കൊറോണയും മഴയും ഓണത്തിന്റെ ആഘോഷങ്ങള്‍ കുറയ്ക്കാനാണിട. പക്ഷേ ഓണക്കോടിയില്ലാതെ എന്ത് ഓണം? മാറിയ കാലം പോലെ, ഓണക്കോടിയും പഴമയ്‌ക്കൊപ്പം പുതുമയെ കൂട്ടുപിടിക്കുകയാണ് ഇത്തവണ. കേരള കസവിനോടുള്ള പ്രിയം പഴയതുപോലെ തുടരും. അല്ലെങ്കിലും ആ ഗോള്‍ഡ്- ഓഫ് വൈറ്റ് കോമ്പിനേഷനിലുള്ള വസ്ത്രങ്ങളോളം ഭംഗി മറ്റെന്തിനുണ്ട്?  ചെറിയ ഡിസൈനുകളും പാറ്റേണുകളും വസ്ത്രങ്ങള്‍ക്ക് ചന്തം കൂട്ടാനെത്തും. 

onam

പാറ്റേണില്‍ പുതുമ

സിംപിളായിട്ടുള്ള വസ്ത്രങ്ങളായിരിക്കും ഇക്കുറി ഓണം ഫാഷനില്‍. ലോങ് ഡ്രസ്സ്, ഹാന്‍ഡ്‌ലൂം കോട്ടണ്‍ ഷോര്‍ട്ട് ഡ്രസ്സ്, ലോങ് കുര്‍ത്തി, കുര്‍ത്ത-പലാസോ, അനാര്‍ക്കലി തുടങ്ങിയ വസ്ത്രങ്ങളാല്‍ ഓണത്തിന് ഫാഷനബിളാവാം. 

onam

സൂഫിയും സുജാതയും ഇറങ്ങിയതോടെ ദാവണിക്കും പ്രിയം കൂടിയിട്ടുണ്ടെന്ന് ഫാഷനിസ്റ്റകള്‍ അഭിപ്രായപ്പെടുന്നു. ലോങ് ഡ്രസ്സിന് പുതുമ കൂട്ടാന്‍ ഹാന്‍ഡ് എംബ്രോയ്ഡറി ചെയ്ത ജാക്കറ്റ്, കുര്‍ത്തയ്‌ക്കൊപ്പം ക്രഷ്ഡ് പലാസോ, സ്ലീവും നെക്കും വ്യത്യസ്തമായ ഷോര്‍ട്ട് ഡ്രസ്സ്, നിറയെ ഫ്‌ളെയറുകളുള്ള ലോങ് ഡ്രസ്സ്...ഇങ്ങനെയാണ് ഓണത്തിന് വസ്ത്രങ്ങളെത്തുന്നത്.

അംബ്രല്ലാ സ്ലീവ്, റഫിള്‍സ്...

കുറച്ചുകൂടി ട്രെന്‍ഡിയാക്കാന്‍ നെക്കിലും സ്ലീവിലും വ്യത്യസ്തതയുമായാണ് ഇവ നെയ്‌തെടുക്കുന്നത്. ഡ്രസ്സിനും അനാര്‍ക്കലിക്കും കുര്‍ത്തിക്കും ലോങ് ഫ്‌ളെയറുകളും റഫിള്‍സ് ഉള്ള സ്ലീവും കൂട്ടായെത്തും. ബോഡി ഫിറ്റ് സ്ലീവുകളുടെ കൂടെ അംബ്രല്ലാ സ്ലീവുകളും ഗാതേര്‍ഡ് സ്ലീവുകളും വസ്ത്രങ്ങള്‍ക്ക് ചന്തം പകരും.

onam

നെക്കിലെ അതേ വര്‍ക്ക് തന്നെ സ്ലീവിലും പരീക്ഷിക്കുമ്പോള്‍ ഡ്രസ്സിന്റെ ലുക്ക് തന്നെ മാറും. കൈത്തറി മെറ്റീരിയലിലുള്ള ഡ്രസ്സിന്റെ ഫുള്‍സ്ലീവ് പൂര്‍ണമായും ഓര്‍ഗന്‍സയില്‍ തുന്നിച്ചേര്‍ത്താല്‍ ഭംഗി കൂടും. അതുമല്ലെങ്കില്‍ സ്ലീവിന്റെ ഏറ്റവും താഴെ ഓര്‍ഗന്‍സ കൊണ്ടുള്ള ചെറിയ പ്ലീറ്റുകള്‍ പിടിപ്പിക്കാം. 

onam

ലോങ് ഡ്രസ്സിന്റെ താഴെ ഭാഗം ടൂലെയര്‍ ആയും ഡിസൈന്‍ ചെയ്യാം. അതില്‍ താഴെയുള്ള ലെയര്‍ ക്രഷ്ഡ് മെറ്റീരിയലില്‍ തുന്നിയെടുത്താല്‍ കൂടുതല്‍ ഫാഷനബിളാവും. എന്നിട്ട് ഗോള്‍ഡന്‍ ബോര്‍ഡര്‍ കൊടുത്താല്‍ സംഭവം അടിപൊളി. വണ്‍ ലെയര്‍ ഡ്രസ്സില്‍ അരഭാഗം മുതല്‍ തന്നെ നിറയെ ഫ്‌ളെയറുകള്‍ കൊടുക്കുന്നതും നല്ലതായിരിക്കും.

onam

നെക്കില്‍ ചെറിയ പ്ലീറ്റുകളുള്ള ബ്ലൗസുകളാണ് മറ്റൊരു ട്രെന്‍ഡ്. സ്ലീവ്‌ലെസ് ബ്ലൗസിന് ഈ പ്ലീറ്റഡ് നെക്ക് നന്നായി ചേരും. 

ഹെവി വര്‍ക്കുകള്‍ ഔട്ട്

എല്ലാ വസ്ത്രങ്ങളുടെയും പാറ്റേണിലായിരിക്കും പുതുമ. മിറര്‍, സര്‍ദോസി പോലെയുള്ള ഹെവി വര്‍ക്കുകളൊക്കെ ഔട്ടായി. പകരം ചെറിയ ഹാന്‍ഡ് ക്രാഫ്റ്റ് ചെയ്ത നോട്ടുകളും കുഞ്ഞു പാച്ച് വര്‍ക്കുകളും വസ്ത്രങ്ങളില്‍ സ്ഥാനം പിടിക്കും. പാച്ചിലും വര്‍ക്കുകളിലും കടുംനിറങ്ങള്‍ക്ക് പകരം ലൈറ്റ് നിറങ്ങളും. ഒരു മിനിമലിസ്റ്റിക് ഫാഷന്‍. 

onam

പാച്ച് വര്‍ക്കുകളുടെ ഭംഗി

കേരളാ കസവ് മെറ്റീരിയലില്‍ വ്യത്യസ്തത വരുത്താന്‍ ചെറിയ പാച്ച് വര്‍ക്കുകള്‍ വസ്ത്രത്തില്‍ തുന്നിച്ചേര്‍ക്കാം. ചിപ്‌സ്, തുമ്പ പൂക്കള്‍...ഇങ്ങനെ പലതും പാച്ച് വര്‍ക്കുകളായി പരീക്ഷിക്കാം. 

onam

ഇനി വര്‍ക്കുകള്‍ ഇഷ്ടമല്ലെങ്കില്‍ ഹാന്‍ഡ് പെയിന്റിങ്ങും ചെയ്യാം. വാടാര്‍മല്ലി, ജമന്തി, മുക്കുറ്റി, തെച്ചിപ്പൂവ്, അരിപ്പൂവ് എന്നിവ ഹാന്‍ഡ് പെയിന്റ് ചെയ്യാം. നെക്കിലും സ്ലീവിലും മാത്രം പൂക്കള്‍ വരച്ചുചേര്‍ക്കുന്നതാണ് നല്ലത്. എന്നിട്ട് ബാക്കി ഭാഗം പ്ലെയിനാക്കിയിടാം. 

(വിവരങ്ങള്‍ക്ക് കടപ്പാട്: ലേബല്‍ എം, കൊച്ചി
ദീപ ദീപു തങ്കന്‍, ദിപാലി, കൊച്ചി)

Content Highlights: onam 2020 onam fashion trends