കോഴിക്കോട്: ഉത്രാട തലേദിവസം പോലും വെറുതെയിരിക്കേണ്ട ഒരു ഓണക്കാലം ഈ അറുപത് വര്‍ഷത്തിനിടെ കുറ്റ്യാടി നിട്ടൂര്‍ വെള്ളൊലിപ്പില്‍ തറവാട്ടിലെ കേളപ്പ പണിക്കരുടെ ഓര്‍മയിലുണ്ടായിരുന്നില്ല. 12-ാം വയസ്സില്‍ അച്ഛനോടൊപ്പം  ഓണപ്പൊട്ടനാവാന്‍ തുടങ്ങിയതായിരുന്നു, വയസ്സിന്ന് എഴുപത് കഴിഞ്ഞു. അവിടെ നിന്നിങ്ങോട്ട് ഓണപ്പൊട്ടനായുള്ള പണിക്കരുടെ വീട് സന്ദര്‍ശനം മുടങ്ങിയിട്ടേ ഉണ്ടായിരുന്നില്ല. 

അത്തം തുടങ്ങുന്നതിന് മുന്നെ ആരംഭിക്കുന്ന ഓണപ്പൊട്ടനാകാനുള്ള തയ്യാറെടുപ്പ് അറിഞ്ഞ് കൊണ്ടാണ് ആ നാട്ടുകാര്‍ പോലും പലപ്പോഴും ഓണത്തിന്റെ ചൂട് അറിയുന്നത്. ഓലക്കുടയും നിറങ്ങളും മുണ്ടും മണിയുമെല്ലാം തറവാട്ടില്‍ ഓണത്തിന്റെ വരവറിയിച്ച് തയ്യാറായി നില്‍ക്കും. മണികിലുക്കം കേട്ട് നാട്ടുകാര്‍ ഓണത്തിന്റെ വട്ടം കൂട്ടം. പക്ഷെ കോവിഡ് പ്രതിസന്ധിയില്‍ ഓണപ്പൊട്ടനായി വീട് കയറേണ്ടെന്ന കൂട്ടായ തീരുമാനം വന്നതോടെ ഓലക്കുടയും മുണ്ടുമെല്ലാം ഇത്തവണ പണിക്കറുടെ വീട്ടിന്റെ അകത്തളങ്ങളില്‍ വെറുതെയിരിപ്പാണ്.

കായക്കൊടി പൂവത്താംകണ്ടി കുഞ്ഞിരാമ പണിക്കറും തന്റെ പതിനൊന്നാം വയസ്സില്‍ തുടങ്ങിയതാണ് ഓണപ്പൊട്ടനായുള്ള വീട് സന്ദര്‍ശനം. ഒപ്പം കുറ്റ്യാടി, വടകര മേഖലയിലേക്കെല്ലാം ഓണപ്പൊട്ടന് വേണ്ട ഓലക്കുടയും മുടിയും മറ്റ് ചമയങ്ങളുമെല്ലാം തയ്യാറാക്കി നല്‍കുന്നതിലെ വരുമാനവും ഓണത്തിന്റെ നേര്‍ച്ചയുമെല്ലാം ഇവരുടെ ജീവിതത്തെ അത്രമേല്‍ സ്വാധീനിച്ചിട്ടുമുണ്ടായിരുന്നു. ഉത്രാടത്തിനും തിരുവോണത്തിനും ചായമിട്ട് ഓലക്കുട ചൂടി വടക്കന്‍മലബാറില്‍ ദൈവമായി ഓണപ്പൊട്ടനെത്തുന്നുവെന്നാണ് വിശ്വാസം.

അരിയും പൂവും ദക്ഷിണയും നല്‍കാന്‍ ഓണപ്പൊട്ടനെ കാത്തിരിക്കുന്ന വീട്ടുകാര്‍. മണികിലുക്കിയെത്തുന്ന ദൈവത്തിനായി ഓരോണം കഴിയുന്നത് മുതല്‍ അടുത്തവര്‍ഷത്തേക്ക് നേര്‍ച്ചയായി അരിയും പണവും കരുതുന്നവര്‍. അങ്ങനെ മലബാറുകാരുടെ ജീവിതത്തോട് എന്നും ചേര്‍ന്ന് നിന്നിരുന്നു ഓണപ്പൊട്ടന്‍. അവരുടെ അടുത്തേക്ക് ഇത്തവണ എത്താന്‍ കഴിയാത്തന്റെ മനോവിഷമത്തിലാണ് കുഞ്ഞിരാമ പണിക്കറെ പോലുള്ളവര്‍.

ദക്ഷിണയ്ക്കപ്പുറം പാരമ്പര്യമായി ലഭിച്ച നിയോഗത്തിന്റെ ഭാഗമാവാന്‍ ഇത്തവണ കഴിയാതെ വരുന്നൂവെന്നത് തനിക്ക് ആലോചിക്കാന്‍ പോലും കഴിയുന്നില്ലെന്ന് കുഞ്ഞിരാമ പണിക്കര്‍ പറയുന്നു. ഇത്തവണ പൊട്ടന്‍ വീട്ടിലെത്തില്ലെന്നറിഞ്ഞ് കരുതിവെച്ച നേര്‍ച്ചയും അരിയുമൊക്കെയായി കുഞ്ഞിരാമ പണിക്കരെ വീട്ടിലെത്തി കാണുന്ന ആളുകളുമുണ്ട്. അവരെ കാണുമ്പോള്‍ കുഞ്ഞിരാമ പണിക്കര്‍ക്ക് ചിലപ്പോള്‍ കരച്ചില്‍ വരും. കാരണം സദ്യയുണ്ടാക്കിയില്ലെങ്കിലും പൂവൊരുക്കിയില്ലെങ്കിലും ഓണപ്പൊട്ടനെ കാണാതെ കഴിഞ്ഞ് പോവുന്ന ഓണം മലബാറുകാരുടെ  മനസ്സിലുമുണ്ടായിരുന്നില്ല. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ വേഷം കെട്ടേണ്ടതില്ലെന്ന് തെയ്യം കെട്ടിയാട്ട സംഘടന തീരുമാനിക്കുകയായിരുന്നു. നിട്ടൂര്‍ വെള്ളൊലിപ്പില്‍ തറവാട്ടില്‍ മാത്രം 15-ഓളം പേര്‍ ഓണപ്പൊട്ടന്‍ കെട്ടാറുണ്ട്. ശേഷം സമീപത്തുള്ള പന്തീരടി മനയില്‍നിന്ന് മുണ്ടും ദക്ഷിണയും സ്വീകരിച്ച്, ദേശത്തിന്റെ പല ഭാഗങ്ങളിലേക്കായി പുറപ്പെടും. വയസ്സ് ഇത്രയായതോടെ ഇനിയൊരിക്കല്‍ ഓണപ്പൊട്ടനാവാനുള്ള ഭാഗ്യമുണ്ടാവുമോയെന്ന് അറിയില്ലെന്ന് പറയുന്നു ഓണപൊട്ടന്‍മാരിലെ ഈ മുതിര്‍ന്ന കാരണവന്‍മാര്‍.