ചെറിയ കുട്ടികള്‍ക്ക് എല്ലാ ദിവസവും ആഘോഷം തന്നെയാണ്. എന്റെ ചെറുപ്പത്തിലെല്ലാം ഓണാഘോഷങ്ങള്‍ മുടങ്ങുന്നത് അടുത്ത ബന്ധുക്കള്‍ ആരെങ്കിലും മരിച്ചാലായിരുന്നു. എന്നാലും വലിയ ആഘോഷങ്ങളെല്ലാം ഒഴിവാക്കി കുടുംബാംഗങ്ങള്‍ എല്ലാവരും കൂടി ഒരു ചെറിയ സദ്യയെങ്കിലും ഉണ്ടാക്കും. പക്ഷേ ഈ വര്‍ഷത്തെ ഓണത്തിന് അങ്ങനെ പോലും കൂട്ടം കൂടി ആഘോഷിക്കാന്‍ പറ്റില്ലല്ലോ. ഓണവും വിഷുവുമെല്ലാം കൊറോണ കൊണ്ടുപോയില്ലേ ?. മാവേലി പോലും പേടിച്ചു വരുമോ എന്നറിയില്ല.

വളരും തോറും എനിക്ക് തോന്നിയത് കുഞ്ഞായിരുന്നപ്പോഴാണ് ഞാന്‍ ഓണമെല്ലാം നിഷ്‌കളങ്കമായി ആഘോഷിച്ചതെന്ന്. അന്ന് കൊറ്റി വല്യമ്മ ഞങ്ങള്‍ പൂപറിക്കുമ്പോള്‍ കൂടെ വന്നിരിക്കും എന്നിട്ട് പൂപറിക്കുമ്പോള്‍ പാട്ടുപാടിയില്ലെങ്കില്‍ ആ തുമ്പ ചെടിക്ക് സങ്കടമാണെന്നും വേദനിക്കുമെന്നും നാളെക്ക് പൂക്കൂട നിറയെ പൂവ് കിട്ടില്ലെന്നും പറഞ്ഞപ്പോള്‍ അത് നിഷ്‌കളങ്കമായി വിശ്വസിച്ച് പാട്ടുപാടി തുമ്പപ്പൂ പറിക്കും. വെറ്റിലയും ചവച്ചുകൊണ്ട് പല്ലും വായും ചുമപ്പിച്ച് വല്യമ്മയും നാടന്‍ പാട്ടുകള്‍ പാടിക്കൊണ്ട് കൂടെയുണ്ടാകും. നന്ദനം സിനിമയില്‍ നവ്യ പറയുമ്പോലെ എന്റെ പൊട്ട ബുദ്ധിക്ക് മാവേലി ആ ഓണത്തിന് വരുമെന്ന് വിശ്വസിപ്പിച്ചിരുന്നു.

അത്തത്തിന്റെ തലേദിവസം വൈകുന്നേരം ഞങ്ങള്‍ കുട്ടികള്‍ പൂക്കൂടയുണ്ടാക്കി തരാന്‍ പച്ചോലയുംകൊണ്ട് അച്ഛമ്മക്ക് പുറക്കെ നടക്കും. അച്ഛമ്മ തന്നെയാണ് മണ്ണുകൊണ്ടുവന്ന് ഇട്ട് പൂത്തറ ഒരുക്കുന്നതും. അതുകൊണ്ടു തന്നെ അച്ഛമ്മ വൈകുനേരത്ത് പൂത്തറ ഒരുക്കാനുള്ള ധൃതിപിടിച്ച പണികളില്‍ ആയിരിക്കും. ഓണ പരീക്ഷയ്ക്ക് പഠിക്കാതിരുന്നാല്‍ അച്ഛന്റെ അടിക്കിട്ടുമെന്ന് പേടിച്ച് പൂത്തറ ഒരുക്കാനും പൂപറിക്കാനും പോകുന്നത് കുറവാണ്. ഞങ്ങള്‍ പൂപറിക്കാന്‍ ചില ദിവസങ്ങളില്‍ മാത്രം പോകാറുള്ളത് കൊണ്ട് അച്ഛമ്മ  അവസാനമാണ് പൂക്കുട ഉണ്ടാക്കുക. ചെറിയ ചെറിയ പൂക്കൂടകള്‍ ഉണ്ടാക്കി അതിനു വാഴനാരുകൊണ്ട് കൈപിടിയും വെച്ച് കഴുത്തിലിട്ട് തരും. ആ പൂക്കൂടകള്‍ കാണാന്‍ നല്ല ഭംഗിയാണ്.  ഇന്നും അതൊന്നും ഉണ്ടാക്കാന്‍ ഞങ്ങള്‍ക്ക് അറിയില്ല. പൂത്തറയും പൂത്തറക്കൊരു പന്തലും ഉണ്ടാക്കി ചാണകം മെഴുകി അതില്‍ തുമ്പപ്പൂവും മറ്റുപൂക്കളും വെച്ച് അത്തം മുതല്‍ തിരുവോണം വരെ പൂവിടല്‍ തുടരും. പഴയ കുടയോ തുണിഷോപ്പിലെ പ്ലാസ്റ്റിക് കവറുകള്‍ കീറിയതോ പിന്നെ കുറച്ച് കോലുകളും ഓലത്തുമ്പുമെല്ലാമാണ് പന്തല്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. എനിക്ക് ചാണകത്തിന്റെ മണം ഇഷ്ടമല്ലെങ്കിലും പൂവിടാനുള്ള ഇഷ്ടം കൊണ്ടുമാത്രം ഞാന്‍ പ്ലാസ്റ്റിക് കവറില്‍ കയ്യിലിട്ട് സാഹസികമായി ചാണകം മെഴുകിയിട്ടുണ്ട്.

തിരുവോണത്തിന്റെ അന്ന് രാവിലെ അടയോ അങ്ങനെയുള്ള എളുപ്പത്തിലുള്ള പലഹാരങ്ങളാണ് ഉണ്ടാകാറുള്ളത്. സദ്യ തയ്യാറാക്കുമ്പോഴേക്കും ഞങ്ങള്‍ പേരക്കുട്ടികളും അച്ഛച്ചനും കൂടെ വാഴയില വെട്ടാന്‍ പോകും. എനിക്ക് ഇളംപച്ച നിറത്തിലുള്ള തൂമ്പ് ഇലയാണ് ഇഷ്ടം. അച്ഛച്ചനോട് പറഞ്ഞ് അങ്ങനെയുള്ള ഇല തന്നെ വെട്ടും.  ഓണസദ്യ തയ്യാറായാല്‍ കുട്ടികള്‍ക്കെല്ലാം നിലത്തും മുതിര്‍ന്നവര്‍ മേശപ്പുറത്തും ഇലയിട്ട് സദ്യ ഉണ്ണാന്‍ ഇരിക്കും. അച്ഛമ്മയും അമ്മയും മേമ്മയും വിഭവങ്ങളെല്ലാം ഇലയില്‍ വിളമ്പിതരും. അമ്മയും മേമ്മയും അച്ഛമ്മയും ഉണ്ണാന്‍ ഇരിക്കുമ്പോള്‍ ഞാനും അച്ഛച്ചനും സദ്യ വിളമ്പി കൊടുക്കും. സദ്യയുണ്ണുമ്പോള്‍ അച്ഛമ്മ ഞങ്ങളുടെ വികൃതി കഥകളെക്കുറിച്ചും പറയും. എല്ലാവരും ഒരുമിച്ച് ഇല്ലെങ്കില്‍ അതൊരു സങ്കടമായിരുന്നു അച്ഛച്ചനും. മക്കളുടെയും മരുമക്കളുടെയും പേരകുട്ടികളുടെയും കൂടെ സദ്യ ഉണ്ണുന്ന സന്തോഷം കൊണ്ട് പലപ്പോഴും അച്ഛമ്മ കരയാറുണ്ട്. സദ്യയ്ക്ക് ശേഷമുള്ള പായസം വീട്ടിലെ പശുവിന്‍ പാലിലാണ്. അന്ന് വൈകീട്ട് വീട്ടിലേക്ക് വരുന്ന വിരുന്നുകാര്‍ക്കെല്ലാം പായസം കരുതിയിട്ടുണ്ടാകും.

ചെറുപ്പത്തിലെല്ലാം ഓണക്കോടി അമ്മവീട്ടില്‍ നിന്നായിരുന്നു. അച്ഛന്റെ വീട്ടില്‍ നിന്നും ഓണസദ്യ കഴിച്ച് വെയിലൊന്നു ചൂടാറിത്തുടങ്ങിയാല്‍ അമ്മ വീട്ടിലേക്ക് പോകാനുള്ള ഒരുക്കമാണ്. ബസ് ഒക്കെ കുറവായിരുന്ന ആ കാലത്ത് ബസിന് വേണ്ടിയുള്ള കാത്തിരിപ്പ് മുഷിപ്പിക്കലാണ്. അങ്ങനെ പ്രതീക്ഷയോടെ നിന്ന സമയത്താണ് ലേഡീസ് ഓണ്‍ലി ബസിനെ പരിചയപ്പെടുന്നത്. തിരക്കുള്ള രണ്ടു മൂന്നു ബസൊക്കെ കയറി അമ്മവീട്ടില്‍ എത്തുമ്പോള്‍ തളര്‍ന്നിട്ടുണ്ടാകും. യാത്ര പോകല്‍ കുറവായതുകൊണ്ട് വണ്ടിയില്‍ കയറുമ്പോഴേ ഛര്‍ദി പതിവായിരുന്നു. യാത്രയെ വെറുപ്പിക്കുന്ന പ്രശ്‌നമാണെങ്കിലും അമ്മയുടെ വീട്ടിലെ ഓണക്കോടിയുടെയും മറ്റും ഓര്‍മ അതിനേയൊക്കെ പായിച്ചിട്ടുണ്ടാവും. അവിടെ അമ്മമ്മ ഉച്ചക്കുള്ള സദ്യയുടെ വിഭവങ്ങളെല്ലാം ഞങ്ങള്‍ക്കു വേണ്ടി എടുത്തുവെക്കുമായിരുന്നു.

വളരെ അടുത്ത ജില്ലകളിലാണ് അച്ഛനമ്മമാരുടെ വീടെങ്കിലും തിരുവോണത്തിന്റെ ഒരുക്കത്തിലും മാറ്റമുണ്ടായിരുന്നു. ഓണസദ്യയ്ക്ക് ഒരിടത്ത് നോണ്‍-വെജ് സദ്യയും മറ്റേ വീട്ടില്‍ വെജ് സദ്യയും. സാമ്പാറിന്റെ രുചിക്കൂട്ടു തന്നെ വ്യത്യസ്തം. പുളിഞ്ചി ഒരിടത്ത് അതിനു ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ട് ഇഞ്ചിക്കറി മറ്റേ വീട്ടിലും. അമ്മയുടെ വീട്ടില്‍ പൂവെല്ലാം വാങ്ങി തന്നെയാണ് പൂവിടാറുള്ളത്. മാമനും മേമ്മമാരും പത്രത്തിലെല്ലാം വരുന്നപോലെയുള്ള വലിയ പൂക്കളമായിരിക്കും ഒരുക്കുന്നത്.  

കാലങ്ങള്‍ പിന്നിട്ടപ്പോള്‍ പൂത്തറ ഉണ്ടാക്കുന്നതെല്ലാം നിര്‍ത്തി പൂവിടല്‍ വീടിന്റെ കോലയിലേക്ക് മാറ്റി. പൂവിടാന്‍ നാടന്‍ പൂക്കളെ കാണാതെയായി, അങ്ങാടി പൂക്കള്‍ മാത്രമായി. ഓണം തന്നെ മാറി. 

Content Highlights: Onam 2020, Onam memories