തൃശ്ശൂർ: രണ്ടുവർഷം മുമ്പ് പ്രളയം കാരണം തൃശ്ശൂരിൽ നാലോണത്തിന് പുലികളിറങ്ങിയില്ല. ‘ചരിത്രത്തിലിടം നേടിയ’ പ്രളയം പുലിക്കളിയുടെ ചരിത്രവും തിരുത്തിക്കുറിച്ചു. എന്നാൽ പുലികൾ മറ്റൊരു ചരിത്രം കുറിക്കാനായാണ് ഇൗ അവസരം വിനിയോഗിച്ചത്. അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി അപ്പോൾത്തന്നെ ജൈവകൃഷിയിലേക്ക് തിരിഞ്ഞു. മേഖലയിൽ തരിശിട്ട സ്ഥലങ്ങൾ കണ്ടെത്തുകയാണ് ആദ്യം െചയ്തത്. ഉടമകളുടെ സമ്മതത്തോടെ, പാട്ടം ഇല്ലാതെ ഇവിടെ കൃഷിയിറക്കി. അരയേക്കറിൽ തുടങ്ങിയ കൃഷി ഇപ്പോൾ നാലേക്കറിലുണ്ട്.

ഇത്തവണയും കോവിഡ് കാരണം പുലിക്കളി മുടങ്ങുമെന്ന് ഉറപ്പായി. എന്നാൽ ഒാണത്തിന് പുലികളുടെ സാന്നിധ്യമുണ്ട്. കൃഷിയിടത്തിലെ വിളവെടുത്ത് ഒാണച്ചന്ത ഒരുക്കിയിരിക്കുകയാണ് പുലികൾ.

പുലിക്കളിക്കുപയോഗിക്കുന്ന പുലിമുഖമണിഞ്ഞാണ് വിൽപ്പന. മാസ്കിന് പുറത്ത് ഷീൽഡ് പോലെ പ്രവർത്തിക്കും പുലിമുഖം. കാണുന്നവർക്ക് കൗതുകം, പുലികൾക്ക് സുരക്ഷ.

പടവലം, തക്കാളി, പയർ, പാവയ്ക്ക, കൂർക്ക, ചീര, വെണ്ട, വഴുതന, വാഴ തുടങ്ങി എല്ലാത്തരം പച്ചക്കറിയുമുണ്ട് കൃഷിയിടത്തിൽ. എം.എൻ. രജീഷ്, കണ്ണൻ പറമ്പത്ത്, ബാബു പുതൂർക്കര, സുധൻ കുറിഞ്ഞാക്കൽ, സുമേഷ് കുറിഞ്ഞാക്കൽ, പ്രവീൺ മരുതൂർ, ശ്രീനിവാസൻ, ശ്രീകൃഷ്ണൻ, രാധാകൃഷ്ണൻ തുടങ്ങിയവർക്കാണ് കൃഷിയുടെ ചുമതല.

Content Highlights: pulikkali Organizing Committee turned to organic farming