ടവുകാര്‍ക്കെന്തിനാണ് ആഘോഷങ്ങള്‍ എന്ന ചോദ്യത്തിന് പ്രസക്തിയില്ലാതായത് ജയില്‍ വെറുമൊരു തടവറയല്ലെന്നും മറിച്ച് ഒരു പുനരധിവാസകേന്ദ്രമാണെന്നുമുള്ള പുനര്‍നിര്‍വചനത്തിനെത്തുടര്‍ന്നാണ്. പൊതുസമൂഹം ആചരിക്കുന്ന, ആഘോഷിക്കുന്ന വിശേഷദിവസങ്ങളെ അതേ പ്രധാന്യത്തോടെ ജയിലുകളും കാണുന്നു. 

2010-ലെ കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് മാനേജ്മെന്റ് ആക്ടില്‍ ഈ വിഷയം പ്രതിപാദിക്കുകയും 2014-ലെ കേരള ജയിലുകളും സംശുദ്ധീകരണ സാന്മാര്‍ഗീകരണ സേവനങ്ങളും (നിര്‍വഹണം) ചട്ടങ്ങള്‍ (6 മെയ്, 2014) മുതല്‍ കേരളത്തിലെ ജയിലുകളില്‍ സദ്യ സംവിധാനം പൂര്‍ണമായും പ്രാബല്യത്തിലാകുകയും ചെയ്തു.  

കേരളത്തിന്റെ തനത് പാരമ്പര്യം എല്ലാ കാര്യത്തിലും പുലര്‍ത്തുക എന്ന ഉദ്ദേശം മനസ്സില്‍ വച്ചുകൊണ്ടും കേരളത്തിലെ ജനങ്ങളുടെ നീതിബോധവും തുല്യതാബോധവും മറ്റു ജനജീവിതത്തിന്റെ രീതികളും വച്ചുകൊണ്ട് ജയിലിലെ അന്തേവാസികള്‍ക്കും തുല്യനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സൗകര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 

ഒരു വര്‍ഷത്തില്‍ 10 ദിവസമാണ് സദ്യയ്ക്കുവേണ്ടി മാറ്റി വച്ചിരിക്കുന്നത്. വിശേഷദിവസങ്ങളായ വിഷു, ഓണം, റംസാന്‍, ബക്രീദ്, ക്രിസ്മസ്, ഈസ്റ്റര്‍, സ്വാതന്ത്രദിനം, റിപ്പബ്ലിക്ക് ദിനം, ഗാന്ധി ജയന്തി, കേരളപ്പിറവി എന്നിവയാണ്. ഇതിനായി ഒരു അന്തേവാസിക്ക് 25 രൂപ എന്ന കണക്കില്‍ ഒരു ദിവസം അധികമായി വകയിരിത്തിയിരിക്കുന്നു. തുറന്ന ജയിലുകളില്‍ കൊയ്ത്തുത്സവത്തോടനുബന്ധിച്ചു ഒരു സദ്യ കൂടി നല്‍കുന്ന പതിവുണ്ട്. 

സദ്യയുടെ ദിവസത്തിന്റെ തലേനാള്‍ സൂപ്രണ്ടിന്റെയും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കൂട്ടത്തില്‍ അന്തേവാസികളെ പ്രതിനിധീകരിച്ചുകൊണ്ട് ഓരോ ബ്ലോക്കില്‍ നിന്നും വെല്‍ഫെയറിന്റെ ഉത്തരവാദിത്തമുള്ള അന്തേവാസികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയും സദ്യക്കുള്ള ഇനങ്ങള്‍ തീരുമാനിക്കുകയും ചെയ്യുന്നു. ചില വിശേഷ ദിവസങ്ങളില്‍ സന്നദ്ധ സംഘടനകളോ വ്യക്തികളോ ഇത്തരം സദ്യകള്‍ ഭാഗികമായി സ്പോണ്‍സര്‍ ചെയ്യാറുമുണ്ട്.

ഓണനാളുകളിലും ജയില്‍ ക്ഷേമദിനത്തിലും കലാ-കായിക മത്സരങ്ങള്‍ നടത്തും. ആ ദിവസത്തെ വിശിഷ്ട വ്യക്തി മുഖേന അന്തേവാസികളെ അഭിനന്ദിച്ചു കൊണ്ട് സമ്മാനനങ്ങള്‍ നല്‍കുകയും ചെയ്യും. ജയിലിലെ 'നെഗറ്റീവ് എനര്‍ജി' ഒരു പരിധി വരെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മൂലം ലഘൂകരിക്കുകയും അന്തേവാസിയുടെ സമഗ്രമായ മാറ്റത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് തങ്ങളെ ഏല്പിച്ചിരിക്കുന്ന ഓരോ അന്തേവാസികളുടെയും ശാരീരികവും മാനസികവും ആത്മീയവും സാമൂഹികവുമായ റീഹാബിലിറ്റേഷനും റീഇന്റഗ്രേഷനും സദാസമയവും ലക്ഷ്യം വച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ആയതിനാല്‍ത്തന്നെ അന്തേവാസികളുടെ മാനസികോല്ലാസിത്തിന്റെ ഉത്തരവാദിത്തവും കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് കൃത്യമായി നിറവേറ്റി വരുന്നു.

Content Highlights: Onam 2020, Onam Celebration in Jail