നുഷ്യർ പുലികളാകുന്നതെങ്ങനെയെന്നു തൃശ്ശൂർ വർഷങ്ങളായി കാണിച്ചുകൊണ്ടിരിക്കുന്നു. വരയും പുള്ളിയും കുത്തി, അരമണിയും മുഖംമൂടിയുമണിഞ്ഞ്, കാലുകളിൽ താളങ്ങൾ കൊരുത്ത് ... പുലിവട്ടങ്ങൾ അങ്ങനെ നീളുന്നു. പുലികൾക്ക് അകമ്പടിയായെത്തിയ ദേശജനതയും താളം മുറുക്കും. ഇത്തവണ ഇതെല്ലാം അരങ്ങേറുക തൃശ്ശൂരിന്റെ മനസ്സുകളിലാണ്.

പുലിയുടെ വില

നല്ലകുടവയർ- പുലികളുടെ പ്രധാന തുരുപ്പുചീട്ടാണിത്. വയറുള്ളതുകൊണ്ടുമാത്രം കാര്യമായില്ല. കളിക്കാനറിയണം. പ്രവർത്തന പരിചയം വേണം. ഇതെല്ലാംകൂടി ഒത്തുവന്നാൽ വില കുത്തനെ കൂടും. പതിനായിരം രൂപ വരെയാണത്രെ പുലിയുടെ മാർക്കറ്റ് വില. ഒരു ടീമിൽനിന്ന്‌ അഡ്വാൻസ് വാങ്ങി അടുത്ത ടീം കൂടുതൽ വാഗ്ദാനം ചെയ്തപ്പോൾ കൂടെപ്പോയ പുപ്പുലികളും ഉണ്ട് ഈ കൂട്ടത്തിൽ. ഇടുക്കിയിൽ നിന്നുവരെ എത്തിയ കുടവയറുകൾ തൃശ്ശൂരിന്റെ പുലിയായി മാറിയിരുന്നു.

അഞ്ചുമുതൽ ഏഴുലക്ഷം വരെയാണ് പല മടകൾക്കും ചെലവുവരാറ്. കോർപ്പറേഷൻ ഇപ്പോൾ 1.25 ലക്ഷം രൂപയാണ് പുലിക്കളിസംഘങ്ങൾക്ക് ധനസഹായമായി നൽകുന്നത്. അമ്പതിനായിരം രൂപ സർക്കാർ പ്രഖ്യാപിക്കാറുണ്ടെങ്കിലും അത് കിട്ടാറില്ല എന്നും സംഘാടകർ പറയുന്നു.

കളറൊരുക്കം

പുലിമടകൾ ഉണർന്നുവരുന്നത് കളറൊരുക്കത്തിലൂടെയാണ്. നിറങ്ങളെല്ലാം വാർണിഷുചേർത്ത് അരച്ചെടുക്കണം. ഇപ്പോൾ കളർപൊടികളാണ് ഉപയോഗിക്കുന്നത്. പുലിനിറങ്ങൾ പൂർണമായും പ്രകൃതിദത്തമാകാനാവില്ലെങ്കിലും പരമാവധി ഈ വഴിയിലൂടെ നീങ്ങാനുള്ള ശ്രമങ്ങളും ഉണ്ടായിരുന്നു. വെറും പെയിന്റ് മാത്രമല്ലാതെ ഓർഗാനിക് പൊടികൾ കൂടി ഉപയോഗിച്ചാണ് ഇതിനുള്ള ശ്രമങ്ങൾ നടത്തിയത്.

പങ്കാളിത്തം

നഗരത്തിൽ 12 പുലിമടകൾ വരെ ഉണർന്ന വർഷങ്ങളുണ്ടായിരുന്നു. ഓരോസംഘത്തിലും പുലികൾ മാത്രം നാൽപ്പതോളം ഉണ്ടാകും. കൂടാതെ രണ്ട് ടാബ്ലോകളും. 35 വീതം വാദ്യക്കാർ. സംഘാടകരായി ഓരോടീമിലും നൂറോളം പേർ. വിയ്യൂർ, പൂങ്കുന്നം, കോട്ടപ്പുറം, നായ്ക്കനാൽ, ചെമ്പുക്കാവ്, കൊക്കാല തുടങ്ങി നിരവധി പ്രദേശങ്ങളിലാണ് സ്ഥിരമായി പുലിമടകൾ ഒരുങ്ങാറ്.

പെൺപുലികൾ

മുൻവർഷങ്ങളിൽ പുലിക്കളിക്ക് പെൺപുലികളും രംഗത്തിറങ്ങിയിരുന്നു. പൂത്തോൾ ദേശം പുലിക്കളി സംഘാടകസമിതിയിൽ ഒരുതവണ ഒമ്പതു സ്ത്രീകളാണ് ഉണ്ടായിരുന്നത്. ആണുങ്ങൾ മൂന്നുപേരും. പെൺപുലികൾക്കുപുറമേ ഇതര സംസ്ഥാനക്കാരും തൃശ്ശൂർ തെരുവിൽ പുലികളായാടി. ഒരുതവണ ഒരു ടീമിൽ മാത്രം ഇരുപതിലധികം ബംഗാളി പുലികളാണുണ്ടായിരുന്നത്.

പുലിവൈവിധ്യം

കാട്ടിലുള്ളതിനേക്കാൾ പതിന്മടങ്ങ് പുലിവൈവിധ്യമുണ്ട് നാട്ടിലെ പുലിക്കളിക്ക്. കരിമ്പുലിയും വരയൻപുലിയും കുട്ടിപ്പുലി എന്നിവയെല്ലാം സാധാരണ ഇനങ്ങൾ. ഇതുകൂടാതെ എൽ.സി.ഡി പുലികളും ഫ്‌ളൂറസെന്റ് പുലികളും ഇവിടെ അണിനിരക്കാറുണ്ട്. കടുവപ്പുലിയും നിരത്തിലിറങ്ങുന്നു.

തൃശ്ശൂരോണത്തിൽ പൂവിളിക്കൊപ്പമാണ് പുലിക്കളിയും. ഇത്തവണ കളി കോവിഡ്‌ കൊണ്ടുപോയാലും പുലി തൃശ്ശൂരിലുണ്ടാകും. മനസ്സിൽ അരമണിക്കിലുക്കങ്ങൾ ഉയർത്തിവിടും. നാലാം ഓണത്തിനാണല്ലോ പുലിയിറക്കം

വിഷമമുണ്ട്, മാനസികമായും സാമ്പത്തികമായും

എട്ടാംക്ലാസ്സിൽ പഠിക്കുമ്പോൾ പുലിവേഷം കെട്ടിത്തുടങ്ങിയതാണ്. മുപ്പതുവർഷമായി. ഇതിനിടയിൽ ​ഗൾഫിൽ പോയ രണ്ടുവർഷമാണ് പുലിയാകാൻ സാധിക്കാതിരുന്നത്. മുടങ്ങുന്നു എന്നു പറയുമ്പോൾ വിഷമമുണ്ട്. കൂടാതെ സാമ്പത്തിക ബുദ്ധിമുട്ടുകളുമുണ്ട്.

പി.ജി. വിനോദ്
പുലിക്കളി കലാകാരൻ, ചുമട്ടുതൊഴിലാളി

സഹായം നൽകണം

പുലിക്കളി നടക്കാത്ത സാഹചര്യത്തിൽ പുലിവേഷമിടുന്നവർക്കും പുലിത്താളം കൊട്ടുന്നവർക്കുമെല്ലാം സഹായം നൽകണം. ഓണത്തിന് കിട്ടാറുള്ള സാമ്പത്തിക സഹായമാണ് നിലച്ചിരിക്കുന്നത്. 2018-ൽ പ്രളയം മൂലം അവസാനനിമിഷം പുലിക്കളി ഉപേക്ഷിച്ചിരുന്നു. ഇതു വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയത്. കഴിഞ്ഞവർഷ ടീമുകളുടെ എണ്ണം കുറവായിരുന്നു. ഇതെല്ലാം മറികടന്ന് ഇത്തവണ ഉഷാറാകുമെന്ന് കരുതിയപ്പോൾ കൊറോണയും വന്നു.

ടി.ആർ. ഹരിഹരൻ 
നായ്ക്കനാൽ പുലക്കളി സമാജം പ്രസിഡന്റ്

Content Highlights: pulikkali onam 2020 onam celebration