പട്ടാമ്പി: പുത്തരി... പേരിൽത്തന്നെയുണ്ട് ആഘോഷപ്പൂത്തിരികൾ... ആ സന്തോഷമറിഞ്ഞവരാണ് പഴമക്കാർ. കൊയ്തുമെതിച്ച് നെല്ലുപുഴുങ്ങി പുത്തരിപ്പായസവും പുതിയ നെല്ലുകൊണ്ടുള്ള ചോറും. ആ അരിയുടെ വേവുന്ന മണവും അത്‌ കുടുംബത്തോടൊപ്പം ഒരുമിച്ചുണ്ണുന്നതും പ്രായമായവർക്ക് നല്ലോർമയാണ്. തിരുവോണത്തിന് തലേന്നാൾവരെയാണ് പുത്തരിയുണ്ണൽ. 1980 കളുടെ അവസാനംവരെ വള്ളുവനാട്ടിലെ കർഷകവീടുകൾ പുത്തരിയാഘോഷം കെങ്കേമമാക്കിയിരുന്നു.

ഇടത്തരം കർഷകർ ശർക്കരപ്പായസവും പണക്കാർ പാൽപ്പായസവുമാണ് വെച്ചിരുന്നത്. പണ്ട് വിഷുവിന് കണ്ടത്തിൽ ചാലിട്ട് കർഷകർ വിത്തുവിതച്ചിരുന്നു. കുറച്ച്‌ പാടങ്ങളിൽ ഓണത്തിനുമുമ്പ്‌ കൊയ്ത്ത്‌ നടക്കും. കൊയ്ത്‌ മെതിച്ചാൽ കർഷകന് നെല്ല് കടമായിക്കിട്ടുന്ന കാലം. ഇങ്ങനെ വിളഞ്ഞ പാടത്തിൽ നിന്നുള്ള നാലോ അഞ്ചോ കതിർക്കുലകൾ വാങ്ങി കർഷകർ കുളിച്ചുകുറിയിട്ട് വീട്ടിൽക്കൊണ്ടുവരും. ഇല്ലംനിറ ചടങ്ങായി. ചാണക ഉരുളയിൽ പൂമുഖത്തെ വാതിലിന്റെ കട്ടിളയുടെയും പത്തായത്തിന്‌ മീതെയും ഐശ്വര്യത്തിന്റെ ചിഹ്നമായി നെൽക്കതിരുകൾ വെക്കും. പത്തായവും വീടും നെല്ലുകൊണ്ട്‌ നിറയാനുള്ള പ്രാർഥനയായിരുന്നു ഈ ഇല്ലംനിറയെന്ന ചടങ്ങ്. ഇതിെന്റ ഭാഗമായിരുന്നു പുത്തരിയും. ഭൂപരിഷ്‌കരണ നിയമവും കാലങ്ങളുടെ മാറ്റവും മാറിയ ജീവിതസാഹചര്യങ്ങളുമൊക്കെ പുത്തരിയെ ഏറെക്കുറെ ഓർമയിലെ ചടങ്ങാക്കി. പക്ഷേ, ആചാരങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറണമെന്ന് ചെറുകോട് മുക്കിലാവിൽ മോഹൻദാസ് പറയുന്നു.

ഇതിനായി അരയേക്കർ സ്ഥലത്ത് വിതച്ച ഐശ്വര്യവിത്ത് പുത്തരിക്കായി കൊയ്തു. ഇതിലെ കുറച്ച്‌ കതിരുകൾ മുളയങ്കാവ് ക്ഷേത്രത്തിലെ തൃപ്പുത്തരിക്കായി ആദ്യംതന്നെ നൽകി. ബാക്കി പുത്തരിയുണ്ടു. മോഹൻദാസിനെപ്പോലെ കുറച്ചുപേർ പുത്തരിയാഘോഷിക്കുമ്പോഴും പുതുതലമുറയ്‌ക്ക് പരിചയമുള്ളത് ക്ഷേത്രങ്ങളിലെ തൃപ്പുത്തരിയാഘോഷമാണ്. നേരത്തേ കൊയ്ത കർഷകർ നെൽക്കതിരുകൾ ക്ഷേത്രങ്ങളിലെത്തിക്കും. അവിടെ പൂജിച്ച കതിരുകൾ ഗ്രാമീണർ വീട്ടിൽക്കൊണ്ടുപോയി പൂമുഖത്ത് ചാണകത്തിൽ പതിച്ചുവെക്കും. അത് ഇപ്പോഴും പാലക്കാടൻ വീടുകളിൽ തുടരുമ്പോഴും പുത്തരിച്ചോറും പായസവും മാത്രം ഓർമയായി.

Content Highlights: old generation onam traditions Onam 2020