ത്രേം കാലായിട്ടും ചിങ്ങം പുലരണേനു മുന്നേ പാതാളത്തില്‍നിന്ന് പടികടക്കേണ്ടി വന്നിട്ടില്ല... ഇതിപ്പോ കര്‍ക്കടകത്തില്‍ത്തന്നെ പോരേണ്ടി വന്നു. ഇവിടെ വന്നാ കോ... കോ... എന്തുവാ മക്കളേ, അത്... ങ്ഹാ... ക്വാറന്റീനല്ലേ ക്വാറന്റീന്‍...

ഇത്തിരി ഇളവുപോലും കിട്ടിയില്ല, പുറംലോകം കാണാണ്ടേ കിടന്നു 14 ദിവസം... ങേ എവിടെയാന്നോ...? വേണ്ട, അതുപറയണില്ലാ...

പുറത്തിറങ്ങിയപ്പോ ബഹുരസം... മാനുഷരെല്ലാരും ഒന്നുപോലെ, എല്ലാറ്റിനുമുണ്ട് മാസ്‌ക്, ഒരാളുടേം മുഖം കാണേണ്ടല്ലോ... ഇനിയിപ്പോ, തിരുമേനിയെ മുഖം കാണിക്കാനാന്നും പറഞ്ഞ് ആരും വരാണ്ടിരുന്നാ മതി...!

അല്ലാ എനിക്കും വേണ്ടേ ആ സാധനം, തത്കാലം ഉത്തരീയം കൊണ്ട് മുഖം മറച്ചു. കലൂര്‍ സ്റ്റേഡിയത്തിനു മുന്നിലെത്തിയപ്പോ ഒരു വിദ്വാന്‍ കാറിലൊക്കെ വന്ന് മാസ്‌ക് വില്‍ക്കുന്നു. കുറച്ചുദിവസം കറങ്ങാനുള്ളതല്ലേ... ഇരുപതെണ്ണം വാങ്ങി... എന്റെ പടമുള്ള മാസ്‌കൊന്നും ഇറങ്ങീല്ലാന്ന് തോന്നുന്നു... ഇല്ലെങ്കില്‍ അതു മതിയായിരുന്നു.

തൃക്കാക്കരയില്‍

തൃക്കാക്കരയിലേക്കൊന്ന് പോയി നോക്കാം. തൃക്കാക്കരയപ്പനില്ലാതെ എന്ത് തിരുവോണം. വാമനമൂര്‍ത്തിയെ വണങ്ങിയിട്ടാവാം നാടുചുറ്റല്‍.

ന്താദ്, ഒരുക്കങ്ങളൊന്നും കാണാനില്ലല്ലോ, ക്ഷേത്രം മാറിപ്പോയോ... ഏയ് തൃക്കാക്കര തന്നെ. ഉത്സവക്കൊടിയേറ്റിന് ഇനി രണ്ടു ദിവസല്ലേ ഉള്ളൂ... ആളും അനക്കവുമൊന്നുമില്ല. ന്റെ കൊവിഡേ, നീ ഓണം മാത്രമല്ല, വാമനമൂര്‍ത്തീടെ ഉത്സവോം ചടങ്ങു മാത്രമാക്കീല്ലേ. അത്തം മുതല്‍ സദ്യ തുടങ്ങേണ്ടതാ. പൂക്കളം വലുതാകുന്ന പോലെ ഉത്രാടോം തിരുവോണാം ആകുമ്പോള്‍ ഇലയുടെ എണ്ണവും കൂടും. അതൊന്നൂല്ല ഇത്തവണ.

തൃപ്പൂണിത്തുറയിലേയ്ക്ക്

തൃപ്പൂണിത്തുറയിലേക്കുള്ള യാത്രയിലാണിപ്പോള്‍. ഓട്ടോറിക്ഷയാണ് കിട്ടിയത്. റിക്ഷയുടെ ഡ്രൈവറെ കാണാന്‍ ചില്ലുമറയിലൂടെ നോക്കണം. പരിഷ്‌കാരിയാണെന്നു തോന്നുന്നു. ഹാ അത് ചില്ലുമറയല്ല, സര്‍ക്കാര്‍ പറഞ്ഞിട്ട് യാത്രക്കാരുമായി അകലം പാലിക്കാന്‍ വെച്ച സൂത്രമാണ്... വെറുതേ ആ പാവത്തിനെ തെറ്റിദ്ധരിച്ചു.

അത്തപ്പതാക മാത്രം... അത്രയേ ഉള്ളൂ. ഇത്തവണ അത്തച്ചമയവും ഘോഷയാത്രയുമൊന്നുമില്ല. അധികം 'ചമയേ'ണ്ടാന്നാണ് വിവരമുള്ളവര്‍ പറയുന്നത്. ആനപ്പുറത്തേറി, കാഹളം മുഴക്കി മൂന്ന് കോട്ടവാതിക്കലും വിളംബരമൊക്കെയുള്ള കാലമുണ്ടായിരുന്നു... കാവടിയാട്ടവും മയൂരനൃത്തവും ശീതങ്കന്‍തുള്ളലും പുലികളിയും നിശ്ചല ദൃശ്യങ്ങളുമൊക്കെയുള്ള അത്തം ഘോഷയാത്രയുമൊക്കെ. അന്നൊക്കെ 'ആളാഴി'യിലെ ചുഴിയില്‍ ചുറ്റിയതു പോലെയായിരുന്നു... എന്തുമാത്രം ആള്‍പ്പെരുക്കമായിരുന്നു.

മൗനമേളകള്‍

ചമ്പക്കര കനാലിലെ വെള്ളത്തിന് തീരെയില്ല ഉത്സാഹം. ചുണ്ടനും ഇരുട്ടുകുത്തിയും ആയിരം തുഴപ്പാടുകളെറിഞ്ഞ് കുതിച്ചിരുന്നതല്ലേ. 'ചമ്പക്കുള'വും 'കാരിച്ചാലു'മെല്ലാം ഇഞ്ചോടിഞ്ച് പോരാടിയ ജല സാമ്രാജ്യം. എരൂര്‍-ചമ്പക്കര ജലോത്സവവും ഇത്തവണ നീരണിയില്ല! ഓലക്കുടയില്‍ കാറ്റുപിടിക്കുന്നുണ്ട്, കുട കനാലില്‍ പോയാല്‍ എടുത്തുതരാന്‍ പോലും ആളില്ല.

ഉപ്പുതൊട്ട് കര്‍പ്പൂരം വരെ കിട്ടിയിരുന്ന ഐ.ആര്‍.ഡി.പി. മേള നടന്നിരുന്ന എറണാകുളത്തപ്പന്‍ മൈതാനത്ത് മൗനത്തിന്റെ പുല്‍നാമ്പുകളാണ് നിറയെ. ഷണ്‍മുഖം റോഡില്‍ കെ.ടി.ഡി.സി.യുടെ പായസ മേള, ഡി.എച്ച്. റോഡില്‍ എറണാകുളം കരയോഗത്തിന്റെ പായസ വില്പന, എറണാകുളത്തപ്പന്‍ ക്ഷേത്രത്തിനടുത്ത് ബ്രാഹ്മണ സഭയുടെ പായസങ്ങള്‍... ങ്ഹാ, എന്തുപറയാന്‍, നാവിന്റെ തുമ്പത്തിരുന്ന് അന്നത്തെ രുചി ഓണത്തല്ല് കൂടുന്നു.

ഓണലാവണ്യം

ദര്‍ബാര്‍ ഹാള്‍ മൈതാനം തേങ്ങുന്നുണ്ടോ... നാടുമുഴുവന്‍ നൃത്തവും പാട്ടുമായി സന്ധ്യകളെ സുന്ദരിയാക്കിയിരുന്ന കാലം ഓര്‍മ വരുന്നു. നാടിന്റെ ഓണാഘോഷത്തിന്റെ പുത്തന്‍ രൂപമായ 'ലാവണ്യ'വും ഇത്തവണയില്ല. നഷ്ടം ടൂറിസത്തിനു മാത്രമല്ല, കൊച്ചീക്കാര്‍ക്കാകെയാണ്.

അപരന്‍മാരെവിടെ

അല്ല, എന്റെ അപരന്‍മാരെ ഒരാളെപ്പോലും കാണാനില്ലല്ലോ. അല്ലെങ്കില്‍ കടകള്‍ക്കു മുന്നിലൊക്കെ കുടവയറുമായി എന്നെ കളിയാക്കാന്‍ ഓരോരുത്തരെ പിടിച്ചുനിര്‍ത്തിയിട്ടുണ്ടാകും. എനിക്ക് കുടവയറുണ്ടെന്ന് ആരാണാവോ ഇവരെയൊക്കെ പഠിപ്പിച്ചത്... ന്തായാലും അപരന്‍മാരുടെ വരുമാനവും മുട്ടി.

ഒന്നുരണ്ട് പൂക്കളങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് പോകാമെന്നു വെച്ചാല്‍, വരത്തന്‍പൂ വന്നാലേ പൂവിടൂ എന്ന ശീലമായില്ലേ ഇപ്പോ.

കടയ്ക്കു മുന്നിലെ ഹാന്‍ഡ് വാഷ് കൊണ്ടാണിപ്പോള്‍ കൈ കഴുകല്‍. ന്തായാലും കോവിഡിനെ ഒന്നു സോപ്പിട്ടേക്കാം... പാതാളത്തിലും കൂടി കോവിഡ് എത്തിക്കേണ്ടല്ലോ...

Content Highlights: Onam 2020, Onam Celebration during Corona pandemic, Mahabali