രിക്കല്‍ നമ്മുടെ കൂടെ ഉണ്ടായിരുന്ന ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ മറ്റൊരിടത്തേക്ക് പോവുകയും പിന്നീട് എപ്പോഴെങ്കിലും നമ്മളെ കാണാന്‍വേണ്ടി വരുന്നു എന്നും കരുതൂ.അവരുടെ കൂടെയായിരുന്നപ്പോള്‍ നമ്മളനുഭവിച്ചിരുന്ന എല്ലാ സന്തോഷങ്ങളും സമൃദ്ധിയും അതേ അളവിലോ അതിലും ധാരാളമായോ നമുക്കിപ്പോഴുമുണ്ട് എന്നറിയുന്നതായിരിക്കും അയാളുടെ വലിയ ആശ്വാസങ്ങളില്‍ ഒന്ന്.അതിനുവേണ്ടി,നമ്മുടെ സന്തോഷം വരുന്നയാള്‍ക്കുകൂടി കാണാന്‍ പാകത്തില്‍ നാം നമ്മളെയും നമ്മുടെ ഇടങ്ങളെയും ഒരുക്കുകയാണ്.എങ്ങനെയൊക്കെയായിരിക്കും ആ ഒരുക്കങ്ങള്‍? വിശേഷാവസരങ്ങളില്‍ എല്ലാമെന്നപോലെ വീടിനെ ഭംഗിയാക്കുകയാവും ആദ്യം ചെയ്യുക. പൊടിതുടച്ച്, ഒതുക്കി, മിനുക്കി കാണുമ്പോള്‍ വീട് തന്നെ നോക്കി ചിരിക്കുന്നപോലെ തോന്നണം എന്ന മോഹത്തോടെയുള്ള ഒരുക്കങ്ങള്‍. പ്രിയമുള്ള ഒരാള്‍ക്ക് വരാനുള്ള വഴിപോലും ചേലോടെ അയാളെ കാത്തിരിക്കും. ഏയ്, പ്രത്യേകം ഒരുക്കിയതൊന്നുമല്ല, ഇതൊക്കെ ഇവിടെ പതിവാണ് എന്ന അടക്കിയ സന്തോഷത്തള്ളിച്ചയില്‍ എത്ര വിഭവങ്ങള്‍ അന്ന് പാകമാവും!

ഉണര്‍വ്വ്,ഉത്സാഹം,ആഹ്ലാദം... നമ്മുടെ ഓണസങ്കല്പം ഇതുമായി ചേര്‍ത്ത് ഓര്‍ത്തുനോക്കൂ, ഇത്രേയുള്ളൂ അത്. വേദനയോടെ നമ്മളെ പിരിഞ്ഞിരിക്കുന്ന ആ പ്രിയപ്പെട്ട ഒരാളെ, വളരെക്കുറച്ചു നേരത്തേക്ക് മാത്രം നമ്മുടെ സന്തോഷങ്ങളില്‍ കൂടിയിരുന്ന് മനസ് നിറഞ്ഞു തിരിച്ചുപോവുന്ന ആ ഒരാളെ ഓര്‍ത്ത് നാം നമ്മളെത്തന്നെ ഒരുക്കുന്ന വിശേഷമാണ് ഓണം. പറയുന്നത് അതിന് നമ്മള്‍ ചെയ്യുന്ന പലവിധ മോടികളില്‍ ഏറ്റവും സുന്ദരമായത് എന്ന് ഞാന്‍ പരിഗണിക്കുന്ന ഒന്നിനെക്കുറിച്ചാണ്. കേറിവരുന്ന ഒരാള്‍ക്ക് ഒറ്റനോട്ടത്തില്‍ നമ്മുടെ മുഴുവന്‍ സന്തോഷങ്ങളും കാണാന്‍ കഴിയണം എന്ന ചിന്തയില്‍നിന്ന് ഉണ്ടായതായിരിക്കണം പൂക്കളം. അതാരുടെ ചിന്തയായാലും, എന്ത് സര്‍ഗ്ഗധനനാണ് അയാള്‍ എന്ന് ഞാന്‍ അതിശയിച്ചു പോവുന്നു. ഭൂമിയുടെ മുഴുവന്‍ സ്‌നേഹവും അവള്‍ ചുരത്തി വച്ചിരിക്കുന്നത്  പൂക്കളിലാണ്. ഒരുപക്ഷേ ജീവിതത്തിന്റെ മുഴുവനും .പ്രസരിപ്പിന്റെ മഞ്ഞ, ഊര്‍ജസ്വലതയുടെ ചുവപ്പ്, വിശാലതയുടെ നീല എന്ന് വിരല്‍ നീട്ടിയാല്‍ കിട്ടാവുന്നതരത്തില്‍ പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന വര്‍ണലോകത്തിന്റെ ഏറ്റവും ചെറിയ രൂപമാണ് നാം വീട്ടുമുറ്റത്തെ ഇത്തിരിവട്ടത്തില്‍ ഒരുക്കി വയ്ക്കുന്നത്.അതിലും നിറവുള്ള കാഴ്ച്ചയേതാണ് വേറെ!

ആഘോഷങ്ങളെക്കുറിച്ച് പറയുമ്പോള്‍ നഷ്ടസ്വര്‍ഗ്ഗങ്ങളെ ഓര്‍ത്ത് നെടുവീര്‍പ്പിടുന്നത് ശുദ്ധ അസംബന്ധം ആണെന്നേ ഞാന്‍ പറയൂ. പുതുക്കിപ്പണിയുമ്പോള്‍ മോഡേണാകുന്ന തറവാട് പോലെ ആ പഴയ സ്വര്‍ഗം ഇവിടെത്തന്നെയുണ്ട്. ഇത്തരം ചെറിയകാര്യങ്ങളിലെ വലിയ സന്തോഷങ്ങളെക്കുറിച്ച് അജ്ഞയായിരുന്നു ഞാനും. പൂക്കളം ഒരുക്കുന്നതൊക്കെ  കുട്ടികളുടെ ബാലിശമായ കൗതുകങ്ങളാണ് എന്ന് ഒരു വലിയ കുട്ടി ഉള്ളിലിരുന്ന് വിലക്കി. അതുമാറിയത് കുഞ്ഞുണ്ടായിക്കഴിഞ്ഞാണ്. ഓരോ ദിവസവും അവളെ സന്തോഷിപ്പിക്കുന്ന എന്തുണ്ട് എന്റെ അമ്മക്കയ്യില്‍ എന്ന് ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ എന്ന് കൃത്യമായി പറയാം. 

അങ്ങനെ ഓരോണക്കാലത്ത് അവള്‍ക്ക് കാണാന്‍വേണ്ടിയാണ് വളരെക്കാലത്തിനുശേഷം മുറ്റത്ത് നിറങ്ങള്‍ വിരിക്കാന്‍ ഒരുങ്ങിയത്. രാവിലെ നടക്കാന്‍ പോവുമ്പോള്‍ വഴിയരികില്‍ കാണുന്ന നിറങ്ങളെ ഞാന്‍ വീട്ടിലേക്ക് കൂട്ടി. പൂക്കളേക്കാള്‍ ഗമയില്‍ നിവര്‍ന്ന്‌നിന്ന ചില സുന്ദരന്‍ ഇലകളെയും. ആശ്ചര്യപ്പെടുത്തുന്ന നിറസന്ധികളാണ് ഓരോന്നിനും. പാട്ടുകളിലൂടെ, കവിതകളിലൂടെ നമ്മളറിഞ്ഞ പൂക്കളേതൊക്കെയാണ് എന്നോര്‍ത്തുനോക്കൂ, കാവ്യാത്മകമായ അന്വേഷണത്തില്‍ തെളിയുന്ന സമൃദ്ധലോകമാണത്. വയലറ്റ് നിറത്തില്‍ ചെടിയാകെ കാടുപിടിച്ച പോലെ പൂത്തുനിക്കുന്നവള്‍ അതിരാണി. അതിരാണിപ്പാടം ഏതോ പാട്ടിന്റെ വരിയുടെ കൂടെ ഉള്ളില്‍കേറിയിട്ടില്ലേ. ഇരുളില്‍ ഉറങ്ങാതിരിക്കുന്ന കവിയുടെ മിഴികളില്‍ നിലാവ് പൂശുന്നവള്‍ എന്ന് കവി വാഴ്ത്തിയ പവിഴമല്ലി, പാരിജാതം എന്നോരോമന പേരു കൂടിയുള്ളവള്‍. മൂക്കുത്തി ഉതിര്‍ന്നു വീണുകിടക്കുന്നതുപോലെ പവിഴമല്ലി, മുല്ലപ്പൂവിന് ഓറഞ്ച് മൂക്കുത്തി വച്ചതുപോലെ. കാടിനുനടുവിലാരോ കൊളുത്തിയ അന്തിത്തിരി പോലെ ലാംപ് ഫ്‌ലവര്‍, മഞ്ചാടിക്കുരു വിതറിയതുപോലെ രാജമല്ലി, പടര്‍ന്നുകേറുന്നിടം നിറംപൂശുന്ന കടലാസുപൂവുകള്‍, ഭൂമിതൊടാത്ത കുഞ്ഞിന്റെ പാദം പോലെ തുമ്പപ്പൂ, ഇലയും തണ്ടും പൂവും ഒറ്റശരീരം പോലെ മുക്കുറ്റി. പൂന്തോട്ടത്തില്‍ നിന്ന് അകലേക്ക്, അതിരുകളിലേക്ക് മാറ്റിനിര്‍ത്തിയ, ഉന്മാദത്തിന്റെ പൂവെന്ന് കളിയാക്കിയ ചെമ്പരത്തി. ഈ നാട്ടുകാരിയല്ലാത്ത,എന്നാലോ ചെന്നിടം മുഴുവന്‍ പടര്‍ന്ന് മറ്റ് കളകളെയൊക്കെ നിഷ്പ്രഭയാക്കിയ അധിനിവേശ മഞ്ഞപ്പൂവ്. പിന്നെയനേകം പേരറിയാപ്പൂക്കള്‍....ഇവയെല്ലാം ഇത്തിരി മുറ്റത്ത് ഭംഗിയായി നിരത്തി ഞാന്‍ മോളുണരുന്നത് കാത്തിരിക്കും. അമ്മേ എന്ന വിളിയില്‍ ഉണര്‍ച്ചയിലേക്ക് അവള്‍ എന്റെ കയ്യിലിരുന്ന് ആ വര്‍ണക്കൂട്ടിലേക്ക് കണ്ണ് തുറക്കും. അതിശയം കൊണ്ട് കുഞ്ഞിക്കണ്ണുകള്‍ വിടര്‍ന്നു വരും. ആഹ്ലാദാതിരേകത്തിന്റെ, വലിയവര്‍ക്ക് മനസ്സിലാവാത്ത ദൈവഭാഷയില്‍ കുഞ്ഞ് സന്തോഷിക്കും. 

കുഞ്ഞുങ്ങളുടെ അരികിലേക്ക് കൈനീട്ടി അടുപ്പിച്ചു വച്ചുകൊടുക്കാന്‍ പാകത്തില്‍ നമ്മുടെ ചുറ്റുമുള്ള ചെറിയ സന്തോഷങ്ങളാണ് ഇതൊക്കെ. സമയമില്ല എന്നതൊക്കെ നമ്മളീ അടുത്തകാലത്ത് കണ്ടെത്തിയ ന്യായങ്ങളാണ്. പഴങ്ങളോ പച്ചക്കറികളോ ഒക്കെ വാങ്ങിക്കുന്നത് പോലെ വാങ്ങി ഒരുക്കുന്ന പൂക്കളങ്ങളില്‍ എന്തോ ഒന്ന് നഷ്ടമാവുന്നുണ്ട്. ചെറിയ സന്തോഷങ്ങള്‍ നഷ്ടപ്പെടുത്തില്ല എന്ന വളര്‍ച്ചയിലേക്കെത്താന്‍ ചെറിയ മാനസിക ഒരുക്കം നടത്തേണ്ടതുണ്ട്.നിസാരമാണ്, ഒരുപാടൊന്നും വളരാന്‍ അനുവദിക്കാത്ത ഒരു കുട്ടി ഉള്ളിലുണ്ടാവുകയേ വേണ്ടൂ. കാരണം,കുഞ്ഞുങ്ങളുടെ സന്തോഷങ്ങളാണ് നമ്മുടേതിനേക്കാള്‍ മഹത്തരം.
ഓണത്തിന് ഇനിയും ദിവസങ്ങളുണ്ട്. ഇപ്പഴേ ഞാന്‍ മോളെ ഒരുക്കുന്നുണ്ട്, നമുക്ക് പൂപറിക്കാന്‍ പോണ്ടേ, പൂവിടണ്ടേ, പൂമ്പാറ്റ വരില്ലേയെന്നൊക്കെ. എന്റെയുള്ളിലെ കുഞ്ഞിനെ ഇടയ്ക്കിടക്ക് ഓര്‍മ്മിപ്പിക്കുന്നുമുണ്ട്, Never get older. 

Content Highlights: Onam 2020 Praveena Narayanan Share about her onam memories with her daughter