ണത്തെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. നേരത്തെയായിരുന്നെങ്കിൽ കുറച്ച് ഗൃഹാതുരതയെക്കുറിച്ച് സംസാരിക്കാമായിരുന്നു എല്ലാ വർഷവും ചെയ്യുന്നത് പോലെ. വേണമെങ്കിൽ ലേശം മെലോഡ്രാമ കലർത്തിയും പറയാമായിരുന്നു. എന്നാലിപ്പോൾ യാഥാർഥ്യം പന പോലെ വേരുറച്ചും ആകാശം മുട്ടെ വളർന്നും നിന്ന് ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പതിവില്ലാത്ത പോലെ നാളുകൾക്ക് മുൻപ് വന്നു കൂടിയ വിഷാദം ഞരമ്പുകളിൽ നിന്ന് വേർപെടാതെ തളർത്തിത്തുടങ്ങിയിരിക്കുന്നു. ഞാൻ അത്രയൊന്നും വിഷാദം ഘനീഭവിച്ച മുഖവുമായി അല്ലെങ്കിൽ മനസ്സമായി നടക്കുന്ന ഒരാളെയല്ലല്ലോ എന്ന് ഓർക്കുമ്പോഴേക്കും അടുത്ത വാർത്ത വരികയായി ഇന്നത്തെ കോവിഡ് ബാധിക്കപ്പെട്ടവരുടെ കണക്കുകൾ.

പിള്ളേരോണം ഒക്കെ വന്നോ പോയോ എന്ന് പോലും ഓർമ്മിക്കുന്നില്ല, കഴിഞ്ഞ വർഷം വരെ 'അമ്മ പറയുന്നുണ്ടായിരുന്നു, പിള്ളേരോണം എന്നാൽ ഓണത്തിന്റെ ആഘോഷങ്ങളുടെ തുടക്കമാണ്. സദ്യയും ആചാരവും ഒക്കെ തുടങ്ങി വയ്‌ക്കേണ്ട ദിവസം, പക്ഷെ പിള്ളേരോണം എന്ന വാക്കു തന്നെ മറന്നു പോയി. 'അമ്മ പോലും ആശങ്കയോടെ വാർത്തകളിലെ കണക്കുകളിലേയ്ക്ക് നോക്കി പരിഭ്രമിച്ച് കഴിഞ്ഞ വർഷങ്ങളൊക്കെ മറന്നു പോയിരിക്കുന്നു. കഴിഞ്ഞ വർഷവും അതിന്റെ മുന്നിലുള്ള വർഷവും മുതൽ തുടങ്ങിയതാണ് ഓണമില്ലായ്മ. പ്രളയം അതിന്റെ സർവ്വ ആർത്തിയുമെടുത്ത് വിഴുങ്ങിയ പുഴയുടെ തീരങ്ങളും നഗരങ്ങളുമാണ് ഓണമെന്നു കേൾക്കുമ്പോൾ ഇപ്പോൾ ഓർമ്മയിൽ വരുന്നത്.ഒരുപാട് പേര് കഴിഞ്ഞ വർഷം ഓണമാഘോഷിച്ചത് സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു. ഒന്നിച്ചുള്ളപ്പോഴാണ് ഓണം, പലരും പലതായി വേർപെട്ടു നിന്നവർക്ക് എന്ത് ഓണം!

പ്രളയം വന്നു പോയി തകർച്ചയിൽ നിന്നും കര കയറിത്തുടങ്ങിയ മനുഷ്യരിലേക്കാണ് കോവിഡ് എന്ന വൈറസ് പറ്റിക്കയറി വളർന്നു തുടങ്ങിയത്. ശ്വാസകോശത്തിൽ മാത്രമല്ല മനസ്സിലേക്കും അത് പടർന്നു തുടങ്ങിയിരിക്കുന്നു. ഓണത്തിന്റെ അര്ഥമെന്നാൽ ഒരുമിച്ചിരിക്കുക എന്നും കൂടിയാണ്, പരസ്പരം സ്നേഹത്തിലും സമാധാനത്തിലും ജീവിക്കുക എന്നതുമാണ്, അങ്ങനെ നോക്കുമ്പോൾ  ഇതിൽ ഏതു കാര്യമാണ് ഇത്തവണ നടപ്പിലാക്കേണ്ടത്? മരണപ്പെട്ടാൽപ്പോലും അന്ത്യചുംബനം നല്കാനാകാതെ , ഒന്ന് കാണാൻ പോലുമാകാതെ യാത്ര പറയേണ്ടി വരുന്ന ശരീരങ്ങൾ മാത്രമായിപ്പോകുമ്പോൾ ഓണം എന്നത് ഈ വർഷത്തെ കണക്കു പുസ്തകത്തിൽ നിന്ന് മാഞ്ഞു പോയിരിക്കുന്നു. ആർക്കും വരാം, ഇപ്പോഴും വരാം എന്നത് കൊണ്ട് പരമാവധി പ്രിയപ്പെട്ടവരേ ആരെയും കാണാനാകാതെ, അടുത്തിരിക്കാനാകാതെ ഇരിക്കുമ്പോൾ മനസ്സിൽ പോലും ഓണമില്ല. സന്തോഷമോ സമാധാനമോ ഇല്ല.

ഗ്രാമങ്ങളിലായിരുന്നു ഓണവും ആഘോഷങ്ങളും പണ്ടും ഇന്നുമൊക്കെ കൂടുതൽ. വെറും ആഘോഷങ്ങളിൽ നിന്ന് മാത്രമല്ല ആചാരങ്ങൾ കൃത്യമായി പാലിക്കുന്നത് പോലും അതിന്റെ ഭാഗമായി അവർ കരുതുന്നുണ്ട്. അയൽവക്കത്തെ തൊടിയിൽ നിന്ന് പറിച്ച പൂവും അപ്പുറത്തെ വീട്ടിൽ വറുത്ത ഉപ്പേരിയും പരസ്പരം പങ്കിടും. ഇന്നലെ ടിവിയിൽ കണ്ട കാഴ്ച ഹൃദയം തകർത്തു കളഞ്ഞു, കോവിഡ് ബാധിച്ചു എന്ന സംശയത്താൽ കഴിയുന്നവരെ ഉപദ്രവിക്കാനും ആക്ഷേപിക്കാനും ഒറ്റപ്പെടുത്താനും കൂട്ടം കൂടി നിൽക്കുന്ന അയൽവാസികൾ. എല്ലാവരുടെയും മുഖത്ത് ഭയം കാണാം. ഇങ്ങനെയല്ല ഇതുവരെ ഓണം തുടങ്ങിയിരുന്നത്. ഒരു മാസം മുൻപ് മുതൽ തന്നെ അയൽക്കാർ പങ്കിടുന്ന ആഘോഷ പരിപാടികളുടെ പ്ലാനിങ്ങുകളിൽ കൂടിയായിരുന്നു. ഈ വർഷം ഒന്നുമില്ല. കോവിഡ് വിട്ടു പോകുംമുമ്പ് ന്യൂനമർദ്ദം അതിന്റെ ഭീകരമായ നാവു ചുഴറ്റിക്കൊണ്ട് വരാൻ തയ്യാറെടുക്കുന്നു. ഒറ്റ മഴയിൽത്തന്നെ നഗരങ്ങൾ കടലാകുന്നു. വരാൻ പോകുന്ന മഹാമാരിയോർക്കുമ്പോൾ വിഷാദം പിന്നെയും പോകാൻ മടിച്ച് ആഴത്തിൽ വേരുകൾ താഴ്ത്തുന്നു.

കാണം വിറ്റും ഓണം ഉണ്ണണം എന്ന വാചകം ഈ വർഷം തിരുത്തപ്പെടും. വിൽക്കാൻ ബാക്കിയെന്താണ് ഒരു വൈറസും പ്രളയവും ബാക്കി വയ്ക്കുക എന്നറിയില്ല. ജോലി നഷ്ടപ്പെട്ടവർ എത്ര പേരാണ്! വാടക നൽകാൻ ബുദ്ധിമുട്ടി, ആഹാര സാധനങ്ങൾ ആവശ്യത്തിന് വാങ്ങാനാകാതെ, വയസ്സായ അച്ഛനമ്മമാരെ കരുതാൻ ശ്രമിക്കുന്ന എത്ര പേരുണ്ട്! എത്ര പേരാണ് ഈ ഒരു മാസത്തിൽ ഇൻബോക്സിൽ വന്നു ഒരു ആയിരം രൂപ കടം തരുമോ എന്ന് ചോദിച്ചത്! എത്ര ജീവിതങ്ങളാണ് നിശ്ചലമായിപ്പോയത്! ഇനിയെന്ത് വിറ്റിട്ടാണ് ഓണമുണ്ണേണ്ടത്? ഒരിക്കലും വിഷാദമെഴുതി വായനക്കാരെ സങ്കടത്തിലാക്കരുതെന്നു നിർബന്ധം സൂക്ഷിക്കാറുണ്ടെങ്കിലും ഓണത്തെക്കുറിച്ച് മറ്റൊന്നും പറയാനില്ല. അത്രമാത്രം നിരാശ പൂണ്ട മുഖങ്ങളാണ് ചുറ്റും. ലോക്ക് ആയിക്കിടക്കുന്നത് മനസ്സുകളാണ്. അതിന്റെ രണ്ടാം ഘട്ടമായപ്പോഴേക്കും മരവിച്ചും മടുത്തും പോയ മനസ്സുകൾ. ആശ്വസിപ്പിക്കണമെങ്കിൽ സ്വയം നമ്മളും അതിനെ അതിജീവിക്കണം, ഓണം മനസ്സിലെങ്കിലും എത്തണം. അത് ഇതുവരെയുണ്ടായിട്ടില്ല. ഇത്തവണ അതുകൊണ്ട് ഓണമുണ്ടാകുമെന്നും തോന്നുന്നില്ല. ഈ മാസം കൂടി ഒന്നോടിപ്പോയെങ്കിൽ എന്നൊരു പ്രാർത്ഥന മാത്രം അവശേഷിക്കുന്നു.... എല്ലാവരും സുരക്ഷിതരായും സന്തോഷത്തിലും കഴിയുന്നൊരു കാലത്തേ ഓണം മാത്രമേ എനിക്ക് ആഘോഷിക്കേണ്ടതുള്ളൂ...

Content Highlights: onam 2020 onam celebration