നാടുമുഴുവൻ കോവിഡ് മഹാമാരിയുടെ ആശങ്കയിൽ മരവിച്ചുനിൽക്കുമ്പോൾ ഓണത്തിന് അൽപ്പംപോലും നിറമില്ലെന്ന് നിമിഷ പറയുന്നു. ആഘോഷങ്ങളില്ലാതെ, ജാഗ്രതയോടും കരുതലോടും കൂടി സമീപിക്കേണ്ട ഓണമാണിത്... എന്നാൽ, നിമിഷ സജയന്റെ ഓണം ഓർമകളിൽ ഒരുപാട് നിറങ്ങളുണ്ട്.

ആഘോഷകരമായ ഒരു കുട്ടിക്കാലമാണ് എന്റേത്. സ്കൂളിലും കോളേജിലും കൂട്ടുകാർക്കൊപ്പം കളിച്ചുല്ലസിച്ചു നടന്ന നാളുകൾ. സ്റ്റേജിൽ കയറിയുള്ള ഒരു പരിപാടിയും ഞാൻ മിസ്സാക്കില്ല. ഓണക്കാലം ഇത്തരം കലാപരിപാടികളുടെ കാലമായിരുന്നു. നാട്ടിൽ പോകാൻ കഴിയാത്ത മലയാളികൾ ഒത്തുചേർന്ന് പരമാവധി അടിച്ചുപൊളിക്കുക എന്നതായിരുന്നു ഓണത്തിന്റെ നയം.

മുംബൈയിലെ മീശമാധവൻ

മുംബൈയിലെ ഓണാഘോഷങ്ങൾ നല്ല രസമായിരുന്നു. അംബർനാഥ് കേരള സമാജത്തിൽ ഓണാഘോഷത്തിന് ഞാനും കൂട്ടുകാരും കലാപരിപാടികൾ അവതരിപ്പിക്കും. ഒരു ഓണക്കാലത്ത് ‘മീശമാധവൻ’ എന്ന സിനിമയിലെ ഡാൻസ് അവതരിപ്പിച്ചു. അതിൽ ദിലീപിന്റെ വേഷത്തിലെത്തിയത് ഞാനായിരുന്നു. ജീവിതത്തിലെ രസകരമായ ഓണാഘോഷങ്ങൾ പലതും മുംബൈയിലാണ് സംഭവിച്ചത്.

തൊണ്ടിമുതലായ ഓണം

ആദ്യ സിനിമയായ ‘തൊണ്ടിമുതലും ദൃക്‌സാക്ഷി’ക്കും ശേഷമുള്ള ഓണം മുംബൈയിലായിരുന്നു. അന്നവിടത്തെ ഒരുപാട് അസോസിയേഷനുകളിൽ ഞാൻ ഓണാഘോഷത്തിൽ പങ്കെടുത്തു. സിനിമയിൽ സജീവമായശേഷം ഓണം കേരളത്തിലാണ്. എന്നാൽ, കഴിഞ്ഞ രണ്ടുവർഷം പ്രളയത്തിന്റെ സങ്കടങ്ങളും ഇത്തവണ കോവിഡ് ആശങ്കകളും ഓണത്തിന്റെ നിറങ്ങൾ ഇല്ലാതാക്കി. നാടുമുഴുവൻ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ നമുക്ക് ഒരാഘോഷത്തിലേക്കും കടക്കാനാകില്ല.

പായസമധുരം

സദ്യ എനിക്കു വളരെ ഇഷ്ടമാണ്. ഇലയിൽ സദ്യ കഴിക്കുന്ന ഫീൽ ഒന്നു വേറെതന്നെയാണ്. ഇലയിൽ വിളമ്പുന്ന എല്ലാ കറികളും കഴിക്കും. ഏതെങ്കിലും ഒരു കറി മാറ്റിയാൽ സദ്യ പൂർണമാകില്ല. പായസത്തിൽ പാലട കഴിഞ്ഞേ മറ്റെന്തുമുള്ളൂ. ഓണത്തിന് അടുക്കളയിൽ അമ്മയുടെ നേതൃത്വത്തിലാണ് സദ്യ. അതിൽ ചെറിയ സഹായമൊക്കെ ഞാനും നൽകും.

ജാഗ്രത കൈവിടല്ലേ...

ജാഗ്രതയോടെ വേണം നമ്മളെല്ലാം ഓണത്തെ സമീപിക്കാൻ. മുംബൈയിലുള്ള അച്ഛൻ ഇത്തവണ ഓണത്തിനെത്തില്ല. ഇവിടെ ഞാനും ചേച്ചി നീതുവും അമ്മ ബിന്ദുവുമാണുള്ളത്. വീട്ടിൽത്തന്നെ ഓണം പൂർണമായി ചെലവഴിക്കണമെന്നാണ് വിചാരിക്കുന്നത്.

Content Highlights: nimisha sajayan sharing onam memories