കൊളത്തൂർ: മലയാളികൾ ഓണം ആഘോഷിക്കുമ്പോൾ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു ഗ്രാമമുണ്ട് പെരിന്തൽമണ്ണ താലൂക്കിലെ മൂർക്കനാട് പഞ്ചായത്തിൽ. ഓണപ്പുട എന്നാണ് ഈ സ്ഥലത്തിന്റെ പേര്. ഓണപ്പുടയ്ക്ക്‌ ഈ പേര് എങ്ങനെ കിട്ടി എന്നറിയണമെങ്കിൽ ഓണപ്പുടാത്ത് കളരിക്കൽ തറവാട്ടിൽ എത്തണം.

തറവാട്ടിലെ പുതിയ തലമുറയിലെ കാരണവർ വാസു പണിക്കരായിരുന്നു പഴയ കാരണവൻമാരിൽനിന്ന്‌ കേട്ടറിഞ്ഞ വിവരങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞുകൊടുത്തിരുന്നത്. എന്നാൽ ഈ ഓണത്തിന് വാസു പണിക്കരും ഇല്ല. മൂന്നുമാസം മുമ്പ് അദ്ദേഹവും തറവാട്ടിൽനിന്ന്‌ എന്നെന്നേക്കുമായി വിടപറഞ്ഞു.

കേരളത്തിലെ അറിയപ്പെടുന്ന കളരി അഭ്യാസിയായിരുന്നു വാസു പണിക്കരുടെ മുതുമുത്തച്ഛൻ കുഞ്ഞൻ പണിക്കർ. ജാതി മത ഭേദമെന്യേ എല്ലാവരെയും കുഞ്ഞൻ പണിക്കർ കളരി പഠിപ്പിച്ചു. കേരളത്തിന്റെ പലഭാഗത്തും കളരി അഭ്യാസവുമായി നടന്ന പണിക്കരെ നാട്ടിൽ തിരിച്ചെത്തിയപ്പോൾ നാട്ടുകാരും തറവാട്ടുകാരും ചേർന്ന് പുടവനൽകി ആദരിച്ചു.

പിന്നീട് എല്ലാവർഷവും ഓണക്കാലത്ത് ഗ്രാമം മുഴുവൻ ഓണസദ്യയും ഓണപ്പുടവയും തറവാടിന്റെ വകയായി നൽകിവന്നു. ഇതിൽ പങ്കെടുക്കാനായി പുറംനാട്ടുകാരും എത്തിയിരുന്നു. അങ്ങനെ ഓണപ്പുടവ എന്ന് ഈ ഗ്രാമത്തെ വിളിച്ചു. പിന്നീടത് ഓണപ്പുട ആയി മാറിയെന്നുമാണ് കളരിക്കൽ തറവാട്ടുകാർ പറയുന്നത്.

പല നാടുകളിൽനിന്നും കളരി അഭ്യസിക്കാൻ ആളുകൾ കുഞ്ഞൻ പണിക്കരുടെ അടുത്തെത്തിയിരുന്നു. പണിക്കർ തറവാട്ടിൽ കളരി അഭ്യാസത്തോടൊപ്പം കുട്ടികൾക്ക് നിലത്തെഴുത്തും പഠിപ്പിച്ചിരുന്നു.

‌കുഞ്ഞൻ പണിക്കർ മരിച്ചിട്ട് ഇപ്പോൾ 152 വർഷം പിന്നിട്ടു. ഇന്ന് കളരിത്തറമാത്രം ബാക്കി. കുംഭമാസത്തിൽ കളരിപൂജയും നിത്യേന വിളക്കുകത്തിക്കലും മാത്രമാണ് ഇപ്പോൾ നടക്കുന്നത്.

Content Highlights: Onappuda Village Has A Story To Tell