കിടങ്ങൂർ: നെല്ലിപ്പുഴ കല്ലമ്പള്ളി ഇല്ലത്ത് സൂക്ഷിച്ചിരിക്കുന്ന ഓണവില്ല് പഴമയുടെയും പാരമ്പര്യത്തിന്റെയും പ്രൗഢി വിളിച്ചോതുന്നു. കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ഊരാണ്മക്കാരിലൊന്നാണ് നെല്ലിപ്പുഴ ഇല്ലം. ഇപ്പോഴത്തെ കാരണവരായ ഹരീശ്വരൻ നമ്പൂതിരിയുടെ പ്രപിതാമഹനായിരുന്ന പദ്‌മനാഭൻ നമ്പൂതിരിക്ക് ശ്രീമൂലം തിരുനാൾ മഹാരാജാവ് സമ്മാനിച്ചാണ് ഓണവില്ല്.

പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപത്തിൽ നമ്പൂതിരിക്കുള്ള പ്രാവീണ്യത്തിൽ സന്തുഷ്ടനായ മഹാരാജാവ് തന്റെ സ്വകാര്യ ശേഖരത്തിലുള്ള ഓണവില്ല് സമ്മാനിക്കുകയായിരുന്നു. കടമ്പ് മരത്തിന്റെ കാതലിൽ വില്ലിന്റെ ആകൃതിയിൽ നിർമിച്ചതാണ് ഓണവില്ല്. ചുവർചിത്ര ശൈലിയിൽ അനന്തശയനം ഇതിൽ ആലേഖനം ചെയ്തിരിക്കുന്നു. നൂറ്റാണ്ട് കഴിഞ്ഞിട്ടും ചിത്രങ്ങൾക്ക് മങ്ങലേറ്റിട്ടില്ല.

നെയ്യാറ്റിൻകരയിലുള്ള വിശ്വകർമ്മജർ ഓണക്കാഴ്ചയായി തിരുവിതാംകൂർ രാജകുടുംബത്തിന് നൽകിയിരുന്നതാണ് ഓണവില്ല്. വർഷത്തിൽ ആറ് ഓണവില്ലുകൾ മാത്രമാണ് നിർമിക്കുന്നത്. ഇത്തരത്തിൽ രാജാവിന് കാഴ്ചയായി ലഭിച്ച ഓണവില്ലുകൾ രാജകുടുംബവുമായി ബന്ധമുണ്ടായിരുന്ന നട്ടാശ്ശേരി സൂര്യകാലടി മനയിലും കൈതേപ്പാലം പുഞ്ചമൺ മഠത്തിലും സൂക്ഷിച്ചിട്ടുണ്ടെന്ന് ഹരീശ്വരൻ നമ്പൂതിരി പറഞ്ഞു.

Content Highlights: Onavillu tradition Onam 2020