പ്രവാസികളുടെ മനസ്സിൽ ഗൃഹാതുരത്വമുണർത്തിയാണ് ഓരോ ഓണക്കാലവുമെത്തുന്നത്. കുട്ടിക്കാലത്തുള്ള ഓർമകൾ മുതൽ നാട്ടിലാഘോഷിച്ച ഓരോ ഓണവും ഒരഭ്രപാളിയിലെന്നപോലെ  ഒന്നൊന്നായി തെളിഞ്ഞു വരും. പ്രവാസി മലയാളികളാണ് നാട്ടിലുള്ളവരേക്കാൾ ആഘോഷങ്ങൾ കേമമാക്കാറുള്ളത്.

വാഴയിലയും,കറിവേപ്പിലയും ചക്കയും മാങ്ങയും തേങ്ങയും ചേനയും ചേമ്പും എന്നു വേണ്ട മിക്കവാറും എല്ലാം തന്നെ തൊടിയിലിറങ്ങി പറിച്ചെടുത്തു ശീലിച്ചവർക്ക് ഓണക്കാലത്താണ് സ്വന്തം നാടും വീടും ഏറ്റവുമധികം ഓർമ വരുന്നത്.

ഓണത്തിനെപ്പോഴും ഓർമകളുടെ ഗന്ധമാണ്. കായ വറുത്തതിന്റെ, പാലട പായസത്തിന്റെ, വെന്ത വെളിച്ചെണ്ണയുടെ, തീയലിന്റെ , നെയ്യൊഴിച്ച പരിപ്പ് കൂട്ടാന്റെ, കുറുക്കുകാളന്റെ, വറുത്തെരിശ്ശേരിയുടെ അങ്ങനെ പലതിന്റെയും മണം ചുറ്റും വന്നങ്ങു നിറയും. എന്റെ ഓർമ വച്ചകാലം മുതൽ ഓണം നന്നായി ആഘോഷിക്കും. കുമരകത്ത്‌ അമ്മയുടെ തറവാട്ടിലാണ് തിരുവോണം ആഘോഷിക്കുക. അമ്മയുടെ സഹോദരിയും സഹോദരനും അവരുടെ കുടുംബവുമൊക്കെയായി സ്നേഹത്തിന്റെ ഗന്ധമുള്ള ഓണം. തിരുവോണവും അവിട്ടവും കഴിഞ്ഞു ചതയം നാളിൽ വള്ളം കളിയും കണ്ടു കഴിഞ്ഞാണ് തിരികെ വീട്ടിലേക്ക് പോകാറുള്ളത്. 

കുമരകം കോട്ടത്തോട്ടിൽ ശ്രീ നാരായണ ഗുരു ജയന്തി ദിവസം അരങ്ങേറുന്നതാണ്  ശ്രീനാരായണ ജയന്തി വള്ളംകളി അഥവാ കുമരകം ജലോത്സവം. ആയിരത്തില്‍ അധികം വരുന്ന തുഴക്കാരുടെ ആവേശത്തിനും ആഹ്ളാദത്തിനും ചിങ്ങത്തിലെ ചതയം നാള്‍ സാക്ഷ്യം വഹിക്കുന്നു. ഉച്ചത്തിലുള്ള ആര്‍പ്പുവിളികളാലും താളപ്പെരുമയാര്‍ന്ന വഞ്ചിപ്പാട്ടുകളാലും ആവേശത്തില്‍ ആറാടി നില്‍ക്കുന്നൊരു അന്തരീക്ഷമാണ്‌ കുമരകം ജലോത്സവത്തിനുള്ളത്. കുമരകം വള്ളം കളിയില്‍ കൂടുതലായും ഇരുട്ടുകുത്തി വള്ളങ്ങളാണ്‌ പങ്കെടുക്കാറുളളത്‌.

ശ്രീ നാരായണ ഗുരു വള്ളംകളിക്ക്‌ ചരിത്ര പ്രാധാന്യമായ പാരമ്പര്യം കൂടിയുണ്ട്‌. 1903-ല്‍ ശ്രീ നാരായണഗുരു കുമരകത്തേയ്‌ക്ക്‌ ആലപ്പുഴയില്‍ നിന്നും വള്ളത്തില്‍ ഘോഷയാത്രയുടെ അകമ്പടിയോടെ എത്തുകയും കുമാരമംഗലം ക്ഷേത്രത്തില്‍ സുബ്രഹ്മണ്യ പ്രതിഷ്‌ഠ നടത്തുകയും ഉണ്ടായി. ആ വരവിന്റെ ഓര്‍മയ്ക്കായാണ്‌ എല്ലാ വര്‍ഷവും വള്ളംകളി നടത്തിപോരുന്നത്‌.

വള്ളം കളി കാണാൻ പറ്റുന്നില്ല എങ്കിലും ഇവിടെ ലണ്ടനിൽ വന്നിട്ടും ഓണത്തിന്റെ ആഘോഷങ്ങൾക്ക് മാറ്റമൊന്നുമുണ്ടായിട്ടില്ല നാട്ടിലെ പോലെ തന്നെ എല്ലാ കറികളും, രണ്ട് തരം പായസവും ഒക്കെ ഉണ്ടാക്കി വാഴയിലയിൽ ഇവിടെയുള്ള പ്രിയപ്പെട്ടവരോടൊത്തു ഓണമുണ്ണും. കോവിഡിന്റെ ഭീതിയൊഴിഞ്ഞിട്ടില്ല എങ്കിലും എല്ലാ വർഷത്തെയും പോലെ ഇത്തവണയും ഓണമൊരുക്കാൻ ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു. ഓർമകളുടെ സുഗന്ധം മനസ്സിലാകെ നിറച്ചുകൊണ്ട്

Content Highlights: Content Highlights: pravasi onam onam 2020 onam celebration