കണ്ണൂർ: മാസങ്ങളോളം വീട്ടിലിരുന്ന് മടുത്തു. ഇപ്പോഴാകട്ടെ ഓൺലൈൻ പഠനത്തിന്റെ ഭാഗമായി ഏറെ സമയം ടി.വി.യുടെയും സ്മാർട്ട് ഫോണിന്റെയും മുന്നിലും. പഴയ ഓണത്തെ തിരിച്ചുപിടിക്കലാവും നമ്മുടെ കുരുന്നുകൾക്ക്. പ്രളയത്തെത്തുടർന്ന് നിറം മങ്ങിപ്പോയ കഴിഞ്ഞ രണ്ട് ഓണങ്ങൾക്കുശേഷം ആഘോഷപൂർവം കൊണ്ടാടാനുള്ളതായിരുന്നു ഇത്തവണത്തെ ഓണം. കോവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളേറെയുണ്ട്. അതിനാൽ ഇത്തവണത്തെ ഓണം വീടുകളിൽ പൂർണമായും ഒതുങ്ങും. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മുൻകരുതലുകളെടുത്തും കുട്ടികൾ ഓണത്തെ വീണ്ടെടുക്കും.

നാടൻപൂവിന് നിറമേറും

കോവിഡ് വ്യാപന സാധ്യതയുള്ളതിനാൽ അതത് പ്രദേശത്തെ പൂക്കൾ തന്നെ പൂക്കളമൊരുക്കാൻ ഉപയോഗിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഓണാഘോഷം വീടുകളിൽ മാത്രമായി ഒതുക്കണമെന്നും നിർദേശമുണ്ട്. അതിനാൽ പതിവിൻപടിയുള്ള ആഘോഷങ്ങളൊന്നും ഇത്തവണയുണ്ടാവില്ല.

ക്ലബ്ബുകളും റസിഡന്റ്സ് അസോസിയേഷനുകളും സുഹൃദ്സംഘങ്ങളും ഇത്തവണത്തെ ഓണാഘോഷവും അനുബന്ധപരിപാടികളും ഒഴിവാക്കുന്നതോടെ ആഘോഷം പൂർണമായും വീടുകളിലൊതുങ്ങും. അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള ജമന്തിക്കും ഡാലിയക്കും ചെണ്ടുമല്ലിക്കും റോസിനും വാടാമല്ലിക്കും പ്രിയം കുറയും. നാടൻ ഇനങ്ങളായ തുമ്പ, ചെമ്പരത്തി, തെച്ചി, കൃഷ്ണകിരീടം, കാക്കപ്പൂ എന്നിവയാകും പൂക്കളത്തിലെ താരങ്ങൾ. 

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും പുരുഷ-വനിതാ കൂട്ടായ്മകളും ഇറക്കിയ പൂകൃഷിയിലെ പൂക്കൾക്കും ഇത്തവണ പ്രിയമേറും. മഞ്ഞ-ഓറഞ്ച് ചെണ്ടുമല്ലികൾ, വാടാമല്ലി എന്നിവയാണ് ഈ രീതിയിൽ കൃഷിചെയ്തവയിലേറെയും. ജില്ലയിലെ ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയിൽ അത്തം പിറക്കും മുമ്പെ ‘ചൂത് വസന്ത’മാണ്. കുഞ്ഞൻ വെള്ളപ്പൂക്കളുടെ വിശാലമായ പരവതാനി. കാക്കപ്പൂക്കളുടെ നീലക്കാഴ്ചയുമുണ്ട് ഏറെ.

Content Highlights: Onam 2020 Onam celebration