കൊച്ചി: ആഘോഷമെല്ലാം മനസ്സിൽ മാത്രം. പതിവുകൾ മുടങ്ങിയ സങ്കടമുണ്ടെങ്കിലും സുരക്ഷയാണ് പ്രധാനം - തൃക്കാക്കരക്കാർ പറയുന്നു. ഒന്നും രണ്ടും പ്രളയങ്ങൾ, ഇക്കുറി കോവിഡ്. തുടരെ മൂന്നാം തവണയാണ് ഉത്സവകാലത്തെ പ്രതിസന്ധി.

അത്തം മുതൽ തിരുവോണം വരെ ആഘോഷ ലഹരിയാണ് തൃക്കാക്കരയിൽ. സന്ദർശകർക്കെല്ലാം തിരുവോണ സദ്യയും. പഴമക്കാരുടെ മനസ്സിൽ പോലും സദ്യയും ആഘോഷവുമില്ലാത്ത ഓണക്കാലം ഉണ്ടായിട്ടില്ല. ഇത്തവണ അതും സംഭവിച്ചു.

ഉത്സവാഘോഷം ചടങ്ങുകളിൽ ഒതുങ്ങും

കോവിഡ് നിബന്ധനകൾ പാലിച്ചാണ് ഉത്സവം. 22-ന് കൊടിയേറി 31-ന് ആറാട്ടോടെ സമാപിക്കും. സദ്യയും അരങ്ങേറ്റങ്ങളുമില്ല. കൊടിയേറ്റം കഴിഞ്ഞുള്ള പത്തുദിവസം തൃക്കാക്കര താന്ത്രികച്ചടങ്ങുകൾക്കും കലാ പരിപാടികൾക്കും വേദിയാകാറുണ്ട്.

ഇത്തവണ അതില്ല. പത്തുദിവസം വിഗ്രഹത്തിൽ ഭഗവാന്റെ പത്ത് അവതാരങ്ങളുടെ രൂപത്തിൽ ചന്ദനം ചാർത്തുന്ന ചടങ്ങായ ദശാവതാരച്ചാർത്തുണ്ടാകും. കൊടിയേറ്റവും ആറാട്ടും ഉത്സവബലിയുമെല്ലാം ആചാരപ്രകാരം നടത്തും.

ആൾക്കൂട്ടമില്ലാത്ത ചിങ്ങമാസം അദ്‌ഭുതക്കാഴ്ചയാണ് തൃക്കാക്കരയിൽ. ഇക്കുറിയെല്ലാം മാറും. ഒരു സമയം അഞ്ചു പേർക്കേ പ്രവേശനമുള്ളൂ. സാഹചര്യം മനസ്സിലാക്കി ഭക്തർ സഹകരിക്കുന്നുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ പറയുന്നു. പ്രസാദം നൽകുന്നതിനടക്കം നിയന്ത്രണം. എന്നാൽ വരുന്നവരൊക്കെയും പങ്കുവെക്കുന്നത് പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പ്രതീക്ഷതന്നെ. പ്രാർഥനകളിലും അതുനിറയും.

കഴിഞ്ഞവർഷം സദ്യയുണ്ടത് 20,000 പേർ

മലയാളിയുടെ ഓണസങ്കൽപവുമായി ഏറ്റവും ചേർന്ന് നിൽക്കുന്ന ക്ഷേത്രമാണിത്. കഴിഞ്ഞ വർഷം ഇവിടെ ഇരുപതിനായിരത്തിലധികം പേർ ഓണസദ്യയുണ്ടു. ഉത്രാടത്തിനും തിരുവോണത്തിനും ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ സദ്യ നൽകും. ക്ഷേത്രം വക ഓഡിറ്റോറിയത്തിലാണ് സദ്യ. അത്തത്തിന് രാത്രിമുതൽ സദ്യ തുടങ്ങും. പിന്നെ പത്തുനാൾ വിഭവസമൃദ്ധമായ ഭക്ഷണമാണ് പല സമയങ്ങളിലായി വിളമ്പുന്നത്. 

Content Highlights: onam in thrikkakara during covid period Onam 2020