വാഴക്കുല വെട്ടി തൊടിയിലൂടെ നടന്നുവരുമ്പോൾ സതീശൻ ഒരു നിമിഷം എന്തോ ഓർത്തതുപോലെ നിശ്ശബ്ദനായി നിന്നു... “അമ്മ മരിച്ചിട്ട് ഒരുപാടു വർഷമായി. ചില നേരങ്ങളിൽ അമ്മയുടെ ഗന്ധം എന്നെ പൊതിയുംപോലെ തോന്നും. ഈ വാഴക്കുല വെട്ടി വരുമ്പോൾ എന്റെ നാവിൽ അമ്മയുണ്ടാക്കുന്ന ഓണവിഭവങ്ങളുടെ രുചി നിറയുന്നു...” - എം.എൽ.എ. കുപ്പായത്തിൽനിന്ന് വീട്ടുവേഷത്തിലേക്ക്‌ കൂടുമാറി വി.ഡി. സതീശൻ ഓണം ഓർമകൾ പങ്കുവെച്ചു.

അമ്മയും ജനകീയ സാമ്പാറും

ഓണസദ്യയിൽ ഏറ്റവുമിഷ്ടം അമ്മയുടെ മാമ്പഴ പുളിശ്ശേരിയായിരുന്നു. അമ്മ 36 തരം സാമ്പാർ ഉണ്ടാക്കുമെന്ന് അച്ഛൻ കളിയാക്കുമായിരുന്നു. അതിേലറ്റവും നല്ലത് തിരുവോണത്തിന്റേതും. മറ്റു ദിവസങ്ങളിലെ സാമ്പാറിനെ ‘ജനകീയ സാമ്പാർ’ എന്ന്‌ ഞാനും കളിയാക്കിയിരുന്നു. പച്ചക്കറി അധികം ചെലവാകാതെ, വീട്ടിലെ സാഹചര്യം നോക്കിയുള്ള കരുതൽ കൊണ്ടാണ് അമ്മ അങ്ങനെ ചെയ്തിരുന്നത്. ഓണത്തിന് സാമ്പാറും അവിയലും വെക്കാൻ അച്ഛനും അമ്മയെ സഹായിച്ചിരുന്നു.

ആർട്‌സ് ക്ലബ്ബിലെ ഓണം

കുട്ടിക്കാലത്തെ ഓണം സ്വാതന്ത്ര്യത്തിന്റെ വസന്തമായിരുന്നു. ഒരു ഗ്രാമത്തിലാണ് ഞാൻ ജനിച്ചുവളർന്നത്. പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലം കൂടിയായതിനാൽ സ്വാതന്ത്ര്യം വളരെക്കൂടുതൽ കിട്ടും. രാവിലെ വീട്ടിൽനിന്നിറങ്ങിയാൽ രാത്രിവരെ കളിച്ചു തിമിർത്ത്‌ നടക്കാം. വലിയ രസം ആർട്‌സ് ക്ലബ്ബുകളിലെ ആഘോഷങ്ങളായിരുന്നു. നെട്ടൂരിലെ ഫ്രണ്ട്‌സ് ആർട്‌സ് ക്ലബ്ബും ലളിതകലാ നിലയവും നടത്തുന്ന എല്ലാ പരിപാടികളിലും പങ്കെടുക്കുമായിരുന്നു.

കൂട്ടുകുടുംബത്തിലെ ഓണം

കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. മൂന്നു ചേട്ടൻമാരും ഒരു അനിയനും അനിയത്തിയും അടക്കം ആറു മക്കൾ. അവരെല്ലാം കൂടിയുള്ള ഓണം ഓർക്കുമ്പോൾ മനസ്സ്‌ നിറഞ്ഞുതുളുമ്പും. അച്ഛന്റേയും അമ്മയുടേയും വീടുകൾ അടുത്തടുത്തായതിനാൽ ഓണാഘോഷങ്ങളിലെ അംഗസംഖ്യയും വലുതായിരുന്നു. തറവാട്ടിൽ ഇപ്പോഴും ഓണത്തിന് എല്ലാവരും ഒത്തുകൂടാറുണ്ട്. ഓണത്തിന് അവരുടെ അരികിലെത്തണമെന്ന് ഞാനും കൊതിക്കാറുണ്ട്.

കല്യാണക്കാലം

ജനപ്രതിനിധിയായതോടെ ഓണം തിരക്കിന്റെ കാലമായി. മണ്ഡലത്തിലെ എല്ലാ ഓണപ്പരിപാടികളിലും പങ്കെടുക്കണം. ഒരു ഓണക്കാലത്ത് 54 കല്യാണങ്ങളിൽ വരെ ഞാൻ പങ്കെടുത്തിട്ടുണ്ട്. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കുള്ള ഓട്ടത്തിനിടെ ഭക്ഷണം കഴിക്കാൻ സമയം കിട്ടാത്തതാണ് രസകരമായ കാര്യം. ചുരുക്കിപ്പറഞ്ഞാൽ, എല്ലാ കല്യാണവീടും സന്ദർശിച്ചു കഴിയുമ്പോൾ ഞാൻ പട്ടിണിയായിരിക്കും.

കോവിഡിനിടെ, കഴിയുന്നത്ര നന്നായി ഓണം ആഘോഷിക്കണമെന്ന് എല്ലാവരും കരുതുന്നു. ഭാര്യ ലക്ഷ്മിപ്രിയയ്ക്കും മകൾ ഉണ്ണിമായയ്ക്കും ഒപ്പം കരുതലോടെയും ജാഗ്രതയോടെയുമുള്ള ഓണമാണ് മനസ്സിൽ. തറവാട്ടിലെത്തി അല്പനേരം ചെലവഴിക്കണമെന്നും മനസ്സ് കൊതിക്കുന്നു.

Content Highlights: mla vd satheesan sharing onam memories