അത്തം തുടങ്ങി അഞ്ചാംനാളാവുമ്പോഴേക്കും പൂക്കളുടെ എണ്ണത്തില്‍ പരുങ്ങലുണ്ടാവുമ്പോഴാണ് ഞങ്ങള്‍ മലകയറ്റം തുടങ്ങുക. ഒടിയൊടിയായി കിടക്കുന്ന രാമത്തെ പറമ്പുകളോരോന്നും ചവുട്ടിക്കയറി കുട്ടിസംഘം പൂവന്വേഷിച്ചു വൈകുന്നേരങ്ങളിലിറങ്ങും. നടത്തം ബാക്കിയെന്നല്ലാതെ പൂക്കള്‍ കിട്ടുന്ന കാര്യമൊക്കെ അന്നും കണക്കാണ്. കുറേ നടന്ന് തളര്‍ന്ന് മിണ്ടാക്കായ പറിച്ചുതിന്ന് പൂക്കൊട്ടയില്‍ തേക്കിന്‍ പൂവുമായി താഴോട്ടിറങ്ങുന്നത് ഒതയോത്തെ ഉമ്മാമ്മയുടെ മലയില്‍ കൂടിയാണ്. താഴോട്ടിറങ്ങി വരുന്ന ആര്‍പ്പും വിളികളും കേള്‍ക്കുമ്പോള്‍തന്നെ ഉമ്മാമ്മ കാച്ചിയും മുറിക്കി മുറ്റത്തിറങ്ങി പാട്ടു തുടങ്ങും
അമ്മക്കുട്ടീം കുട്ട്യോളുമെല്ലാം മലേംകേറി
കുറുക്കന്റെ കുട്ട്യോളേ കണ്ടിട്ടതാ
പൂവില്ലാക്കൊട്ടേയുമായി തെച്ചീനേം പ്രാകിക്കൊണ്ട്
ഒതയോത്തെ മാപ്ലാന്റെ മലേക്കൂടി താഴോട്ടിറങ്ങുന്നുണ്ടേ...
ചമ്മല്‍ മാറ്റാനായി ഉമ്മാമ്മയെ നോക്കി ഞങ്ങളും പാടും. തിത്തിത്താരോ തിത്തിത്തൈ തിത്തൈതകതൈതൈതോം....അപ്പോഴാണ് രാമത്തെ പ്രശോഭ് ചാടിവീണ് അത് സംക്രമപമകൃത ആക്കുക. സംക്രമപമകൃത തങ്കത്തിങ്കത്തരികിട ധിംധിമ തരികിട വെറും തരികിട ഉമ്മാമ്മാ...ഉമ്മാമ്മയുടെ തട്ടുതട്ടുകളായികിടക്കുന്ന അലിക്കത്തുകള്‍ (ഓരോ കാതിലും മുക്കാല്‍ പവന്‍ വീതം വരുന്ന പതിനൊന്നെണ്ണം വീതമുണ്ട്!) മിന്നിയിളകുന്നതും കാണാന്‍ നല്ല രസമാണ്. മുമ്പില്‍ രണ്ടേ രണ്ട് പല്ലുകളേ ഉള്ളൂ ഉമ്മാമ്മയ്ക്ക്. അതും പുകയില തിന്ന് കറുകറുത്തിരിക്കുന്നവ. ഉമ്മാമ്മ പൊട്ടിച്ചിരിക്കുമ്പോള്‍ ചിമ്മാനി പാറുന്നതുപോലെ തുപ്പല്‍ പാറും.
അന്നൊക്കെ മൊബൈല്‍ ഫോണ്‍ വിത് ക്യാമറ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഒരിക്കലും മിസ് ചെയ്യാത്ത കുറേ മുഖങ്ങള്‍ ഓര്‍മ്മയിലുണ്ടാവുമായിരുന്നു- കുപ്പായമിടാത്ത നൂനീങ്കര മാതുവമ്മ, കരുമ്പാക്കണ്ടി കുട്ടിപ്പാറുവമ്മ, ഓലമടയുന്ന ദാക്ഷായണി അമ്മ, അടയ്ക്കാപൊളിക്കുന്ന പിറുങ്ങാച്ചിയേടത്തി. ആറുമാസം കൂടുമ്പോള്‍ തലപ്പിരി ലൂസാവുന്ന, ലൂസായാല്‍ തെറി അതും പച്ചത്തെറി മാത്രം പറയുന്ന ഞങ്ങളെ സ്വന്തം ഒതയോത്തെ ഉമ്മാമ്മ. പിന്നെ പൂക്കൊട്ടയും പുല്ലരിയുന്ന വല്ലവും മെടഞ്ഞു തരുന്ന കുനിയല്‍ ഇമ്പിച്ചിമൊയ്ത്യാപ്ല. പറയാന്‍ മറന്നു, മൂപ്പരുടെ പേരക്കുട്ടി റോഷ്ന എന്ന റോസി ഞങ്ങളുടെ ആസ്ഥാന പൂപ്പറിക്കാരിയാണ്. അവള്‍ക്ക് ഒടുക്കത്തെ ടാര്‍ജറ്റ് കിട്ടുന്ന കാലമാണ് ഓണക്കാലം. പറിക്കുന്ന പൂക്കളെല്ലാം കൃത്യമായി എനിക്കും രാമത്തുകാര്‍ക്കുമായി വീതം വയ്ക്കണം. അതുകൊണ്ട് തന്നെ ആളൊരു ഉഴപ്പാണ്. ഒരുമുള്ളിന്‍ പൂവൊക്കെ മാത്രം പറിച്ച് നടന്ന് സമയമങ്ങ് ഒപ്പിച്ചുകളയും. ബട്ട് റോസിയില്ലാത്ത പൂപ്പറിയില്ല.
ഉമ്മാമ്മയ്ക്ക് പലതരം മൂഡാണ്. ഒതയോത്തെ താഴെ വയലില്‍ നിരനിരയായി മാങ്ങാറിപ്പൂവുണ്ട്, കാക്കപ്പൂവുണ്ട്, തൊട്ടമുകളിലെ തൊടിയില്‍ കൃഷ്ണമുടി ആലവട്ടം കണക്കേ തലയുയര്‍ത്തി നില്‍ക്കും. പോരാത്തതിന് സെന്റ് മുല്ലയും. സെന്റ് മുല്ലയും വെള്ളത്തെച്ചിയും മക്കളെ പെറ്റുകൂട്ടി പറമ്പുനിറച്ചു കളയും. അതുകൊണ്ട് തന്നെ ഒരൊറ്റ ചുവട് മാത്രം നിര്‍ത്തി ബാക്കിയെല്ലാം ഉമ്മാമ്മയുടെ നല്ല മൂഡിന് വേരോടെ പിഴുത് തീയിട്ടുകളയും. കൃഷ്ണമുടിയുടെ കടുംചുവപ്പിനോടും ഇനിയും വിരിയാനായുന്ന മൊട്ടുകള്‍ തട്ടുതട്ടുകളായി ഭൂമിയിലേക്ക് കഴുത്തേന്തി നോക്കുന്നതുകൊണ്ടും ഉമ്മാമ്മയ്ക്ക് അതിനോട് മാത്രം ഒരു സെന്റിമെന്‍സ് ഉണ്ട്. അതെത്ര കാടുനിറച്ചാലും മൂപ്പത്തിയ്ക്ക് കൊഴപ്പല്ല.
ഒരു കൃഷ്ണമുടിയ്ക്ക് കൊടുവമ്പത്തെ ശ്രീധരേട്ടന്റെ വെറ്റക്കൊടിയില്‍ നിന്നും രണ്ട് വെറ്റിലയാണ് എന്റെ ഓഫര്‍. ഒതയോത്തെ മുറ്റത്തെ കാസര്‍കോടന്‍ കവുങ്ങില്‍, പിരിയില്ല നാം എന്ന മട്ടില്‍ വെറ്റക്കൊടി കെട്ടിപ്പിടിച്ചു കിടക്കുന്നുണ്ട്. പക്ഷേ ശ്രീധരേട്ടന്റെ വെറ്റില കിട്ടിയാല്‍ ഉമ്മാമ്മയ്ക്കൊരു തൃപ്തിയാണ്. അങ്ങനെ മിക്കവാറും വെറ്റില കൈക്കൂലിയായി വാങ്ങിക്കൊണ്ട് ഓണക്കാലത്ത് ഉമ്മാമ്മ സ്വന്തം തൊടിയിലെ വിഭവങ്ങളോട് അഴിമതി കാട്ടി. അതും ആര്‍ക്കും ചേതമില്ലാത്ത കാട്ടുപൂക്കളോട്.
ഓണക്കോടിയെക്കുറിച്ചൊന്നും അങ്ങനെ നല്ല ഓര്‍മകളൊന്നുമില്ല. ഉമ്മാമ്മയുടെ മക്കളായ മൊയ്തീനിക്കയും ഉസ്മാനിക്കയും ഗള്‍ഫില്‍ നിന്നും രണ്ടുകൊല്ലം കൂടുമ്പോള്‍ വരും. അപ്പോള്‍ തരുന്ന നീളന്‍ ഗള്‍ഫ് തുണിയുണ്ട്. പലപല പൂക്കളും പുളളികളും നിറങ്ങളുമെല്ലാമുള്ളത്. മിക്ക ഓണങ്ങളിലും അത്തരം തുണികള്‍ അമ്മയുടെ മെഷീനില്‍ കിടന്ന് രൂപാന്തരം കൈക്കൊണ്ട് ഉടുപ്പോ പാവാടയോ ഒക്കെ ആയിമാറും. ഞാന്‍ രണ്ടാമത്തേതായത് കൊണ്ട് മിക്കവാറും എനിക്ക് കണ്ടം വെച്ച കോട്ടായിരിക്കും ഉണ്ടാവുക. ആദ്യത്തെ ഉടുപ്പ് തയ്പ്പിന്റെ ബാക്കികൊണ്ടാണ് എന്റെ ഓണക്കോടി. അതുകൊണ്ടുതന്നെ ഉസ്മാന്‍ക്കയും മൊയ്തീനിക്കയും ഓരോകൊല്ലവും സ്‌കൂളടയ്ക്കുമ്പോള്‍ മാറിമാറി നാട്ടില്‍ വരണേ എന്ന് അവരുടെ ഭാര്യമാരേക്കാളും മക്കളേക്കാളുമേറെ പ്രാര്‍ഥിച്ചത് ഞങ്ങളൊക്കയായിരിക്കും.
ഉമ്മാമ്മയ്ക്ക് തലപ്പിരി നല്ലവണ്ണം ലൂസാവുമ്പോള്‍ ഇറങ്ങിയൊരു നടത്തമാണ്. രാമത്ത് കയറി, കുനിയില്‍ കയറി, അമ്മമ്മയുടെ അടുത്തെത്തും. കട്ടന്‍ ചായ കൊടുത്താല്‍ കുടിക്കും. പക്ഷേ തിന്നാനൊന്നും എടുക്കാന്‍ പാടില്ല. ചൂല് കെട്ടാന്‍ കവുങ്ങിന്‍ പട്ടയും നോക്കി അമ്മമ്മ ഉമ്മാമ്മയുടെ കുനിയല്‍ പോയാല്‍ ഉമ്മാമ്മ താഴോട്ടിറങ്ങി വന്ന് വര്‍ത്തമാനം പറയും. പക്ഷേ കുടിക്കാനൊന്നും കൊടുക്കൂല. മരുമക്കത്തായ-മക്കള്‍ തര്‍ക്കം ഉണ്ടായപ്പോള്‍ അച്ഛച്ഛന്റെ ഏട്ടന്‍ തറവാട്ടുകാരണവരെ കുത്തി ജയിലില്‍ പോയപ്പോള്‍ വിവരം വെക്കാത്ത അനിയനെയും കുടുംബക്കാര്‍ വിലക്കിയ അമ്മയെയും പട്ടിണിക്കിടാതെ പോറ്റിയത് ഉമ്മാമ്മയുടെ മാപ്ലയായിരുന്നു. നയിച്ചതില്‍ പാതി വേവിക്കാതെ ഉമ്മറത്ത് കൊടുത്തു പോരുമായിരുന്നുപോലും ആ വല്യുപ്പാപ്പ.
ഉമ്മാമ്മയ്ക്ക് ഓത്തറിയാം, എഴുത്തറിയില്ല. ഓതാന്‍ പോകുന്നിടയ്ക്ക് വല്യുപ്പാപ്പ കണ്ടുപിടിച്ചു മൊഞ്ചത്തിയെ. ഒതയോത്തേക്ക് ഇങ്ങ് കെട്ടിക്കൊണ്ടുപോന്നു. പിന്നെ തുരുതുരാ പത്ത് മക്കള്‍ (പത്തിലധികമുണ്ടോന്നാണ് സംശയം). പത്ത് പെറ്റ ഉമ്മാമ്മയുടെ കുപ്പായത്തിനിടയിലൂടെ തൂങ്ങുന്ന രണ്ട് വള്ളികള്‍ പോലുള്ള മുലകളെ താലോലിക്കലും ഞങ്ങളുടെ ഒരേര്‍പ്പാടായിരുന്നു.
തിരുവോണത്തിന് ഇഡ്ഢലിയും സാമ്പാറും രണ്ട് ചെരുവങ്ങളിലായി ഒതയോത്ത് എത്തിക്കും ഞങ്ങള്‍. പല്ല് തേച്ച് കുട്ടിപ്പട്ടാളം കാത്തിരിക്കുന്നുണ്ടാവും. കൂടുതല്‍ വിഭവങ്ങളൊന്നുമില്ല. പായസം ഉണ്ടാകും. എന്നാല്‍ പെരുന്നാളിന് അതല്ല കളി. രാവിലെ മുതല്‍ ഞങ്ങളൊരു പോക്കാണ്. ചായയും ഹല്‍വയും ബിസ്‌കറ്റുമൊക്കെ ആദ്യത്തെ ട്രിപ്പ്. പിന്നെ ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന ടാങ്ക് കലക്കിയത് രണ്ടാം ട്രിപ്പ്. അസ്സല് ബിരിയാണി ഉച്ചയ്ക്കും വൈകുന്നേരവും റോസിയുടെ പൊരേന്ന് നെയ്ച്ചോറും കറിയും.
ഓണനാളുകളില്‍ ഉമ്മാമ്മ പുരയില്‍ നിന്നിറങ്ങി ആരും കാണാതെ ഇടയ്ക്ക് വീട്ടിലെത്തും. മടിയില്‍ കുറച്ച് അതിരാണിമൊട്ടോ, ചെമ്പരത്തിയോ ഒക്കെ ഉണ്ടാവും. അത് മേശമേലേക്ക് ഒരു കുടച്ചിലാണ്. ശ്രീധരേട്ടന്റെ കണ്ണുവെട്ടിച്ച് രണ്ട് വെറ്റില അധികം പറിച്ച് ഞാന്‍ ഉപകാരസ്മരണ അറിയിക്കും. ഒതയോത്തുനിന്നും കൊണ്ടു വന്ന് നട്ട വെറ്റില പിടിച്ചോ ഇല്ലയോ എന്ന് പോലും പറയാത്ത കലിപ്പിലാണ് ഇല പറിക്കാന്‍ പറഞ്ഞയക്കുന്നത് എന്ന് പിന്നെയാണ് പിടികിട്ടിയത്. അല്ലാതെ വെറ്റില ഇല്ലാഞ്ഞിട്ടോ കിട്ടാഞ്ഞിട്ടോ, അല്ല. പ്രതികാരത്തിന്റെ കാര്യത്തില്‍ ആള് കള്ളിയങ്കാട്ട് നീലിയെ കടത്തിവെട്ടിക്കളയും!
ഉമ്മാമ്മയുടെ കള്ളിമുണ്ടിലൊളിപ്പിച്ച പൂക്കള്‍. കര്‍ക്കിടകത്തില്‍ എല്ലാവരും പറമ്പില്‍ പണിയെടുപ്പിക്കുമ്പോള്‍ ഓണം കഴിഞ്ഞിട്ട് താഴത്തെ കാട് വെട്ടാമെന്ന് പറഞ്ഞ് പണിക്കാരോട് പറഞ്ഞ് പൂക്കള്‍ തന്ന ഉമ്മാമ്മ. നിറയെ പൂക്കളുള്ള കണ്ടത്തിലേക്ക് കടന്നുപോകരുതെന്ന് ഒരു മുറുക്കത്തിന് കടുപ്പിച്ച് പറയുന്ന ഉമ്മാമ്മ. ഉമ്മാമ്മയുടെ മുഖത്തു ചിരിയാണോ, ദേഷ്യമാണോ എന്ന് മാത്രം നോക്കി അടുത്തുകൂടിയ ഞങ്ങള്‍. കിടക്കുകയാണേല്‍ മൂത്രമൊഴിക്കാന്‍ കോളാമ്പി വരെ സെറ്റാക്കിക്കൊടുത്ത് ഉമ്മാമ്മയെ കുപ്പിയിലാക്കിയിട്ടുണ്ട് ഞങ്ങള്‍.
മണങ്ങളായിരുന്നു അന്ന് നിറയെ. മുറുക്കാന്‍ കലര്‍ന്ന തുപ്പല്‍ തെറിച്ച് തഴമ്പ് വന്ന ഉമ്മാമ്മയുടെ കാച്ചിയുടെ മണം. പുഴുങ്ങിയ നെല്ലും ചാണകം കോരിയ കൈയും തുടച്ച രാമത്തെ ജാനകിയമ്മയുടെ മുണ്ടിന്റെ മണം. മീന്‍ മുറിക്കുമ്പോള്‍ ഈര്‍ന്നുപോയ തട്ടം നേരെയാക്കിയ കുനിയിലെ ഉമ്മച്ചിയാരുടെ മണം. മുയലിനെപ്പോലെ മുഖമെപ്പോളും വിറച്ചുകൊണ്ടിരുന്ന ഇമ്പിച്ചിമൊയ്ത്യാപ്ലയുടെ കാലിലെ മുളിവരണ്ട തൊലിയുടെ മണം. മുളകുപൊടിയും ഉപ്പും വെളിച്ചെണ്ണയും ചാലിച്ച് ചോറില്‍ കൂട്ടി തിന്ന് ഏമ്പക്കം വിടുമ്പോള്‍ പുറത്തുവരുന്ന അമ്മമ്മയുടെ മണം. ഓണമൊക്കെ അന്നു കഴിഞ്ഞുപോയതുപോലെ!
Content Highlights: Onam 2020, Onam Memories, Onam celebration in childhood