കൂറ്റനാട്: ചാലിശ്ശേരി പെരുമണ്ണൂർ കോട്ടക്കാവ് ക്ഷേത്രത്തിനടുത്ത് പൂത്തുലഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലിത്തോട്ടത്തിന് സ്നേഹത്തിന്റെ കടുംനിറമാണ്. കാൽപ്പന്താട്ടത്തിന്റെ ആവേശം നാട്ടിൽ പടർത്തുന്ന പെരുമണ്ണൂർ ഫുട്ബോൾ അസോസിയേഷന്റെ അംഗങ്ങളാണ് ഈ സ്നേഹപ്പൂക്കൾ നട്ടുനനച്ച്‌ വളർത്തിയത്.

ഓണത്തിന് പെരുമണ്ണൂരിലെ വീട്ടുമുറ്റങ്ങളിലെ പൂക്കളങ്ങളുടെ ഭാഗമായി ഇവ മാറുമ്പോൾ അതിൽനിന്നുള്ള വരുമാനം ഒരുപാടുപേരുടെ കണ്ണീർ തുടയ്ക്കാനുപകരിക്കും. ഇത്തവണ ചെണ്ടുമല്ലിപ്പൂക്കൾ വിറ്റുകിട്ടുന്ന തുക മേഖലയിലെ കിടപ്പുരോഗികളുടെ ചികിത്സാസഹായത്തിനും അർഹരായ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യുന്നതിനും നീക്കിവെക്കാനാണ് അസോസിയേഷന്റെ തീരുമാനം.

പുഞ്ചിരിവിടരുന്ന മുഖങ്ങൾ നൽകുന്ന സംതൃപ്തിമാത്രമാണ് അംഗങ്ങളുടെ അധ്വാനത്തിന്റെ പ്രതിഫലം. കഴിഞ്ഞവർഷം പൂക്കൾവിറ്റുകിട്ടിയ തുക വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിലേക്കാണ് നൽകിയത്. കഴിഞ്ഞ നാലുവർഷമായി ഈ കൃഷിയുമായി പെരുമണ്ണൂരിലെ കാൽപ്പന്താട്ടത്തിന്റെ കൂട്ടുകാരുണ്ട്.

അധികച്ചെലവില്ല

പൂക്കൃഷിയുടെ വിളവെടുപ്പുത്സവം കഴിഞ്ഞദിവസം ആഘോഷത്തോടെ നടന്നു. പെരുമണ്ണൂർ കോട്ടക്കാവ് ക്ഷേത്രത്തിന് സമീപം 50 സെന്റോളം സ്ഥലത്താണ് പൂക്കൃഷി ചെയ്തത്. പെരുമ്പിലാവിൽനിന്നാണ് ആയിരം ചെണ്ടുമല്ലിത്തൈകൾ എത്തിച്ചത്. കീടങ്ങളുടെ ശല്യമൊഴിവാക്കാൻ മണ്ണിൽ നീറ്റുകക്ക പ്രയോഗിച്ച ശേഷമാണ് നട്ടത്. അംഗങ്ങൾതന്നെയാണ് നടലും നനയ്ക്കലും പരിപാലനവും മുതൽ വില്പനവരെ നടത്തുന്നത്. അതുകൊണ്ട് ഒന്നിനും അധികച്ചെലവുകളില്ല. കപ്പ, വെണ്ട, ചീര തുടങ്ങിയവയും കൃഷിയിടത്തിലുണ്ട്.

ഇത്തവണ പതിവിലും നേരത്തെയാണ് വിളവെടുപ്പ് തുടങ്ങിയത്. പുറമേനിന്ന് പൂക്കളെത്താത്തതിനാൽ ഓണക്കച്ചവടം പൊടിപൊടിക്കുമെന്നാണ് പ്രതീക്ഷ. ഇതുവഴി സഹായം നൽകാൻ കൂടുതൽതുക ലഭിക്കുമെന്ന പ്രത്യാശയുമുണ്ട്. വി.സി. ഷാജി, പപ്പു, ഗോപിനാഥൻ, റിജു, രാജേഷ്, രമേഷ്, സുരേഷ്, ജയൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൃഷി. ചാലിശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അക്ബർ ഫൈസൽ വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു.

നാടിന്റെ അഭിമാനം

കായികരംഗത്ത് മാത്രമല്ല കാർഷികരംഗത്തും നാടിന്റെ അഭിമാനമാണ് പെരുമണ്ണൂർ ഫുട്‌ബോൾ അസോസിയേഷൻ. നാടിന്റെ മുഴുവൻ പ്രോത്സാഹനവും പ്രാർഥനയും ഇവർക്കൊപ്പമുണ്ട്.

-പ്രേമ, പെരുമണ്ണൂർ സ്വദേശിനി

സഹായം കൂടുതൽ പേരിലേക്ക്

വരുംവർഷങ്ങളിൽ ചെണ്ടുമല്ലിപ്പൂ കൃഷി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കണം. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പൂർണ പിന്തുണയുണ്ട്. കൂടുതൽ പേർക്ക് സഹായം നൽകാൻ ഇത് വഴിവെക്കും.

- വി.സി. ഷാജി

(പ്രസിഡന്റ്, പെരുമണ്ണൂർ ഫുട്ബോൾ അസോസിയേഷൻ).

Content Highlights: onam flowers by perumannur football association