ച്ഛനിലേക്കും അമ്മയിലേക്കും ചെന്നെത്തുന്ന ഒരിക്കലും മായാത്ത കുറെയേറെ നല്ല ഓര്‍മ്മകളാണ് എനിക്ക് ഓണം. അമ്മയും അച്ഛനും ഞങ്ങള്‍ അഞ്ചുമക്കളും ചേര്‍ന്ന് ആഘോഷമാക്കിയ നിലമ്പൂരിലെ ഓണക്കാലങ്ങള്‍. അച്ഛനിന്ന് ഞങ്ങള്‍ക്കൊപ്പമില്ല. എങ്കിലും അച്ഛനുള്ള കാലത്തെ പതിവുകള്‍ തെറ്റിക്കാതെ ഞാനിന്നും മുടക്കമില്ലാതെ ഓണമുണ്ണാന്‍ നിലമ്പൂരിലേക്കു പായും. ഒരു തവണ മാത്രം ആ പതിവു തെറ്റി. അന്ന് ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഒരുമാസക്കാലത്തേക്ക് ഞാന്‍ അമേരിക്കയിലായിരുന്നു. അതുകൊണ്ട് അത്തവണ അതുമുടങ്ങി. വര്‍ഷത്തില്‍ രണ്ടേ രണ്ടു ദിവസത്തേക്ക് നിന്നെ ഞാന്‍ ബുക്ക് ചെയ്തിരിക്കുന്നുവെന്ന് അമ്മ ഇടയ്ക്കിടെ പറയും. ഓണവും വിഷുവുമാണ് ആ രണ്ടു ദിവസങ്ങള്‍.  അതുകൊണ്ട് ഓണസദ്യയും വിഷുസദ്യയും അമ്മയ്ക്കൊപ്പംതന്നെ.

onam

ഓണവുമായി ബന്ധപ്പെട്ട് അച്ഛന്‍ പഠിപ്പിച്ച വലിയൊരു പാഠമുണ്ട്. നിലമ്പൂരിലെ ഞങ്ങുടെ വീട് ചെറുതായിരുന്നു. അതിന്റെ മുറ്റത്ത് ചാണകം മെഴുകി പൂക്കളമൊരുക്കും.  ഉത്രാടം മുതല്‍ അവിട്ടം വരെയുള്ള മൂന്നു നാളുകളില്‍ അരിമാവുകൊണ്ട് കോലം വരയ്ക്കുന്ന പതിവുമുണ്ടായിരുന്നു. അതിനൊപ്പം മാതേവരുടെ രൂപം വെക്കുന്ന സങ്കല്പമുണ്ട്. തൃക്കാക്കരയപ്പന്‍ പോലെ ഉളള ഒരു സങ്കല്പമാണത്. മണ്ണ് കുഴച്ചുണ്ടാക്കുന്ന ചെറുരൂപങ്ങള്‍. വീട്ടില്‍ ഞങ്ങള്‍ ഏഴുപേരാണുള്ളത്. ഓരോരുത്തര്‍ക്കും ഓരോ മാതേവര്‍. പിന്നാമ്പുറത്തെ പറമ്പില്‍ നിന്ന് ചെമ്മണ്ണ് കിളച്ചെടുത്ത് കുഴച്ചാണ് രൂപം ഉണ്ടാക്കേണ്ടത്. ഇക്കാര്യത്തില്‍ അച്ഛന് ചില ചിട്ടകളുണ്ട്. അവരവര്‍ക്കു വേണ്ട മണ്ണ് അവരവര്‍ തന്നെ കിളച്ചെടുക്കണമെന്നും സ്വയം രൂപങ്ങള്‍ ഉണ്ടാക്കണമെന്നുമാണ് അച്ഛന്‍ പറയാറുള്ളത്.  

കൂട്ടത്തില്‍ ഏറ്റവും വലിയ മാതേവര്‍ അച്ഛന്റേതാണ്.  അതിനു തൊട്ടു താഴെ അമ്മയുടേത്. ഞാനാണ് വീട്ടിലെ ഇളയ ആള്‍. അതുകൊണ്ടുതന്നെ എന്റെ മാതേവരാകും ഏറ്റവും ചെറുത്.  മെഴുകിയ നിലത്ത് ഏഴുമാതേവരെയും നിരത്തി വച്ച് അരിമാവുകൊണ്ട് കോലംവരയ്ക്കും. അതേ മാവുകൊണ്ടുതന്നെ അതിനുമുന്നില്‍ തിരുവോണം സുഖം എന്നെഴുതും...അതൊരു ഒരുമയുടെ സന്ദേശമായിരുന്നു. അച്ഛന്‍ വിദ്യാഭ്യാസമില്ലാത്ത ആളാണ്. എഴുത്തും വായനയും അറിയില്ല. പക്ഷേ, അച്ഛന്‍ പറഞ്ഞു തരുന്ന പാഠങ്ങള്‍ക്ക് മറ്റേതുപാഠപുസ്തകത്തിലെ അറിവുകളേക്കാളും മൂല്യമുണ്ടായിരുന്നു. വലിയ പാഠങ്ങളുടെ കുറുകിയ രൂപങ്ങളായിരുന്നു അച്ഛന്റെ വാക്കുകള്‍. മണ്ണുകുഴച്ചു മാതേവരെ ഉണ്ടാക്കുമ്പോഴും മെഴുകിയ നിലത്ത് ഒരുമയുടെ സന്ദേശമെഴുതുമ്പോഴും അങ്ങനെ ചില പാഠങ്ങളാണ് അച്ഛന്‍ ഞങ്ങള്‍ക്ക് പകര്‍ന്നു തന്നത്. അധ്വാനത്തിന്റ മഹത്വവും ഒരുമയുടെ സന്ദേശവും പറഞ്ഞു തരാന്‍ അച്ഛന്‍ കണ്ടെത്തിയ ഏറ്റവും ലളിതമായ വഴികളായിരുന്നു അവ. 

onam
ഗോപിനാഥ് മുതുകാട് അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം

ഓണവുമായി ബന്ധപ്പെട്ട ഓര്‍മ്മകളില്‍ രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന ഒരു ഗന്ധവുമുണ്ട്. ഇരുമ്പുചട്ടിയില്‍ അമ്മ ചുട്ടെടുക്കുന്ന ഇലയടയുടെ ഗന്ധം. അതാണെന്റെ ഏറ്റവും പ്രിയപ്പെട്ട ഓണ രുചി. കോലമെഴുതിയ നിലത്ത് ഒന്നൊന്നായി നിരത്തിയ മാതേവരുടെ രൂപങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിച്ച ശേഷമാണ് ഞങ്ങള്‍ അട കഴിക്കാറുള്ളത്. സദ്യയും പായസവും ഒക്കെയും ഓണത്തിന്റെ രൂചികളാണെങ്കില്‍ കൂടിയും വാട്ടിയ വാഴയിലക്കീറില്‍ നിന്ന് അടര്‍ത്തിയെടുത്ത് രുചിക്കുന്ന അടയോളം രുചികരമായ യാതൊന്നും ഇന്നേവരെ ഞാന്‍ കഴിച്ചിട്ടില്ലെന്നു തന്നെ പറയാം. ഒരുപക്ഷേ, ഒന്നിച്ചുകൂടി പങ്കിട്ടു കഴിക്കുന്നതുകൊണ്ടാവാം അതിനിത്ര രുചി. ഉള്ളില്‍ എക്കാലത്തേക്കുമായി പതിഞ്ഞ ഒരുമയുടെ രുചിയാണത്.

Content Highlights: Onam memories of Gopinath Muthukad, Onam 2020