾക്ക് അയ്യായിരത്തോളം രൂപവരും. അഞ്ച്‌ തറികളിൽ പട്ടുസാരികൾ നെയ്യുന്നു. ഇതിൽ രണ്ടെണ്ണെത്തിൽ ജെക്കാർഡ് സാരികളും മൂന്നെണ്ണത്തിൽ സാധാരണ ഡിസൈനുള്ള സാരികളുമാണ് നെയ്യുന്നത്. ഒരെണ്ണത്തിൽ കേരളസാരിയും ഒരെണ്ണത്തിൽ കേരള സെറ്റുമുണ്ടും നെയ്യുന്നു.

താഴെയുള്ള കെട്ടിടത്തിൽ കുപ്പടം മുണ്ടും നെയ്യുന്നുണ്ട്. രണ്ടുമൂന്നു ദിവസംകൊണ്ട് ഒരു സാരി നെയ്യാനാകുമെന്ന് കേരളസാരി നെയ്ത കെ.ആർ. ലക്ഷ്മണൻ പറഞ്ഞു. കരിമ്പുഴ നെയ്ത്തുഗ്രാമത്തിലെ വൈദഗ്ധ്യമുള്ള തൊഴിലാളികളാണ് നെയ്ത്തിന് നേതൃത്വം നൽകുന്നത്. ഒന്നാംഘട്ടത്തിൽ ഏഴ്‌ തറികളാണ് സ്ഥാപിച്ചത്. കെ.ആർ. കൃഷ്ണൻ, കെ.ആർ. ശശികുമാർ, കെ.ആർ. ജനാർദ്ദനൻ, കെ.ആർ. രാമദാസൻ, കെ.ആർ. മണികണ്ഠൻ എന്നിവരാണ് ഇപ്പോൾ സാരി നെയ്യുന്നത്.

ശ്രീകൃഷ്ണപുരം ഗ്രാമപ്പഞ്ചായത്തിന്റെ മിനി വ്യവസായ എസ്റ്റേറ്റിൽ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് 26 ലക്ഷംരൂപ ചെലവിൽ ഒരുക്കിയ കെട്ടിടത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ഓഗസ്ത് 13-നാണ് ബ്ലോക്ക് പഞ്ചായത്തിനുസമീപമുള്ള കേന്ദ്രത്തിൽ നെയ്ത്ത്‌ തുടങ്ങിയത്.

ഇവിടെ ഏഴ്‌ തറികൾകൂടി തുടങ്ങാൻ ലക്ഷ്യമിടുന്നുണ്ടെന്ന് ബ്ലോക്ക് പ്രസിഡന്റ് പി. അരവിന്ദാക്ഷൻ പറഞ്ഞു. അതോടെ ഒരാൾക്ക് ഒരുതറി എന്നകണക്കിൽ നെയ്യാനാകും.

Content Highlights:  The first Kerala sari in Kuppadam thread