"ഓണത്തപ്പാ കുടവയറാ 
തിരുവേണക്കറിയെന്തെല്ലാം? 
ചേനത്തണ്ടും ചെറുപയറും 
കാടും പടലവുമെരിശ്ശേരി 
വാഴയ്ക്കാച്ചുണ്ടുപ്പേരി 
മാമ്പഴമിട്ട പുളിശ്ശേരി 
കാച്ചിയ മോരും നാരങ്ങാക്കറീം 
പച്ചടി കിച്ചടിയച്ചാറും..." 

ഓണം ഇങ്ങെത്തിക്കഴിഞ്ഞു, ഓണത്തിന്റെ ഏറ്റവും പ്രധാന ഘടകമാണ് ഓണസദ്യ. ഈ പാട്ടുംപാടി കൂട്ടുകാരുമൊത്ത് ചിരട്ടപ്പാത്രത്തില്‍ മണ്‍ചോറും പച്ചിലക്കറികളും ഒരുക്കി വട്ടയിലയില്‍ സദ്യവിളമ്പി കഴിച്ചിരുന്ന കുട്ടിക്കാലം ഏതൊരു മലയാളിയുടെയും എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട ഓര്‍മയാണ്. 

അങ്ങനെ കളിക്കുമ്പോള്‍ പോലും ഇലയിലുള്ളതെല്ലാം വിളമ്പിയ ആള്‍ കാണാതെ പിന്നില്‍ കളഞ്ഞ് ഇല വടിച്ചു വൃത്തിയാക്കി വയറു നിറയെ സദ്യ കഴിച്ചതായി കാണിച്ചിരുന്ന നമുക്ക് പക്ഷേ ഇന്നും വാഴയിലയില്‍ വിളമ്പുന്ന ഓണസദ്യ വൃത്തിയായി കഴിച്ചു തീര്‍ക്കാനറിയില്ല. 

onam

വിളമ്പുന്ന മുറയ്ക്ക് ചുമ്മാ കഴിക്കാം എന്നല്ലാതെ ഏത് ഏതിനൊപ്പം എങ്ങനെ കഴിക്കണം എന്നത് മിക്കവര്‍ക്കും ഇന്നും വലിയ ഒരു സമസ്യയാണ്. എന്തിനാണ് ഇത്രയധികം കറികള്‍ എന്നു ചോദിക്കുന്ന ന്യൂജെന്‍ പിള്ളേര് പിന്നാലെ. സദ്യ കഴിക്കാന്‍ ഇവര്‍ക്കൊന്നും അറിയില്ല എന്നുള്ളതാണ് സത്യം. 

അങ്ങനെ തോന്നിയപടി വാരിവലിച്ചു കഴിക്കാനുള്ളതല്ല സദ്യ. അതിനു ചില ചിട്ടവട്ടങ്ങളൊക്കെ ഉണ്ട്. ഓണസദ്യ ഒരുക്കാന്‍ ഏകദേശമൊക്കെ എല്ലാവര്‍ക്കും അറിയാമായിരിക്കും എന്നാല്‍ ചിട്ടയോടെ ഓണസദ്യ കഴിക്കാന്‍ എത്രപേര്‍ക്കറിയാം. 

onamഅത്തം തുടങ്ങുമ്പോള്‍ തന്നെ തുടങ്ങുന്ന സദ്യയുടെ ഒരുക്കങ്ങളുടെ കലാശക്കൊട്ടാണ് തിരുവോണനാളിലെ ഓണസദ്യ. പഴമക്കാര്‍ ഓണസദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനും പ്രത്യേകം ക്രമം അനുശാസിച്ചിരുന്നു. അത് ഇങ്ങനെയാണ്; 

എരിവു കുറഞ്ഞ പരിപ്പ് കറിയ്‌ക്കൊപ്പം എരിവു കൂടിയ കൂട്ടുകറിയോ അവിയലോ തോരനോ വേണം കഴിക്കാന്‍. എരിവു കൂടിയ സാമ്പാറിനൊപ്പം കഴിക്കാനുള്ളതാണ് മധുരക്കറിയും തൈര് ചേര്‍ത്ത കിച്ചടികളും. അത്യാവശ്യം നല്ല അളവില്‍ വയറ്റിലെത്തിയ എരിവിന് ആശ്വാസമായി വേണം പായസം കുടിക്കാന്‍. 

പായസത്തിന്റെ മധുരം കാരണം വായ് ചൊടിക്കാതെയിരിക്കാനാണ് അതിനോടൊപ്പം നാരങ്ങാ അച്ചാര്‍ തൊട്ടു കൂട്ടേണ്ടത്. പായസം കുടിച്ചു കഴിഞ്ഞാല്‍ പുളിശ്ശേരിയിലേക്ക് കടക്കാം. പുളിശ്ശേരിക്കൊപ്പം വേണം മാങ്ങാ അച്ചാര്‍ കഴിക്കാന്‍. ദഹനത്തിനായി ഓലനും കഴിക്കാം. ഇനി രസവും അതിനൊപ്പം ഇഞ്ചിക്കറിയും കഴിക്കണം. ഇതോടെ സദ്യയുടെ ദഹനത്തിനുള്ള വകയായി. ഏറ്റവും ഒടുവിലായി പച്ചമോരും പാവയ്ക്കാച്ചാറും. ഇത് വായുക്ഷോഭം ശമിപ്പിക്കും. 

ചുരുക്കത്തില്‍ എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ഷഡ് രസങ്ങളും ചേര്‍ന്നതാണ് ഓണസദ്യ. കൃത്യമായ ഈ വ്യവസ്ഥപ്രകാരമാണ് സദ്യ കഴിക്കേണ്ടത്. അല്ലാത്തപക്ഷം ആരോഗ്യത്തെ തന്നെ സദ്യ ദോഷകരമായി ബാധിച്ചേക്കാം. 

Content Highlights: Onam 2020 how to eat Onam Sadhya