ത്തപ്പൂക്കളത്തെ ഇത്തവണ നാടൻ പൂക്കൾ വർണാഭമാക്കും. മഞ്ഞബന്ദിയും വാടാമല്ലിയും നാടൻ പൂക്കളത്തിന് വലംവെച്ചാൽ ഭംഗികൂടും. വെള്ളനിറമുള്ള നെല്ലിൻ പൂക്കൾ നാടൻ പൂക്കളത്തിലെ താരമാകും.

മലയാള മണ്ണിന്റെ മണവും ഗുണവുമുള്ള നാടൻ പൂക്കൾ ഉപയോഗിച്ച് പൂക്കളം തീർക്കുന്നത് സ്വാഗതാർഹം. ഓണക്കാലത്ത് ലക്ഷക്കണക്കിന് രൂപയാണ് മലയാളികൾ ഇതരസംസ്ഥാനങ്ങളിലേക്ക് ഒഴുക്കിക്കൊണ്ടിരിക്കുന്നത്. നാടൻ പൂക്കളമിട്ടാൽ സാമ്പത്തികലാഭത്തിലുപരി നാടൻ പൂക്കളെ തിരിച്ചറിയാനും അവ തേടിപ്പിടിക്കാനും പുതുതലമുറയ്ക്ക് അവസരമുണ്ടാകും. തുമ്പയും മുക്കുറ്റിയും തെറ്റിയും ചേമന്തിയും കണ്ടാലറിയാൻ കുട്ടികൾക്ക് കഴിയട്ടെ.

 കഴിഞ്ഞ ഓണക്കാലത്ത് പൂവിപണിയിലെ പ്രധാന ഉപഭോക്താക്കൾ കലാലയങ്ങളായിരുന്നു. എല്ലാം ഇപ്പോൾ അടച്ചിട്ടിരിക്കുന്നു. ബാങ്കുകളും സ്ഥാപനങ്ങളും െറസിഡൻസ് അസോസിയേഷനുകളും ക്ലബ്ബുകളും ഒരുക്കുന്ന പൂക്കള മത്സരമായിരുന്നു വിപണിയെ നിലനിർത്തിയത്. ഇന്ന് ആരവങ്ങളില്ല. പൂക്കടക്കാർ പ്രതിസന്ധിയിലായിട്ട് ആറുമാസമായി. കോയമ്പത്തൂർ, െബംഗളൂരു, ശങ്കരൻകോവിൽ തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് പൂക്കൾ വരുന്നത്. ഓറഞ്ചുനിറമുള്ള വാടാമല്ലിയും മഞ്ഞബന്ദിയും ആറുനിറങ്ങളിലുള്ള അരളിയും ജമന്തിയും 16 നിറങ്ങളിലുള്ള റോസും കിലോ 900 രൂപ വിലയുണ്ടായിരുന്ന പിച്ചിപ്പൂവും കഴിഞ്ഞവർഷം പൂവിപണി കീഴടക്കിയിരുന്നു.

ഇത്തവണ തമിഴ്നാട്ടിലെ പൂപ്പാടങ്ങളിൽ പച്ചക്കറി വിളയുന്നു. പിച്ചിപ്പൂ ഇപ്പോൾ വരവില്ല. മുല്ലപ്പൂവിന് ഒരുകിലോ 400 രൂപയും മഞ്ഞബന്ദി 80 രൂപയും വിലയുണ്ട്. ലേലവിപണിയായതിനാൽ വില ദിവസേന മാറും.

വർഷങ്ങൾക്ക് മുൻപ് പൂക്കളത്തിൽനിന്ന് അകറ്റിനിർത്തിയിരുന്ന തുമ്പയും മുക്കുറ്റിയും നന്ത്യാർവട്ടവും കാക്കപ്പൂവും കോളാമ്പിപ്പൂവും കാശിത്തുമ്പയും തെറ്റിയും ഇത്തവണ കളം അലങ്കരിക്കും. പഴയകാലത്ത് അത്തംമുതൽ തിരുവോണംവരെ കളത്തിൽ സ്ഥാനം ഒരോ നാട്ടുപൂക്കൾക്കായിരുന്നു. അത്തപ്പൂവിടലിന് പ്രാദേശികഭേദമുണ്ട്. ആദ്യദിവസങ്ങളിൽ തുമ്പയ്ക്ക് പ്രാധാന്യം. പിന്നീടുള്ള ദിവസങ്ങളിൽ വിവിധതരം പൂക്കൾ കൂടും. ഉത്രാടത്തിന് പൂക്കളം പൂർണമാകും.

Content Highlights: onam pookalam with local flowers Onam 2020