പാലക്കാട്: ചിങ്ങം പിറന്നു, ശനിയാഴ്ച അത്തമെത്തുന്നു. ഓണമെത്തുമ്പോൾ പൂക്കൾ താനെ വിരിയുംപോലെയാണ് മാവേലിവെക്കുന്നതിന്റെ ഓർമകളും. മുറ്റം മെഴുകി, അരിമാവുകൊണ്ട് അണിഞ്ഞൊരുക്കി പൂക്കളവുമിട്ട് മാവേലിയെ വെക്കുന്നത് കോവിഡ് കാലത്തും മുടക്കാനാവില്ല.

കളിമണ്ണിലൊരുങ്ങുന്ന മാവേലിമാർ

മാറിയ സാഹചര്യത്തിലും പ്രതീക്ഷയുടെ ചിത്രമാവുകയാണ് പല്ലശ്ശനയിലെ കണ്ണനൂർപാടവും തേനൂരും മങ്കരയും ആണ്ടിമഠവുമെല്ലാം. വറുതികൾക്കിടയിലും ആശ്വാസമായി ഓണമെത്തുമ്പോൾ വരവേൽക്കാൻ കളിമണ്ണിൽ മെനഞ്ഞെടുക്കുന്ന മാവേലിയും (മാതേവർ) ഒരുങ്ങി. മൺപീഠത്തിൽ മൂന്ന് മാവേലികൾ, ചുറ്റിനും നാല് കുട്ടികൾ, കളിമണ്ണുകൊണ്ടുതന്നെ ഉരുണ്ട കിരീടവും.

കളിമണ്ണിൽ മെനഞ്ഞെടുത്തശേഷം ഉണക്കിയെടുത്ത് അതിൽ ചുട്ടമണ്ണിന്റെ നിറം കിട്ടാൻ കാവിനിറം പൂശിയാണ് മാവേലിയെ തയ്യാറാക്കുന്നത്. മൺപാത്രനിർമാണ തൊഴിലാളി കുടുംബങ്ങളാണ് മാവേലിമാരെ നിർമിച്ച് വില്പനയ്ക്കെത്തിച്ച് വരുമാനം കണ്ടെത്തുന്നത്. ‘കഴിഞ്ഞ രണ്ടുവർഷവും പ്രളയക്കെടുതികൾക്കിടയിലായിരുന്നു ഓണം. ഇത്തവണയാവട്ടെ കോവിഡ് ഭീതിയിലും. പക്ഷേ, ഓണം മറക്കാനാവില്ലല്ലോ...’-കണ്ണനൂർപാടത്തെ ലക്ഷ്മി പറഞ്ഞു.

വിൽപ്പന നടക്കുമോ?

ഇത്തവണ ഓണച്ചന്തകളിലും പ്രധാന കേന്ദ്രങ്ങളിലുമൊക്കെ എങ്ങനെ വില്പന നടത്തുമെന്ന ആശങ്ക എല്ലാവർക്കുമുണ്ട്. കളിമണ്ണ് കിട്ടാനില്ലാത്തതിനാൽ കിണർ കുഴിക്കുന്ന സ്ഥലം അന്വേഷിച്ചുചെന്നാണ് മാതേവരെയുണ്ടാക്കാൻ മണ്ണ് കണ്ടെത്തുന്നതെന്ന് ആണ്ടിമഠത്തെ ശെൽവൻ പറയുന്നു. 25 കൊട്ടമണ്ണ് ഗുഡ്‌സ്‌ഓട്ടോയിലെത്തിച്ചാൽ 1,500 രൂപ നൽകണം.

ചെമ്മണ്ണുള്ള പറമ്പുകളിൽനിന്ന് മണ്ണ് വെട്ടിയെടുത്ത് അതുകൊണ്ട് മെനഞ്ഞെടുത്തായിരുന്നു മുൻകാലങ്ങളിൽ ഉത്രാടത്തിനും തിരുവോണത്തിനും മാതേവരെ വെച്ചിരുന്നത്. എന്നാൽ, പുതിയകാലത്ത് മാതേവരെ ഉണ്ടാക്കാനറിയുന്നവർ വളരെ കുറവാണെന്നത് മറ്റൊരു യാഥാർഥ്യം.

Content Highlights: onam arrives saturday atham onam 2020